Thursday 06 August 2020 06:09 PM IST

റിസള്‍ട്ട് 'പൊസിറ്റീവ്!' ക്വാറന്റീനില്‍ കഴിയുമ്പോള്‍ വന്ന വാര്‍ത്ത കേട്ട് സഫ്‌ന തുള്ളിച്ചാടി; ഐഎഎസ് ആഘോഷം ഇപ്പോള്‍ ജനാലയിലൂടെ

Binsha Muhammed

safna-cover

'റിസല്‍റ്റ് വന്നു... വാപ്പച്ചിയുടെ പൊന്നിന് മൂന്നാം റാങ്ക്...'

തുള്ളിച്ചാടി സഫ്‌നയിതു പറയുമ്പോള്‍ കണ്ണീരണിയുകയായിരുന്നു ഹാജ നസറുദ്ദീന്‍. റിട്ടയേര്‍ഡ് എസ്‌ഐയുടെ ഗൗരവം ആ നിമിഷം സമ്മാനിച്ച കണ്ണീരില്‍ അലിഞ്ഞില്ലാതായി. കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ക്ക് പകരം പൊന്നുമോള്‍ക്ക് ഹാജയുടെ വക തുരുതുരെ ഉമ്മകള്‍. കെട്ടിപ്പിടിച്ച് അഭിനന്ദിക്കുമ്പോഴും ആ കണ്ണിനെ ആനന്ദാശ്രു പൊതിഞ്ഞു. ഏതൊരു പിതാവും കേള്‍ക്കാന്‍ കൊതിച്ച സ്വപ്നം. ആ സന്തോഷം കണ്ടു നിന്ന ഉമ്മ റംലയുടെ മുഖത്തും നിറകണ്‍ചിരി.

പേയാട് പള്ളിമുക്കിലെ ഫര്‍സാന മന്‍സിലില്‍ അഭിനന്ദനപ്പെരുമഴ ഇനിയും തോര്‍ന്നിട്ടില്ല.  ടെലിഫോണ്‍ വഴിയും നേരിട്ടും അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകള്‍.  സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന്റെ യശയുര്‍ത്തിയ സഫ്‌നയെ നേരില്‍ കാണാനെത്തുന്നവരും വേറെ. സ്‌നേഹം നല്‍കാന്‍ എത്തിയവര്‍ക്ക് ക്വാറന്റിന്‍ ജനലഴികളിലൂടെ സഫ്‌നയുടെ നിറപുഞ്ചിരി. ദേശീയ തലത്തില്‍ 45-ാം റാങ്കും കേരളത്തില്‍ മൂന്നാം റാങ്കും നേടിയ അഭിമാനതാരത്തെ തേടി വനിതയെത്തുമ്പോഴും നിറഞ്ഞ ചിരിയായിയിരുന്നു ആദ്യ മറുപടി. നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോഴും സഫ്‌ന വിനയാന്വിതയായി. നിഷ്‌ക്കളങ്കമായി സംസാരിച്ചു തുടങ്ങി...

അവരുടെ സ്വപ്‌നം... എന്റേയും

സ്‌കൂള്‍ തൊട്ടേയുള്ള സ്വപ്നം. ആ സ്വപ്‌നത്തിന് ഊര്‍ജം പകര്‍ന്നത് എന്റെ ഉപ്പ... ഉമ്മ... സഹോദരിമാര്‍, അധ്യാപകര്‍. അവര്‍ക്കായി സമര്‍പ്പിക്കുന്നു ഈ നേട്ടം. ലക്ഷ്യം മുന്നിലുള്ളപ്പോഴും അതിലേക്ക് അതിവേഗം അടുപ്പിക്കാന്‍ പ്രചോദനമായത് അവരായിരുന്നു. അവരായിരുന്നു, എന്റെ ഉള്ളിലുള്ള 'സ്പാര്‍ക്കിനെ' നേട്ടങ്ങളുടെ തിരിനാളമാക്കി തന്നത്- സഫ്‌ന പറഞ്ഞു തുടങ്ങുകയാണ്. 

ചിട്ടയായ പഠനം അതു തന്നെയാണ് എന്നെ 23-ാം വയസില്‍ ഈ ലക്ഷ്യത്തില്‍ കൊണ്ടെത്തിച്ചത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഒരുപാട് പേരുണ്ടായി എന്നത് എന്റെ സ്വപ്‌നങ്ങള്‍ക്ക് വളമായി. അതു കൊണ്ടാകണം റിസല്‍റ്റ് വന്ന നിമിഷം എന്നെക്കാള്‍ കൂടുതല്‍ എനിക്ക് പിന്തുണ നല്‍കിയ എന്റെ പ്രിയപ്പെട്ടവര്‍ കൂടുതല്‍ സന്തോഷിച്ചത്. കേരളത്തില്‍ മൂന്നാം റാങ്ക്... ദേശീയ തലത്തില്‍ 45-ാം റാങ്ക് എന്ന് റിസല്‍റ്റ് എത്തിയപ്പോഴേക്കും ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് വാപ്പച്ചിയും ഉമ്മച്ചിയുമാണ്. വാപ്പച്ചി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. സന്തോഷവാര്‍ത്ത പങ്കിടുമ്പോഴും ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അവരുടെ സന്തോഷം...അളവില്ലാത്ത ആ ഇമോഷന്‍സ് അതിലുണ്ടായിരുന്നു എല്ലാം.

