Monday 08 July 2019 06:44 PM IST

‘ദിലീപേട്ടനൊപ്പം നായികയായി അവസരം ലഭിച്ചത് ഭാഗ്യം; ഞാൻ കാവ്യേച്ചിയുടെ ആരാധിക’; അനു സിത്താര തുറന്നു പറയുന്നു

Roopa Thayabji

Sub Editor

anu-kavya224 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വിഷു ആഘോഷവും ചിരിയും അവസാനിക്കും മുൻപേ അനു സിതാരയുടെ വീട്ടിൽ നോമ്പിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഉമ്മ എന്നു സ്നേഹത്തോടെ വിളിക്കുന്ന അച്ഛന്റെ അമ്മയുടെ മേൽനോട്ടത്തിൽ അത്താഴത്തിനും മുത്താഴത്തിനുമുള്ള ജോലികൾ നടക്കുന്നതിനിടെ ആ സസ്പെൻസ് അനു തന്നെ പൊളിച്ചു. ‘‘അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാൻ നിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അ നിയത്തി അനു സോനാരയുമാ. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ആഘോഷിക്കും. ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്‌ലിം ആണ്...’’

അതെങ്ങനെ സംഭവിച്ചു ?

മലപ്പുറത്തുനിന്ന് വയനാട്ടിലേക്ക് താമസം മാറി വന്ന കുടുംബമാണ് അച്ഛന്റേത്. അമ്മയെ ട്യൂഷന് പഠിപ്പിച്ചിരുന്നതാ. പത്താം ക്ലാസ് പരീക്ഷയ്ക്ക് തൊട്ടുമുൻപ് അമ്മ അച്ഛനൊപ്പം ഇറങ്ങിച്ചെന്നു. അമ്മവീട്ടുകാർക്ക് എതിർപ്പായിരുന്നു, അ ച്ഛന്റെ വീട്ടിൽ കട്ട സപ്പോർട്ട്. ഉമ്മയുടെ കഴുത്തിൽ കിടന്ന മാല ഊരിയിട്ടു കൊടുത്താണ് അമ്മയെ വീട്ടിലേക്ക് കയറ്റിയത്. അച്ഛൻ അമ്മയെ പഠിപ്പിച്ച് പത്താംക്ലാസും പ്രീഡിഗ്രിയും ഡിഗ്രിയും പാസാക്കി.

പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിൽ അച്ഛന്റെ മതം ചേർക്കണമെന്നുള്ളോണ്ട് മുസ്‌ലിം എന്ന് ചേർത്തു. പിന്നീടാണ് മക്കൾക്ക് ജാതി കോളം പൂരിപ്പിക്കേണ്ട എന്നൊക്കെ വന്നത്. ഞാനും പ്ലസ്ടുക്കാരി അനിയത്തി അനു സോനാരയും എല്ലാവരുടെയും പെറ്റ് ആണ്. ഉമ്മ ഞങ്ങളെ നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.

ചേച്ചിയുടെ വഴിയേ അനു സൊനാരയും!; അനു സിത്താരയുടെ സഹോദരി സിനിമയിലേക്ക്

ഇതാണ് പ്രണയ സാഫല്യത്തിന്റെ ആ നിമിഷം; ദാമ്പത്യത്തിന്റെ നാലാം വർഷത്തിൽ വിവാഹ ചിത്രം പങ്കുവച്ച് അനു സിത്താര

ഐവിഎഫ് ശരീരം തകർത്തു; കുഞ്ഞില്ലെന്ന കാരണത്താൽ അനുജത്തിയുടെ ജീവിതവും തകർന്നു; ഇപ്പോൾ സ്വത്തിൽ കണ്ണുംവച്ചിരിപ്പാണ്

അമ്മയുടെ നൃത്തമാണ് അനുവിന് കിട്ടിയത് ?

anukjgfss

അമ്മ ഡാൻസ് പഠിപ്പിക്കുന്നത് കണ്ടാണ് ഞാനും പഠിച്ചത്. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കലാമണ്ഡലത്തിൽ പഠിച്ചു. ഡോക്ടറേറ്റ് എടുക്കുമെന്നു പറഞ്ഞാണ് പോയതെങ്കിലും ഹോംസിക്ക്നസ് കാരണം  പത്താം ക്ലാസ് പരീക്ഷയ്ക്ക്    മുൻപേ തിരിച്ചെത്തി. അച്ഛൻ വലിയ നാടകഭ്രാന്തൻ ആയിരുന്നു. ജോലിക്കു ശേഷം വൈകി, നാടകം കഴിഞ്ഞു വരുന്ന അച്ഛനെ കണ്ടാണ് വളർന്നത്.

