Tuesday 21 January 2020 12:26 PM IST

സ്ലിമ്മിങ് സീക്രട്ട്സ്– അനീഷ്! 116 ടു 87... വനിത മുഖച്ചിത്രത്തിൽ സ്വന്തം ജീവിതം കണ്ട് കോട്ടയം സ്വദേശി

Binsha Muhammed

jayaram-vanitha

കോട്ടയം കൊല്ലാടുകാരൻ അനീഷ് തമ്പിയും സിനിമാ താരം ജയറാമും തമ്മിൽ എന്ത് ബന്ധം? ഒരു ബന്ധവുമില്ലെങ്കിലും ഫാറ്റിൽ നിന്നും ഫിറ്റിലേക്കുള്ള ഇരുവരുടേയും അന്തർധാര സജീവമായിരുന്നു എന്ന് കണ്ടെത്തിയത് അനീഷിന്റെ ചങ്ങാതിമാരാണ്. വനിത ജനുവരി രണ്ടാം ലക്കം അവതരിപ്പിച്ച ജയറാമിൽ നിന്നാണ് ആ കഥയുടെ തുടക്കം. വനിതയുടെ കവർ ചിത്രത്തിൽ മെലിഞ്ഞ് സുന്ദരനായി വന്ന ജയറാം ഒരു വശത്ത്. സെഞ്ച്വറിയും കടന്ന് പോയ പൊണ്ണത്തടിയെ കടിഞ്ഞാണിട്ടു പിടിച്ചു നിർത്തി, തിരികെയെത്തിയ അനീഷ് മറുവശത്ത്. സോഷ്യൽ മീഡിയയിൽ വൈറലായ വനിത കവർ ചിത്രത്തിൽ ജയറാമിന്റെ ചിത്രം കണ്ടപ്പോൾ കൂട്ടുകാർക്കൊരു കൗതുകം. മെലിഞ്ഞ് സുന്ദരനായ ജയറാമിന്റെ മുഖത്തിന്റെ സ്ഥാനത്ത് അനീഷിന്റെ ചിത്രം പ്രതിഷ്ഠിച്ചു. സ്ലിമ്മിങ് സീക്രട്ട്സ് ജയറാം എന്ന ടാഗ്‍ലൈനിന്റെ സ്ഥാനത്താകട്ടെ അനീഷിന്റെ പേരും കടന്നു കൂടി. കൂട്ടുകാരുടെ തമാശ ട്രോളും അതു പിന്നെ വൈറലുമായപ്പോഴാണ്, വനിത കവർ ചിത്രത്തെ ട്രോളാക്കി മാറ്റാൻ കാരണക്കാരനായ അനീഷിനെ തേടി വനിത ഓൺലൈനെത്തിയത്. അനീഷിനു പറയാനുണ്ടായിരുന്നത്, പൊണ്ണത്തടിയിൽ നട്ടം തിരിഞ്ഞ ജീവിതവും ഒടുവിൽ അതിനു പടിക്കു പുറത്താക്കിയ നിശ്ചയദാർഢ്യത്തിന്റേയും കഥയായിരുന്നു. 116 കിലോ ഭാരത്തെ ഓടിച്ചു വിട്ട നിശ്ചയദാർഢ്യത്തിന്റെ കഥ, ഇത് അനീഷിന്റെ സ്ലിമ്മിങ് സീക്രട്ട്സ്...

anish-4

അനീഷ് 116 കിലോ നോട്ട് ഔട്ട്

ഇഷ്ടമുള്ളിടത്തേക്കെല്ലാം പോകുക. സ്ട്രീറ്റ് ഫുഡെന്നോ നാടൻ ഫുഡെന്നോ വ്യത്യാസമില്ലാതെ കണ്ണിൽ കണ്ടതെല്ലാം വാങ്ങിക്കഴിക്കുക. ഇനി അതിന്റെ പേരിൽ വണ്ണം കൂടിയാലോ കുറഞ്ഞാലോ നെവർ മൈൻഡ്. ലൈഫിന്റെ ഒരു ടൈം ടേബിൾ അങ്ങനെയൊക്കെയായിരുന്നു. ഫാനിന്റെ കീഴിൽ നിന്നും കടുകു മണി വ്യത്യാസത്തിൽ അനങ്ങാതെയുള്ള സ്ട്രെസും ടെൻഷനും നിറഞ്ഞ ജോലി കൂടിയായപ്പോൾ ശരീരം പിണങ്ങി തുടങ്ങി. സെഞ്ച്വറിയും കടന്ന് ശരീര ഭാരമങ്ങനെ കുതിക്കാൻ തുടങ്ങി. അനീഷ് തമ്പി, 116.5 കിലോ നോട്ട് ഔട്ട്– അനീഷ് പറഞ്ഞു തുടങ്ങുകയാണ്.

