Tuesday 06 October 2020 04:00 PM IST

തടിയുള്ള രൂപം കണ്ട് ഗര്‍ഭിണിയെന്ന് തെറ്റിദ്ധരിച്ചു; 100ല്‍ നിന്നും 54ലേക്ക് പറന്നെത്തിയ ആത്മവിശ്വാസം; ഇഷ്ടമുള്ളതെല്ലാം കഴിച്ച് അമൃതയുടെ മാന്ത്രിക ഡയറ്റ്

Binsha Muhammed

amrutha-cocver

'വിശേഷമുണ്ടല്ലേ... എത്രമാസമായി മോളേ...?'

കസിന്റെ കല്യാണത്തിന് ചിരിച്ച് ഉല്ലാസവതിയായി ഫൊട്ടോയ്ക്ക് പോസ് ചെയ്തതാണ് അമൃത. തടിച്ചു വീര്‍ത്ത ശരീരവും കവിളും കണ്ട് ബന്ധുക്കളിലൊരാള്‍ ഓര്‍ക്കാപ്പുറത്ത് ആ ചോദ്യമെറിഞ്ഞു. ഫൊട്ടോ കണ്ടപ്പോള്‍ ഗര്‍ഭിണിയെന്ന് തെറ്റിദ്ധരിച്ചതാണ്. മറുപടി ഒരു ചിരിയിലൊതുക്കി. ഗര്‍ഭിണി ആകുമ്പോള്‍ അറിയിക്കാമെന്ന് തമാശയായി മറുപടിയും നല്‍കി. പക്ഷേ ആ ചോദ്യം അമൃതയുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല തകര്‍ത്തത്. അതിന്റെ പേരില്‍ പിന്നാലെ കൂടിയ കളിയാക്കലുകള്‍ക്കും കയ്യും കണക്കുമില്ലായിരുന്നു. പക്ഷേ അമൃതയ്ക്ക് അതൊരു 'വേക്ക് അപ്' കോളായിരുന്നു. തടിയുടെ പേരില്‍ കേള്‍ക്കേണ്ടി വന്ന കളിയാക്കലുകള്‍ക്ക് മധുരപ്രതികാരം ചെയ്‌തേ തീരൂവെന്ന വാശിയായി പിന്നീട്. 

പക്ഷേ കുഞ്ഞാവ ശരിക്കും എത്തിയപ്പോള്‍ ബുദ്ധിമുട്ടിച്ച തടി ഒന്നൂടി ഉഷാറായി. പിടിച്ചാല്‍ കിട്ടാത്ത വിധം സെഞ്ച്വറിയടിച്ചു നിന്നു. പ്രസവം കഴിഞ്ഞിട്ടും കാര്യമായ വിട്ടുവീഴ്ചയ്ക്ക് ശരീരഭാരം തയ്യാറായില്ല. 87 കിലോയിലെത്തി ഇളക്കം തട്ടാതെ നിന്നു. ആ നിമിഷത്തിലാണ് അമൃത തന്റെ പഴയ പ്രതിജ്ഞ വീണ്ടും പൊടി തട്ടിയെടുത്ത്. തടി കുറച്ചിട്ടേ... മറ്റെന്തും ഉള്ളൂ... ആ ദൃഢനിശ്ചയത്തിന്റെ ബാക്കി കഥ പറയാന്‍ ഇന്ന് മെലിഞ്ഞ് സുന്ദരിയായ അമൃതയുണ്ട്. തടിയെ ശരീരപ്രകൃതമെന്ന് കരുതി വിട്ടു കളയാതെ മെരുക്കിയകഥ അമൃത പറയുമ്പോള്‍ ആ മുഖത്ത് നിറഞ്ഞ ആത്മവിശ്വാസമാണ്. ശരീരഭാരം സെഞ്ച്വറിയടിച്ച പ്രസവകാലം കടന്ന് 54 കിലോ വരെയെത്തിയ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ അമൃത വനിത ഓണ്‍ലൈനോട് പറയുന്നു...

