കണ്ണുകാണാത്ത മഴയാണ്. തട്ടിയും തടഞ്ഞും പ തുക്കെ മാത്രമേ മുന്നോട്ട് പോകാനാകൂ. പകലിന് പ്രായം കൂടി വരുന്നേയുള്ളൂ. എങ്കിലും റോ ഡിൽ നല്ല തിരക്ക്.
അമ്മൂമ്മക്കഥകളിലേതു പോലെ രണ്ടു വരിയാണ് ആദ്യം കേട്ടത്, ആയിരക്കണക്കിന് മരങ്ങൾ കാവൽ നി ൽക്കുന്ന ക്ഷേത്രം. അവിടെ നാടിനു കാവലായി ഭഗ വതി. ഈ യാത്ര ആ കാടിന്റെ മനസ്സിലേക്കാണ്. അവിടെ കുടികൊള്ളുന്ന ദേവിക്കു മുന്നിലേക്ക്. അമ്മേ നാരായണ മന്ത്രം തിരി തെളിഞ്ഞു.
അപ്പോഴും മനസ്സിൽ സംശയമേഘങ്ങൾ പെയ്യാതെ നിന്നു. പെരുമ്പാവൂർ നഗരപരിധിയില്‍ തന്നെ ഇങ്ങനെയൊരു കാടുണ്ടാകുമോ? ഈ മഴയിൽ ആരോടാണ് വഴി ചോദിക്കുക? ദേവി വഴി തെളിയിക്കാതിരിക്കില്ല. ആശ്രയമാവുന്നവർക്ക് അഭയത്തണൽ വിരിക്കുന്ന അമ്മയല്ലേ... മനസ്സിലെ തിരി ഒന്നുകൂടി നീട്ടിവച്ചു. മഴ കനത്തിൽ പെയ്യുന്നുണ്ട്.
പെരുമ്പാവുർ കീഴില്ലത്തു നിന്ന് ഇരിങ്ങോൽക്കാവിലേക്കുള്ള വഴി തുടങ്ങുന്നു. ഇനി നാലു കിലോമീറ്ററേയുള്ളൂ ക്ഷേത്രത്തിലേക്ക്. കഥയുെട പേജു മറിഞ്ഞതു പോെല കാഴ്ചകള്‍ മാറിയത് എത്ര വേഗത്തിലാണ്. ഹോണടി, അ ലർച്ചകൾ, തിരക്കിലമർന്ന നരച്ച മുഖങ്ങൾ എല്ലാം മാഞ്ഞു. കനാലരികിൽ കൂടി റോഡ്. കൃഷിയിടങ്ങളും പച്ചപ്പും െതളിഞ്ഞു. മുന്നിൽ കാടിന്റെ കറുപ്പുള്ള പച്ച നിറം.
പെട്ടെന്ന് മഴ മാറി വെയിൽ തെളിഞ്ഞു. അമ്മയുടെ അ നുഗ്രഹമാകാം. വരൂ, മരം പെയ്യുന്ന മൺവഴിയിലൂടെ മുന്നോട്ടു നടക്കാം.
പ്രാർഥന പെയ്യുന്ന വഴിയിലൂടെ
റോഡിൽ നിന്നു കാലെടുത്തു വച്ചത് കാട്ടിലേക്കാണ്. നെറുകയിൽ കാട് തീർഥം തളിച്ചു. മഴയിൽ മൺവഴി നനഞ്ഞു കിടക്കുന്നു. കാടിനെ അറിഞ്ഞു വേണം അമ്പലമുറ്റത്തെത്താൻ. ഇനി ചെരുപ്പിടാതെ നടക്കാം. ആദ്യ ചുവടിലേ പാദത്തിനടിയിൽ നിന്ന് തണുപ്പ് ശിരസിലേക്കുള്ള യാത്ര തുടങ്ങി.
