Monday 22 June 2020 11:55 AM IST

‘അവളുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്; ഓര്‍മകളെ കൊണ്ടുപോകാന്‍ മരണത്തിന് ആകില്ലല്ലോ?’

Binsha Muhammed

_BAP0025 ഫോട്ടോ: ബേസിൽ പൗലോ

വീട്ടിലെ കോളിങ് ബെല്‍ ചിലയ്ക്കുമ്പോള്‍ മജീദിന്റെ കാതുകളില്‍ ഇപ്പോഴും ആ വിളി മുഴങ്ങാറുണ്ട്. ‘വാപ്പിച്ചീ...’ എന്ന് ഉറക്കെ വിളിച്ച് ഓടിയെത്തുന്ന തംബുരു മോൾ. ഷബ്നയെ സ്നേഹത്തോടെ തംബുരു എന്നാണ് വീട്ടിലെല്ലാവരും വിളിച്ചിരുന്നത്. കാൻസർ മകളുടെ ജീവിതത്തിന് കട്ട് പറഞ്ഞ ദിവസം തളർന്നു പോയതാണ് നടൻ മജീദിന്റെ മനസ്സ്. കൊച്ചി എടവനക്കാട് നന്ദനം ഗാര്‍ഡന്‍സിലെ സ്‌നേഹ നിലാവ് പരന്നൊഴുകിയ വീടിനും ആകെയുള്ള  പെണ്‍മണിയു ടെ പേര് തന്നെയാണ് മജീദ് നല്‍കിയത്, ഷബ്‌നം!

രണ്ട് കണ്‍മണികളെ കയ്യിലേൽപിച്ച് മകൾ പിരിഞ്ഞുവെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ മജീദിന് ഇനിയും കഴിഞ്ഞിട്ടില്ല. വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോൾ ആകെയുണ്ടായിരുന്ന പെൺമണി വീടിന്റെ മുറ്റത്തെവിടെയോ നിൽക്കുന്നുവെന്ന് കരുതാനാണ് മജീദിനിഷ്ടം. നടൻ സിദ്ദിഖിന്റെ സഹോദരനാണ് മജീദ്. മകൾ കടന്ന വേദനയുടെ നിമിഷങ്ങൾ പറയുമ്പോൾ അറിയാതെ കണ്ണു നിറയുന്നു.

തംബുരു നാദം മുഴങ്ങാത്ത വീട്

‘‘എനിക്കിനി രക്ഷയുണ്ടാകുമെന്ന് കരുതുന്നില്ല വാപ്പിച്ചീ... ഈ മണ്ണില്‍ പടച്ചോന്‍ അനുവദിച്ചു തന്ന സമയം കഴിയാറായെന്ന് തോന്നുന്നു. ഇനി ഒന്നും നമ്മുടെ കയ്യിലല്ലെന്ന് മനസ്സു പറയുന്നു.’ എല്ലാം മുന്‍കൂട്ടി അറിഞ്ഞതു പോലെയായിരുന്നു അന്ന് അവളത് പറഞ്ഞത്. മുഖത്ത് തരിമ്പും ഭയമില്ലായിരുന്നു. ഒരിറ്റു കണ്ണീര്‍ പോലും അടര്‍ന്നു വീഴാതെ ഉറച്ച ശബ്ദത്തിലായിരുന്നു അവള്‍ സംസാരിച്ചത്.

എന്റെ ഉപ്പ മാമതു അവള്‍ക്ക് നല്‍കിയ ചെല്ലപ്പേരായിരുന്നു തംബുരു. ബ്രെസ്റ്റ് കാന്‍സറായിരുന്നു മോള്‍ക്ക്.  രോഗം തിരിച്ചറിഞ്ഞപ്പോഴും അവള്‍ക്ക് ഒട്ടും ഭയമുണ്ടായിരുന്നില്ല. ഞാനും അവളുടെ ഉമ്മ നജ്മയും തളര്‍ന്നു പോകരുതെന്ന് കരുതി ഞ ങ്ങളുടെ മുന്നില്‍ അങ്ങനെ അഭിനയിച്ചതാകും.

ഞങ്ങള്‍ കരയരുതെന്ന് ആയിരംവട്ടം ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. തളര്‍ന്നുപോകുമായിരുന്ന ഭര്‍ത്താവ് ഷിഹാബിനും അവളായിരുന്നു ധൈര്യം. എനിക്കറിയാം ഉള്ളിന്റെ ഉള്ളില്‍ എന്റെ കുട്ടി കരയുകയായിരുന്നു.’’ മജീദിന്റെ വാക്കുകള്‍ ഇടറി.

