ശരീര ഭാരം 70 കടന്നാലേ പലർക്കും ആധിയാണ്. സൗന്ദര്യ സങ്കൽപ്പങ്ങൾ ശരീരഭാരത്തിനു മുന്നിൽ ഉടഞ്ഞു വീഴും. പൊണ്ണത്തടി നൽകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ടെൻഷൻ വേറെ. തടി സെഞ്ച്വറി കടന്നാലോ? ഈ പറയുന്ന ആധിയും ആശങ്കയും മൂർധന്യാവസ്ഥയിലാകും.
പൊണ്ണത്തടിയുടെ പേരിൽ ടെൻഷനടിച്ചിരിക്കുന്നവരെ സ്വന്തം ജീവിതം കൊണ്ട് പ്രചോദിപ്പിക്കുകയാണ് ഗുരുവായൂർ ഷമീർ ഷാ. 180 കിലോ കടന്ന് വീർപ്പുമുട്ടിച്ച ശരീരഭാരത്തെ 73 കിലോ കുറച്ച് 107ൽ എത്തിച്ച നിശ്ചയദാർഢ്യത്തിന്റെ കഥയാണ് ഷമീർ പങ്കുവയ്ക്കുന്നത്. തടി കുറയില്ലെന്ന മുൻവിധികളേയും പ്രവചനങ്ങളേയും അസ്ഥാനത്താക്കി 16 മാസം കൊണ്ട് തടി കുറച്ച കഥ വനിത ഓൺലൈനോട് ഷമീർ പങ്കുവയ്ക്കുന്നു.
ഷമീറിന്റെ അനുഭവ കുറിപ്പ്;
ഹായ് ഫ്രണ്ട്സ്സ് ഞാൻ Shameer Shah അടുത്ത കൂട്ടുകാർ എന്നെ സെമ്മു എന്ന് വിളിക്കും വീട് നമ്മടെ തൃശ്ശൂര് ഗുരുവായൂർക്ക് അടുത്ത് എളവള്ളി എന്ന് പറയുന്ന കൊച്ചു സുന്ദരമായ ഗ്രാമം. എന്റെ തടി കൂടിയ ഫോട്ടോ കണ്ട് നിങ്ങൾ പലരും ഞെട്ടിക്കാണും. കുറച്ചു നാളുകൾക്ക് മുൻപ്പ് അതായിരുന്നു എന്റെ രൂപം.
ചെറുപ്പം മുതൽ തൃശ്ശൂരിലെ പുലിക്കളി കണ്ടു കണ്ടു തടി ഒരു അഹങ്കാരമായി കൊണ്ട് നടന്നു 10ാ–ാം ക്ലാസ്സിൽ പഠിക്കുംപോൾ 124 kg ആയിരുന്നു എന്റെ വണ്ണം. അന്ന് മുതലാണ് വണ്ണം കൊണ്ടുള്ള ബുദ്ധിമുട്ട് ഞാൻ മനസ്സിലാകുന്നത് മറ്റുള്ള കുട്ടികളുടെ പോലെ നല്ല വസ്ത്രം ധരിക്കാൻ പറ്റില്ല കുട്ടികൾ കളിക്കാൻ കൂട്ടില്ല ഒറ്റക്ക് ഒരു ബെഞ്ചിൽ ഇരിക്കണം കൂടെ ഇരിക്കാൻ എല്ലാവർക്കും പേടിയാ.
10–ാം ക്ലാസ്സ് കഴിഞ്ഞപ്പോൾ വണ്ണം കുറക്കണം എന്ന് സ്വയം തോന്നി അങ്ങിനെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ എന്നെ കാണിച്ചു. അദ്ദേഹംആ സത്യം എന്നോട് പറഞ്ഞു എന്റെ വണ്ണം കുറയില്ലത്രേ. ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്കുണ്ടാകുന്ന ഹോർമോൺ ആണ് എനിക്കുള്ളത് എന്ന്.
