Saturday 18 April 2020 05:43 PM IST

സാറാമ്മ ശാന്തമായുറങ്ങുന്നു, അയല്‍ക്കാരന്റെ മണ്ണില്‍; അടക്കം ചെയ്യാന്‍ ഭൂമിയില്ല, വീട്ടമ്മയ്ക്ക് അന്ത്യവിശ്രമമൊരുക്കി ഈ നന്മമനസ്

Binsha Muhammed

drddfghvhbu

അര്‍ഹിച്ച ആദരവും അശ്രുപൂജയും നല്‍കിയുള്ള മടക്കം. ഈ ലോകത്ത് നിന്ന് മണ്‍മറഞ്ഞു പോകും മുമ്പ് ഓരോ മനുഷ്യനോടും സഹജീവികള്‍ കാട്ടേണ്ട ആത്യന്തികമായ മര്യാദയാണത്. തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുന്ന ദേഹങ്ങള്‍ കണ്ട് അറിയാതെയെങ്കിലും നാം വിലപിക്കുന്നുണ്ടെങ്കില്‍ അതിനു കാരണവും ഇതു തന്നെയാണ്. മൃതദേഹത്തിനോടു പോലും അനാദരവ് കാട്ടുന്നെങ്കില്‍ അവരെ മനുഷ്യരെന്ന് എന്ത് അര്‍ത്ഥത്തില്‍ വിളിക്കാനാണ്? ഇവിടെയിതാ അവസാനമായി അന്തിയുറങ്ങാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ഒരമ്മയ്ക്ക് ഇടം വിട്ടു നല്‍കി മാതൃകയാകുകയാണ് ഒരു മനുഷ്യന്‍.

ദൈവം ഭൂമിയിലേക്കയക്കുന്ന ആയിരം കാവല്‍ മാലാഖമാരിലൊരാളായ ആ മനുഷ്യന്റെ പേര് ഷിബുരാജ്. തിരുവനന്തപുരം വിതുര ഗ്രാമപഞ്ചായത്തംഗം. അനാഥമായി പോയ സാറാമ്മയെന്ന  സ്ത്രീയുടെ ദേഹം മറവു ചെയ്യാന്‍ സ്ഥലം വിട്ടു നല്‍കുകയായിരുന്നു ഈ നന്മമനുഷ്യന്‍. ഉറ്റവരും ഉടയവരും കൈയ്യൊഴിഞ്ഞതോടെ സഹായഹസ്തം നീട്ടിയെത്തിയ ഷിബുരാജിന്റെ മനസ് ദൈവികമെന്നാണ് നാട് വാഴ്ത്തുന്നത്. ആ നന്മക്കഥയിലെ നായകന്‍ വനിത ഓണ്‍ലൈനോട് മനസു തുറക്കുകയാണ്...

മണ്ണില്‍ അലിയാത്ത വേദന

മരിച്ചു മണ്ണടിഞ്ഞു പോകും മുമ്പ് അവര്‍ക്കു വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്യണ്ടേ... ഒരു കുഴിമാടത്തിനുള്ള സ്ഥലം പോലുമില്ലാതെ അനാഥയായി അവരെ പറഞ്ഞയച്ചാല്‍ നമ്മളെയൊക്കെ മനുഷ്യര്‍ എന്ന് വിളിക്കുന്നതെങ്ങനെയാണ്.- ഷിബുരാജ് പറഞ്ഞു തുടങ്ങുകയാണ്. 