‘‘ചെറിയൊരു മുഴയുണ്ടെന്നു തോന്നിയപ്പോഴെ ആശുപത്രിയില്‍ പോയി. ടെസ്റ്റുകള്‍ക്കും പരിശോധനകള്‍ക്കും ശേഷം രോഗം ഉറപ്പിച്ചു. പ്രാരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞതു കൊണ്ട് കുഴപ്പമുണ്ടാകില്ല എന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. അവളുടെ ആത്മവിശ്വാസം കൂടി കണ്ടപ്പോള്‍ തളര്‍ന്നുപോയ ഞങ്ങള്‍ക്കും പ്രതീക്ഷയായി. ഒന്നും സംഭവിക്കില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. എത്രയോ കാന്‍സര്‍ അതിജീവന കഥകള്‍ മുന്നില്‍ വഴിവിളക്കായി നില്‍ക്കുമ്പോള്‍ ബ്രെസ്റ്റ് കാന്‍സര്‍ എന്റെ കുഞ്ഞിനെ തോല്‍പ്പിക്കില്ലെന്ന് ഉറപ്പിച്ചു. തുടര്‍ പരിശോധനകളിലാണ് അത് തിരിച്ചറിഞ്ഞത്. കാന്‍സറിന്റെ വേരുകള്‍ തലച്ചോറും കരളും കടന്ന് അവളെ കീഴടക്കാന്‍ തുടങ്ങിയത്രേ...

majeed4456t7t7t

വെറുതേയെന്നറിഞ്ഞിട്ടും

പരിശോധനാ ഫലങ്ങളൊന്നും അവളെ കാണിച്ചിരുന്നില്ല. എല്ലാം മറച്ചു വച്ചു. വെറുതേയെന്നറിഞ്ഞിട്ടും ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ടേയിരുന്നു. ഭേദമാകും എന്ന ഉറപ്പ് തന്നെയാണ് മകളോട് പറഞ്ഞത്. കാന്‍സര്‍ എന്റെ കുട്ടിക്ക് മുപ്പത്തിയൊമ്പതാം വയസ്സില്‍ മരണ വാറന്റുമായി എത്തിയിരിക്കുന്നു. അവളുടെ മുന്നില്‍ പോയി കരയരുതെന്ന് ഞാന്‍ ഓരോരുത്തരേയും ശട്ടം കെട്ടി. ഒന്നും അവളെ അറിയിക്കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. ഇതെല്ലാം പറയുമ്പോഴും വീണുപോയത് ഞാനാണ്. ഷബ്‌നയുടെ ഉമ്മ നജ്മയും സഹോദരങ്ങളായ ഷിഹാബും അജ്മലും തകര്‍ന്നിരിക്കുന്നത് കണ്ട് എനിക്കും പലവട്ടം നിയന്ത്രണം നഷ്ടപ്പെട്ടു. ഞാനവളുടെ ഉപ്പയല്ലേ... അവളെന്റെ പൊന്നുമോളല്ലേ..

മരണം ആ ജനലഴികളിലെവിടെയോ ഉണ്ട് എന്നറിഞ്ഞു കഴിഞ്ഞും അവൾ പുഞ്ചിരിച്ചിട്ടേയുള്ളൂ. ഇടയ്‌ക്കെപ്പോഴോ ടെസ്റ്റ് റിസൽറ്റ് അവളുടെ കയ്യില്‍ കിട്ടി. ഇന്റര്‍നെറ്റില്‍ പരതി  രോഗത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പഠിച്ചു. ഒരു ദിവസം എന്നോട് പറഞ്ഞു. ‘എനിക്കിനി രക്ഷയില്ല വാപ്പിച്ചീ’ എല്ലാം കേട്ട് ജീവച്ഛവം പോലെ നില്‍ക്കുകയായിരുന്നു ഞാന്‍.

അവസാനത്തെ യാത്ര

കൂടുതലായി ഒന്നും ചെയ്യാനില്ലെന്ന ഘട്ടം വന്നപ്പോള്‍ വീട്ടിലേക്ക് പൊയ്‌ക്കൊള്ളാന്‍ ഡോക്ടര്‍മാര്‍ അനുവാദം നല്‍കി. അന്നൊരു ബുധനാഴ്ചയായിരുന്നു. മാര്‍ച്ച് നാല് വെളുപ്പാന്‍ കാലം മൂന്നു മണി. വല്ലാത്ത ശാരീരിക അസ്വസ്ഥതകള്‍ അവള്‍ പ്രകടിപ്പിച്ചു. സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തിയിരുന്നു അവള്‍. ചുറ്റും കൂടി നിന്ന എല്ലാവരേയും അവള്‍ കണ്ണുകള്‍ കൊണ്ട് പരതുന്നുണ്ടായിരുന്നു. ഭൂമിയിലെ ഓരോ ബന്ധങ്ങളോടും യാത്ര പറയുന്ന പോലെയുള്ള നോട്ടം. മുഖം ചുവന്നു. എന്റെ മകൾ പോയി. പടച്ചവന്റെ കാരുണ്യത്തിലേക്ക്.

ഒരു വേദനയ്ക്കും തളര്‍ത്താനാകാത്ത അവളുടെ മുഖത്തിന് റൂഹ് (ജീവന്‍) വേര്‍പെടുമ്പോഴും വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. മരിക്കും മുൻപ് അവൾ പറഞ്ഞ വാക്കുകൾ മനസ്സിലുണ്ട്. ‘എനിക്കെല്ലാരെയും ഒരുപാട് ഇഷ്ടമുണ്ട് വാപ്പച്ചീ, ഒരുപാടിഷ്ടം.’