ഡിഗ്രി ഫസ്റ്റ് ഇയറിലാണ് ‘ഇന്ത്യൻ പ്രണയകഥ’യിൽ അഭിനയിക്കുന്നത്. അതിലേക്ക് ചാൻസ് വന്ന വഴി ഭയങ്കര ട്വിസ്റ്റാണ്. ആദ്യം അഭിനയിച്ച ‘പൊട്ടാസ്  ബോംബി’ലെ  പാട്ടുസീനിൽ  എന്നോടൊപ്പമുണ്ടായിരുന്ന രോഹിത് ചേട്ടൻ സത്യൻ അ ന്തിക്കാട് സാറിനോട് ചാൻസ് ചോദിച്ച് ചെന്നു. ആ പാട്ടാണ് സാറിനെ കാണിച്ചത്. ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പം ചെയ്യാൻ ആളെ നോക്കിനടന്ന സത്യൻ സാർ എന്നെ വിളിച്ചു. ഞാനും രോഹിത് ചേട്ടനും തന്നെയാണ് ‘ഇന്ത്യൻ പ്രണയകഥ’യിലും ഒന്നിച്ച് അഭിനയിച്ചത്. ല ക്ഷ്മി ചേച്ചിയെ ‘അമ്മ’ ഷോയിൽ വച്ചു കണ്ടപ്പോൾ ഞങ്ങൾ ഫോട്ടോയെടുത്ത് നോക്കി, വല്ല സാമ്യവുമുണ്ടോ എന്ന്.

‘രാമന്റെ ഏദൻതോട്ട’മാണ് ബ്രേക്കായത് ?

‘ഫുക്രി’യിൽ അഭിനയിക്കുന്ന സമയത്ത് ജയേട്ടനാണ് (ജയസൂര്യ) രഞ്ജിത് ശങ്കർ സാറിന്റെ പുതിയ സിനിമയെ കുറിച്ച് പറഞ്ഞത്. രഞ്ജിത് സാറിനെ നേരിൽ കണ്ട് കഥ കേട്ടപ്പോൾ പേടിയായി. 21 വയസ്സു മാത്രമുള്ള ഞാനെങ്ങനെ അത്രയും പക്വതയുള്ള ഭാര്യയുടെ, അമ്മയുടെ റോൾ ചെയ്യും.

ഭർത്താവിന്റെ സപ്പോർട്ടാണ് എന്റെ കരിയറിന്റെ കരുത്ത്.  ‘രാമന്റെ ഏദൻതോട്ട’ത്തിന്റെ കഥ കേട്ടപ്പോൾ ഞാൻ ഏട്ടനോടു ചോദിച്ചു. ഇത്ര നീചന്മാരായ ഭർത്താക്കന്മാർ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന്. സിനിമ റിലീസായി കഴിഞ്ഞ് വന്ന മെസേജുകളിൽ അധികവും മാലിനി തൊട്ട ജീവിതങ്ങളെ കുറിച്ചായിരുന്നു. ഈയിടെയും ഒരു ചേച്ചി കണ്ടപ്പോൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു, മാലിനിയെ കണ്ട ശേഷം വീണ്ടും ഡാൻസ് പ്രാക്ടീസ് തുടങ്ങിയെന്ന്. ആ സിനിമ എന്റെ ഭാഗ്യമാണ്. പുതിയ നടിമാരുടെ ഭാഗ്യനായകൻ എന്നു ചാക്കോച്ചനെക്കുറിച്ച് പറയാറുണ്ട്. എന്റെയും ഭാഗ്യനായകൻ ചാക്കോച്ചനാണ്.

ദീലീപിന്റെ നായികയായത് ഇപ്പോഴാണ് ?

ഇത്ര കാലമായിട്ടും ദിലീപേട്ടന്റെ സിനിമ ചെയ്തില്ലേ എന്ന്  നാട്ടിലും വീട്ടിലും എല്ലാവരും ചോദിക്കുമായിരുന്നു. കാത്തുകാത്തിരുന്നാണ് ‘ശുഭരാത്രി’യിലേക്ക് ഓഫർ വന്നത്. വിവാദത്തിലൊക്കെ പെട്ട് നിൽക്കുമ്പോൾ ദിലീപേട്ടന്റെ നായികയാകാൻ മടിയില്ലേ എന്നും ചിലർ ചോദിച്ചു. ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാൻ കിട്ടുന്ന ചാൻസ് കളയാൻ മാത്രം ഞാൻ ആളല്ല. വർഷങ്ങൾ കഴിഞ്ഞ് ഇവിടെ നിന്ന് പോയിക്കഴിഞ്ഞാലും മക്കളോടൊക്കെ എനിക്ക് പറയണം, ‘ഈ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട്’ എന്ന്.