safna-1

ചിട്ടയായി പഠനം

സ്‌കൂള്‍ കാലം തൊട്ടേ സോഷ്യല്‍ സയന്‍സായിരുന്നു ഇഷ്ടവിഷയം. ഒരുപാട് വായിക്കും. സമകാലിക സംഭവങ്ങളില്‍ ശ്രദ്ധയോടെ കണ്ണോടിക്കും. പേരൂര്‍ക്കട എസ്എപി കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പത്താം ക്ലാസ് പഠനം.മുഴുവന്‍ വിഷയങ്ങള്‍ക്കും അന്ന് എപ്ലസ് ഉണ്ടായിരുന്നു. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും പ്ലസ്ടു സിബിഎസ്ഇ ഹ്യുമാനിറ്റീസ് ഐച്ഛിക വിഷയമായി പഠിച്ചു. അന്ന് ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടി. 2017 മാര്‍ ഇവാനീസ് കോളജില്‍ നിന്നും ബിഎ ഇക്കണോമിക്‌സില്‍ ഒന്നാം റാങ്ക് നേടിയതും നേട്ടങ്ങളുടെ വഴിയിലെ തിളക്കമുള്ള അധ്യായങ്ങളാണ്. ബിരുദ പഠനത്തിനു ശേഷം സിവില്‍ സര്‍വീസ് അല്ലാതെ മറ്റൊരു ലക്ഷ്യം മുന്നിലുണ്ടായിരുന്നില്ല. അതിനു വേണ്ടി ചിട്ടയോടെ പ്രിപ്പയര്‍ ചെയ്തു. തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമിയിലായിരുന്നു  കോച്ചിംഗ്.

ഒരു സബ്ജക്റ്റ്, അല്ലെങ്കില്‍ സിലബസ് അതിന് നിശ്ചിത സമയം കൊടുത്ത് വിശദമായി പഠിക്കുന്നതായിരുന്നു രീതി. അങ്ങനെ പഠിച്ചതു കൊണ്ട് ഒരു ഗുണമുണ്ടായി. എന്റെ ന്യൂനതകള്‍ എന്തൊക്കെയെന്ന് കൃത്യമായി മനസിലാക്കി മുന്നോട്ടു പോകാനായി. അത് അവസാന പരീക്ഷ വരെയും എനിക്ക് ഗുണം ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ച് 23നായിരുന്നു അവസാന വട്ട അഭിമുഖ പരീക്ഷ. ലോക് ഡൗണ്‍ വന്നതോടെ ജൂലൈ 24ലേക്ക് അത് നീട്ടി. കോവിഡ് നിയന്ത്രണങ്ങളും ക്വാറന്റിന്‍ പ്രശ്‌നങ്ങളും ഉള്ളതിനാല്‍ വീട്ടുകാര്‍ക്ക് ഡല്‍ഹിയില്‍ നടന്ന പരീക്ഷയില്‍ ഒപ്പം വരാനായില്ല. അങ്ങനെ 20ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ആദ്യമായി ഒറ്റയ്ക്ക് ഡല്‍ഹിയിലേക്ക് പറന്നു. എന്റെ സ്വപ്‌നത്തിലേക്കുള്ള  യാത്ര. 25നു നടന്ന മെഡിക്കലിനു ശേഷം തിരികെ നാട്ടിലേക്ക്. റിസല്‍റ്റ് വരുമ്പോഴും ഞാന്‍ ക്വാറന്റിനിലാണ്. നാല് ദിവസം കൂടി ഉണ്ട് അതു കഴിയാന്‍. എന്നെക്കാണാനും അഭിനന്ദിക്കാനും വരുന്നവരോട് ജനലഴിയിലൂടെ അഭിവാദ്യം ചെയ്യുകയേ നിവൃത്തിയുള്ളൂ.

കേരള കേഡറില്‍ ജോലി ചെയ്യാന്‍ വേണ്ടിയാണ് ആഗ്രഹം. അതിനു വേണ്ടി അപേക്ഷിച്ചിട്ടുമുണ്ട്. ഇനി അതല്ല, ഇന്ത്യയില്‍ എവിടെയാണെങ്കിലും ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കും. കര്‍മ്മ മേഖലയില്‍ ശോഭിക്കാനാകുമെന്ന പ്രതീക്ഷ എനിക്കുണ്ട്. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുക എന്ന ലക്ഷ്യം മാത്രമേ ഇപ്പോള്‍ മനസിലുള്ളു. ഈ രംഗത്തേക്ക് കടന്നു വരാനിരിക്കുന്നവരോടും അതു തന്നെ പറയുന്നു. ആത്മാര്‍ത്ഥതയോടെപ്രവര്‍ത്തിക്കുക. നിങ്ങളുടെ ഡ്രീം ഫോളോ ചെയ്യുക. മനസാണ് നിങ്ങളെ നയിക്കുന്നത്. ലക്ഷ്യങ്ങള്‍ക്കു മുന്നില്‍ വിട്ടുവീഴ്ചയരുത്.- സഫ്‌ന പറഞ്ഞു നിര്‍ത്തി. 

പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിട്ട. എസ്ഐയാണ് സഫ്‌നയുടെ പിതാവ് ഹാജ നസറുദ്ദീന്‍, കാട്ടാക്കട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ക്ലാര്‍ക്കായ റംലയാണ് മാതാവ്. ഇരുവരുടേയും മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് സഫ്‌ന. തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമിയിലായിരുന്നു സഫ്നയുടെ ഐഎഎസ് പഠനവും പരിശീലനവും.