നടയടച്ചിട്ടുണ്ടാകുമോ? തിരക്കുണ്ടാകുമോ? ഉത്തരങ്ങളുമായി ക്ഷേത്ര ഉപേദേശക സമിതി അംഗം അഭിലാഷ് മുന്നിൽ വന്നു.‘‘ആദ്യം ഈ കാവിനെക്കുറിച്ചു പറയാം.’’ ക്ഷേത്രത്തിലേക്കു നടക്കുമ്പോൾ അഭിലാഷ് പറഞ്ഞു തുടങ്ങി. ‘‘കാടിനുള്ളിലേക്ക് കടക്കുമ്പോള്‍ മുതൽ ഇത് ക്ഷേത്രമാണെന്നുള്ളത് വിശ്വാസമാണ്. വാലായ്മയുണ്ടെങ്കിൽ നാട്ടുകാർ ഗേറ്റിനകത്തേക്കു കടക്കില്ല. അത്ര പരിപാവനമായാണ് മരങ്ങളെ കാണുന്നത്. കാരണവുമുണ്ട്.
കൃഷ്ണസോദരിയാണ് ഇവിടത്തെ ദേവി എന്നാണ് സങ്കൽപം. ദേവകിയുടെ എട്ടാമത്തെ സന്താനം കംസനെ വധിക്കും എന്ന് അശരീരിയുണ്ടായതോടെ വസുദേവരെയും ദേവകിയെയും കംസന്‍ തടവിലാക്കി. അവർക്കുണ്ടായ കുഞ്ഞുങ്ങളെ നിഷ്കരുണം വധിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അലറി പെയ്യുന്ന പേമാരിക്കും കൊടുങ്കാറ്റിനും ഇടയിൽ രോഹിണി നാളിൽ എട്ടാമനായി സാക്ഷാൽ ശ്രീകൃഷ്ണന്‍ ജനിച്ചു. ദേവഹിതമനുസരിച്ച് വസുദേവർ അമ്പാടിയിലുള്ള നന്ദഗോപരുടെയും യശോദയുടെയും അടുത്ത് കുഞ്ഞിനെ ഏൽപ്പിച്ചു. അവർക്കു പിറന്ന പെൺകുഞ്ഞുമായി തിരികെയെത്തി.
പിറ്റേ ദിവസം ‘എട്ടാമത്തെ കുഞ്ഞിനെ’ വധിക്കാൻ കംസനെത്തി. െപണ്‍കുഞ്ഞാണെന്നുള്ളതൊന്നും കംസനെ പിന്തിരിപ്പിച്ചില്ല. കാലില്‍ പിടിച്ച് ഉയർത്തി നിലത്തടിച്ചു കുഞ്ഞിനെ െകാല്ലാന്‍ ശ്രമിച്ചപ്പോള്‍, കുഞ്ഞ് കംസന്‍റെ കയ്യില്‍ നിന്നു തെന്നിമാറി ആകാശത്തേക്കുയര്‍ന്നു. േദവീെെചതന്യം ഒരു നക്ഷത്രം പോെല തിളങ്ങി. ആ വെളിച്ചം വീണ സ്ഥലത്ത് േദവി വസിക്കാന്‍ വന്നു എന്നാണ് വിശ്വാസം. ആ സമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടിയുണ്ടായി. അതില്‍ നിന്ന് ഈ കാണുന്ന മരങ്ങളെല്ലാം മുളപൊട്ടി വന്‍കാവായി രൂപപ്പെട്ടത്രേ. ദേവി വന്നിരുന്ന കാവ് ‘ഇരുന്നോൾ’ കാവായും പിന്നെ, ഇരിങ്ങോൽകാവായും മാറി.
മിക്ക ക്ഷേത്രങ്ങളിലും ഉപദൈവങ്ങൾ ഉണ്ടാകും. ഇവി ടെ ഉപദേവതമാരില്ല. ഗണപതിയുടെ പ്രതിഷ്ഠയില്ലാത്തതു കൊണ്ട് എല്ലാ ക്ഷേത്രങ്ങളിലുമുണ്ടാകാറുള്ള ഗണപതിപൂജപോലും ഇവിടെയില്ല. ക്ഷേത്രത്തിനു ചുറ്റുമുള്ള മരങ്ങളാണ് ഭഗവതിയുടെ കാവലാൾ. മരങ്ങൾ മുറിക്കുയോ മറ്റേതെങ്കിലും രീതിയിൽ പരുക്കേൽപ്പിക്കുകയോ ചെയ്യില്ല. ആയുസ്സു കഴിഞ്ഞാൽ മരത്തിന് സ്വാഭാവികമായ ‘മരണം’ സംഭവിക്കും. നിലത്തു വീണ കൊമ്പോ മരമോ ആരും കൊണ്ടുപോകില്ല. ക്ഷേത്ര കാര്യങ്ങൾക്കു പോലും ഉപയോഗിക്കില്ല. ഒടുവിൽ മരം മണ്ണോടു ചേരുകയാണ് പതിവ്.’’
