Thursday 29 March 2018 02:34 PM IST

'ബാങ്കില്‍ വച്ചിരിക്കുന്ന പേന എന്തിനാ കെട്ടിയിടുന്നത്, ആളുകളെ വിശ്വാസമില്ലാഞ്ഞിട്ടാണോ?'; സുരാജിന്റെ ചോദ്യത്തിന് ഗായത്രിയുടെ കിടിലൻ മറുപടി

Unni Balachandran

Sub Editor

gayathri-suresh1 ഫോട്ടോ: ബേസിൽ പൗലോ

ആദ്യം നേടിയത് ബാങ്കിലെ ജോലിയാണ്. അതുകൊണ്ട് സിനിമ രണ്ടാമത്തെ ജോലിയാണ് എന്നു ഞാൻ പറയില്ല. ഇഷ്ടത്തിന്റെ കാര്യത്തിൽ എന്റെ ജീവിതത്തിൽ രണ്ടിനും തുല്യ സ്ഥാനമാണ്.’ സിനിമയിലെത്തും മുൻപേ സമ്പാദിച്ച ബാങ്ക് ജോലിയെക്കുറിച്ചുള്ള അഭിമാനമുണ്ട് ഗായത്രി സുരേഷിന്റെ വാക്കുകളിൽ. ജമ്നാപ്യാരി, ഒരു മെക്സിക്കൻ അപാരത, സഖാവ്, ഒരേമുഖം എന്നീ സിനിമകളിലൂടെ  പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഈ തൃശൂർകാരിക്ക്  നേട്ടങ്ങൾക്കെല്ലാം പറയാൻ ഒരു കാരണമേയുള്ളൂ. ‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം.’.

‘തൃശൂർ വിമലാ കോളജിലാണ് ബികോം പഠിച്ചത്. അത്ര വല്യ പഠിപ്പിസ്റ്റ്  അല്ലായിരുന്നതുകൊണ്ട് പരീക്ഷയെക്കുറിച്ച് വല്യ ടെൻഷനൊന്നും ഇല്ലാതെ സന്തോഷമായി ജീവിച്ചുപോന്നു. ലാസ്റ്റ് ഇയർ എത്തിയപ്പോൾ ഭയങ്കര വിഷമം, കോളജ്   കാലം ഏതാണ്ട് തീരാൻ പോകുന്നു. ഭാവിയൊരു ‘ഭൂതം’ പോലെ ദേ, നിൽക്കുന്നു മുന്നിൽ. ബാങ്ക് ജോലി എനിക്കിഷ്ടമായിരുന്നു. അങ്ങനെയാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ  അപേക്ഷിച്ചത്. ജോലി കിട്ടിയെങ്കിലും സിനിമയോടുള്ള ഇഷ്ടം മനസ്സിൽ കുറഞ്ഞിരുന്നില്ല.

അപ്രതീക്ഷിത സമ്മാനം

ആദ്യത്തെ പോസ്റ്റിങ്  മൂവാറ്റുപുഴയിലായിരുന്നു. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലായിരുന്നു ഞാൻ . 2014 ലെ മിസ് കേരള മത്സരത്തിന് ബാങ്കിൽ നിന്ന് ലീവെടുത്താണു പോയത്. ആ വർഷം മിസ് കേരളയായി. തിരിച്ചുചെന്നപ്പോൾ മാനേജരിൽ നിന്ന് ഞാൻ പ്രതീക്ഷിച്ച ഡയലോഗ് ഇതാണ്. ‘മത്സരമൊക്കെ കഴിഞ്ഞല്ലോ, ഇനി ബാങ്കിലുണ്ടാകണം’. പക്ഷേ, ബാങ്കിൽ ചെന്നപ്പോൾ കേട്ടത് വേറൊന്ന്. ‘ ഈ നേട്ടം ഗായത്രിക്ക് സിനിമയിലേക്കുള്ള എൻട്രി ആകട്ടെ. ഞങ്ങളെല്ലാവരും പൂർണ പിന്തുണയുമായി കൂടെയുണ്ട്.’ അവരുടെയൊക്കെ പ്രാർഥന കൊണ്ടാകാം എനിക്ക് സിനിമയ്ക്കു വേണ്ടി അധികം കാത്തിരിക്കേണ്ടി വന്നില്ല.  

അഭിനയം തുടങ്ങിയപ്പോഴാണ് ജോലിയിൽ പ്രശ്നങ്ങൾ വന്നത്. ഷൂട്ടിങ്, ഡബ്ബിങ്, പ്രമോഷൻ അങ്ങനെ തിരക്കുകൾ കൂടി വന്നപ്പോൾ എനിക്ക് ശരിക്കും ടെൻഷനായി. അച്ഛന്‍ സുരേഷ് കുമാറും അമ്മ രേഖയും  കൂടെ ഒരു ദിവസം വളരെ സീരിയസ്സായി  ചോദിച്ചു,  രണ്ട് ജോലിയും കൂടി എങ്ങനെയാ? ഒരു തീരുമാനം എടുത്തുകൂടേയെന്ന്. പക്ഷേ, ഒരാഗ്രഹത്തിന് വേണ്ടി മറ്റൊരിഷ്ടം  ഉപേക്ഷിക്കാൻ മനസ്സ് അനുവദിച്ചില്ല. അനിയത്തി കല്യാണിയും എന്റെ കൂടെ നിന്നു.

അവധി വേണ്ട സാഹചര്യങ്ങളിൽ അത് അനുവദിക്കാൻ ബാങ്ക് തയാറായതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രോത്സാഹനം. എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. രണ്ട് ജോലി ചെയ്യുന്നു എന്ന് ചിന്തിച്ചാൽ  നന്നായി കഷ്ടപ്പെടുന്നുവെന്നൊക്കെ വിചാരിച്ച് അഹങ്കരിക്കാം. ഒരിക്കൽ പോലും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല, കാരണം രണ്ട് ജോലികളും  എന്റെ ഇഷ്ടംകൊണ്ടാണ് ചെയ്യുന്നത്. ആ ഒരു കോൺഫിഡൻസാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.ആദ്യ വർഷം മാത്രമായിരുന്നു മൂവാറ്റുപുഴയിൽ. പിന്നീട്, തൃശ്ശൂർ മെയിൻ ബ്രാഞ്ചിലേക്കു മാറി.

ഒരിക്കൽ സുരാജേട്ടൻ ചോദിച്ചു. ഈ ബാങ്കില്‍ വച്ചിരിക്കുന്ന പേന എന്തിനാ കെട്ടിയിടുന്നത്, ആളുകളെ വിശ്വാസമില്ലാഞ്ഞിട്ടാണോന്ന്? എന്ത് ഉത്തരം പറയുമെന്ന് ആലോചിച്ച് നിന്നപ്പോൾ സുരാജേട്ടന്റെ അടുത്ത ഡയലോഗ്.‘ ഇവൾക്ക് ബാങ്കിങ് ഒന്നും അറിയില്ല. അതാണൊരു  സിംപിൾ കാര്യം ചോദിച്ചിട്ടും അറിയാത്തതെന്ന്. അന്നു പറയാൻ പറ്റാതിരുന്നൊരു ഉത്തരം ദേ, ഇപ്പോൾ പറയുകയാണ്. ഒരാളുടേയും ഒരു പൈസ പോലു നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് ബാങ്കറുടെ ഉത്തരവാദിത്തം. അവിടെ ഒരു പേനയ്ക്കും അതിന്റേതായ വിലയുണ്ട്.

gayathri-suresh2