Tuesday 10 December 2019 04:02 PM IST

കടലില്ലാത്ത കോട്ടയത്തു നിന്നും കടലിന്റെ റാണിയായി! സ്റ്റെഫി മുങ്ങിയെടുത്തത് സൗന്ദര്യത്തിന്റെ കിരീടം; പരിചയപ്പെടാം ഒരു അപൂർവ സുന്ദരിയെ

Binsha Muhammed

steffy

പഠിപ്പിസ്റ്റായി നടന്ന കുട്ടി, സ്റ്റെഫിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ കോളേജിലെ ടോം ബോയിഷ് ഗേൾ ലോകം ഉറ്റുനോക്കിയ സൗന്ദര്യ മത്സര വേദിയിലെത്തിയതിനെ എന്ത് പേരിട്ട് വിളിക്കണം? വിധിയോ, നിമിത്തമോ, ഭാഗ്യമോ? ഫ്ലാഷ് ബാക്കിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സ്റ്റെഫി എലിസബത്ത് ഷാജിയെന്ന കോട്ടയംകാരിക്ക് ഇപ്പോഴും ആ കൺഫ്യൂഷൻ വിട്ടുമാറിയിട്ടില്ല. എല്ലാം ഒരു സ്വപ്നം പോലെ. ഇന്ത്യയിലെ എണ്ണം പറഞ്ഞ സുന്ദരിമാർ മാറ്റുരയ്ക്കാൻ കൊതിക്കുന്ന മിസ് സ്കൂബാ ഇന്റർനാഷണൽ വേദിയിലെ ടോപ് സിക്സ് സ്ഥാനക്കാരിൽ ഒരാൾ. 2016ൽ മിസ് സ്കൂബാ ഇന്റർനാഷണലിൽ ഇന്ത്യ കിരീടമണിഞ്ഞ ശേഷം ഇതാദ്യമായി നാടിന്റെ ഭാഗധേയം അറിയിച്ചവൾ. ചന്തവും അന്തം വിടുന്ന സാഹസികതയും സമന്വയിക്കുന്ന മലേഷ്യയിലെ ലോക സൗന്ദര്യ വേദിയിൽ നിന്നും അസൂയപ്പെടുത്തുന്ന നേട്ടവുമായി പറന്നെത്തിയ ‘ജലകന്യക.’ പഠിപ്പിസ്റ്റിനെ പേരുകേട്ട മോഡലാക്കിയ കഥ സിനിമാക്കഥ പോലെ ‘വനിത ഓൺലൈൻ’ വായനക്കാർക്കായി പറഞ്ഞു തുടങ്ങുകയാണ് സ്റ്റെഫി. കടലോളങ്ങളെ തോൽപ്പിച്ച് അഴകിന്റെ കിരീടം ചൂടിയ കഥ കൂടിയാണത്.