വലുപ്പത്തിൽ കേരളത്തിൽ മൂന്നാമതാണെങ്കിലും നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കാവാണ് ഇരിങ്ങോൽക്കാവ്. പെരുമ്പാവൂർ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ തന്നെയാണ് ക്ഷേത്രവും കാവും.
കാടിനു നടുവിലെത്തിയപ്പോൾ കണ്ണടച്ചു നിൽക്കണം. മനസ്സിലേക്ക് ‘ശബ്ദമായി’ കാട് വളരുന്നതിന്റെ ഭംഗി അ പ്പോഴേ അറിയാനാകൂ. കാറ്റിന്റെ ശബ്ദം കാതിലേക്ക് കയറി വന്നു. ഏതൊക്കെയോ മരങ്ങൾ ഉലയുന്നുണ്ട്. കൂട്ടിയുരുമ്മുന്നുണ്ട്. പല തരം കിളിയൊച്ചകൾ പാറുന്നുണ്ട്. ഇതിനൊക്കെ പുറമേ ചീവിടുകളുടെ സംഘനാദം.
‘‘അടുത്ത മഴ വീഴും മുന്നേ മുന്നോട്ടു നടക്കാം,’’ കാടിന്റെ സംസാരത്തിലേക്ക് അഭിലാഷിന്റെ ശബ്ദം കടന്നു വന്നു.
മനസ്സിലുണരുന്ന മന്ത്രം
കാടിനു നടുവിലൂടെയുള്ള വഴി കടന്ന് അമ്പലമുറ്റത്തേക്ക് കയറി. മണൽ വിരിച്ച മുറ്റം. അവിടെ വർഷങ്ങളുടെ കാറ്റും മഴയും തഴുകിയ കല്‍വിളക്ക്. എത്ര കണ്ണീർ പ്രാർഥനകൾ കണ്ടിട്ടുണ്ടാകും,കേട്ടിട്ടുണ്ടാകും ഈ കൽവിളക്ക്.
കൽപ്പടവിനു വലതു വശത്തു കൂടി അകത്തേക്ക് കടന്നു. പഴമ വിളിച്ചു പറയുന്ന വട്ടശ്രീകോവിൽ. നിലവിളക്കിലെ നാളം പോലെ ജ്വലിച്ച് ദേവി. മനസ്സിൽ ഭക്തിയുടെ ത ണൽ തണുപ്പ് പരക്കുന്നു. പ്രദക്ഷിണ വഴിയിൽ കൽപ്പാളികൾ പാകിയിട്ടുണ്ട്. പ്രദക്ഷിണം കഴിഞ്ഞ് ശ്രീകോവിലിനു മുന്നിലെത്തി. ഉള്ളില്‍ തിരിനാളങ്ങളുെട േശാഭയില്‍ സര്‍വമംഗള മംഗല്യയും സര്‍വാർഥസാധികയുമായ ദേവി.
കൃഷ്ണൻ പോറ്റി കയ്യിലേക്ക് തീർഥം പകർന്നു. കാടിന്റെ തണുപ്പ് നെറുകയിൽ, തുളസിയുടെ ഗന്ധം ഉള്ളിൽ. പ ഴമയുടെ ചിത്രങ്ങൾ തെളിഞ്ഞു നിൽക്കുന്നുണ്ട്. അകത്ത് ഒരുപാടു പ്രാർഥനകൾ പ്രദക്ഷിണം വയ്ക്കുന്നുണ്ട്. തിരക്കു കഴിയുമ്പോൾ ദേവിയുടെ മാഹാത്മ്യ കഥകൾ പറയാമെന്ന് പൂജാരിമാരായ മധുസൂദനൻ പോറ്റിയും കൃഷ്ണൻ പോറ്റിയും പറഞ്ഞിട്ടുണ്ട്. കാത്തിരിക്കാം.