Anu-Family-2

അനു, കാവ്യാ മാധവനെ പോലാണെന്ന് പറയാറുണ്ട് ?

കാവ്യേച്ചിയുടെ ആരാധികയാണ് ഞാൻ. പണ്ട് പ്ലസ് ടുവിന് പഠിക്കുമ്പോൾ നാട്ടിൽ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉദ്ഘാട നത്തിനു കാവ്യേച്ചി വന്നു. അന്ന് ചേച്ചിയുടെ കൂടെ നിന്നെടുത്ത ഫോട്ടോ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

പണ്ട് കൂട്ടുകാരികളോടു പറയുന്നൊരു ‘തള്ള് കഥ’ ഉണ്ടായിരുന്നു. ഒരു പരിപാടിക്ക് പോയപ്പോൾ തിരക്കിനിടയിൽ ആരോ എന്റെ പേര് വിളിക്കുന്നു. നല്ല പരിചയമുള്ള ശബ്ദം. തിരിഞ്ഞു നോക്കുമ്പോൾ ആരാ, സാക്ഷാൽ മമ്മൂട്ടി. കഥ പുളുവാണെന്ന് കേട്ടവരിൽ പലർക്കും മനസ്സിലായേയില്ല. മമ്മൂക്കയെ ദൂരെ നിന്നെങ്കിലും നേരിൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു.

‘പേരൻപി’ന്റെ ഷൂട്ടിങ്ങിനു മമ്മൂക്ക ചെന്നൈയിൽ വന്നപ്പോൾ ഞാൻ തമിഴ്  സിനിമയിൽ അഭിനയിക്കുകയാണ്. കാത്തിരുന്ന് കാണാൻ ചാൻസ് കിട്ടി. പക്ഷേ, ഭയങ്കര ട്രാഫിക് ബ്ലോക്ക്. പറഞ്ഞ സമയത്ത് എത്താൻ കഴിയുമോ എന്ന് ടെൻഷൻ.  ഇനി ഒരു കിലോമീറ്റർ കൂടിയേ ഉള്ളൂ എന്നറിഞ്ഞപ്പോൾ ഞാനും വിഷ്ണുവേട്ടനും കാറിൽ നിന്നിറങ്ങി ഓടി. മമ്മൂക്കയെ നേരിൽ കണ്ട് അന്ന് കരഞ്ഞുപോയി. പിന്നീട് ‘അങ്കിളി’ന്റെ ഷൂട്ടിങ്ങിന് വയനാട്ടിൽ വന്നപ്പോൾ മീൻകറിയൊക്കെ വച്ചു കൊണ്ടുപോയി കൊടുത്തു. രണ്ടു വർഷം മുൻപുള്ള എന്റെ ജന്മനാളിന് മമ്മൂക്കയ്ക്ക് മെസേജ് അയച്ചു, അപ്പോൾ തന്നെ വിഷസ് വന്നു. കുറച്ചു കഴിഞ്ഞപ്പോൾ ‘ഗിഫ്റ്റ് വേണ്ടേ’ എന്നു ചോദിച്ച് വിളിക്കുന്നു. ആ ഗിഫ്റ്റ് ആണ് ‘കുട്ടനാടൻ ബ്ലോഗി’ലെ എന്റെ റോൾ. ഇപ്പോൾ ‘മാമാങ്ക’ത്തിലും മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചു.

ആരാധന തലയ്ക്കു പിടിച്ചപ്പോഴാണ് മോഹൻലാലിനെ നേരിൽ കാണാൻ പോയത്. ‘റെഡ്‌വൈൻ’ സിനിമയുടെ ലൊക്കേഷൻ തപ്പിപിടിച്ചു പോയാണ് ലാലേട്ടനെ കാണുന്നത്.  ഞാനഭിനയിച്ച ‘നീയും ഞാനു’മിൽ നരേഷൻ െചയ്തത് ലാലേട്ടനാണ്. ലാലേട്ടനൊപ്പമൊരു സിനിമ എന്റെ സ്വപ്നമാണ്.

എപ്പോഴായിരുന്നു വിഷ്ണുവുമായുള്ള പ്രണയം ?

അമ്മയുടെ അകന്ന ബന്ധുവാണ് വിഷ്ണുവേട്ടൻ. പണ്ടൊരിക്കൽ അമ്മയുടെ സ്കൂളിൽ ചെന്നപ്പോൾ വിഷ്ണുവേട്ടൻ കണ്ടിട്ടുണ്ടത്രേ. പിന്നെ, കണ്ടത് കലാമണ്ഡലത്തിൽ നിന്നുവന്ന ശേഷം. അന്ന് ഏട്ടൻ സ്റ്റുഡിയോ നടത്തുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോൾ ഏട്ടൻ ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും ഞാ ൻ പച്ചക്കൊടി കാണിച്ചില്ല. ചീത്തപ്പേര് ഉണ്ടാക്കരുത് എന്നുവരെ ഞാൻ പറഞ്ഞു. അതോടെ കാണാൻ വരാതായി. എനിക്കത് വല്ലാതെ മിസ് ചെയ്തു. പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം എന്റെ മനസ്സിലുണ്ടായിരുന്നു.

