Saturday 04 April 2020 03:46 PM IST

ആദ്യം ഇച്ചിരി ബുദ്ധിമുട്ടുണ്ടാകും, പിന്നെ ശീലമാകും! മൊറോക്ക കാണാൻ ഇറങ്ങി ലോക്കിലായ സുജിത്ത് ഭക്തൻ പങ്കുവയ്ക്കുന്നു, ഐസൊലേഷൻ കഥകൾ

Binsha Muhammed

SJ3

'ആദ്യമൊക്കെ ഇച്ചിരി ബുദ്ധിമുട്ടുണ്ടാകും... പിന്നെ ശീലമായിക്കോളും.' ട്രോളും പിന്നെ പൊടിക്ക് അസൂയയും മിക്‌സ് ചെയ്ത ആ സന്ദേശം ലഭിക്കുമ്പോള്‍ ഇക്കഥയിലെ നായകനായ സഞ്ചാരി അങ്ങ് മൊറോക്കോയിലായിരുന്നു. ലോക്ക് ഡൗണ്‍ പൂട്ടിട്ട മൊറോക്കോയിലെ മുഹമ്മദീയയിലെ ഏതോ ഒരു അപ്പാര്‍ട്ട്‌മെന്റിലെ ഏതോ ഒരു റൂമില്‍. കാടും മേടും കാതങ്ങളും കലണ്ടര്‍ നോക്കാതെ കയറിയിറങ്ങിയ ആ സഞ്ചാരി സോഷ്യല്‍ മീഡിയക്ക് സുപരിചിതന്‍, പേര് സുജിത് ഭക്തന്‍. ട്രാവല്‍ ഫ്രീക്കുകളെ പോലും കൂട്ടിലാക്കിയ കൊറോണ കാലത്തെ ട്രോളിലെ വരികളാണ് മേല്‍ കുറിച്ചത്. പ്രിയപ്പെട്ടവരുടെ അസൂയ കലര്‍ത്തിയ വാക്കുകള്‍.

ലോകം ചുറ്റിനടന്നു കാഴ്ചകള്‍ പകര്‍ത്തിയ ട്രാവല്‍ ഫ്രീക്കുകള്‍ ലോക്ക് ഡൗണ്‍ കാലത്ത് എവിടെയെന്ന 'വനിത ഓണ്‍ലൈന്‍' അന്വേഷണം ഇക്കുറിയെത്തി നില്‍ക്കുന്നത് മൊറോക്കോയിലാണ്. ട്രാവലറും ബ്ലോഗറുമായ സുജിത് ഭക്തനാണ് സംഭവബഹുലമായ അക്കഥ പറയുന്നത്. പെട്ടുപോകുമെന്ന അവസ്ഥയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സുരക്ഷിതനായ അനുഭവം ഒരു ദീര്‍ഘനിശ്വാസമെടുത്ത് സുജിത് പറഞ്ഞു തുടങ്ങുകയാണ്.

മൊറോക്കോയിലെ ലോക്ഡൗണ്‍ അപാരത

ഓട്ടോ മൊബൈല്‍ മാധ്യമപ്രവര്‍ത്തകനായ ബൈജു എന്‍ നായര്‍ക്കൊപ്പം മാര്‍ച്ച് 10നാണ് മൊറോക്കോയിലെത്തുന്നത്. ഇവിടെയെത്തുമ്പോള്‍ കൊറോണ വ്യാപനം ഒരു പാനിക് സിറ്റുവേഷനായി മാറിയിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ ഇവിടെയെത്തുമ്പോള്‍ രണ്ട് കേസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലോക് ഡൗണിലേക്ക് പോകും എന്ന ധാരണയില്ലാത്തതു കൊണ്ടു തന്നെ യാത്ര പ്ലാന്‍ ചെയ്തതു പോലെ തന്നെ തുടര്‍ന്നു. 18-ാം തീയതി മൊറോക്കോയില്‍ 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കഥമാറി. രാജ്യം ഒരു മാസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അന്നു തെട്ട് ഈ നിമിഷം വരെ ഞാന്‍ ലോക് ഡൗണിലാണ്. വന്ന ദിവസം മുതല്‍ ആദ്യത്തെ ഒരാഴ്ച കുറേ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു, വിഡിയോകള്‍ ചെയ്തു. ആ വിഡിയോ ഒക്കെ നാട്ടിലെത്തിയ ശേഷം പബ്ലിഷ് ചെയ്യാനാണ് പ്ലാന്‍. - സുജിത് പറഞ്ഞു തുടങ്ങുകയാണ്.

മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലെ മുഹമ്മദീയ എന്ന സ്ഥലത്താണ് ഇപ്പോള്‍ താമസിക്കുന്നത്. റബാത്തിലെ ചെറുപട്ടണമായ മുഹമ്മദീയയില്‍ 12 മലയാളികളാണുള്ളത്. ആ പന്ത്രണ്ട് പേരില്‍ സുനീര്‍ എന്ന വ്യക്തിയാണ് ഈ നാട്ടിലെ ഞങ്ങളുടെ രക്ഷകനായി അവതരിച്ചിരിക്കുന്നത്. സുനീര്‍ മൊറോക്കന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റാണ്. സുനീറിന്റെ അപ്പാര്‍ട്ട്‌മെന്റാണ് ഞങ്ങള്‍ക്ക് വിട്ടു തന്നിരിക്കുന്നത്. ഞങ്ങള്‍ ഇവിടെ പെട്ടുപോയി എന്നറിഞ്ഞ് അസോസിയേഷന്‍ തന്നെ ഞങ്ങളെ ബന്ധപ്പെടുകയായിരുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് യാത്ര മതിയാക്കി എത്രയും വേഗം അവര്‍ക്കരികിലേക്ക് എത്താന്‍ സുനീര്‍ അറിയിച്ചു. അതനുസരിച്ച് മൊറോക്കോയിലെ ഊരു ചുറ്റലിന് അവധി നല്‍കി നേരെ സുനീറിന്റെ അരികിലേക്ക്.

SJ2

ഐസോലേഷന്‍ @ റബാത്ത്

ഇപ്പോള്‍ എസോലേഷന്‍ 12 ദിനം പൂര്‍ത്തിയാകുന്നു. എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് മുഹമ്മദീയയിലെ ഐസോലേഷന്‍ നാളുകള്‍ ആസ്വദിക്കുന്നു എന്നു പറയുകയേ നിവൃത്തിയുള്ളൂ. പുറത്തിറങ്ങുന്നതിനോ സാധനങ്ങള്‍ വാങ്ങുന്നതിനോ നാട്ടിലെ പോലെ കര്‍ക്കശമായ നിയന്ത്രണങ്ങളില്ല. ഞങ്ങള്‍ക്കുള്ള ഭക്ഷണങ്ങള്‍ സുനീര്‍ അദ്ദേഹത്തിന്റെ ഹോട്ടലില്‍ നിന്ന് എത്തിച്ച് നല്‍കുന്നുണ്ട്. മറ്റ് മലയാളികളും സഹായവുമായി നമുക്കൊപ്പമുണ്ട്. പിന്നെ അത്യാവശ്യം പാചക പരീക്ഷണങ്ങളും കൈവശം ഉള്ളതു കൊണ്ട് അല്ലലില്ലാതെ പോകുന്നു. ഒരു പക്ഷേ സുനീറിനേയും സംഘത്തേയും കണ്ടില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേനെ. ഇപ്പോള്‍ പകലില്‍ പാചക പരീക്ഷണങ്ങളും രാത്രി സുനീറും സുഹൃത്തുക്കളും തയ്യാറാക്കി എത്തിക്കുന്ന ഭക്ഷണങ്ങളും ഒക്കെയായി മൊറോക്കന്‍ നാളുകള്‍ ആസ്വദിച്ച് മുന്നോട്ടു പോകുന്നു. പിന്നെ ഇതുംഎക്‌സ്പീരിയന്‍സ് അല്ലേ... ജീവിതം സമ്മാനിക്കുന്ന അപൂര്‍വ എക്‌സ്പീരിയന്‍സ്. ഉള്ളതു കൊണ്ട് ഓണം പോലെ എന്ന പാഠം കൊറോണക്കാലം ഒന്നൂടി ഊട്ടി ഉറപ്പിച്ചു എന്നും പറയാം.