അഭയമരുളുക അമ്മേ...
‘‘തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലാണ് ക്ഷേത്രം. ചടങ്ങുകളെല്ലാം പഴമയോടും ശുദ്ധിയോടുമാണ് തുടർന്നു വ രുന്നത്. മറ്റിടങ്ങളിൽ കാണാത്ത ചില പ്രത്യേകതകളും ഇ വിടെയുണ്ട്’’ മധുസൂദനൻ പോറ്റി പറഞ്ഞു തുടങ്ങി.
‘‘ഭഗവതിക്ക് ഗന്ധം ഇഷ്ടമല്ല. അതുകൊണ്ട്, ഗന്ധമുള്ള പുഷ്പമോ പൂജാവസ്തുക്കളോ ഉപയോഗിക്കാറില്ല. ചെത്തി, തുളസി, താമര എന്നീ പുഷ്പങ്ങളല്ലാതെ മറ്റൊരു പൂവും പൂജയ്ക്കെടുക്കില്ല. സാമ്പ്രാണിത്തിരി പോലും ഇവിടെ കത്തിക്കില്ല. ഒന്നോ രണ്ടോ കർപ്പൂരം മാത്രം ദീപാരാധന സമയത്ത് ഉപയോഗിക്കും. അഭിഷേകത്തിന് ജലമല്ലാതെ മറ്റൊന്നും പാടില്ല എന്നാണ് ആചാരം. അതുകൊണ്ടു ക്ഷേത്രത്തിലേക്ക് മുല്ലപ്പൂ ചൂടി ആരെങ്കിലും വന്നാൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി പൂവ് മാറ്റിയിട്ടേ ദർശനത്തിനായി പ്രവേശിപ്പിക്കൂ. ഇവിടെ വിവാഹവും നടത്തില്ല. ദേവിയെ ബാലികയായി സങ്കൽപിച്ചിരിക്കുന്നതു കൊണ്ടാണിത്.
സ്വയംഭൂ ആണ് ദേവി. മൂർച്ച കൂട്ടാൻ നാട്ടുകാരിൽ ആ രോ അരിവാൾ കല്ലിൽ ഉരച്ചപ്പോൾ ആ കല്ലിൽ നിന്നു ര ക്തം ഒഴുകിയത്രെ. ഭയന്നു പോയ അയാൾ അടുത്തുള്ള മനയിലേക്ക് ഒാടിച്ചെന്നു കാര്യം പറഞ്ഞു. ദേവീചൈതന്യം തിരിച്ചറിഞ്ഞ മനയിലെ കാരണവര്‍ കിണ്ടിയിൽ വെള്ളവും ശർക്കരയും നേദിച്ചു. ഇന്നും ശർക്കരയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഭക്തരും ദേവിയും തമ്മിലാണ് എല്ലാ ബന്ധവും. ഞാൻ അവർക്കിടയിൽ നിൽക്കുന്ന ഒരാൾ മാത്രം. എനിക്ക് അങ്ങനെ വിശ്വസിക്കാനാണിഷ്ടം.
ദ്വാദശാക്ഷരി പുഷ്പാഞ്ജലിയും ശർക്കര നിവേദ്യമാണ് പ്രധാനം. രാവിലെ അഞ്ചര മുതൽ എട്ടുമണി വരെയേ ദ്വാദശാക്ഷരി ജപിക്കാറുള്ളൂ. പക്ഷേ, ശർക്കരനിവേദ്യം അ ങ്ങനെയല്ല. ഭക്തൻ എപ്പോള്‍ ചോദിച്ചാലും ആ വഴിപാട് നടത്തിയിരിക്കണം.
