'ഛബ്ബി! ആ വിളിയില്‍ ഒരു സുഖമൊക്കെയുണ്ട്. ചക്കരേ... എന്ന് സ്‌നേഹത്തോടെ വിളിക്കും പോലെയാണ്. അതിന്റെ പേരില്‍ പരാതിക്കോ പരിഭവം പറച്ചിലിനോ ഇതു വരെ പോയിട്ടേയില്ല. കാരണം അങ്ങനെ വിളിക്കുന്നത് എന്റെ ഭര്‍ത്താവാണ്... എനിക്ക് പ്രിയപ്പെട്ടവരാണ്. കളിയാക്കലോ പരിഹാസമോ ലവലേശമില്ലാതെ സ്‌നേഹത്തോടെ വിളിക്കുമ്പോള്‍ തടി അല്‍പം കൂടിയാലെന്താ...ഛബ്ബി എന്ന് വിളിച്ചാലെന്താ... സ്‌നേഹത്തോടെ എന്തോ എന്ന് വിളി കേള്‍ക്കും.'
ഭാര്യ സീറോ സൈസ് സുന്ദരിയായിരിക്കണമെന്ന് ശഠിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ 'മാതൃക പുരുഷനായിരുന്നു' ആരതി റാമിന്റെ നല്ലപാതി സജിത്ത്‌ലാല്‍. കുറച്ച് തടിയുണ്ടെങ്കിലെന്താ ആരോഗ്യത്തോടെ ഇരുന്നാല്‍ പോരേ എന്നായിരുന്നു കക്ഷിയുടെ പോളിസി. പക്ഷേ ആരതിയുടെയും സജിത്തിന്റേയും ജീവിതത്തില്‍ ആദ്യത്തെ കണ്‍മണി യുവന്‍ഷ് എത്തുന്നതോടെ അവര്‍ക്കിടയിലെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് ചെറിയൊരു ട്വിസ്റ്റ് കൈവന്നു. പ്രസവത്തോടെ ഒട്ടുമിക്ക സ്ത്രീകളേയും കീഴടക്കുന്ന അമിത വണ്ണമായിരുന്നു ആ ട്വിസ്റ്റിലെ വില്ലന്‍. ഭാര്യക്ക് ആത്മവിശ്വാസമേകി കൂടെ നിന്ന കെട്ട്യോന്‍ അപ്പോഴും കട്ടയ്ക്ക് പിന്തുണ നല്‍കി. പക്ഷേ ഛബ്ബിയായ ഭാര്യയും തടിയും തമ്മിലുള്ള കെമിസ്ട്രി വല്ലാണ്ട് കൂടിയപ്പോള്‍ തടി പിടിച്ചാല്‍ കിട്ടില്ല എന്ന മട്ടിലായി. പ്രസവകാലം കടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോഴും തടി പിടിവിടാതെ നിന്നു. ഇതിനിടയില്‍ ആരതി തന്റെ ഒരാഗ്രഹം പ്രിയതമനോട് പങ്കുവച്ചു. സ്‌കൈ ഡൈവിംഗ്! ഉയരത്തെ സ്‌നേഹിച്ചഭാര്യയുടെ ആഗ്രഹം ഹൃദയത്തിലേറ്റു വാങ്ങിയ സജിത്ത് പകരം മുന്നിലേക്കു വച്ചത് ഒരു കണ്ടീഷന്‍.
'നിന്റെ വെയിറ്റ് എന്ന് 50 കിലോ ആകുന്നോ... അന്ന് സ്‌കൈ ഡൈവിംഗ്.' അതായിരുന്നു നിബന്ധന.
അവിടുന്നങ്ങോട്ട് കണ്ടത്... ഛബ്ബിയായ പെണ്ണിന്റെ അഡാര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍. നിന്നെക്കൊണ്ട് പറ്റില്ല എന്നു പറഞ്ഞവരെ അമ്പരപ്പിച്ച ഭാരം കുറയ്ക്കലിന്റെ കഥ ആരതി വനിത ഓണ്‍ലൈനിനോടു പറയുകയാണ്. 75 ല്‍ നിന്നും 50ലേക്ക് പറന്നെത്തി ഭര്‍ത്താവുമായുള്ള ബെറ്റ് ജയിച്ച കഥ ആരതി പറയുമ്പോള്‍ ആ മുഖത്ത് കാണാം നിറഞ്ഞ ആത്മവിശ്വാസം.
മോട്ടി ഗേള്‍...
പഠിച്ചതും വളര്‍ന്നതും പഞ്ചാബിലായിരുന്നത് കൊണ്ട് മലയാളത്തിലുള്ള കളിയാക്കലുകളൊന്നും കേള്‍ക്കേണ്ടി വന്നില്ല. പകരം കേട്ടത് ആ വിളി... മോട്ടീ...
