കോഴിക്കോട് കോട്ടൂളിയിലെ ‘അന്വേഷി’യുടെ ഒാഫിസ്. ഒരു കാലത്ത് കേരളത്തിന്റെ വിപ്ലവ രാഷ്ട്രീയത്തിന്റെ നായികയായി നിറഞ്ഞു നിന്നിരുന്ന കെ. അജിത ഇവിടെ എല്ലാവരുടെയും പ്രിയപ്പെട്ട ‘അജിതേച്ചി’യാണ്. അവനവനെക്കുറിച്ചു മാത്രം ടെൻഷനടിച്ച് എല്ലാവരും െനട്ടോട്ടമോടുന്ന ഈ കാലത്ത് സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന അനീതികളെ ചെറുക്കാൻ തന്റെ ജീവിതം മുഴുവനും മാറ്റി വച്ച പോരാളി. അജിതയെന്ന പേര് സമരജ്വാലയുടെ പര്യായം പോലെയാണ് മലയാളികൾക്ക്.
ക്രൂരപീഡനങ്ങൾക്കും ഗാർഹിക ആക്രമണങ്ങൾക്കും മറ്റു പല തരം അനീതികൾക്കുമിരയായി ജീവിതം വഴി മുട്ടിയ സന്ദർഭത്തിൽ അവസാനത്തെ അഭയമായി ‘അന്വേഷി’യുടെ പടി കടന്ന് സ്ത്രീകൾ വരാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇതു വരെ ‘അന്വേഷി’ എത്ര സ്ത്രീകൾക്ക് താങ്ങും തണലും ആയിട്ടുണ്ടാകും, എത്ര പേർക്ക് ജീവിതം തിരിച്ചു പിടിക്കാൻ കരുത്ത് പകർന്നിട്ടുണ്ടാകും. അതിനു കൃത്യമായ കണക്കുകളൊന്നുമില്ല. അജിതയുടെയും,‘അന്വേഷി’യുടെ ശക്തിയായി പ്രതിബദ്ധതയോടെ കാര്യങ്ങൾ ചെയ്യുന്ന ഇവിടത്തെ പ്രവർത്തകരുടെയും മുഖത്ത് വിരിയുന്ന പുഞ്ചിരിയിൽ എത്രയോ വർഷം നീണ്ട അനുഭവങ്ങളുടെ കരുത്തുണ്ട്.
‘‘സ്ത്രീകൾക്ക് വന്ന് അവരുെട വേദനകളും സങ്കടങ്ങളും പറയാൻ ഒരിടം. സ്ത്രീകൾക്ക് കരയാൻ ഒരിടം. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ ഒരിടം. അതായിരുന്നു ‘അ ന്വേഷി’ തുടങ്ങിയപ്പോൾ ഞാനുദ്ദേശിച്ചത്. സാധാരണഗതിയിൽ നമ്മുടെ സമൂഹത്തിൽ പ്രതിസന്ധികളും പ്ര ശ്നങ്ങളും നേരിടുന്ന ഒരു സ്ത്രീ ആദ്യം ഈ വിഷമങ്ങൾ അവരുെട കൂട്ടുകാരികളോടോ ബന്ധുക്കളോടോ അടുപ്പമുള്ളവരോടോ ഒക്കെ തുറന്നു പറയുകയാണ് പതിവ്. പക്ഷേ, അവൾ പങ്കിടുന്ന ഈ വേദനകൾ വൈകാതെ അവൾക്കെതിരെ തന്നെയുള്ള ഗോസിപ്പുകളായി മാറുന്നു. ഇവിടെ പക്ഷേ, ആ പ്രശ്നമില്ല. പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകൾക്ക് ഒന്നും പേടിക്കാതെ ഇവിടെ വന്ന് അവരുടെ വിഷമങ്ങൾ പങ്കിടാം. പരിഹാരം േതടാം... രാവിലെ പത്തു മണി മുതൽ അഞ്ചു മണി വരെ അന്വേഷിയുടെ ഒാഫിസ് തുറന്നിരിക്കുന്നു..’’
കാൽനൂറ്റാണ്ടിന്റെ യാത്ര
േകരളത്തിലെ ഫെമിനിസ്റ്റ് പോരാട്ടങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന അജിതയുടെ ജീവിതത്തിന് പല ഏടുകളുണ്ട്. നക്സൽ പ്രസ്ഥാനത്തിന്റെ സ്ഫോടനാത്മകമായ കാലഘട്ടത്തിലെ വിപ്ലവനായികയായിരുന്ന ചെറുപ്പകാലം. മാതാപിതാക്കളായ കുന്നിക്കൽ നാരായണന്റെയും മന്ദാകിനിയുടെയും ആദർശങ്ങളാണ് അജിതയ്ക്ക് എന്നും കരുത്തേകിയത്. ഏഴര വർഷത്തെ ജയിൽ വാസം. പിന്നീട് പുറത്തു വന്ന ശേഷമാണ് സ്ത്രീകൾക്കായി പ്രവർത്തിക്കാൻ തുടങ്ങിയത്. 1993ലാണ് അന്വേഷി തുടങ്ങിയത്. ഇപ്പോൾ 26–ാം വർഷത്തിലെത്തി നിൽക്കുന്ന ഈ യാത്രയിൽ തിരിഞ്ഞു നോക്കുമ്പോൾ അജിതയുടെ ഒാർമകളിലേക്കു പഴയ കാലം ഇരമ്പി വരുന്നുണ്ട്.
‘‘അന്വേഷി’ക്കും മുൻപ് ‘ബോധന’ എന്ന ഫെമിനിസ്റ്റ് ഗ്രൂപ്പായിരുന്നു ഞങ്ങൾ ആദ്യം തുടങ്ങിയത്. കേരളത്തിന്റെ സാമൂഹിക പുരോഗതി ഏറെ പ്രശംസിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. പക്ഷേ, ഞാൻ ചുറ്റും നോക്കിയപ്പോൾ അനുഭവപ്പെട്ടത്, ആ മാറ്റം സ്ത്രീകളുടെ സാമൂഹിക ജീവിതത്തിൽ ഒട്ടും പ്രതിഫലിക്കുന്നില്ലെന്നാണ്. സ്ത്രീകൾക്കെതിരായ അക്രമങ്ങളോ ഡൊമസ്റ്റിക് വയലൻസോ സമൂഹം ഒരു പ്രശ്നമായി കരുതുക പോലും ചെയ്തിരുന്നില്ല. വിലക്കയറ്റം, െതാഴിലില്ലായ്മ, ദാരിദ്യം ഇതൊക്കെ മാത്രമാണ് സമൂഹത്തിന്റെ പ്രശ്നമെന്നാണ് അന്നു കരുതപ്പെട്ടിരുന്നത്. ഗാർഹിക പീഡനം പുരുഷന്റെ അവകാശം പോലെ ആയിരുന്നു. മാനഭംഗം എന്നു കേട്ടാൽ സമൂഹത്തിന് പരിഹാസവും ചിരിയും.
വടക്കേ ഇന്ത്യയിൽ അന്ന് കോളിളക്കം സൃഷ്ടിച്ച മധുര ക്കേസ് (മധുരയെന്ന ആദിവാസി പെൺകുട്ടിയെ പൊലീസുകാർ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം) ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ കടുത്ത പ്രതിക്ഷേധത്തിനിടയാക്കി. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ ഇന്ത്യ മുഴുവനും പലയിടത്തായി സ്ത്രീപക്ഷത്തു നിന്ന് ചെറിയ മുന്നേറ്റങ്ങൾ ഉയർന്നു വന്നു തുടങ്ങിയിരുന്നു.