വൈൽഡ് കാർഡിലൂടെ ഒരൊന്നൊന്നര എൻട്രി

നിനച്ചിരിക്കാത്ത നേരത്ത് ഒരു മൊമന്റ് വരുന്നുണ്ടാകും. കാലേക്കൂട്ടി കരുതിയുറപ്പിക്കാതെ തന്നെ നമ്മുടെ ലൈഫും പാഷനും ലക്ഷ്യവും ഒക്കെ ആ മൊമന്റ് മാറ്റും. പൂനെയിൽ സൈക്കോളജി പിജിക്കാരിയായി അങ്ങനേയങ്ങ് ഒതുങ്ങിക്കൂടി പോകുമ്പോഴാണ് തലവര മാറ്റിയ ആ നിമിഷമെത്തുന്നത്. പഠിക്കുന്ന അതേ കോളജിലെ പിള്ളേർക്ക് പ്രോജക്ടിന്റെ ഭാഗമായി ഒരു മോഡലിനെ വേണം. മോഡലിങ്ങിന്റെ എബിസിഡി അറിയാത്ത ഞാൻ ആദ്യമായി മോഡലായി മാറുന്നത് അങ്ങനെയാണ്. പഠിച്ച ശേഷം ജോലി തേടി ഞാനെന്റെ വഴിക്കു പോയി എന്നതാണ് സത്യം. പക്ഷേ നേരമ്പോക്കിനാണെങ്കിൽ പോലും തുടങ്ങിവച്ച മോഡലിംഗിന് എന്നെ വിടാൻ ഉദ്ദേശ്യമില്ലായിരുന്നു. പൂനെ ഫെസ്റ്റിവലിലെ മിസ് പെജന്റിന്റെ രൂപത്തിലെത്തി. റാമ്പ് വോക്കും, ക്യാമറയും, ലൈം ലൈറ്റും പെണ്ണഴകും എന്നെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു. സൈക്കോളജിക്കാരിയുടെ മേൽവിലാസവും തലവരയും ശരിക്കും മാറുന്നത് അവിടെ നിന്നാണ്. അന്ന് ടോപ് ട്വന്റിയും കടന്ന് ടോപ് ടെൻ വരെ എത്തി. മത്സരത്തിൽ മിസ് ഫൊട്ടോജനിക് എന്ന പട്ടവും തേടിയെത്തി. ട്വിസ്റ്റ് എന്തെന്നാൽ മിസ് സ്കൂബാ ഇന്ത്യയുടെ പ്രതിനിധികൾആ മത്സരം കാണാനെത്തി. ടോപ് ടെന്നിൽ ഒതുങ്ങിയെങ്കിലും എന്നേയും മറ്റൊരു കുട്ടിയേയും വൈല്‍ഡ് കാർഡ് എൻട്രിയിലൂടെ മിസ് സ്കൂബാ ഇന്ത്യ കോമ്പറ്റീഷന്റെ തിരുമുറ്റത്തേക്ക് എത്തിച്ചു. ചിന്തിച്ചതിലും പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് കരിയറും ജീവിതവും മാറുകയാണ്. കൂടെ ഞാനും...

steffy-2

ചന്തവും ചങ്കിടിപ്പേറ്റുന്ന സാഹസികതയും

സാഹസികതയും സൗന്ദര്യവും ഒരു പോലെ മാറ്റുരയ്ക്കപ്പെടുന്ന വേദിയാണ് മിസ് സ്കൂബാ കോമ്പറ്റീഷൻ. കടലാഴങ്ങളിലൂടെയുള്ള സ്കൂബാ ഡൈവിങ്ങാണ് പ്രധാന മത്സര ഘട്ടം. അതും വിവിധ റൗണ്ടുകളിലായി. ഒപ്പം നൃത്തം, റാമ്പ് വോക്ക് ഒരു പോലെയുണ്ട്. അഴകിലൂടെ സമുദ്ര സംരക്ഷണം അതാണ് ഈ വേറിട്ട സൗന്ദര്യ മത്സരം പകർന്നു നൽകുന്ന സന്ദേശം. മലിനമായിക്കൊണ്ടിരിക്കുന്ന സമുദ്രത്തേയും സമുദ്രതീരത്തേയും സംരക്ഷിക്കുക എന്നതാണ് ഇതിൽ ഭാഗഭാക്കാകുന്ന ഓരോ മത്സരാർത്ഥിയുടേയും ലക്ഷ്യം.

