Saturday 25 January 2020 06:08 PM IST

അമ്മാ....അമ്മാ.... പേടി...പേടി ! ഒന്നര വയസ്സുകാരിക്ക് ആകെ പറയാൻ അറിയുന്നത് അതു മാത്രമല്ലേയുള്ളൂ... കണ്ണിലെ കാൻസറിനെ പോരാടി തോൽപ്പിച്ച അൻവിതയുടെ കഥ

Binsha Muhammed

anvitha

‘എന്റെ മുത്തിന്റെ ചിരി കണ്ടോ...അതു കാണാനല്ലേ ഇത്രയും നാൾ കാത്തിരുന്നത്. എന്തു മാത്രം നേർച്ചകൾ നേർന്നു. മരുന്ന് ഗന്ധം മരവിപ്പിക്കുന്ന ആ ആശുപത്രി ഇടനാഴിയിൽ എത്ര രാപ്പകലുകളിൽ തപസിരുന്നു. കീമോ കിരണങ്ങൾ പൊള്ളിക്കുമ്പോൾ അവൾക്ക് കഷ്ടി ഒരു വയസു പോലും തികഞ്ഞിരുന്നില്ല. ഇപ്പോ ദേ അവളെ നോക്കിയേ...’

നീരു വറ്റിയ അൻവിതയുടെ ഇടം കണ്ണിൽ‌ തലോടി അച്ഛൻ വിനീത് വിജയൻ ചേർത്തലയിലെ വീട്ടിൽ ഇരുന്നു ഇതു പറയുമ്പോൾ മിഴികളിൽ നിന്ന് കണ്ണീർ പെയ്തിറങ്ങി. കൈ വളർന്നോ കാൽ വളർന്നോ എന്ന് നോക്കിയിരുന്ന കാലത്ത് വിനീതിന്റെ കൺമണിക്ക് വിധി കൊടുത്തൊരു വേദനയുടെ കഥയിവിടെ തിടങ്ങുകയാണ്. അന്ന് വിനീത് ഒമാനിലാണ്. ജീവിതം നട്ടുനനയ്ക്കാൻ ഒമാനിലെ മണലാരണ്യത്തിലേക്ക് ചേക്കറിയ നാൾ. പൊന്നുമോളെ ഒന്നു താലോലിക്കാൻ പോലും നേരം കിട്ടാത്ത നാളുകളെ പരാധീനതകളെ പഴിച്ച നെടുവീർപ്പിന്റെ നിമിഷങ്ങൾ. കൺമണിയെ കാണാൻ കൺകൊതിച്ച അച്ഛന് മുന്നിലേക്ക് ചുന്ദരി വാവ ഫൊട്ടോ രൂപത്തിലെത്തുകയാണ്.

ഫൊട്ടോ ഫ്ലാഷിൽ തെളിഞ്ഞു നിന്ന കുഞ്ഞികണ്ണിലെ മാറ്റം അന്നേരം അൻവിതയുടെ അമ്മ ഗോപികയാണ് തിരിച്ചറിയുന്നത്. അൻവി മോളുടെ ഇടം കണ്ണിലെവിടെയോ ഒരു കല വെളിവായി നിൽക്കുന്നു. വിനീതിൻറെ ശ്രദ്ധയിൽ പെട്ടില്ലെങ്കിലും ഗൂഗിളിൽ പരതിയ ഭാര്യ ഗോപികയ്ക്ക് എവിടെയോ അപകടം മണത്തു. മരുന്നും മന്ത്രവും കുറിപ്പടികളും ടെസ്റ്റുകളും ഇത്തിരിപ്പോന്ന ആ മുത്തിന്റെ ശരീരത്തില്‍ കയറിയിറങ്ങിയ നാളുകൾ. ഒടുവിൽ പ്രാർഥനകൾ വിഫലമാക്കി ഡോക്ടറുടെ അറിയിപ്പ്. റെറ്റിനോ ബ്ലാസ്റ്റോമ എന്ന ഓമനപ്പേരുള്ള കണ്ണിനെ ബാധിക്കുന്ന കാൻസറാണത്രേ അത്. പിന്നെയുള്ള അവരുടെ യാത്രയെ പോരാട്ടമെന്നു വിളിക്കണം. കണ്ണീരിൽ ഒടുങ്ങാതെ കരളുറപ്പു കൊണ്ട് തങ്ങളുടെ കൺമണിയുടെ മുഖത്ത് പഴയ പുഞ്ചിരി തിരികെയെത്തിച്ച പോരാട്ടം. കീമോയില്‍ പിട‍ഞ്ഞ നാളുകൾ... കുഞ്ഞിക്കണ്ണുകളിൽ നിന്നും ഉറക്കം പോലും അകന്നു പോയ രാത്രികൾ... കുഞ്ഞ് ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയ സൂചിമുനകളിൽ വേദന തിന്ന മാസങ്ങൾ. ഇത് അൻവിതയുടെ കാൻസർ പോരാട്ടത്തിന്റെ കഥയാണ്. തിരികെയെത്തിയ ആ പുഞ്ചിരി സാക്ഷിയാക്കി അച്ഛൻ വിനീത് വനിത ഓൺലൈനോട് പറയുന്നു അക്കഥ.

