Wednesday 13 February 2019 07:18 PM IST

‘ഞാൻ മരിച്ചോ എന്ന് അന്വേഷിച്ചെത്തിയവർ വരെയുണ്ട്’; എല്ലാം കുപ്രചരണങ്ങൾ; ലേഡി ബസ് ഡ്രൈവർ സേഫാണ്

Binsha Muhammed

afna

‘ലൈക്കിനു വേണ്ടിയും ഫേയ്മസിനു വേണ്ടിയുമുള്ള കോപ്രായം എന്നായിരുന്നു ചിലരുടെ കമന്റ്. അടങ്ങിയൊതുങ്ങി വീട്ടിലിരുന്നൂടെ എന്ന് ഉപദേശിച്ച ‘ആങ്ങളമാരും’ ഉണ്ട് കൂട്ടത്തിൽ. എല്ലാം പോട്ടെ അപകടത്തില്‍ ഞാൻ മരിച്ചു പോയോ എന്ന് വരെ ആൾക്കാർ അന്വേഷിച്ചെത്തി. എന്റെ പേരറിയില്ല, നാടറിയില്ല. എന്റെ പശ്ചാത്തലം പോലും അറിയില്ല. എന്നിട്ടും മേലും കീഴും നോക്കാതെ ആ വ്യാജവാർത്ത പടച്ചു വിടാൻ ചിലർക്കൊന്നും ഒരു ഉളുപ്പുമില്ലായിരുന്നു....

എന്റെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ചേട്ടൻമാരേ...ഞാനൊരു ബസ് ഓടിച്ചു എന്നത് നേര് തന്നെ. അതിനു പിന്നാലെ ഒരു അപകട വിഡിയോ കൂടി തുന്നിക്കെട്ടി വിട്ടിരുന്നില്ലേ, അതിലുള്ളത് ഞാനല്ല. എനിക്കൊന്നും സംഭവിച്ചിട്ടുമില്ല. പടച്ചവന്റെ അനുഗ്രഹത്താൽ ജീവനോടെ ഈ പരിസരത്തൊക്കെ തന്നെയുണ്ട്.’– ദേഷ്യവും വിഷമവും എല്ലാം കലരുന്നതായിരുന്നു അഫ്നയുടെ ആമുഖം.

തട്ടമിട്ടൊരു മൊഞ്ചത്തിക്കുട്ടി ബസ് ഓടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പാറിപ്പറക്കാൻ തുടങ്ങിയത് ദിവസങ്ങൾക്കു മുമ്പ്. ടിക് ടോക്കിലും വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും എന്ന് വേണ്ട ന്യൂജെൻ പിള്ളേരുടെ കണ്ണെടുത്തുന്നിടത്തെല്ലാം ആ മൊഞ്ചത്തിയും അവളുടെ മാസ് ഡ്രൈവിംഗും പറന്നെത്തി. കഥയവിടെ തീർന്നില്ല, ആ വിഡിയോക്കൊപ്പം ഏതോ ഒരു ബസ് അപകട വിഡിയോ കൂടി എഡിറ്റ് ചെയ്ത് തിരുകിക്കയറ്റി ചില സൈബർ ചേട്ടൻമാർ തങ്ങളുടെ പതിവ് കലാപരിപാടി പുറത്തെടുത്തു. ‘അഹങ്കരിച്ച് ബസ് ഓടിക്കാൻ പോയിട്ട് ദേ കിടക്കുന്ന കണ്ടോ?’ എന്ന തരത്തിലായിരുന്നു പിന്നാലയെത്തിയ കമന്റുകൾ. ‘സോഷ്യൽ മീഡിയ തലയിലേറ്റിയ ലേഡി ഡ്രൈവർക്ക് യഥാർത്ഥത്തിൽ സംഭവിച്ചത്’ എന്ന തലവാചകത്തോടെ കൺകണ്ട മീഡിയ പ്ലാറ്റ്ഫോമുകളിലും വി‍ഡിയോകൾ പറന്നെത്തി.

afnaz56

പ്രചരിക്കുന്ന വാർത്തകളുടേയും പാറിപ്പറക്കുന്ന വിഡിയോയുടേയും സത്യമന്വേഷിച്ച് ‘വനിത ഓൺലൈൻ’ ആ വൈറൽ ഡ്രൈവറെ തേടിയെത്തിയപ്പോൾ അറിഞ്ഞത് കേട്ടതിൽ നിന്നെല്ലാം വിപരീതമായ കഥ. കോഴിക്കോട് ഭവൻസ് പൾസർ ലോ കോളേജില്‍ നിയമ വിദ്യാർത്ഥിയാണ് അഫ്ന മുബഷിർ എന്ന ആ മൊഞ്ചത്തി. പ്രചരിക്കുന്ന വാർത്തകളുടെ ഉറവിടമോ, വാർത്ത പടച്ചു വിട്ടവരുടെ ഉദ്ദേശ്യമോ ഒന്നുമറിയാതെ കൺഫ്യൂഷനിലാണ് കക്ഷി. ബാക്കി കഥ, അഫ്ന തന്നെ പറയട്ടെ...

