Friday 17 April 2020 05:20 PM IST

ക്യാമറയെ നോക്കി ദക്ഷിണ നൽകി, വിഡിയോ കോളില്‍ കാൽ കണ്ട് തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി! എഫ്ബി ലൈവിലൂടെ മിന്നുകെട്ട്

Binsha Muhammed

Mathangi

പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസിനായി കൊതിച്ച് അതു സാധ്യമാകാതെ കതിര്‍ മണ്ഡപത്തിലേക്ക് കയറുന്ന നവവധുമാരുടെ കാലത്ത് ഇതാ ഒരു വിര്‍ച്വല്‍ കല്യാണം. പ്രിയപ്പെട്ടവര്‍ക്ക് മനംകുളിര്‍ക്കേ കാണാന്‍ കല്യാണം ഫെയ്‌സ്ബുക്ക് ലൈവാക്കി,അനുഗ്രങ്ങള്‍ വിഡിയോ കോളിലാക്കിയ രണ്ട് ന്യൂജന്‍ ജോഡികള്‍, ലോക് ഡൗണ്‍ നാളുകള്‍ ഉദാത്തമായ മാതൃകയുടേതാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ആ ജോഡി മാതംഗിയും വിമല്‍കുമാറും. ഓണ്‍ലൈനായി പറന്നെത്തിയ അനുഗ്രഹങ്ങള്‍, ലൈവ് വിഡിയോയിലൂടെ താലികെട്ട്, ഷെയറിലും ലൈക്കിലും പൊതിഞ്ഞെത്തിയ അനുഗ്രങ്ങള്‍. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് മാതംഗി. വരന്‍ വിമല്‍കുമാര്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റാണ്. വേറിട്ട ആ കല്യാണ കഥ വനിത ഓണ്‍ലൈന്‍ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് പുതുമണവാട്ടി മാതംഗി.

വീട്ടിലെ കല്യാണം

കല്യാണത്തിന് നാളും നേരവും മുഹൂര്‍ത്തവും കുറിക്കുമ്പോള്‍ കോവിഡ്-19 ആ പരിസരത്തേ ഇല്ലായിരുന്നു. എല്ലാവരുടേയും സൗകര്യം പരിഗണിച്ച് ഏപ്രില്‍ 15ന് വിവാഹം നിശ്ചയിച്ചു. ഫെബ്രുവരി അവസാനത്തോടെ അതിഥികളെ ക്ഷണിച്ചു തുടങ്ങി.  ആര്‍ഭാടമൊന്നും കൊതിച്ചിരുന്നില്ല. അതൊക്കെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ എന്റെ വിവാഹത്തിന് പ്രിയപ്പെട്ടവര്‍ ഉണ്ടാകണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിഥികൾക്ക് മനസു നിറഞ്ഞ് സദ്യയും കൊടുക്കണം. അത്ര മാത്രമേ ആഗ്രഹിച്ചുള്ളൂ... പക്ഷേ എന്ത് ചെയ്യാന്‍.

mathangi-1

മാര്‍ച്ച് ആദ്യ വാരം ആയപ്പോൾത്തന്നെ അങ്ങിങ്ങായി കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. അപ്പോഴും വിവാഹം അനിശ്ചിതത്വത്തിലാകും എന്ന് കരുതിയിരുന്നില്ല. പ്രശ്‌നം സങ്കീര്‍ണമാകുമോ എന്ന് സംശയിച്ച നിമിഷത്തില്‍ ചെറിയൊരു ഹാള്‍ ബുക്ക് ചെയ്ത് വിവാഹത്തിനെത്തുന്നവരെ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചു. പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞതോടെ കാര്യങ്ങള്‍ കുഴഞ്ഞു. കൊറോണ അതിവേഗം വ്യാപിച്ചു. എന്തു ചെയ്യും എന്ന് അറിയാതെ കുഴങ്ങിയ നിമിഷം. ജനത കര്‍ഫ്യൂ കഴി്ഞ്ഞ് ലോക് ഡൗണും ആരംഭിച്ചതോടെ സര്‍ക്കാരിന്റെ അറിയിപ്പും വന്നു. വിവാഹം 10ല്‍താഴെ ആള്‍ക്കാര്‍ മാത്രമുള്ള ചടങ്ങ് മാത്രം ആക്കുക എന്ന്. അതോടെ സകല പ്ലാനുകളും താളം തെറ്റി. ഒരു ഘട്ടത്തില്‍ അമ്പലങ്ങളും കുടുംബ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. പക്ഷേ അതും ശ്രമകരമായിരുന്നു. ഒടുവില്‍ ധൈര്യ സമേതം അച്ഛന്‍ ശശിമോഹന്‍ നായരും കുടുംബാംഗങ്ങളും ആ തീരുമാനം എടുത്തു. വിവാഹം നിശ്ചയിച്ച സമയത്ത് തന്നെ നടക്കും, അതും തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വച്ച്.