anvitha-1

കൺകോണിൽ ഒളിച്ചിരുന്ന വേദന

രണ്ട് മാസം പ്രായമുള്ളപ്പോഴേ ഞാനെന്റെ മുത്തിനെ പിരിഞ്ഞ് അറബ് നാട്ടിലേക്ക് ചേക്കേറി. അത്രയ്ക്കുണ്ടായിരുന്നു വീട്ടിലെ പ്രാരാബ്ദം. ശമ്പളം തുച്ഛമാണ് എന്നാലും പോയല്ലേ പറ്റൂ. കാണാൻ കൺകൊതിച്ചപ്പോൾ ഭാര്യ ഗോപികയാണ് മകളുടെ ഫൊട്ടോ എടുത്ത് അയച്ചത്. രാത്രിയായതു കൊണ്ട് ഫ്ലാഷ് ഉപയോഗിച്ചായിരുന്നു ഫൊട്ടോ അയച്ചത്. നോക്കുമ്പോൾ മോളുടെ ഇടത്തേ കണ്ണിൽ ഒരു പാട്. ഞാനത് പറഞ്ഞെങ്കിലും അനുഭവിക്കാൻ പോകുന്ന വലിയ വേദനയുടെ തുടക്കമാണെന്ന് തിരിച്ചറിഞ്ഞത് അവളാണ്. കുഞ്ഞിന് ജന്മം നൽകിയ ആശുപത്രിയിലേക്ക് ഓടി. അപ്പോഴും ഒന്നും ഞങ്ങളുടെ കുഞ്ഞിന് വരുത്തരുതേ എന്ന് പ്രാർത്ഥന. അവിടെ വച്ചാണ് ഒരു അച്ഛനും അമ്മയും കേൾക്കരുതേ എന്നാഗ്രഹിച്ച വേദന ടെസ്റ്റ് റിസൾട്ടിന്റെ രൂപത്തിൽ മുന്നിലേക്കെത്തുന്നത്. അവിടെ നിൽക്കില്ലെന്ന് കണ്ടപ്പോൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കോടി. അവിടെ നിന്നു കിട്ടിയ അറിയിപ്പിലും ആശ്വസിക്കാൻ വകയില്ല. ഇത്തിരിപ്പോന്ന എന്റെ മുത്തിന്റെ കണ്ണിൽ ട്യൂമറാണത്രേ. അതിനെ ഡോക്ടർമാർ വിളിച്ച പേര് റെറ്റിനോ ബ്ലാസ്മ. അവരുടേയും കയ്യിൽ നിൽക്കില്ലെന്ന് കണ്ടപ്പോൾ വിദഗ്ധ ചികിത്സയ്ക്ക് അവർ നിർദ്ദേശിച്ചത് രണ്ട് ആശുപത്രികൾ. ഒന്ന് കോയമ്പത്തൂരിലെ ഒരു ആശുപത്രി, രണ്ട് ഹൈദരാബാദിലെഎൽവി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ടും അവിടുത്തെ വിദഗ്ധയായ സ്വാതി കൽക്കിയെന്ന ഡോക്ടറും. ഞങ്ങൾ തെരഞ്ഞെടുത്തത് രണ്ടാമത്തേതാണ്. ഏത് ഉറച്ച ശരീരത്തേയും തകർക്കുന്ന കാൻസർ ചികിത്സയ്ക്കും കീമോയ്ക്കും ഞങ്ങളുടെ കുഞ്ഞിനെ വിട്ടു കൊടുക്കാൻ ഞങ്ങൾ പോകുകയാണ്. ജീവിതത്തിൽ ഇനി തിരികെ വരരുതേ എന്ന് ആഗ്രഹിച്ച പോരാട്ടത്തിന്റെ നാളുകൾ തുടങ്ങുകയാണ്.