‘പടച്ചവന്‍ അൽപ സ്വൽപം മനക്കട്ടി തന്നിട്ടുണ്ടെനിക്ക്. അതുകൊണ്ട് മാത്രം ഇങ്ങനെയൊക്കെ പിടിച്ചു നിൽക്കുന്നു.അല്ലെങ്കിൽ ഇജ്ജാതി വാർത്തകൾ കേട്ട് ഞാൻ പണ്ടേക്കു പണ്ടേ തളർന്നു പോയേനെ. എന്നെ അപകടത്തിൽ പെടുത്താൻ മാത്രം മുട്ടി നിൽക്കുന്ന. അതിൽ ആനന്ദം കണ്ടെത്തുന്ന ഈ ചങ്ങാതിമാർക്ക് എന്താണ് അസുഖം എന്ന് എനിക്കറിയില്ല. ദാ കണ്ടില്ലേ...എനിക്കൊരു കുഴപ്പവുമില്ല. അൽഹംദുലില്ലാഹ്...(ദൈവത്തിന് സ്തുതി)’– അഫ്ന പറഞ്ഞു തുടങ്ങുകയാണ്.

afna-2

ഞാൻ ബസ് ഓടിച്ചു എന്നത് നേരാണ്. വേറെയാരുടേയും വാഹനത്തിൽ പരീക്ഷണം നടത്താൻ പോയിട്ടില്ല. ആ ബസ് ഞങ്ങളുടേതാണ്. എന്റെ ഭർത്താവ് മുബഷിറിന്റെ ഉടമസ്ഥയിലുള്ളതാണ് ബനാറസ് ട്രാവൽസ്. അന്ന് ഇക്കയും കൂട്ടരും ധൈര്യം തന്നിട്ടാണ് ആ ബസ് ഡ്രൈവ് ചെയ്യാൻ തയ്യാറായത്. ആദ്യമൊന്നു മടിച്ചു, കാർ ഈസിസായി ഡ്രൈവ് ചെയ്യുന്ന എന്നെക്കൊണ്ട് അതിനു കഴിയും എന്ന് അവർ പറഞ്ഞു. ഏകദേശം മൂന്ന് കിലോമീറ്റർ വരെ വളരെ സേഫായി ഡ്രൈവ് ചെയ്യുകയും ചെയ്തു. പക്ഷേ അവിടുന്നങ്ങോട്ട് കഥമാറി. നേരമ്പോക്കിന് ചെയ്ത ഡ്രൈവിംഗ് വൈറലായി, വാലു പോലെ കുപ്രചരണങ്ങളും എത്തി.

ഇക്കയുടെ കൂട്ടുകാരാണ് വിഡിയോ പകർത്തിയത്. അവർ ബസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. പിന്നെ എന്റെ ചങ്ങാതിമാരും ഞാൻ ഡ്രൈവ് ചെയ്യുന്ന വിഡിയോ വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കുകയൊക്കെ ചെയ്തു. വിഡിയോ അവിടുന്നാണ് സോഷ്യൽ മീഡിയയിൽ എത്തിയതെന്നു കരുതുന്നു. വിഡിയോ എടുക്കണമെന്നു പോലും ആഗ്രഹിച്ചിട്ടില്ല, അത് സോഷ്യൽ മീഡിയയിൽ എത്തണമെന്ന് തീരേയും ആഗ്രഹിച്ചിട്ടില്ല. പിന്നെ  സ്ത്രീകൾ ബസ് ഓടിക്കുന്നതും ഡ്രൈവ് ചെയ്യുന്നതുമൊക്കെ ഇന്നത്തെക്കാലത്ത് വലിയ സംഭവമൊന്നുമല്ലലലോ. പക്ഷേ എൻറെ വിഡിയോ എങ്ങനെയൊക്കെയോ വൈറലായി. പിന്നാലെ അത് എനിക്ക് തന്നെ പാരയുമായി– അഫ്ന വൈറൽ വിഡിയോ പിറന്ന വഴി പറയുന്നു.

afnaz

 അപകടം സംഭവിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നതോടെ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. അറിയാവുന്നവർ പലരും എനിക്ക് എന്ത് സംഭവിച്ചുവെന്നറിയാനുള്ള വെപ്രാളത്തിൽ വിളിക്കലായി പറച്ചിലായി ആകെപ്പാടെ ജഗപൊഗ. വിഡിയോ സ്റ്റാറ്റസ് ആക്കിയ എന്റെ കൂട്ടുകാരികളുടെ അടുത്തേക്ക് വരെ അന്വേഷണങ്ങൾ പാഞ്ഞു. മറുവശത്ത് അതിനേക്കാളും വലിയ പുകില്, എന്റെ അഹങ്കാരം ശമിച്ചു, ലൈക്ക് വാങ്ങാൻ പോയി പണി കിട്ടി എന്ന തരത്തിൽ കമന്റുകളും കുത്തുവാക്കുകളും വേറെ. ഞാൻ മരിച്ചു പോയോ എന്ന് തിരക്കിയെത്തിവർ വരെയുണ്ട്. ഇതെല്ലാം കേട്ടപ്പോൾ ഉണ്ടായ വിഷമം ചില്ലറയൊന്നുമല്ല.

ഈ ലോകം ഇങ്ങനെയൊക്കെയാണ്, ചിലർ വിചാരിച്ചാൽ നമ്മളെ കൊല്ലാതെ കൊല്ലും, നേരമിരുട്ടി വെളുക്കും മുമ്പ് നമ്മളെ നമ്മളല്ലാതാക്കും. ഞാൻ ആ ബസ് ഡ്രൈവ് ചെയ്തു എന്ന് കേൾക്കുന്നതിനേക്കാളും അപകടം പറ്റി എന്ന് കേൾക്കാനായിരിക്കും ചിലർക്ക് കൊതി. അത് അവരുടെ ദുഷിച്ച മനസാണ്. –അഫ്ന പറഞ്ഞു നിർത്തി.

കോഴിക്കോട് ചെറൂപ്പ സ്വദേശിയായ അഫ്ന വീട്ടമ്മ കൂടിയാണ്. സയാൻ, റസാൻ എന്നിവരാണ് അഫ്നയുടെ മക്കള്‍.