steffy-1

മിസ് സ്കൂബാ ഇന്ത്യാ കോമ്പറ്റീഷന്റെ പരിശീലന തട്ടകമായി എനിക്കു ലഭിച്ചത് ആൻഡമാനിലെ ഹാവ്‍ലോക്ക് ഐലൻഡാണ്. ദിവസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ അവിടുന്ന് സർട്ടിഫൈഡ് ലൈസൻസ് സ്വന്തമാക്കി. ശേഷം ശരിക്കുമുള്ള വേദിയിലേക്ക്. ഒരു ദിവസം മൂന്ന് ഡൈവ് വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. പിന്നെ മേൽപ്പറഞ്ഞ മത്സര കടമ്പകൾ. റാമ്പ് വോക്കും നൃത്തവുമെല്ലാം ആത്മവിശ്വാസത്തോടെ ചെയ്യാനായി. ഫലം വന്നപ്പോൾ കാത്തിരുന്ന സ്വപ്നം കൈക്കുമ്പിളിലെത്തി. മിസ് സ്കൂബാ ഇന്ത്യ കോമ്പറ്റീഷൻ വിന്നർ സ്റ്റെഫി എലിസബത്ത് ഷാജി!

steffy-4

ലോകം ഉറ്റുനോക്കുന്ന മിസ് സ്കൂബാ ഇന്റർനാഷണൽ 2019വേദിയിലേക്കെത്തുമ്പോൾ പ്രതീക്ഷയ്ക്കൊപ്പം ടെൻഷനും കൂടിയുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജലപ്രവാഹമുള്ള മലേഷ്യയിലെ സിപാഡാൻ (Sipadan) തീരത്തായിരുന്നു മത്സരം. പ്രതീക്ഷകളേക്കാളേറെ പേടി തോന്നിയിരുന്നു എന്നതാണ് സത്യം. അതിനൊപ്പം തന്നെ ലോകോത്തര മത്സരാർത്ഥികൾ. 10 റൗണ്ടുകളിലായിട്ടായിരുന്നു സ്കൂബാ ഡൈവിംഗ്. എല്ലാത്തിലും മോശമല്ലാത്ത പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചു. ഫലം വന്നപ്പോൾ ആശിച്ചതു കിട്ടിയില്ലെങ്കിലും പ്രകടനത്തിനുള്ള അർഹിച്ച അംഗീകാരം കിട്ടി. യുഎസിനും യുകെയ്ക്കും പിന്നിൽ ടോപ് സിക്സിലൊരാളാകാൻ സാധിച്ചു. 2016ൽ‌ ഇതേ ടൈറ്റിൽ വിജയിച്ച ശേഷം ഇതു വരേയും ഈ കോമ്പറ്റീഷനിൽ ഇന്ത്യ ഇത്രയും മികച്ച നേട്ടം കൈവരിച്ചിട്ടില്ല. നേട്ടങ്ങളുടെ പുതിയ കഥയിൽ ഇന്ത്യയുടെ ഭാഗധേയമാകാൻ കഴിഞ്ഞു എന്നോർക്കുമ്പോൾ ഒത്തിരി അഭിമാനം. സന്തോഷം.

steffy-3

സൗന്ദര്യ വേദികളിലെ നേട്ടങ്ങൾക്കു ശേഷം കേൾക്കുന്ന പതിവ് ചോദ്യമാണ് സിനിമാ സ്വപ്നം. ആഗ്രഹം മനസിലുണ്ടെങ്കിലും അതിനുമപ്പുറം സമുദ്ര സംരക്ഷണത്തിൽ സജീവമാകണം, അതിന്റെ സന്ദേശം ലോകത്തിന് പങ്കുവയ്ക്കണം എന്നാണ് ആഗ്രഹം. ഈയിടെ ഞാനും എന്റെ സുഹൃത്തും ചേർന്ന് ആലപ്പുഴ കടൽത്തീരം വൃത്തിയാക്കാനായി മുന്നിട്ടിറങ്ങിയിരുന്നു. പിന്നെ അടുത്ത ചോദ്യം വിവാഹം, തത്കാലം അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്റെ സഹായിക്കുന്ന സപ്പോർട്ട് ചെയ്യിക്കുന്ന ഒരാൾ വരട്ടെ, ബാക്കി കഥ പിന്നീട്– സ്റ്റെഫി പറഞ്ഞു നിർത്തി.

Tags:
  • Latest Fashion
  • Inspirational Story