ഇന്ത്യയിലെ ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ ചേർന്നുള്ള രണ്ടാം നാഷനൽ കോൺഫറൻസിൽ എനിക്ക് പങ്കെടുക്കാൻ സാധിച്ചു. മുംബൈയിൽ വച്ചായിരുന്നു അത്. ആ അനുഭവം, എന്റെ മനസ്സിലേക്ക് വെളിച്ചം വീശുന്ന പുതിയ അനുഭവമായി. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതാക്കളായ വനിതകളും സാധാരണ പ്രവർത്തകരും െതാഴിലാളി സ്ത്രീകളുമെല്ലാം ഒന്നടങ്കം പങ്കെടുത്ത സമ്മേളനം. അവിടെയുയർന്നു കേട്ട വാക്കുകൾ, അവിടെ പ്രസരിച്ച ഉൗർജം എല്ലാം പുതിയ അനുഭവമായി. പക്ഷേ, കേരളത്തിൽ നിന്നുള്ള പങ്കാളിത്തം വളരെ കുറവായിരുന്നു. ഞാനുൾപ്പെടെ ആെക മൂന്ന് സ്ത്രീകളേ ഇവിടെ നിന്നുണ്ടായിരുന്നുള്ളൂ. പക്ഷേ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നൂറു കണക്കിന് സ്ത്രീകളാണു പങ്കെടുത്തത്. മകനെ എട്ടു മാസം ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് ഞാനതിൽ പങ്കെടുത്തത്. അവിടെ നിന്ന് മടങ്ങിയത് സ്ത്രീകൾക്കായി പലതും െചയ്യാനുണ്ടെന്ന തിരിച്ചറിവോടെയാണ്. തിരിച്ചു വന്ന ശേഷമാണ് ‘ബോധന’ തുടങ്ങിയത്. സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങൾ പൊതുപ്രശ്നമാണെന്നു പറയാനായിരുന്നു ശ്രമം.
സ്ത്രീധന പീഡന മരണങ്ങൾ അക്കാലത്ത് വളരെ കൂടുതലായി നടന്നിരുന്നു. സ്റ്റൗ പൊട്ടിത്തെറിച്ച് മരിക്കുക, വസ്ത്രത്തിനു തീപിടിച്ച് മരിക്കുക ഇങ്ങനെ... ഇതിന്റെ പിറകേ അധികം അന്വേഷണങ്ങൾ പോലും നടന്നിരുന്നില്ല. മലബാർ ഭാഗത്ത് സ്ത്രീകൾ ജോലിക്കു പോകുന്നത് പോലും തീരെ അനുവദിക്കപ്പട്ടിരുന്നില്ല. സ്ത്രീകൾ വീട്ടിലിരുന്നാൽ മതിയെന്ന കാഴ്ചപ്പാടായിരുന്നു. സ്ത്രീകൾക്കെതിരായി നടക്കുന്ന അക്രമങ്ങളെ ചെറുക്കാൻ പോരാടാനിറങ്ങിയ ഞങ്ങളെ അന്ന് സമൂഹത്തിലെ പലരും കണ്ടത് ഭ്രാന്തൻ നായ്ക്കളെ പോലെയാണ്. കുറ്റപ്പെടുത്തലുകളും നിന്ദിക്കലും ധാരാളമുണ്ടാെയങ്കിലും ഞങ്ങൾ പതറിയില്ല.’’
കേരളത്തെ പിടിച്ചുലച്ച സംഭവങ്ങൾ
കേരളത്തെ പിടിച്ചുലച്ച ഒരുപാട് കേസുകളിൽ ‘അന്വേഷി’ അതിശക്തമായ നിലപാടുകൾ എടുത്തിട്ടുണ്ട്. അല്ലെങ്കിൽ, ഈ ശക്തമായ നിലപാടുകളാവാം തേഞ്ഞു മാഞ്ഞുപോകുമായിരുന്ന ആ കേസുകളിലേക്കു സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചത്. ബോധന തുടങ്ങിയ കാലത്തെ കുഞ്ഞീബി കേസ് അജിതയ്ക്ക് മറക്കാനാകാത്ത സംഭവമാണ്.