വിതുര തേവിയോട് ഇടത്തറ വയലരികത്തു വീട്ടിലെ സാറാമ്മ എന്റെ അയല്‍ വാസിയാണ്. ദീര്‍ഘകാലമായി അവര്‍ പ്രമേഹം ഉള്‍പ്പെടെയുള്ള രോഗത്താല്‍ വലയുന്നുണ്ട് എന്ന് എനിക്കറിയാം. എല്ലാ വേദനകളും ദൈവത്തില്‍ അര്‍പ്പിച്ച് സാറാമ്മ ഒരു ദിനം ഈ ലോകത്തു നിന്നും യാത്രയായി. നിര്‍ദ്ധന കുടുംബാംഗമാണ് ആ അമ്മ. മൂന്ന് സെന്റ് സ്ഥലത്തില്‍ കൂര കെട്ടി താമസം. മരിച്ച് ശരീരം എവിടെ അടക്കം ചെയ്യും എന്ന കാര്യം വന്നപ്പോഴാണ് വലിയ പരീക്ഷണം നേരിടേണ്ടി വന്നത്. മൂന്ന് സെന്റ് സ്ഥലത്തിലാണ് ആ വീടിരിക്കുന്നത്. കഷ്ടിച്ച് ബാക്കിയുള്ള സ്ഥലം അളന്നെടുത്ത് മൃതദേഹം മറവു ചെയ്യാമെന്നു വച്ചാല്‍ ആ പ്രദേശം വെള്ളക്കെട്ടാണ്. മരിച്ച നിമിഷം തൊട്ട്എല്ലാത്തിനും സാക്ഷിയായി ഞാനും അവിടെയുണ്ടായിരുന്നു,  ബന്ധുക്കളുടെ നിസഹായതയ്ക്ക് സാക്ഷിയായി....

ആദരവോടെ മടക്കം 

ഭര്‍ത്താവിന് അവകാശമുള്ള ഒന്നര സെന്റ് സ്ഥലമാണ് പിന്നെയുള്ള പ്രതീക്ഷ. കാര്യത്തോട് അടുത്തപ്പോള്‍ ആ പ്രദേശവും വിട്ടു നല്‍കാന്‍ പറ്റാത്ത നിലയിലായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍. ആ വസ്തുവിന്റെ രേഖകളില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടായിരുന്നു. മറ്റൊരു ബന്ധുസ്ഥലം വിട്ടു നല്‍കാമെന്ന് അറിയിച്ചിരുന്നു. പക്ഷേ സമയത്ത് മലക്കം മറിഞ്ഞു. ലോക് ഡൗണ്‍ ആയതു കൊണ്ട് തന്നെ പള്ളി സെമിത്തേരിയില്‍ അടക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നെയുള്ള ആശ്രയം മൂത്ത മകന് സ്വന്തമായുള്ള പ്രദേശമാണ്. കുന്നിന്‍ പ്രദേശമായതും, ജോലിക്കാരെ കിട്ടാത്തതും ആ പ്രതീക്ഷയും അസ്തമിപ്പിച്ചു. ഒന്നും നടക്കില്ലെന്നായപ്പോഴാണ് ഞാനായിട്ട് മുന്നിട്ടിറങ്ങിയത്.

എന്റെ മുത്തശ്ശനെ അടക്കിയ സ്ഥലത്തോട് ചേര്‍ന്ന് കുറച്ച് സ്ഥലം വിട്ടു നല്‍കാമെന്ന് ഞാന്‍ അറിയിച്ചു. അങ്ങനെയാണ് സാറാമ്മ ചേച്ചിക്ക് അന്ത്യവിശ്രമത്തിനുള്ള സ്ഥലം ഞാന്‍ വിട്ടു നല്‍കുന്നത്. ഒന്നും മുന്നില്‍ കണ്ടിട്ടല്ലായിരുന്നു ആ നന്മ. നാളെ എനിക്കോ എന്റെ വേണ്ടപ്പെട്ടവര്‍ക്കോ അങ്ങനെയൊരു ഗതിവരില്ലെന്ന് ആരു കണ്ടു. ഇതിന്റെ പേരില്‍ എന്നെ കുറ്റപ്പെടുത്താനൊക്കെ ചിലര്‍ രംഗത്തു വന്നു. വല്ലാത്ത ചെയ്ത്തായി പോയി എന്നു വരെ പറഞ്ഞു. പക്ഷേ അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. നമ്മളും മനുഷ്യരല്ലേ...- ഷിബുരാജ് ചോദിക്കുന്നു.

Tags:
  • Spotlight