'സഹതാപം കാണിക്കാനല്ല... ഞാന്‍ ചോദിക്കുന്നത് നിനക്കൊപ്പമുള്ളൊരു ജീവിതമാണ്. അവിടെ നീയെനിക്കൊരു ബുദ്ധിമുട്ടാകില്ല. ജീവനുള്ളിടത്തോളം ഞാന്‍ നിന്നെ കാത്തോളാം... പൊന്നു പോലെ...'
ജീവനറ്റ തന്റെ കാലുകളെ നോക്കി സഹതാപ നോട്ടമെറിയുന്നവരെ മാത്രമേ മൂവാറ്റുപുഴ സ്വദേശിയായ ധന്യ ഏറെയും കണ്ടിട്ടുള്ളു. പക്ഷേ അന്നാദ്യമായി ഒരാള്‍ തന്റെ ഹൃദയത്തിലേക്ക് നോക്കി സംസാരിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകില്ല എന്ന് കരുതിയ വിവാഹ ജീവിതം മുന്നിലേക്ക് വച്ചു നീട്ടുകയാണ്. പിന്തിരിപ്പിക്കാന്‍ ധന്യ പലവുരു ശ്രമിച്ചു. പക്ഷേ ധന്യയുടെ മനസു വിട്ട് പോകാന്‍ ഗോപകുമാര്‍ എന്ന തന്റേടമുള്ള ആണൊരുത്തന്‍ കൂട്ടാക്കിയില്ല. പൊന്നുപോലെ നോക്കാമെന്ന് വാക്കു നല്‍കി കട്ടയ്ക്ക് കൂടെ നിന്നു. ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി.
ബാക്കി കഥ പറയുന്നത് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന ഒരു വിവാഹ ചിത്രമാണ്. ' നിന്റെ വേദനകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും കൂട്ടിരിക്കാന്‍ ഞാനുണ്ടെടീ പെണ്ണേ...' എന്ന് വാക്കു നല്‍കി അവളെ വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി. ദൈവം കൊതൊട്ടനുഗ്രഹിച്ച ആ ദമ്പതികളെ സോഷ്യല്‍ മീഡിയ അനുഗ്രഹാശിസുകള്‍ കൊണ്ട് മൂടുമ്പോള്‍ ആ ഉദാത്ത പ്രണയകഥ വായനക്കാര്‍ക്കു മുന്നിലേക്ക് വയ്ക്കുകയാണ് വനിത ഓണ്‍ലൈന്‍. തനിക്കു തണലാകാന്‍ വന്ന ചെക്കന്റെ കഥ... വിധിയോട് പടവെട്ടിയ ധന്യ തന്നെ പറയുന്നു.

ട്വിസ്റ്റുകളുടെ ജീവിതം
ട്വിസ്റ്റുകളാണ് ജീവിതം നിറയെ... ആദ്യം വേദനിപ്പിച്ച വിധിയുടെ രൂപത്തില്‍. ഇപ്പോഴിതാ എന്നെ സ്വീകരിക്കാനെത്തിയ ആളിന്റെ രൂപത്തില്‍. അന്നൊരു പത്തൊമ്പത് വയസു കാണും. ഞാന്‍ ഒപ്‌ടോമെട്രി പഠിക്കുവാണ്. ശാരീരിക അസ്വസ്ഥകളുടെ രൂപത്തിലായിരുന്നു എന്റെ ഉയിര്‍പാതിയെടുത്ത ആ പരീക്ഷണം എത്തുന്നത്. മരുന്നും മന്ത്രവുമായി ഏറെ അലഞ്ഞു. ഒടുവില്‍ നെഞ്ചു തകര്‍ക്കുന്ന പരിശോധന ഫലമെത്തി. നട്ടെല്ലില്‍ ട്യൂമറാണത്രേ. എന്നെയും കൊണ്ടേ പോകൂ എന്ന് ഉറപ്പിച്ച് ആ ട്യൂമര്‍ വളര്‍ന്നു കൊണ്ടേയിരുന്നു. കീമോ റേഡിയേഷന്‍... മനം മടുപ്പിക്കുന്ന മരുന്നിന്റെ ഗന്ധം... ആശുപത്രി കയറിയിറങ്ങിയ നാളുകള്‍... എല്ലാം ഒരു പൊയ്ക്കിനാവു പോലെ മനസിലുണ്ട്- ധന്യ ഒരു ദീര്‍ഘനിശ്വാസമെടുത്തു.

ഒടുവില്‍ അന്തിമ ഫലമെത്തി. ട്യൂമര്‍ കണക്കില്ലാതെ വളര്‍ന്നിരിക്കുന്നു. അരയ്ക്ക് താഴോട്ട്ചലന ശേഷി ഇനി ഉണ്ടാകില്ല. ഏറെ നാള്‍ നാലു ചുമരിന്റെ വീര്‍പ്പുമുട്ടലും പേറി കിടക്കയില്‍ ജീവിതം തള്ളിനീക്കി. പതിയെ പതിയെ അത് വീല്‍ ചെയറിലായി. അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. എന്നെങ്കിലും എനിക്ക് നടക്കാന്‍ പറ്റുമെന്ന്. പൊന്നു പോലെ ചേര്‍ത്തു നിര്‍ത്തുന്ന വീട്ടുകാരും പ്രതീക്ഷ നല്‍കി ഒപ്പമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന അച്ഛന്‍ ഗോപിനാഥ് അന്നേരം നാട്ടിലെത്തി. കൂട്ടത്തില്‍ ഏറ്റവും സങ്കടപ്പെട്ടതും തകര്‍ന്നു പോയതും അമ്മ സുശീലയാണ്. നല്ലതു സംഭവിക്കുമെന്ന് പ്രതീക്ഷിച്ച് മുന്നോട്ട് പോയി. പക്ഷേ എല്ലാം പ്രതീക്ഷ മാത്രമായി ഒടുങ്ങി. എന്റെ ജീവിതം എന്നന്നേക്കുമായി വീല്‍ചെയറിലായി.