‘‘ഞങ്ങളേറ്റെടുത്ത ആദ്യത്തെ പ്രധാന േകസ് കുഞ്ഞീബി സംഭവമായിരുന്നു. കുഞ്ഞീബിയെന്ന, കോഴിക്കോട്ടെ െതരുവുകളിൽ വേശ്യാവൃത്തി ചെയ്തു ജീവിച്ചിരുന്ന ഒരു സ്ത്രീ ഇവിടുത്തെ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ മരണപ്പെട്ടു. ആ മരണം ആത്മഹത്യയാണെന്നാണ്െപാലീസ് ഭാഷ്യമെങ്കിലും കുഞ്ഞീബി പീഡനത്തിനിരയായി െകാല ചെയ്യപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം, അന്നത്തെ ബംഗ്ളാദേശ് കോളനിയിെല താമസക്കാരായ അവളുെട കൂട്ടുകാരികൾ എന്നോട് പല സത്യങ്ങളും തുറന്ന് പറഞ്ഞിരുന്നു. കുഞ്ഞീബിയുടെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കാനാവശ്യപ്പെട്ട് ഞങ്ങൾ പ്രക്ഷോഭം തുടങ്ങി. കുറ്റക്കാരായ െപാലീസ് ഉദ്യോഗസ്ഥരെ പിന്നീട് സസ്പെൻഡ് ചെയ്തു.
മലബാർ ഭാഗത്ത്, സ്ത്രീധനമരണത്തെക്കുറിച്ചുള്ള പത്ര വാർത്തകൾക്കു പിന്നാലെ പോയി അന്വേഷണം നടത്തുന്നതും ഏറ്റെടുത്തു. ആ മരണത്തിലെ അനീതി പുറത്തു െകാണ്ടു വരാനും ശക്തമായ നിലപാടെടുക്കാനും നാട്ടുകാരെ ഉദ്ബോധിപ്പിച്ചു. ആക്‌ഷൻ കമ്മിറ്റികളുണ്ടാക്കി. അങ്ങനെ നൂറു കണക്കിനു കേസുകളിൽ ഇടപെട്ടിട്ടുണ്ട്. മാവൂർ ഗ്വാളിയർ റയോൺസ് പൂട്ടിയപ്പോൾ അവിടത്തെ തൊഴിലാളികളുെട ജീവിതം വഴിമുട്ടിയിരുന്നു. നിരവധി ആത്മഹത്യകളാണ് അതിന്റെ പേരിൽ നടന്നത്. അതിനെതിരെയും ശബ്ദമുയർത്തി തൊഴിലാളി കുടുംബങ്ങളെ സംഘടിപ്പിക്കാൻ സാധിച്ചു.
സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ നാലാം ദേശീയ സ മ്മേളനം നടന്നത് കോഴിക്കോടായിരുന്നു. ശക്തമായ പ്രകടനം ഞങ്ങൾ കോഴിക്കോട് നടത്തി. വൈകാതെ ചില ആശയ പരമായ പ്രശ്നങ്ങളുടെ പേരിൽ ബോധന പിരിച്ചു വിട്ടു. പിന്നീട് കുറച്ചു കാലം ഞാൻ പ്രവർത്തിക്കാതിരുന്നു. അതിനു ശേഷം നവോദയ മഹിളാ സമാജത്തിലൂടെ ചെറിയ ചില പ്രവർത്തനങ്ങൾ തുടങ്ങി. മഹിളാ സമാജത്തിന് ഒരു െകാച്ചു െടയ്‌ലറിങ് ഷോപ്പ് ഉണ്ടായിരുന്നു. അവിടെ സ്ത്രീകൾ വന്ന് അവരുടെ പ്രശ്നങ്ങളൊക്കെ പറയുക പതിവായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ തോന്നി, ഈ പരാതികൾ കൈകാര്യം ചെയ്യണമെങ്കിൽ, പൊലീസും നാട്ടുകാരും ആ പ്രവർത്തനങ്ങളെ അംഗീകരിക്കണമെങ്കിൽ ഒരു സംഘടന വേണമെന്ന്. അങ്ങനെയാണ് 1993–ൽ അന്വേഷി തുടങ്ങുന്നത്.