ഛബ്ബി ഗേള്‍സ് ചെയ്ഞ്ച്

ഛബ്ബി ഗേള്‍...! അതു തന്നെയായിരുന്നു ആസ്ഥാന മേല്‍വിലാസം. അതിന്റെ പേരില്‍ വിഷമിക്കാനോ... കളിയാക്കലുകള്‍ക്ക് കാതോര്‍ക്കാനോ പോയിട്ടില്ല. പത്താം ക്ലാസുവരെ ഛബ്ബി എന്ന പട്ടം ഞാന്‍ നിലനിര്‍ത്തി. പ്ലസ്ടു ആയപ്പോള്‍ അല്‍പ സ്വല്‍പം സൗന്ദര്യബോധമൊക്കെ വന്ന് തടി കുറയ്ക്കാനൊക്കെ നോക്കി. കോളജില്‍ ചേരുമ്പോള്‍ ചെറുതായി സ്ലിം ബ്യൂട്ടി ആയതുമാണ്. പക്ഷേ കല്യാണം കഴിഞ്ഞപ്പോ ഇറങ്ങിപോയ തടി രണ്ടിരട്ടിയായി തിരികെ വന്നു.

amrutha-3

ഗര്‍ഭിണിയായതോടെ തടിയും ഞാനും വല്യ കൂട്ടായിഎന്നു പറഞ്ഞാല്‍ മതിയല്ലോ. 87 കിലോ വരെയെത്തി ശരീരഭാരം. ഡെലിവറി ഡേറ്റിന്റെ അന്ന് ഭാരം നോക്കുമ്പോള്‍ 100 കിലോ ആയിരുന്നു ഭാരം. പ്രസവകാലവും ശ്രുശ്രൂഷയും കഴിയുമ്പോള്‍ തടി തടിയുടെ പാട്ടിന് പോകും എന്നായിരുന്നു പലരുടേയും ആശ്വാസ വാക്കുകള്‍. പക്ഷേ എന്റെ വൈഗ ഇങ്ങ് പോന്ന് ആറു മാസം കഴിഞ്ഞിട്ടും കക്ഷിക്ക് പോകാനുള്ള ഭാവമില്ല. വൈഗയ്ക്ക് ആറു മാസം ആകുമ്പോള്‍ 87 കിലോയിലെത്തി ശരീരഭാരം സുല്ലിട്ടു നിന്നു. 

മുമ്പൊക്കെ തടിയുടെ പേരില്‍ വല്യ പരാതിക്കോ പരിഭവത്തിനോ പോയിരുന്നില്ല അതാണ് സത്യം. തടിയുള്ള എന്നെയാണ് വീട്ടുകാര്‍ക്ക് ഇഷ്ടവും. കല്യാണത്തിന് ഞാനും സൂരജേട്ടനും അപ്പിയറന്‍സിന്റെ കാര്യത്തില്‍ 'മെയ്ഡ് ഫോര്‍ ഈച്ച് അദറായിരുന്നു.' പക്ഷേ ഇപ്പോള്‍ അതല്ലല്ലോ സ്ഥിതി. തടി വല്ലാതെ കൂടിയിരിക്കുന്നു. പോരാത്തത്തിന് പുള്ളിക്കാരന്‍ ഹൈപ്പര്‍ തൈറോയ്ഡിന്റെ പേരില്‍ മെലിഞ്ഞുണങ്ങിയപ്പോള്‍ സംഗതി കോമഡിയായി. തടിയുള്ള ഞാനും മെലിഞ്ഞുണങ്ങിയ കെട്ട്യോനും. പിന്നെ ഞാന്‍ അമിത വണ്ണമുള്ള ആളാണ് എന്ന ചിന്ത എന്റെ മകള്‍ക്കും ഉണ്ടാകരുത് എന്ന് തോന്നി. ആ നിമിഷങ്ങളിലാണ് പൊണ്ണത്തടിയുമായി ഞാന്‍ യുദ്ധത്തിനിറങ്ങുന്നത്. 

എന്‍റെ ഡയറ്റ്... എന്‍റെ ഇഷ്ടങ്ങള്‍

സോഷ്യല്‍ മീഡിയ തന്നെയായിരുന്നു തടികുറയ്ക്കാനുണ്ടായിരുന്ന ശരണം. യൂ ട്യൂബും ഓണ്‍ലൈന്‍ പേജുകളും കയറിയിറങ്ങി. പക്ഷേ കണ്ട വിഡിയോകളിലെല്ലാം അവര്‍ അവര്‍ക്ക് ഇഷ്ടമുള്ള ഡയറ്റാണ് ക്രമീകരിക്കുന്നത്. മറ്റൊരാളുടെ ഡയറ്റ് എങ്ങനെ എന്റെ ഇഷ്ടവുമായി ചേര്‍ന്നു പോകും എന്ന ബോധമുണ്ടായി. എന്റെ ഭക്ഷണരീതി അനുസരിച്ച് ഡയറ്റ് ക്രമീകരിക്കുന്നത് അങ്ങനെയാണ്. 