ഒരുപാട് പേർക്ക് ശർക്കരവഴിപാട് കൊണ്ട് ഫലപ്രാപ്തിയുണ്ടായിട്ടുണ്ട്. എന്റെ അമ്മയുടെ ചികിത്സാഘട്ടത്തി ൽ ഭഗവതിക്കു മുന്നിലാണ് അഭയം തേടിയത്. ദുരിതങ്ങൾക്ക് അറുതി വരുത്തിയത് അമ്മയാണ്.’’ മധുസൂദനൻ പോറ്റി മിഴികളടച്ചു െെകകൂപ്പി.

ആറാട്ടിനും പ്രത്യേകത
ഇരിങ്ങോൽകാവിലെ ആറാട്ടിനും പ്രത്യേകതകളുണ്ട്. ‘പൂരത്തിന്റെയന്നു പൂരം, അത് ഇരിങ്ങോൽ പൂരം’ എന്നാണ് ചൊല്ല്. മീന മാസത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിലാണ് ആറാട്ട്. മിക്ക ക്ഷേത്രങ്ങളിലും ഒരു ദിവസം മാത്രമാണ് ആറാട്ട്. എന്നാല്‍ ഇവിടെ കൊടിയേറി പിറ്റേന്നു മുതൽ നിത്യവും ആറാട്ട് നടക്കുന്നു.
ഉത്സവത്തിന് പിടിയാനപ്പുറത്താണ് ദേവി എഴുന്നള്ളുന്നത്. നീലംകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള ദേവിയുെട യാത്രയും അവിടെയുള്ള ആറാട്ടും എല്ലാം അ പൂർവതയാണ്.
‘‘ഒരു ക്ഷേത്രത്തിലെ തിടമ്പ് മറ്റൊരു ക്ഷേത്രത്തിലെ ശ്രീകോവിലിൽ വച്ച് പൂജിക്കുക പതിവില്ല. മണ്ഡപത്തില്‍ കൂട്ടിച്ചേർത്ത് പ്രാർഥിക്കും. എന്നാൽ ഇരിങ്ങോലിലെ ദേവി, നീലംകുളങ്ങരയിലെത്തിക്കഴിഞ്ഞാൽ പൂരംകുളി കഴിഞ്ഞ് തിടമ്പ് ശ്രീകോവിലിൽ ഭഗവാന്റെ അടുത്തു വച്ച് കൂട്ടി പൂജ ചെയ്യും. ദേവി കൃഷ്ണ സോദരിയാണല്ലോ. ഭഗവാനെ കാണാൻ സഹോദരി ചെല്ലുന്നു എന്നതാണ് വിശ്വാസം. തൃക്കാർത്തികയാണ് മറ്റൊരു പ്രധാന ദിവസം.’’ ചിട്ടകളെക്കുറിച്ച് കൃഷ്ണൻ പോറ്റി.
മകരം മുപ്പതിനുള്ള വിത്തിടൽ ചടങ്ങും പ്രധാനമാണ്. കാർഷികഫലങ്ങളുമായി തുടികൊട്ടി, ഉറഞ്ഞുതുള്ളി ഭ ക്തരെത്തും. ക്ഷേത്രമുറ്റത്ത് നെല്ല് കൂമ്പാരം കൂട്ടിയിടും.പൂജ കഴിഞ്ഞ് മൂന്നു പിടി വിത്ത് അവർക്ക് വിതരണം ചെയ്യും.അടുത്ത വർഷത്തേക്കുള്ള വിത്താണെന്ന് സങ്കൽപം.വിതയ്ക്കാനുള്ള വിത്തിനൊപ്പം ഇതു ചേർക്കും. മൂന്നു പി ടി വിത്തിനൊപ്പം എണ്ണയും മാലയും കൂട്ടുപായസവും വെള്ള നിവേദ്യവും നൽകും.
തിരികെ നടക്കാം...