anvitha-2

കരയല്ലേ കണ്ണേ

ആറ് കീമോ, ആറ് ലേസർ ചികിത്സ, ആറ് ക്രയോ. ചികിത്സയ്ക്ക് അങ്ങനെയാണ് തുടക്കം. ഇരുപത്തിയൊന്ന് ദിവസത്തെ ഇടവേളയിലും ഓരോ കീമോ വീതം വേണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. ചികിത്സ ചെക്കപ്പും ടെസ്റ്റുകളും മരുന്നും വേറെ. ചികിത്സ ആരംഭിച്ചപ്പോഴേ ജോലിയെല്ലാം ഉപേക്ഷിച്ച് ഞാൻ നാട്ടിലേക്കെത്തി. ആദ്യത്തെ കീമോ കഴിഞ്ഞപ്പോഴോ എന്റെ കുഞ്ഞ് വാടി. ഫൊട്ടോയിലെ അവളുടെ കണ്ണ് കണ്ടില്ലേ. അത് കീമോയ്ക്ക് ശേഷം എടുത്തതാണ്. കീമോ നാളുകളിൽ എന്റെ കുഞ്ഞ് ഉറങ്ങിയിട്ടില്ല. അവൾക്ക് കാവലിരുന്നും...അവളുടെ വേദനയ്ക്ക് കൂട്ടിരുന്നും ഞാനും അവളും ഉറക്കമെന്തെന്ന് പോലും മറന്നു. അനസ്തേഷ്യ കുത്തി വയ്ക്കുമ്പോഴും കീമോയ്ക്കു ശേഷമുള്ള ദിവസങ്ങളിലും അവൾ അനുഭവിച്ച വേദന ഓർക്കാൻ പോലും വയ്യ. ചികിത്സ പുരോഗമിക്കവേയാണ് ഡോക്ടർ മറ്റൊന്നു കൂടി പറഞ്ഞത്. ഇടം കണ്ണിനും പുറമേ അവളുടെ വലം കണ്ണിലും ട്യൂമർ വേരിട്ടുവത്രേ. ഇടം കണ്ണിലാണ് ആദ്യം പ്രകടമായതെന്ന് മാത്രം. വലം കണ്ണിലെ പ്രശ്നം ആരംഭദശയിലായിരുന്നതു കൊണ്ട് അത് ആദ്യമേ പരിഹരിച്ചൂ. പക്ഷേ ഇടം കണ്ണിലെ കാൻസർ ഫോർത് സ്റ്റേജിലായിരുന്നു. അതിനാൽ തന്നെ നിശ്ചയിച്ചതിലും പുറമേ 6 കീമോ കൂടി വീണ്ടും എന്റെ കുഞ്ഞിനെ തേടിയെത്തി. ഇതിനൊക്കെ പുറമേ ലേസർ ചികിത്സയും. ഓരോ കീമോ കഴിയുമ്പോഴും അവളുടെ കൺതടങ്ങൾ വീർത്തു വരും. പിന്നെയുള്ള നാളുകൾ ഉറങ്ങാനാകില്ല. വേദന തുറന്നു പറയാൻ പോലുമാകാത്ത എന്റെ കുഞ്ഞിന് കരയാൻ മാത്രമേ ആകുമായിരുന്നുള്ളൂ. അമ്മാ....അമ്മാ.... പേടി...പേടി എന്ന് മാത്രമേ അവൾക്ക് പറയാൻ അറിയാമായിരുന്നുള്ളൂ. അതിൽ തന്നെ എല്ലാ വേദനയും ഉണ്ടായിരുന്നു.