തുടക്കക്കാലത്തെ ഒരു കേസ് ഒാർമയുണ്ട്. ഒരു സ്ത്രീ കരഞ്ഞുകൊണ്ട് ഞങ്ങളുടെ ഒാഫിസിലേക്ക് ഒാടി വന്നു. ഭർത്താവ് അവരുടെ പിന്നാലെയുണ്ട്. അയാൾ അവരെ വഴിയിലിട്ട് മർദിക്കുകയായിരുന്നു. അവരുടെ കേസ് ഞങ്ങളേറ്റെടുത്തു. ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി. പിന്നീട് അവർ ഭർത്താവുമായി പിരിഞ്ഞു. ശാന്ത എന്ന ആ സ്ത്രീ ഇന്നും ‘അന്വേഷി’യുടെ അംഗമാണ്. അതുപോലെ, ‘അന്വേഷി’യിലൂടെ ജീവിതം തിരിച്ചു പിടിച്ചിട്ട് ഈ പ്രസ്ഥാനത്തിന് ഇന്നും പിന്തുണയോടെ നിൽക്കുന്ന പല സ്ത്രീകളുമുണ്ട്.’’
ഈ കാൽ നൂറ്റാണ്ടിനിടെ കണ്ട സ്ത്രീമുഖങ്ങൾ, ‘അന്വേഷി’ ഏറ്റെടുത്ത കേസുകൾ... അവ െപട്ടെന്ന് ഒാർത്തെടുക്കാൻ സാധിക്കുന്നതിനും അപ്പുറമാണ് അജിതയ്ക്ക്. ഗൾഫ് മനുഷ്യക്കടത്ത് റാക്കറ്റിന്റെ പിടിയിലായ പെൺകുട്ടികളുടെ മോചനവും പുനരധിവാസവും, പരിസ്ഥിതി പ്രവർത്തനം, ആദിവാസി ക്ഷേമ പ്രവർത്തനം... ഇങ്ങനെ ആ പ്രവർത്തനങ്ങൾ നീളുന്നു.
വിവാദമായ പല കേസുകളിലും ‘അന്വേഷി’ കരുത്തുള്ള നിലപാടെടുത്തു. െഎസ്ക്രീം പാർലർ കേസ് അത്തരത്തിലൊന്നായിരുന്നു. പലപ്പോഴും രാഷ്ട്രീയ പരമായ ഇടപെടലുകൾ സ്ത്രീ പീഡന കേസുകളെ തേച്ച് മായ്ച്ച് ഇല്ലാതാക്കുന്നതു കണ്ട് ദുഃഖം തോന്നിയിട്ടുണ്ടെന്ന് അജിത. സ്ത്രീപ്രശ്നങ്ങളിൽ ഇടപെടുക മാത്രമല്ല അന്വേഷി ചെയ്യുന്നത്. പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസലിങ്ങും മാനസിക പിന്തുണയും നൽകുന്നു. കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ലീഗൽ എയ്ഡ് സെല്ലിലേക്ക് അയയ്ക്കുകയാണ് പതിവ്.
കമ്യൂണിറ്റി വർക്കിന്റെ ഭാഗമായി സെമിനാറുകളും ശിൽപശാലകളും ഹെൽത് പ്രോഗ്രാമുകളും കൗമാര വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 2005–ൽ പാർലമെന്റ് പാസാക്കിയ ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമപ്രകാരം അന്വേഷിയെ സേവന ദാതാവായി സർക്കാർ അംഗീകരിച്ചു. സർക്കാരിന്റെ കീഴിൽ 2014 മുതൽ തുടങ്ങിയ ‘നിർഭയ’ ഹോമിന്റെ (കോഴിക്കോട് ജില്ലയിലെ) പ്രവർത്തനവും അന്വേഷിയെ ആണിപ്പോൾ ഏൽപിച്ചിരിക്കുന്നത്. സംഘടിത എന്ന മാഗസിനും സത്രീകൾക്കായി പ്രസിദ്ധീകരിക്കുന്നുണ്ട്.