തൃശൂരാണ് ജന്മസ്ഥലം. ആയുര്‍വേദ ഫിസിഷ്യന്‍ കോഴ്‌സ് ചെയ്തത് പഞ്ചാബിലും. അവിടെയുള്ള കൂട്ടുകാരാണ് തടിയുള്ളവള്‍ എന്നര്‍ത്ഥം വരുന്നമോട്ടിയെന്ന സ്ഥാനപ്പേര് ചാര്‍ത്തി തന്നത്. പക്ഷേ ആ വിളിയുടെ പേരിലോ തടിയുടെ പേരിലോ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. ചെറുപ്പം മുതലേ തടിയുള്ള ശരീര പ്രകൃതമാണ് എന്ന ആശ്വാസത്തില്‍ അങ്ങനേ പോയി. വിവാഹത്തിന്റെ സമയത്തും നോ പ്രോബ്ലം. ഛബ്ബിയായ ഭാര്യയെ ജീവനു തുല്യം സ്‌നേഹിച്ച കെട്ട്യോനുള്ളപ്പോള്‍ ഹാപ്പിയായി മുന്നോട്ടു പോയി. പക്ഷേ നമ്മളേക്കാള്‍ നമ്മളുടെ ജീവിതത്തെ ലെന്‍സ് വച്ച് ചൂഴ്ന്നു നോക്കുന്നവര്‍ തടിയുടെ പേരില്‍ പല കഥകളും പറഞ്ഞു നടക്കാന്‍ തുടങ്ങി. അല്‍പം വൈകി കുഞ്ഞ് മതിയെന്നായിരുന്നു എന്റേയും സജിത്തിന്റേയും പ്ലാന്‍. പക്ഷേ എല്ലാം ഗണിച്ചെടുക്കുന്നവര്‍ തടിയുള്ളതു കൊണ്ടാണ് എനിക്ക് കുഞ്ഞുണ്ടാകാന്‍ വൈകുന്നത് എന്നകഥ പടച്ചു വിട്ടു. പക്ഷേ അതൊന്നും മൈന്‍ഡ് ചെയ്യാതെ ഞങ്ങള്‍ മുന്നോട്ടു പോയി. ഒടുവില്‍ ഞങ്ങള്‍ ആഗ്രഹിച്ച സമയത്ത് അധികം കുപ്രചരണങ്ങള്‍ക്ക് ഇട നല്‍കാതെ ഞങ്ങളുടെ യുവാന്‍ഷ് ഇങ്ങു പോന്നു.
പ്രസവത്തോടെ തടി 70 കടന്നെങ്കിലും തടി ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമല്ലാതെ തന്നെ തുടര്‍ന്നു. പ്രസവത്തോടെ കൂടുന്ന ഭാരം സ്വാഭാവികമെന്നോര്‍ത്ത് സമാധാനിപ്പിച്ചു. ഇതിനിടയ്ക്കാണ്, ഞാനും സജിത്തുംഒരു സ്‌കൈ ഡൈവിംഗ് വിഡിയോ കാണുന്നത്. ഉയരത്തോടുള്ള പ്രണയം സ്വതവേയുള്ള ഞാന്‍ സ്‌കൈ ഡൈവിംഗ് മോഹം പറയുമ്പോള്‍ പകരം മുന്നോട്ടു വച്ചത് ഒരു കണ്ടീഷനായിരുന്നു. ഭാരംകുറച്ചിട്ടേ... സ്‌കൈ ഡൈവിംഗ് ചെയ്യാനാകൂ. ഭാരം 50ല്‍ എത്തിച്ചാല്‍ സ്‌കൈ ഡൈംവിംഗിന് കൊണ്ടു പോകാം. എന്നെ കൊണ്ട് സാധിക്കില്ല എന്നുറപ്പിച്ചായിരുന്നു. സജിത്ത് അതു പറഞ്ഞത്. പക്ഷേ ഞാന്‍ വിട്ടുകൊടുത്തില്ല.

ബെറ്റ് ജയിച്ച കഥ
ഡയറ്റ് ആന്‍ഡ് എക്‌സര്‍സൈസ് അതു തന്നെയായിരുന്നു ആദ്യ പ്രതീക്ഷ. എഗ്ഗ് ഡയറ്റ്, ബനാന ഡയറ്റ് കീറ്റോ ഡയറ്റ് എന്നിങ്ങനെ പല മാര്‍ഗങ്ങളും ട്രൈ ചെയ്തു. ദോഷം പറയരുതല്ലേ... ട്രൈ ചെയ്യും റിസള്‍ട്ട് ഉണ്ടാകും. പക്ഷേ തടി പഴയ പോലെ സടകുടഞ്ഞ് തിരികെ വരും. ഇതു കൊണ്ടൊന്നും എന്റെ കാര്യത്തില്‍ വലിയ മാറ്റം വരില്ല എന്നുറപ്പിച്ചപ്പോള്‍ ഞാനായിട്ട് എന്റെ ഡയറ്റ് നിര്‍ണയിച്ചു. പഞ്ചസാര, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കി. 18 കിലോ വരെയായിരുന്നു എനിക്ക് അന്ന് കുറയ്‌ക്കേണ്ടിരുന്നത്. അതു കൊണ്ട് ശരീരത്തിലെ വെള്ളത്തിന്റെ അളവ് നന്നേ കൂട്ടി. ദിവസം 3 ലിറ്റര്‍ വെള്ളം വരെ കുടിച്ചിരുന്നു.