 പ്രസവകാലം കഴിഞ്ഞ് സൂരജിനൊപ്പം ഖത്തറിലേക്ക് തിരികെ എത്തുമ്പോഴേക്കും ഞാന്‍ ഡയറ്റിന്റേയും ശരീരഭാര നിയന്ത്രണത്തിന്റേയും കാര്യത്തില്‍ ഞാന്‍ ചിലത് കരുതിയുറപ്പിച്ചിരുന്നു. ചോറിനോട് പണ്ടേ എനിക്ക് വലിയ കൂട്ടില്ലായിരുന്നു അതു കൊണ്ട് ആ ഭാഗം ആദ്യമേ ക്ലിയറാക്കി. ചപ്പാത്തിയോടുള്ള പ്രിയം ഡയറ്റിന്റെ ഭാഗമാക്കി. പഞ്ചസാര, ചോക്ലേറ്റ് എന്നിവയോട് ആരംഭത്തിലേ ഗുഡ്‌ബൈ പറഞ്ഞു. ചപ്പാത്തിക്ക് കൂട്ടായി സബ്ജി, കുറുമ സാലഡ് എന്നിവ കൊണ്ടു വന്നു. കഞ്ഞിരൂപത്തിലുള്ള ഓട്‌സ്, സൂചിഗോതമ്പും ഓട്‌സും കൊണ്ട് ഉപ്പുമാവ് എന്നിവ ഡയറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു. ക്യാരറ്റ്, കാബേജ് എന്നിവ കൊണ്ടുള്ള സാലഡുകള്‍ ഇഷ്ടത്തോടെ തന്നെ കഴിച്ചു.

ഒരു ആപ്പിലൂടെ എന്റെ ആദ്യകാലത്തെ ഭക്ഷണരീതി പരിശോധിച്ചപ്പോള്‍ ഞാന്‍ 2500 കാലറി വരെ ഒരു ദിവസം കഴിക്കുന്നുണ്ട് എന്ന് മനസിലാക്കി. അത് ചുരുക്കി 1300 വരെ എത്തിച്ചു എന്നതാണ് എന്റെ വിജയം. കുഞ്ഞിന് മുലയൂട്ടതു കൊണ്ട് നല്ലൊരു ശതമാനം കാലറി ശരീരത്തില്‍ നിന്നും പോകുന്നുണ്ട്. അതും കൂടി കണക്കിലെടുത്താണ് കാലറിയുംഡയറ്റും ക്രമീകരിച്ചത്.

amrutha-1

പിന്നെ ഇഷ്ടമുള്ള ഭക്ഷണങ്ങളെ പാടെ ഒഴിവാക്കുന്ന രീതി ഞാന്‍ അവലംബിച്ചതേ ഇല്ലേ. ഉദാഹരണത്തിന് ഐസ്‌ക്രീം എനിക്ക് ഇഷ്ടമാണ്. എന്നു കരുതി ഞാന്‍ അതിനോട് കണ്ണുംപൂട്ടി നോ പറയില്ല. മറിച്ച് കൊതിക്കു വേണ്ടി അല്‍പം ടേസ്റ്റ് നോക്കും. അവിടെ ആക്രാന്തമല്ല... ഇഷ്ട പൂര്‍ത്തീകരണം മാത്രം. അത് തന്നെയാണ് എന്റെ ഫുഡ് പോളിസിയും.

പിന്നെ പ്രസവകാലവും ശ്രൂശ്രൂഷയും കഴിഞ്ഞതോടെ നടത്തവും സൂംബയും സജീവമാക്കി. അതും എന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നു. ഒരു കാലത്ത് ഉണ്ടായിരുന്ന എല്ലാ ആശങ്കകള്‍ക്കുമുള്ള ഉത്തരം ഇന്നെന്റെ ശരീരത്തിലുണ്ട്. 100ല്‍ നിന്ന് 87ലേക്കെത്തി കട്ടയ്ക്ക് നിന്ന തടിയെ ഞാന്‍ 54ല്‍ എത്തിച്ചു. 100 കിലോ വരെയുണ്ടായിരുന്ന ശരീരത്തില്‍ നിന്നും 40 കിലോയോളം ഭാരം പടിയിറങ്ങി പോകുമ്പോള്‍ ഞാന്‍ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. നമ്മളെ ബുദ്ധിമുട്ടിച്ചിരുന്ന എന്തോ ഒന്ന് ശരീരത്തില്‍ നിന്നും ഇറങ്ങിപ്പോയ പോലൊരു ഫീല്‍. എനിക്കിന്ന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം... തടിയുടെ പേരിലുള്ള കളിയാക്കലുകളില്ല... തുറിച്ചു നോട്ടങ്ങളില്ല... ഡബിള്‍ ഹാപ്പി.- അമൃത പറഞ്ഞു നിര്‍ത്തി.