ആ പുഞ്ചിരിയുടെ കൈ പിടിച്ച്...

ജീവിതം ഒത്തിരി നന്മകൾ തന്നിട്ടുണ്ട്. അതിലെ ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു എന്റെ മകൾ. മൂവാറ്റുപുഴയിലേക്കാണ് വിവാഹം ചെയ്തയച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ മിസ്സിങ് ആയിരുന്നു അവളെ വിവാഹം കഴിപ്പിച്ചയച്ച ആ ദിവസം. സന്തോഷത്തിനിടയിലും ഏത് അച്ഛന്റെയും മനസ്സൊന്നു നോവുന്ന ദിവസമാണത്. പക്ഷേ, ആ ദിവസം കഴിഞ്ഞ് പിന്നീടൊരു ദിവസം പോലും എനിക്ക് സങ്കടപ്പെടേണ്ടി വന്നിട്ടില്ല. എന്നേക്കാൾ കാര്യമായാണ് ഷബ്നയുടെ ഭർത്താവ് ഷിഹാബും കുടുംബവും മോളെ നോക്കിയത്.

രണ്ട് മക്കളെയാണ് പടച്ചോന്‍ അവള്‍ക്ക് നല്‍കിയത്. ബിബിഎ എവിയേഷന് പഠിക്കുന്ന സുബ്ഹാനയും പ്ലസ്ടുവിന് പഠിക്കുന്ന സുഹാനയും. ഉമ്മച്ചിക്ക് വയ്യായ്ക വന്നപ്പോള്‍ ചികിത്സയ്ക്കും മറ്റും ഒപ്പം നിന്നത് സുബ്ഹാനയായിരുന്നു. പ്രായത്തെ വെല്ലുന്ന പക്വതയോടെ അവള്‍ ഉമ്മച്ചിക്കായി ഓടി നടന്നു. ആശുപത്രിയില്‍ കൊണ്ടു പോകാനും ടെസ്റ്റ് റിസൽറ്റ് വാങ്ങാനുമൊക്കയുള്ള കാര്യപ്രാപ്തി ഈ കുട്ടിക്ക് എവിടുന്ന് കിട്ടി എന്ന് ഞാൻ തന്നെ അദ്ഭുതപ്പെട്ടു.

മക്കളെ ഓർത്തായിരുന്നു തംബുരുവിന്റെ പ്രധാന സങ്കടം. ഏറെ ആവലാതിപ്പെട്ടിരുന്നതും അതെക്കുറിച്ചായിരുന്നു. പക്ഷേ, എല്ലാം സഹിക്കാനുള്ള കഴിവ് മക്കൾക്ക് പടച്ചവൻ നൽകി. പരമകാരുണികനായ അല്ലാഹുവിന്റെ കാരുണ്യം സങ്കടത്തിന്റെ മറുകര തേടാന്‍ കരുത്തായി. കൊച്ചുമക്കളുടെ പു‍ഞ്ചിരിയുടെ കൈ പിടിച്ച് ഞങ്ങളും മുന്നോട്ടു പോകുന്നു.

പടച്ചോന്‍ നല്‍കിയ നിധി

‘ഞങ്ങള്‍ രണ്ട് ആണുങ്ങള്‍... ഞങ്ങള്‍ക്ക് നിധിയായി ഓരോ പെണ്‍മക്കള്‍’. ഞാനും അനുജന്‍ സിദ്ദിഖും ഇതെപ്പോഴും അഭിമാനത്തോടെ പറയുമായിരുന്നു. സഹോദരി ആരിഫയ്ക്കും അല്ലാഹു അങ്ങനൊരു പുണ്യം നൽകി.

ഞാനിപ്പോള്‍ നിധി നഷ്ടപ്പെട്ടവനാണ്. മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ഷബ്ന. മൂത്തമകൻ ഷിഹാബ്, ഇളയാൾ അജ്മൽ.

നോമ്പ് കാലം വരുമ്പോള്‍ മകളുടെ ഓർമകൾ കൂടുതലായി മനസ്സിലേക്കു വരും. എനിക്ക് മാത്രമല്ല, വീട്ടിലെല്ലാവർക്കും അങ്ങനെ തന്നെ. കുക്കിങ് വലിയ ഇഷ്ടമായിരുന്നു മോൾക്ക്. അവളുണ്ടാക്കുന്ന പുഡ്ഡിങ്ങിന്റേയും ബിരിയാണിയുടേയും രുചി ഇപ്പോഴും എന്റെ നാവിലുണ്ട്. അല്ലെങ്കിലും ഓര്‍മകളെ കൊണ്ടുപോകാന്‍ മരണത്തിന് ആകില്ലല്ലോ? ഇപ്പോഴും ഓരോ ബന്ധുക്കള്‍, കഴിഞ്ഞ ഇഫ്താറിന് അവള്‍ ഉണ്ടാക്കിയ പലഹാരങ്ങളുടെ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചുതരുമ്പോള്‍ നെഞ്ചു പിടയും.

CamScanner 05-15-2020 12.27.35
Tags:
  • Spotlight