മിസ് യൂ ചേട്ടാ...  

ഏറ്റവും മിസ് ചെയ്തത് എന്റെ ചേട്ടന്നെയാണ്. ഗോപി മാധവ് ബംഗളുരുവില്‍ സെറ്റില്‍ ചെയ്തയാളാണ്. രാജ്യം നിശ്ചലമായതോടെ ചേട്ടന് തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്താന്‍ പറ്റാത്ത സ്ഥിതിയായി. ഇനി അഥവാ വന്നാലും ചേട്ടനും നാത്തൂനും ക്വാറന്റിനില്‍ പോകേണ്ടി വരും. സാഹചര്യം മനസിലാക്കിയതോടെ ചേട്ടന്റെ തന്നെ അനുഗ്രഹത്തോടെയും അനുവാദത്തോടെയും ഞാനും വരന്‍ വിമല്‍ കുമാറും കതിര്‍ മണ്ഡപത്തിലേക്ക്. കല്യാണപ്പെണ്ണായി വേദിയിലേക്ക് കയറും മുമ്പ് ചില ചടങ്ങുകള്‍ ബാക്കിയുണ്ടായിരുന്നു. അതിനും ദൈവം വഴി കാണിച്ചുതന്നു. ബന്ധുക്കള്‍ക്ക് വെറ്റിലയും അടക്കയും നല്‍കി അനുഗ്രഹം വാങ്ങുന്നത് വിഡിയോ കോളിലൂടെയാക്കി. ഒരു വശത്തിരുന്ന് ഞാന്‍ വെറ്റിലയും അടയ്ക്കയും ക്യാമറയ്ക്കു നേരെ കാട്ടി. അവര്‍ അതേറ്റു വാങ്ങുന്നതായി സങ്കല്‍പ്പിച്ചു. ശേഷം, അവര്‍ കാല്‍പാദങ്ങള്‍ സ്‌ക്രീനില്‍ കാണത്തക്ക വിധം നിന്നു. ഞാന്‍ സ്‌ക്രീനിലെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങി. സംഭവം കോമഡിയായിരുന്നു, പക്ഷേ ഉള്ളിന്റെ ഉള്ളില്‍ ആരെയും നേരില്‍ കാണാന്‍ കഴിയാത്തതിലുള്ള സങ്കടം ഉണ്ടായിരുന്നു. വിവാഹത്തിന്റെ അന്ന് 10 പേരാണ് സാക്ഷിയാകാനെത്തിയത്. എന്റെ വീട്ടില്‍ നിന്ന് ഞാന്‍ അടക്കം 5 പേര്‍. ചേട്ടന്റെ വീട്ടില്‍ നിന്നും 5 പേര്‍. താലികെട്ട് ചടങ്ങ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അച്ഛന്‍ പ്രിയപ്പെട്ടവരെ കാണിച്ചു. ഇടയ്ക്ക് വച്ച് ആരൊക്കെയോ വിളിച്ചപ്പോള്‍ കോള്‍ കട്ടായി. ഗൂഗിള്‍ ഡ്യൂവോ വഴി സുഹൃത്തുക്കളെ വിളിക്കാന്‍ ഞാനും പ്ലാനിട്ടതാണ്. എന്തു ചെയ്യാന്‍ കല്യാണപ്പെണ്ണായി പോയില്ലേ... പക്ഷേ എന്തൊക്കെയായാലും ചടങ്ങ് മംഗളമായി. അച്ഛനും അമ്മയ്ക്കും എല്ലാവര്‍ക്കും സന്തോഷം. പ്രിയപ്പെട്ടവരെ മിസ് ചെയ്തു എന്നത് മാത്രമാണ് സങ്കടം.- മാതംഗി പറഞ്ഞു നിര്‍ത്തി.