പൊണ്ണത്തടിയുള്ളവർക്കൊക്കെ എന്തെങ്കിലും കുറ്റം പറച്ചിലിന്റേയോ, കുത്തുവാക്കിന്റെയോ ഒക്കെ കഥ പറയാനുണ്ടാകും. എന്നെ ഇനി പൊണ്ണത്തടിയുടെ പേരിൽ ആരെങ്കിലും ട്രോളിയെങ്കിൽ പോലും അതൊക്കെ മൈൻഡ് ചെയ്യാതെ അങ്ങനേ അങ്ങ് പോകുകയായിരുന്നു. പേഴ്സണൽ കെയർ എന്നുള്ളത് പ്രത്യേകിച്ച് എന്റെ ഡിക്ഷണറിയിലേ ഇല്ലായിരുന്നു. പക്ഷേ അധിക കാലം സുഖിക്കേണ്ട എന്ന് ശരീരം അലാം അടിച്ച് വാണിങ്ങ് നൽകി. 2018 പകുതിയായപ്പോഴേക്കും ആദ്യ പണി, ഹൈ ബിപി. പിന്നാലെ ഡയബറ്റിസ്. കൂട്ടുകാരനായി തൈറോയിഡും എത്തി. പണി പാലുംവെള്ളത്തിൽ കിട്ടിത്തുടങ്ങുകയാണ്.

anisha-1

ശരീരത്തെ പാഠം പഠിപ്പിച്ച്

വലിയ പണികളും, ഇത്തിരി പേടിപ്പിക്കലുകളും കൂടിയായപ്പോൾ നല്ല കുട്ടിയാകാതെ തരമില്ലായിരുന്നു. പ്രത്യേകിച്ച് ബാങ്കിലെ ഇരുന്നുള്ള പണി എന്നെ ആജീവനാന്ത പൊണ്ണത്തടിയിലേക്ക് എത്തിക്കുമെന്ന് ഉറപ്പായിരുന്നു. തൃശൂർ എസ്ബിഐയിൽ മാനേജർ എച്ച്. ആർ ആണ് ഞാൻ. വയസ് 40നോട് അടുക്കുന്നു. ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥ. ഐശ്വര്യമായി ആദ്യ നാലു ദിനം നടന്നു തുടങ്ങുകയാണ്. ബെൽറ്റ് പൊട്ടിച്ച് ഓടാൻ നിന്ന വയറിനേയും പറന്നിറങ്ങിയ ഫാറ്റിനേയും നിലയ്ക്കു നിർത്താൻ നേരെ വണ്ടി വിട്ടത് ജിമ്മിലേക്ക്. പൊണ്ണത്തടിയെ പമ്പ കടത്താനുള്ള മഹായജ്ഞം തുടങ്ങുന്നത് അവിടെ നിന്നാണ്. ആസ്ഥാന ഫുഡിയെന്ന പേരു ദോഷം മാറ്റലായിരുന്നു അടുത്ത യജ്ഞം. ഒന്നിനേയും തീർത്ത് അങ്ങോട്ട് ഉപേക്ഷിച്ചില്ല. ഫുൾ ബിരിയാണി കണ്ണും പൂട്ടി തിന്നിരുന്ന സ്ഥാനത്ത് ഹാഫ് ബിരിയാണിയിലേക്ക് തിരിഞ്ഞു നടന്നു. ഇഷ്ട ഭക്ഷണങ്ങളെ തീരെയങ്ങ് വെറുപ്പിച്ചില്ല. പക്ഷേ ലിമിറ്റ് ചെയ്തു. നാളുകൾ കുറേ കടന്നു പോയപ്പോൾ പതിയെ കീറ്റോയിലേക്ക് സൈഡ് ഇൻഡിക്കേറ്റർ. നാലു മാസം ശരീരത്തിനെ പാഠം പഠിപ്പിച്ച കീറ്റോ ഡയറ്റ്. കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങളെ ആ പരിസരത്തേക്ക് പോലും അടുപ്പിച്ചില്ല. ചോറിനെ മെനുവിൽ നിന്നും ഗെറ്റ് ഔട്ട് അടിച്ചു. ജങ്ക് ഫുഡിന്റെ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കിയില്ല. കീറ്റോയും ജിമ്മും പരുവപ്പെടുത്തിയെടുത്ത ശരീരം ഒടുവിൽ ആയുധം വച്ച് കീഴടങ്ങുകയായി. 116 ൽ നിന്നും ആറുമാസത്തിലേറെ നീണ്ട പരുവപ്പെടുത്തിയെടുത്ത ശരീരം 87 ലേക്ക്.