എക്‌സര്‍സൈസിന്‍റെ കാര്യമെടുത്താല്‍ ദിനവും നടക്കാന്‍ പോകും. കൂടാതെ ബാഡ്മിന്റണ്‍ കളിച്ച് നന്നായി വിയര്‍ത്തു. ലോക് ഡൗണ്‍ ആയതോടെ ഇതെല്ലാം നിന്നു. ഇതോടെ വീട്ടിലുണ്ടായിരുന്ന ഉപകരണത്തില്‍ സൈക്ലിംഗ് നടത്തി. പിന്നെ യൂ ട്യൂബില്‍ കാണുന്ന ചെറിയ എക്‌സര്‍സൈസുകള്‍ വീട്ടില്‍ പരീക്ഷിച്ചു. ഏറ്റവും രസകരമായ സംഗതിയെന്തെന്നാല്‍ എന്റെ കുഞ്ഞിനൊപ്പം ഡാന്‍സ് കളിക്കും. റൗഡി ബേബി പോലുള്ള പാട്ടിന് ഡാന്‍സ് കളിക്കല്‍ കക്ഷിയുടെ ഹോബിയാണ്. അവനൊപ്പം കൂടുമ്പോള്‍ തന്നെ ശരീരം നന്നായി വിയര്‍ക്കും.
ഭക്ഷണക്രമീകരണത്തില്‍ അദ്ഭുതങ്ങളൊന്നും കാട്ടിയില്ല. നോര്‍മല്‍ രീതിയില്‍ നിന്നു കൊണ്ട് തന്നെ നിയന്ത്രിച്ചു. ചോറ് വളരെ കുറച്ച് കഴിച്ചു കൊണ്ട് കറികള്‍ നന്നായി കൂട്ടി. മുളപ്പിച്ച പയറുകളും ഇലക്കറികളും നന്നായി കഴിച്ചു. സാലഡും ഫ്രൂട്ട്‌സും ഒരു പോലെ ഭക്ഷണത്തിന്റെ ഭാഗമായി.
ഭക്ഷണ സമയത്തില്‍കൃത്യത പുലര്‍ത്തി എന്നതാണ് മറ്റൊരു കാര്യം. 7.30നു മുമ്പ് പ്രാതല്‍. ബ്രേക്ക് ഫാസ്റ്റിനു കഴിക്കുന്നത് തന്നെ ഒരു മണിക്ക് ലഞ്ചിനും കഴിക്കും. രാത്രി 8 മണിക്ക് അത്താഴവും കഴിക്കും. സ്‌നാക്‌സ് പോലുള്ള ഇടനേരത്തെ ഭക്ഷണങ്ങള്‍ പാടെ ഒഴിവാക്കി. വിശക്കുകയാണെങ്കില്‍ ഗ്രീന്‍ ടീ കുടിച്ച് അഡ്ജസ്റ്റ് ചെയ്യും. ഇത്രയുമൊക്കെ ആയപ്പോഴേ... ശരീരം എന്റെ വരുതിക്ക് വന്നു തുടങ്ങി.
ആഴ്ചകള്‍പിന്നിട്ടപ്പോള്‍ അഞ്ചും എട്ടും വീതും കിലോ ഭാരം ശരീരത്തില്‍ നിന്നും ഉരുകിയിറങ്ങി. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാന്‍ ആ മാന്ത്രിക സംഖ്യയില്‍ എത്തി... 51 കിലോയിലേക്ക് സേഫ് ആയി ലാന്‍ഡ് ചെയ്തു. ആഗ്രഹിച്ച മാതിരി സ്‌കൈ ഡൈവിംഗിനായി വെയിറ്റ് ചെയ്യുകയാണ് ഞാന്‍. കോവിഡ് ഒന്നു കഴിയട്ടേ...
ഇപ്പോള്‍ ഞാന്‍ 53 കിലോയുണ്ട്. അതു വേറൊന്നും കൊണ്ടല്ല... എന്റെ ഭര്‍ത്താവ് എന്നെ കാണാന്‍ ആഗ്രഹിക്കുന്ന മാതിരി ജസ്റ്റ് ഒന്നുമാറിയെന്നേ ഉള്ളൂ. എങ്ങനെ ആയാലെന്താ... ഞാനെന്റെ ബെറ്റ് ജയിച്ചല്ലോ... ഇനി എനിക്ക് കൈ ഡൈവ് ചെയ്യാല്ലോ... അതു തന്നെ ധാരാളം.
മസ്‌ക്കറ്റില്‍ ആയുര്‍വേദ ഫിസിഷ്യനായി ജോലി ചെയ്യുകയാണ് ഞാന്‍. ഭര്‍ത്താവ് സജിത്ത് ഇവിടെ പ്രൈവറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അസിസ്റ്റന്റ് മാനേജറായി ജോലി നോക്കുന്നു.- ഡോ. ആരതി പറഞ്ഞു നിര്‍ത്തി.