താളംതെറ്റിയ പ്ലാനുകള്‍

മൊറോക്കോയിലെ ഞങ്ങളുടെ പാചക പരീക്ഷണങ്ങളുടെ വിഡിയോ യൂ ട്യൂബില്‍ ഇടുന്നുണ്ട്. മൊറോക്കന്‍ യാത്രാ വിശേഷങ്ങള്‍ പറഞ്ഞ പോലെ പിന്നാലെ. എല്ലാരും ട്രാവല്‍ വിഡിയോ കാണാന്‍ പറ്റിയ മൂഡില്‍ ആണ് എന്ന് തോന്നുന്നില്ല. പിന്നെ ട്രാവല്‍ ബ്ലോഗിങ് ചെയ്യാതെ വിഡിയോ കണ്ടന്റുകള്‍ തയ്യാറാക്കാന്‍ കഴിയില്ല എന്നതാണ് ഈ കാലത്തെ വെല്ലുവിളി. മടങ്ങിയെത്തിയ ശേഷം താളംതെറ്റിയ യാത്ര പ്ലാനുകള്‍ പൊടിതട്ടിയെടുക്കണം. സിംഗപ്പോരിലേക്ക് ബൈ റോഡ് ഒരു യാത്ര അതാണ് ഫസ്റ്റ് പ്രയോറിറ്റി. ഏഴു രാജ്യങ്ങള്‍ കവര്‍ ചെയ്ത് കൊണ്ട് മൊറോക്കോയില്‍ നിന്നായിരിക്കും ആ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. പിന്നെയൊരു പഞ്ചാബ്-രാജസ്ഥാന്‍ ട്രിപ്പും പ്ലാനിലുണ്ട്. ഹിമാലയത്തില്‍ എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള ട്രക്കിങ്ങും പിന്നാലെയെത്തും. കൊറോണയൊക്കെ കഴിഞ്ഞ് എല്ലാം നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

SJ1

'ഭാര്യക്ക് വീട്ടില്‍'പരമസുഖം

വീട്ടില്‍ ഇല്ലാത്തതു കൊണ്ട് എന്തായാലും ഭാര്യയുടെ കൈപ്പുണ്യമോ സ്‌നേഹമോ തരമില്ല. പുള്ളിക്കാരി വീട്ടില്‍ സുരക്ഷിതയായി ഇരിക്കുന്നു. ആരും അടുത്തില്ലാത്ത ഞാനും ബൈജു എന്‍ നായരും മേല്‍പ്പറഞ്ഞതു പോലെ സ്വന്തം പാചക പരീക്ഷണങ്ങളുമായി അങ്ങനേ പോകുന്നു. ഭാര്യ ശ്വേത ഭക്തന്‍ എന്ന പേരില്‍ സ്വന്തമായി ഒരു പാചക സംബന്ധിയായ ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങി എന്നതാണ് സന്തോഷവാര്‍ത്ത. രണ്ട് ദിവസം കൊണ്ട് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ലോകത്തിലെ എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്‍മാരും ലോക്കായ സ്ഥിതിക്ക് വീട്ടിലിരുന്ന് തന്നെ അവരവരുടെ ക്രിയേറ്റിവിറ്റി ഉയര്‍ത്താനുള്ള അസുലഭ അവസരം കൂടിയാണ് കൈവന്നിരിക്കുന്നത്.