anvitha-4

ഒത്തിരി വേദനിപ്പിച്ചു കഴിഞ്ഞാൽ വിധിക്ക് നമ്മളോട് അലിവു തോന്നും. ഞങ്ങളുടെ കാര്യത്തിലും സംഭവിച്ചത് അതാണ്. ഡോക്ടർ നിശ്ചയിച്ച കീമോ കഴിഞ്ഞപ്പോൾ കാൻസറെന്ന വേദന ആ കണ്ണിൽ നിന്നും പടിയിറങ്ങി തുടങ്ങി. പഴയ തിളക്കവും ചിരിയും ആ കുഞ്ഞിക്കണ്ണുകളിൽ കാണായി. ഇത്രയും നാൾ അനുഭവിച്ചതിന് എന്റെ കുഞ്ഞിനോടും ഞങ്ങളോടും വിധി നടത്തിയ പ്രായശ്ചിത്തം. സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു വേദനയിൽ മുളകു പുരട്ടിയ മറ്റൊരു പരീക്ഷണം. അവിടേയും ദൈവം ഞങ്ങളെ കൈവിട്ടില്ല. പ്രവാസി സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും നല്ലൊരു തുക ഞങ്ങൾക്കായി കരുതി വച്ചു. കാൻസർ പോരാളിയായ നന്ദു മഹാദേവയും കാൻസർ അതിജീവന കൂട്ടായ്മയായ കാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോട്ടേഴ്സും ഞങ്ങൾക്ക് പിന്തുണയുമായി കൂടെയെത്തി. പിന്നെ ഇലക്ട്രീഷ്യൻ ജോലിയിലൂടെ ഞാൻ സ്വരുക്കൂട്ടുന്ന ചെറിയ വരുമാനവും. സഹായിച്ചവരെല്ലാം ഞങ്ങളുടെ പ്രാർത്ഥനയിലുണ്ട്. ഇപ്പോൾ അൻവിത മോൾക്ക് ഒന്നര വയസായിരിക്കുന്നു. എല്ലാ കുഞ്ഞുങ്ങളേയും പോലെ കളിച്ചും ചിരിച്ചും പുഞ്ചിരിച്ചും അവള്‍ ഞങ്ങൾക്കൊപ്പമുണ്ട്. രോഗം ഭേദമായെങ്കിലും കൃത്യമായി ചെക്കപ്പും അനുബന്ധ ചികിത്സകളും നടക്കുന്നുണ്ട്. ചികിത്സ തുടങ്ങുമ്പോൾ മോളുടെ കണ്ണിൽ 27 സ്പോട്ട് ആണ് ഉണ്ടായിരുന്നത്. ആറ്‌ കീമോ എടുത്തശേഷം ഒരുമാസത്തെ ഇടവേളയിട്ട് പരിശോധിച്ചപ്പോൾ 12 പുതിയ സ്പോട്ടുകൾ കൂടി കണ്ടെത്തി. പിന്നീട് ആറ്‌ കീമോ കൂടി എടുത്തു. അപ്പോൾ സ്പോട്ട് 5 എണ്ണമായി ചുരുങ്ങി. അത്രയുമായപ്പോൾ ഡോക്റ്റർ ഇനി കീമോ വേണ്ട ലേസറും ക്രയോയും ചെയ്‌താൽ മതി എന്ന് പറഞ്ഞു. ഇപ്പോൾ നിലവിൽ ഒന്ന്, രണ്ട് സ്പോട്ടുകൾ മാത്രമാണുള്ളത്. ഈ മാസം 29ന് അടുത്ത ചെക്കപ്പിന് പോകേണ്ടതുണ്ട്.

anvitha-5

ഈ ഓട്ടത്തിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ട മറ്റൊന്നു കൂടിയുണ്ട്. അൻവിതയുടെ കുഞ്ഞേച്ചി അലംകൃതയുടെ ബാല്യം. അവൾക്കിന്ന് മൂന്നര വയസായിരിക്കുന്നു. ഈ ഓട്ടത്തിനിടയിൽ അവളെ ഒന്ന് നോക്കാൻ പോലും ഞങ്ങൾക്കായിട്ടില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പുഞ്ചിരി ഇനിയാണ് തിരികെ കൊടുക്കേണ്ടത്. ഇത്രയൊക്കെ പരീക്ഷിച്ചെങ്കിലും ഞങ്ങളുടെ കുഞ്ഞിന്റെ ജീവനു വേണ്ടിയുള്ള ഓട്ടം വെറുതെയായില്ലല്ലോ.– കണ്ണുനീർ തുടച്ച് വിനീത് പറഞ്ഞു നിർത്തി.

anvitha-3

റെറ്റിനോ ബ്ലാസ്റ്റോമ

കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന ഒരു കാൻസറാണ് റെറ്റിനോ ബ്ലാസ്‌റ്റോമ. ഇതൊരു ജനിതക രോഗമാണ്. രണ്ടു കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഒന്ന് പാരമ്പര്യമായ പ്രശ്നങ്ങളും രണ്ടാമത്തേത് ക്രോമോസോം 13ൽ മ്യൂട്ടേഷൻ ഉണ്ടായി കണ്ണുകളെ ബാധിക്കുന്നതുമാണ്. RB1 ജീൻ മ്യൂട്ടേഷൻ കാരണമാണ് റെറ്റിനോ ബ്ലാസ്റ്റോമ വരുന്നത്. ഇത് രണ്ടു തരത്തിൽ വരാം. പാരമ്പര്യമായി പകർന്നു കിട്ടുന്നതും പാരമ്പര്യേതരവും.

Tags:
  • Vanitha Exclusive