anish-2

ജീവിതം മാറുന്നു

അലസമായ ജീവിതത്തിന്റെ അധ്യായം അവിടെ അടയുകയാണ്. ശരീരം നമുക്ക് നൽകുന്ന അണുവിട മാറ്റം പോലും ആസ്വദിക്കാന്‍ തുടങ്ങിയ നാളുകൾ. ശരീര ഭാരം കുറയ്ക്കാൻ തുടങ്ങി അന്നു തൊട്ട് ഇന്നു വരെയുള്ള ഓരോ മാറ്റങ്ങളും ഞാൻ കണ്ണാടി നോക്കി ആസ്വദിക്കാൻ തുടങ്ങി. അത് വല്ലാത്തൊരു സുഖമാണ്. ഒടുവിൽ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് ശരീരഭാരം എത്തിയപ്പോൾ കിട്ടിയൊരു കോൺഫിഡൻസുണ്ട്. അതിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. യന്ത്രം പോലെ ജീവിച്ചു തീർത്ത ജീവിതത്തെക്കാളും ഡബിൾ ആക്്റ്റീവ്. ഈ ജീവിതം എനിക്കു തന്ന വലിയ റിവാർഡ് എന്തെന്നാൽ ചികിത്സയും ശാരീരിക ബുദ്ധിമുട്ടുകളും ഒക്കെയായി കഴിഞ്ഞു കൂടിയ ടെൻഷൻ കാലം കഴിഞ്ഞിരിക്കുന്നു. ഞാനും ഭാര്യ ജീനയും രണ്ടാമതൊരു കുഞ്ഞിനായി കാത്തിരിക്കുകയാണ്. ബാങ്കിൽ മാനേജരാണ് എന്റെ നല്ലപാതി.

ട്രോൾ പിറന്ന വഴി

കോട്ടയം സിഎംഎസിലാണ് പഠിച്ചതൊക്കെ. കോളജ് വിട്ട് കുഞ്ഞു കുട്ടി പരാധീനങ്ങളുമായി നടക്കുമ്പോഴും ഞങ്ങളുടെ സൗഹൃദം ആക്റ്റീവാണ്. കൂട്ടത്തിൽ എഡിറ്റർമാരും ഡിസൈനർമാരും ഒക്കെയുണ്ട്. അതിലൊരാൾ എന്റെ ഫൊട്ടോ തപ്പി പിടിച്ച് ഒപ്പിച്ച പണിയാണ്. എന്തായാലും എന്നെ സ്ലിമ്മിങ്ങ് സ്റ്റാറാക്കി മാറ്റി പ്രതിഷ്ഠിക്കാൻ വനിത വേണ്ടി വന്നു. ഇതൊക്കെ കണ്ട് ജയറാമേട്ടൻ എന്നോട് ക്ഷമിച്ചാൽ മതിയായിരുന്നു.. അല്ലാതെന്തു പറയാൻ– അനീഷ് പറഞ്ഞു നിർത്തി.

Tags:
  • Diet Tips