പോരുന്നോ എന്റെ കൂടെ?
ജീവിതത്തില്‍ എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചവള്‍ക്ക് മുന്നില്‍ വിവാഹമെന്ന സങ്കല്‍പ്പമേ ഇല്ലായിരുന്നു. വയസ് 38 ആയപ്പോഴും അതങ്ങനെ തന്നെ തുടര്‍ന്നു. വേദനകളെ മറക്കാന്‍ പുതുവഴിതേടുകയെന്നതല്ലാതെ അമിതമായ സ്വപ്‌നങ്ങളെ തേടിപോയതേയില്ല. സംഗീതം ജീവശ്വാസമായി ചേര്‍ത്തു നിര്‍ത്തി. ശാരീരിക പരിമിതികള്‍ ഉള്ളവരുടെ സന്നദ്ധസംഘടനയായി ഫ്രീഡം ഓണ്‍ വീല്‍സുമായി സഹകരിച്ചു. വേദികളില്‍ പാട്ടുപാടി. അശരണര്‍ക്കും ആലംബഹീനര്‍ക്കും ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്കും ഫണ്ട് സ്വരൂപിക്കുന്ന അവരുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പാലിയേറ്റീവ് ക്യാമ്പുകളില്‍ പോകുമ്പോള്‍ എന്നെക്കാള്‍ വേദന അനുഭവിക്കുന്നവരും ഈ ലോകത്തുണ്ടെന്ന സത്യം മനസിലാക്കി. ആര്‍ക്കും സഹതപിക്കാനുള്ള കാഴ്ച വസ്തുവായി ഇതുവരേയും നിന്നിട്ടില്ല. തലയയുര്‍ത്തി വിധിയെ ജീവിതത്തെ നേരിട്ടു. ഈ കാലയളവില്‍ അബാക്കസ് ടീച്ചിങ് ട്രെയിനിങ് ചെയ്തു. ഇപ്പോള്‍ നിരവധി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.
ഗോപേട്ടന്റെ സുഹൃത്താണ് ഈ ആലോചനയുമായി എന്റെ അടുത്തേക്ക് വരുന്നത്. ആരായാലും എന്നെ കണ്ടാല്‍... എന്റെ അവസ്ഥ കണ്ടാല്‍ വന്ന വഴി പോകുമെന്ന് എനിക്കുറപ്പായിരുന്നു. അത് അറിയാവുന്നത് കൊണ്ട് തന്നെ ആദ്യമേ നിരുത്സാഹപ്പെടുത്തി. പക്ഷേ പുള്ളിക്കാരന്‍ എന്നെ കാണാനുറച്ചു തന്നെയിരുന്നു. വന്ന് കണ്ടപ്പോള്‍ ആദ്യ ചോദ്യം തന്നെ അങ്ങനെയായിരുന്നു. 'എന്നെപ്പോലൊരു പെണ്ണ്... ജീവിതത്തില്‍ ബുദ്ധിമുട്ടാകില്ലേ എന്നായിരുന്നു ഞാന്‍ചോദിച്ചത്.. ഞാന്‍ ആര്‍ക്കും ഇതു വരെയും ഭാരമായിട്ടില്ല.' അങ്ങനെ സംഭവിച്ചാല്‍ അതെനിക്ക് സഹിക്കില്ലെന്നും തുറന്നു പറഞ്ഞു. പക്ഷേ പുള്ളിക്കാരന്‍ വിടുന്ന മട്ടില്ലായിരുന്നു. 'നീയെനിക്ക് ബുദ്ധിമുട്ടാകില്ല... നീ കൂടെയുണ്ടെങ്കില്‍ ഞാന്‍ ഹാപ്പിയാകും.. കൂടെപ്പോരുന്നോ?' എന്നായിരുന്നു പുള്ളിക്കാരന്റെ മാസ് മറുചോദ്യം. എന്നെ സങ്കടപ്പെടുത്തില്ല എന്ന വാക്കും തന്നു. അങ്ങനെയാണ് ഞാന്‍ എന്റെ മനസ് അദ്ദേഹത്തിന് കൊടുത്തത്.
അങ്ങനെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് വീട്ടുകാരുടെ ആശീര്‍വാദത്തോടെ, പ്രിയപ്പെട്ടവരുടെ സ്‌നേഹാശംസകള്‍ക്കു നടുവില്‍ നിന്ന് അദ്ദേഹം എനിക്ക് മിന്നുചാര്‍ത്തി. ജീവിതത്തിലെ രണ്ടാമത്തെ ട്വിസ്റ്റ്. ഫ്രീഡം ഓണ്‍ വീല്‍സിലെ പ്രിയപ്പെട്ടവരാണ് ഞങ്ങളുടെ വിവാഹ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എല്ലാവരോടും സ്‌നഹം.- ധന്യ പറഞ്ഞു നിര്‍ത്തി.