കൃത്യമായൊരു ഫണ്ട് ഇല്ലാത്തതാണ് അന്വേഷി നേരിടുന്ന ഒരു വലിയ പ്രശ്നമെന്ന് അജിത പറയുന്നു. ‘‘1993 മുതൽ 2000 വരെ ഞങ്ങൾ പ്രവർത്തിച്ചത് ഗവൺമെന്റിന്റെ ഒരു ഫണ്ടും ഇല്ലാതെയായിരുന്നു. 2003 മുതലാണ് ഫണ്ട് ലഭിച്ചത്. ഇവിടുത്തെ സ്റ്റാഫിന് കൃത്യമായി ശമ്പളം പോലും കൊടുക്കാൻ സാധിക്കാതെ വന്നിട്ടുണ്ട് ചിലപ്പോഴൊക്കെ. പക്ഷേ, ശമ്പളത്തിനു വേണ്ടി മാത്രമല്ല അവരൊന്നും അന്വേഷിക്കായി പ്രവർത്തിക്കുന്നത്. പ്രതിബദ്ധത കൊണ്ടാണ്. ഇരുപതു വർഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നവരുണ്ട്...’’
ഷോർട്ട് സ്റ്റേ ഹോം എന്ന സ്വപ്നം
പീഡനങ്ങളും അക്രമങ്ങളും ഏറ്റുവാങ്ങുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പോകാനൊരിടമില്ലാത്ത അവസ്ഥയുണ്ട് നമ്മുടെ നാട്ടിൽ. അങ്ങനെ പലരും ആത്മഹത്യയുടെ വക്കിലാകുന്നുണ്ട്. ഇതു മനസ്സിലാക്കിയപ്പോഴാണ് ഷോർട്ട് സ്റ്റേ ഹോം എന്ന ആശയം അജിതയുടെ മനസ്സിൽ വന്നത്. 2003– ൽ ആ സ്വപ്നം യാഥാർഥ്യമായി. ഒരു വാടകവീടെടുത്താണ് തുടങ്ങിയതെങ്കിലും ഇപ്പോൾ ഗ്രാന്റിന്റെ സഹായത്തോടെ സ്വന്തമായൊരു കെട്ടിടം നിർമിക്കാൻ സാധിച്ചു.
‘‘ഗാർഹികപീഡനം തടയാനും ഷോർട്ട് സ്റ്റേ ഹോം സ ഹായകരമാകുന്നു. സ്ഥിരമായി ഭാര്യയെ ആക്രമിക്കുന്ന പുരുഷൻ വിചാരിക്കുന്നത്, എത്ര മർദനം സഹിച്ചാലും അവൾ ഇവിടെ തന്നെ കിടന്നോളും, എങ്ങോട്ടു പോകാനാണെന്നാണ്. പക്ഷേ, അവൾക്ക് അഭയമായി ഒരിടമുണ്ട്, ഇനിയും ആക്രമിച്ചാൽ അവൾ അങ്ങോട്ടേക്കു പോകും എന്നോർത്താൽ ഇവർക്കു കുറച്ചു പേടി വരും. ഷോർട്ട് സ്റ്റേ ഹോമിൽ ഞങ്ങൾ സ്ത്രീകളെ നിർബന്ധിച്ചു നിർത്താറില്ല. അവരുെട ഇഷ്ടപ്രകാരമാണ് നിൽക്കുന്നത്. ചിലപ്പോൾ ഏതാനും ദിവസത്തേക്കാവാം. ചിലപ്പോൾ മാസങ്ങളോളമാകാം. അമ്മമാരോടൊപ്പം കുട്ടികളെയും നിൽക്കാനനുവദിക്കും. പക്ഷേ, 10 വയസ്സ് കഴിഞ്ഞ ആൺകുട്ടികളെ ഇവിടെ താമസിപ്പിക്കാറില്ല...’’