പണ്ട് 32 ഇല്ലക്കാരുടെ വകയായിരുന്നത്രെ ക്ഷേത്രം. ശ്രീകോവിലിലെ മുപ്പത്തിരണ്ടു കഴുക്കോലുകൾ അതിന്‍റെ പ്രതീകമാണ്. ക്ഷേത്രമുറ്റത്തു കണ്ട, പട്ടശേരി ഇല്ലത്തെ ഹരീഷ് നാരായണന്‍ പഴമയുെട ഒാര്‍മകള്‍ പങ്കുവച്ചു. ‘‘മനകളുെട എണ്ണം കുറഞ്ഞ്‍ ഒടുവില്‍ നാഗഞ്ചേരി, ഒറോഴിയം, പട്ടശേരി എന്നീ മനകളുടെ ഊരായ്മയായി മാറി. പിന്നീട് ദേവസ്വം ബോർഡിന് കൈമാറുകയായിരുന്നു. ഭാരതീയ ആചാരങ്ങളും പ്രകൃതി സംരക്ഷണവും നിലനിൽക്കുന്നു എന്നതിന് തെളിവാണല്ലോ കാവ്. ഇപ്പോഴും ഇതെല്ലാം കാത്തു സൂക്ഷിക്കുന്നത് വലിയ കാര്യമാണ്. മറ്റൊരു പ്രത്യേകത നോക്കൂ, പത്തുമിനിറ്റ് ഈ കാടിനുള്ളിൽ ചെലവഴിച്ചാൽ മതി. മനസ്സ് ശാന്തമാകും. പുറമേ നിന്നുള്ള ശബ്ദങ്ങളൊന്നുമില്ല. ദേവിയും നമ്മളും പ്രാർഥനകളും മാത്രം...’’ ഹരീഷ് പറഞ്ഞു.
ദേവിയെ ഒരിക്കൽ കൂടി തൊഴുതു പുറത്തേക്കിറങ്ങി. ഇലകൾ കാറ്റിൽ നാമം ജപിക്കുന്നുണ്ട്. ഹനുമാനുമായും കാവിന് ബന്ധമുണ്ടെന്ന് ക്ഷേത്രം ജീവനക്കാരൻ രാജേഷ് പറഞ്ഞു.
സീതാദേവിയെ തേടി ഹനുമാൻ സഞ്ചരിച്ചപ്പോൾ ഇരിങ്ങോല്‍കാവിൽ വിശ്രമിച്ചത്രെ. കാടിനുള്ളിൽ ഒരു തീർഥക്കുളവുമുണ്ട്. മടക്കയാത്ര അതുവഴിയാക്കാമെന്ന് ക്ഷേത്രത്തിലേക്കു വഴികാട്ടാനെത്തിയ അഭിലാഷ്.
‘‘ദേവിക്ക് ഗന്ധമുള്ള പൂക്കള്‍ ഇഷ്ടമല്ലാത്തതു കൊണ്ട്, മണമുള്ള പൂക്കൾ തരുന്ന ഒരു ചെടിയോ മരമോ ഇതിനുള്ളിൽ വളരുന്നില്ല. എന്റെ കുട്ടിക്കാലത്ത് കാവില്‍ ധാരാളം കുരങ്ങന്മാരുണ്ടായിരുന്നു. പത്തു വർഷം മുൻപ് വംശനാശം സംഭവിച്ചു. ഒരു കൂറ്റൻ ഇലവുമരവും ഉണ്ടായിരുന്നു. തൃണബിന്ദു മഹർഷി ക്ഷേത്രക്കുളത്തില്‍ കുളിക്കുമ്പോ ൾ ഇലവുമരത്തിൽ കയറിയ ഹനുമാൻ മഹർഷിയെ ഭയപ്പെടുത്തിയെന്നും അദ്ദേഹം ശപിച്ചുവെന്നും കഥയുണ്ട്.’’
മുന്നിൽ പച്ച നിറത്തിൽ തീർഥക്കുളം. കുളത്തിൽ നിന്ന് ഒരു ഒാവ് ശ്രീകോവിലിലേക്കും പോകന്നുണ്ടത്രെ.
കാവില്‍ നിന്നിറങ്ങും മുന്നേ ഒരിക്കല്‍ കൂടി കണ്ണടച്ചു. കാറ്റിന്റെ ശബ്ദം, പേരറിയാ കിളികളുടെ, ചീവിടിന്റെ, മരംപെയ്യുന്നതിന്റെ ശബ്ദം. പിന്നെ കഥകളുടെ, പ്രാർഥനയുടെ തണുപ്പ്. മനസ്സ് തീർഥക്കുളം പോലെ ശാന്തം.
വിജീഷ് ഗോപിനാഥ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