ഡിഗ്രി രണ്ടാം വർഷം അവസാനമായപ്പോഴേക്കും ഇഷ്ടമാണെന്നു തുറന്നുപറഞ്ഞു. പിന്നെ, പത്തു മാസം കട്ടപ്രേമം. വിഷ്ണുവേട്ടന് വേറെ കല്യാണമാലോചിച്ചതോടെ ഞങ്ങൾ രഹസ്യമായി രജിസ്റ്റർ വിവാഹം ചെയ്തു. പിന്നീട് വീട്ടുകാരെല്ലാം കൂടി റിസപ്ഷൻ നടത്തി തന്നു. കല്യാണം കഴിഞ്ഞിട്ടാണ് ‘ഹാപ്പി വെഡ്ഡിങ്ങി’ൽ അഭിനയിക്കുന്നത്.

കല്യാണം കഴിഞ്ഞാൽ ചാൻസ് കുറയുന്ന കാലമാ ?

അങ്ങനെയല്ല എന്നതിന്റെ ഉദാഹരണമല്ലേ ഞാൻ. സിനിമയിൽ നിൽക്കാൻ വേണ്ടി കുട്ടികൾ വേണ്ടെന്നു വച്ചിട്ടുമില്ല. ദൈവം തരുമ്പോൾ അതും സംഭവിക്കും. അതിനു ശേഷവും ‍ഞാൻ സിനിമയിലുണ്ടാകും. സിനിമയിൽ വന്നിട്ടും താമസം വയനാട്ടിൽ തന്നെയാണ്. കാക്കനാട് ഒരു ഫ്ലാറ്റ് ഉണ്ട്. എറണാകുളത്ത് വരുമ്പോൾ അവിടെ താമസിക്കും.

anuhhfdd

വിഷുവിന് നാട്ടിലേക്കു പോകാൻ പറ്റാഞ്ഞതു കൊണ്ട് സദ്യ  ഉണ്ടാക്കി. മലബാറിൽ ഓണത്തിനും വിഷുവിനുമെല്ലാം ചിക്കൻ വയ്ക്കും. ആശംസ പറയാനായി വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ പറഞ്ഞു, അവിടെ സദ്യയുമുണ്ട് ബിരിയാണിയുമുണ്ട്. വിഷ്ണുവേട്ടൻ മീൻ മാത്രമേ കഴിക്കൂ, അതും വലിയ മീനിനോട് താൽപര്യവുമില്ല. ചെറിയ മത്തിയും നെത്തോലിയുമൊക്കെ കുറേ ചെറിയുള്ളിയും ഇഞ്ചിയുമൊക്കെ ചതച്ചിട്ട് വയ്ക്കുന്ന കറിയാണ് ഇഷ്ടം. നാടൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നയാളാണ് ഞാനും, എന്റെ കഥാപാത്രങ്ങൾ പോലെ തന്നെ.

എന്റെ പ്രണയലേഖനങ്ങൾ

‘പ്രണയം പറഞ്ഞ ശേഷമുള്ള ആ പത്തു മാസം ഞങ്ങൾ കത്തെഴുതുമായിരുന്നു. ചിങ്ങമാസത്തിലെ തിരുവാതിരയാണ് എന്റെ നാള്. ചിങ്ങത്തിലെ കുട്ടിയായതിനാൽ ‘ചിങ്ങിണി’ എന്നാണ് വീട്ടിൽ വിളിക്കുക. കത്തിൽ അവസാനം എഴുതുന്നത് ചിങ്ങിണിയുടെ ആദ്യ അക്ഷരമായ ‘C’ എന്നാണ്. വിഷ്ണുവേട്ടനെ വിളിക്കുന്നത് ‘V’ എന്നാണ്. എങ്ങാനും കത്ത് പിടിച്ചാലും ആർക്കാണ് എഴുതിയതെന്ന് മനസ്സിലാകരുതല്ലോ. ഒരിക്കൽ പിടിക്കപ്പെടുമെന്നായപ്പോൾ വിഷ്ണുവേട്ടനെഴുതിയ കത്തുകളെല്ലാം നശിപ്പിക്കേണ്ടി വന്നു. പക്ഷേ, ഞാനെഴുതിയ കത്തുകളെല്ലാം ഏട്ടൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.’

Tags:
  • Celebrity Interview