ഇനിയും പലതും ചെയ്യാനുണ്ട്
കെ. അജിത എന്ന പേര് പതറാത്ത ധൈര്യത്തിന്റെ പര്യായമാണ് മലയാളികൾക്ക്. എപ്പോഴെങ്കിലും തളർച്ച തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അജിത പറഞ്ഞു: ‘‘മുൻപ് ഞാൻ റിസ്കുകൾ ഏറ്റെടുക്കാൻ വളരെ മിടുക്കിയായിരുന്നു. റിസ്കുകൾ ഏറ്റെടുക്കുമ്പോൾ ജയിക്കുമോ തോൽക്കുമോ എന്ന് നോ ക്കാറില്ലായിരുന്നു. പക്ഷേ, ഇന്ന് ശാരീരികമായ തളർച്ച എന്റെ മനസ്സിനെയും ബാധിച്ചിട്ടുണ്ട്. രണ്ട് ആക്സിഡന്റുകൾ ഉണ്ടായി. 2009ൽ ഒരു സ്കൂട്ടർ ആക്സിഡന്റ്, 2013ൽ ഒരു കാർ ആക്സിഡന്റ്. രണ്ടാമത്തെ ആക്സിഡന്റോടെ ശരീരത്തിന്റെ ആരോഗ്യം പാതി പോയതു പോലെ. ഇപ്പോൾ പഴയ പോെല യാത്ര പോകാനൊന്നും വയ്യ...’’
ജയിൽവാസക്കാലം ഇന്ന് ഒാർക്കാറുണ്ടോ എന്നന്വേഷിച്ചപ്പോൾ അജിതയുടെ മുഖത്ത് സ്മരണകൾ തിരയടിച്ചു:‘‘ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമല്ലേ അത്. അന്ന് എന്റെ പൊളിറ്റിക്കൽ കൺവിക്‌ഷൻ തന്നെയാണ് ശക്തി തന്നത്. ജയിലിലേക്ക് അമ്മ പതിവായി കത്തയയ്ക്കുമായിരുന്നു. അമ്മ എന്റെ ശക്തിയായിരുന്നു. അച്ഛൻ പകർന്നു തന്നത് ആദർശവും. എന്റെ വിവാഹശേഷം, എന്റെ രണ്ട് മക്കളെയും (ഗാർഗി, ക്ലിന്റ്) വളർത്തി വലുതാക്കിയത് അമ്മയാണ്.’’
ആഗ്രഹിച്ചതു പോലെയൊരു മാറ്റം സമൂഹത്തിനു വന്നോ? അജിതയുടെ മനസ്സിൽ സംതൃപ്തി തോന്നുന്നുണ്ടോ?
‘‘നൂറ്റാണ്ടുകളുെട വേരുകളുള്ള പുരുഷാധിപത്യ സിസ്റ്റത്തോടാണു ഞങ്ങൾ പോരാടുന്നത്. ഞങ്ങൾ പ്രവർത്തനം തുടങ്ങുന്ന കാലത്തെക്കാൾ മാറ്റങ്ങൾ ഏറെ വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. ഇന്ന്, ഒരു സ്ത്രീ പ്രശ്നം നേരിടുന്നുണ്ടെന്ന് നമ്മൾ പറഞ്ഞാൽ അതു കേൾക്കാൻ പൊലീസും സമൂഹവും തയാറാകുന്നുണ്ട്. നമ്മൾ വിളിച്ചാൽ ഗൗരവത്തോടെയെടുക്കും. ഇനിയും ഒരുപാട് മാറ്റം വരാനുണ്ട്. ഇപ്പോഴും സ്ത്രീപീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും തുടരുന്ന വാർത്തകളറിയുമ്പോൾ വേദന തോന്നുന്നുണ്ട്. അതേ പോലെ, ഇന്ത്യയിലെ ഇപ്പോഴത്തെ പൊളിറ്റിക്കൽ സാഹചര്യം, വർധിച്ചു വരുന്ന മതവർഗീയത, അസഹിഷ്ണുത... ഇതെല്ലാം എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും, സ്ത്രീകൾക്കായി എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നു തോന്നുന്നു....’’