വിശക്കുമ്പോൾ ഹോർമോൺ ഉത്പാദിപ്പിക്കും. പിന്നെ ഒരുവഴി ഉള്ളത്പ്ലാസ്റ്റിക് സർജറി ആണ് എന്റെ വയറ് മുറിച്ചു കളയുക. അങ്ങനെ +1ൽ പഠിക്കുമ്പോൾ 8 മണിക്കൂർ സർജറിക്ക് വിധേയനായി. ഒടുവിൽ അടിവയറില്‍ നിന്നും 9 കിലോ മുറിച്ചു കളഞ്ഞു. പൊണ്ണത്തടി കുറയ്ക്കാൻ ഇനിയും പല ശരീരഭാഗങ്ങളും ഇതുപോലെ പ്ലാസ്റ്റിക് സർജറി ചെയ്ത് മുറിച്ച് കളയണം എന്നും പറഞ്ഞു. പക്ഷേ സാമ്പത്തിക അതിന് അനുവദിച്ചില്ല. അതുകൊണ്ട് തത്കാലം ആ പരീക്ഷണത്തിൽ നിന്നും പിൻമാറി. പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ മുറിച്ചു കളഞ്ഞ ഭാഗം തിരിച്ചു വരും എന്നു കൂടി ഡോക്ടർ ഓർമ്മിപ്പിച്ചു.
പക്ഷെ ഞാൻ തളർന്നില്ല വണ്ണം കുറക്കണം എന്ന് എനിക്കൊരു വാശിയായി. കേരളത്തിന്റെ പല ജില്ലകളിലും ഞാൻ വണ്ണം കുറക്കാൻ പോയിട്ടുണ്ട് പതിനാറോളം weight loss program ഞാൻ ചെയ്തു അതിലെല്ലാം ഞാൻ പരാജയപ്പെട്ടു.
weight loss program ചെയ്യുമ്പോ വണ്ണം കുറയും നിർത്തി കഴിഞ്ഞാൽ കുറഞ്ഞ വണ്ണം കൂടും. അങ്ങനെ 124 kg യിൽ weight loss program ചെയാൻ തുടങ്ങി പിന്നെ ഞാൻ നിൽകുന്നത് 180കിലോയിൽ ആണ്. 180 കിലോ ഉള്ളപ്പോ എടുത്ത ഫോട്ടോ ആണ് ചിത്രത്തിലുള്ളതും.
പക്ഷേ 180 കിലോ ആയിട്ടു കൂടി ഞാൻ വെയിറ്റ് ലോസിൽ നിന്നും പിന്മാറിയില്ല കാരണം എന്റെ ഉള്ളിൽ ഒരു ക്രേസി ഡ്രീം ഉണ്ടായിരുന്നു അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ FB യിൽ മനോരമയുടെ ആർട്ടിക്കിൾ കാണുന്നത്. പെരുമ്പാവൂർ കാരൻ ഒരു നാസർ വണ്ണം കുറച്ചകഥ. ഒന്നും നോക്കിയില്ല വെച്ചു പിടിച്ചു പെരുമ്പാവൂരിലേക്ക് അദ്ദേഹമാണ് ആ സത്യം എനിക്ക് പറഞ്ഞു തന്നത്. വണ്ണം കുറക്കാനല്ല പഠിക്കേണ്ടത് മറിച്ച്, ഭക്ഷണം കഴിക്കാനാണ് പഠിക്കേണ്ടതെന്ന വലിയ പാഠം അദ്ദേഹം എനിക്കു പഠിപ്പിച്ചു തന്നു അതും ഇഷ്ട ഭക്ഷണം കഴിച്ചു കൊണ്ട് വണ്ണം കുറയ്ക്കുക. ഫാസ്റ്റ് ഫുഡുകളും റെഡ്മീറ്റും ചോറും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഞാൻ പതിയെ പതിയെ അവയ്ക്ക് നിയന്ത്രണം കൊണ്ടു വന്നു. ഒന്നും പാടെ ഒഴിവാക്കിയില്ല. പകരം ബീഫ് പോലുള്ള കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളെ ആഴ്ചയിൽ ഒരുവട്ടമാക്കി ചുരുക്കി. ചോറിനു പകരം മില്ലറ്റ്സുകൾ എന്റെ ഭക്ഷണചര്യയായി. റാഗി, ചോളം, ചാമ, വരക് തുടങ്ങിയ പോഷക പ്രാധാന്യമുള്ള ഭക്ഷണങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കി. മാറ്റം കണ്ടു തുടങ്ങിയ നാളുകളായിരുന്നു അത്. ക്രമേണ എന്റെ ശരീരത്തിൽ നിന്നും ഭാരം ഉരുകിയിറങ്ങുന്നുവെന്ന് കാലം തെളിയിച്ചു. 16 മാസം പിന്നിട്ടപ്പോൾ ഞാൻ പുതിയൊരു മനുഷ്യമായി. ഇഷ്ട ഭക്ഷണത്തിലെ പോരായ്മയും ആരോഗ്യ പ്രശ്നങ്ങളും മനസിലാക്കി കഴിക്കാൻ പഠിച്ച ഞാൻ 73 കിലോകുറച്ച് 107 കിലോ എന്ന ശരീരഭാരത്തിലെത്തി.
ഒരു മെഡിസിനോ സർജറിയോ ഇല്ലാതെ ഇഷ്ടഭക്ഷണം കഴിച്ചു വണ്ണം കുറച്ചു എന്നതാണ് ഏറ്റവും വലിയ കാര്യമായി ഞാൻ കരുതുന്നത്. ശരിക്കും പറഞ്ഞാൽ പോഷക പ്രധാനമായ ഭക്ഷണങ്ങളെ ഞാൻ ഇഷ്ടഭക്ഷണമാക്കി മാറ്റി എന്നതാണ് സത്യം. ഇപ്പോൾ എനിക്ക് 107 കിലോ ഭാരമുണ്ട്. ഉയരം കണക്കാക്കുമ്പോൾ എന്റെ ഐഡിയൽ വെയിറ്റ് 65 കിലോയാണ്. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഞാൻ. ആ നേട്ടം കയ്യെത്തിപ്പിടിച്ചാൽ... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാരം കുറച്ച വ്യക്തി എന്ന അപൂർവനേട്ടം സ്വന്തമാക്കാനാകും.
വണ്ണം കുറക്കാൻ ആഗ്രയിക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത് നമ്മുടെ നാട്ടിൽ നിരവധി ഡയറ്റ് പ്ലാനുകൾ ഉണ്ട് അതിൽ പോയി തലവെക്കാതെ നോക്കുക. വണ്ണം കുറക്കാനായി പ്രത്യേക ഡയറ്റ് പ്ലാൻ ഒന്നും ഇല്ല നിങ്ങൾ നിങ്ങളുടെ ഇഷ്ട ഭക്ഷണം അതിലെ പോരായ്മ മനസ്സിലാക്കി കഴിക്കാൻ പഠിക്കുക. വണ്ണം കുറക്കാനുള്ള മാർഗം അതെ ഉള്ളൂ. ഡയറ്റ് പ്ലാനുകൾ സ്വീകരിക്കുമ്പോൾ വണ്ണം കുറയുമായിരിക്കും. പക്ഷേ ഡയറ്റ് നിർത്തുമ്പോൾ കുറഞ്ഞ വണ്ണം പോയതു പോലെ തിരിച്ചു വരും. എന്റെ അനുഭവം ആണ്. വണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന സുഹൃത്തുകൾക്ക് എന്നെ കൊണ്ട് കഴിയുന്ന സഹായം ഞാൻ ചെയ്തു തരാം.