Tuesday 24 September 2019 12:38 PM IST

ഇടം കണ്ണില്ല, ശരീരം മുറിഞ്ഞാൽ രക്തസ്രാവം നിലയ്ക്കില്ല; വിധിക്ക് ‘അതീതനായി’ സജീവൻ

Sruthy Sreekumar

Sub Editor, Manorama Arogyam

atheeth

വിജയങ്ങളും നേട്ടങ്ങളും എല്ലാവർക്കും ഉണ്ടാകും. എന്നാൽ സ്വന്തം പരിമിതികളെ േതാൽപിച്ച്, രാജ്യത്തെ തന്നെ ചുരുക്കം വ്യക്തികൾ മാത്രം സ്വന്തമാക്കിയിട്ടുള്ള നേട്ടം കൈപ്പിടിയിലൊതുക്കിയ വ്യക്തിയെ എന്തു വിളിക്കണം? ആ പ്രതിഭയെ നമുക്ക് അതീത് സജീവൻ എന്നു വിളിക്കാം. കാഴ്ചപരിമിതി മറികടന്ന് ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 737–ാം റാങ്ക് നേടിയ മിടുമിടുക്കൻ. ചെറിയ െചറിയ കുറവുകളെ മറയാക്കി വിദ്യാഭ്യാസകാര്യത്തിലോ െതാഴിൽരംഗത്തോ മുന്നേറാൻ മടി കാട്ടുന്നവർക്ക് അതീത് ഒരു പാഠപുസ്തകമാണ്. വിജയത്തിലേക്കുള്ള വഴി അതീത് മനോരമ ആേരാഗ്യം വായനക്കാരുമായി പങ്കുവയ്ക്കുന്നു.

കാഴ്ച എന്ന പരിമിതി

അച്ഛന്റെയും അമ്മയുെടയും ഏക മകനാണ് ഞാൻ. അച്ഛൻ സജീവൻ വക്കീലാണ്. അമ്മ ചാന്ദ്നി േകാഴിക്കോട് മെഡിക്കൽ േകാളജിലെ േഡാക്ടറും. മാസം തികയാതെയാണ് അമ്മ എന്നെ പ്രസവിച്ചത്. അതിന്റേതായ കുറച്ചു പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്റെ ഇടത്തെ കണ്ണിനു കാഴ്ച ഇല്ല. വലത്തേ കണ്ണിന് മൈനസ് 18.5 പവറും. അതുകൂടാതെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവാണ്. രക്തം കട്ടപിടിക്കാൻ പ്രയാസമാണ്. എന്റെ പരിമിതികൾ പാഠ്യേതര പ്രവർത്തനങ്ങൾക്കു തടസ്സമായിരുന്നു. കുട്ടികളെല്ലാം വിവിധ ആക്ടിവിറ്റികൾക്കായി ടീച്ചർമാർക്കൊപ്പം േപാകുമ്പോൾ ക്ലാസിൽ പലപ്പോഴും ഞാൻ ഒറ്റയ്ക്കായിരിക്കും. ഒറ്റപ്പെടലിന്റെ വേദന ശരിക്കും അനുഭവിച്ചിട്ടുണ്ട്. സ്കൂളിലായാലും ആദ്യ ബഞ്ചിലായിരിക്കും സ്ഥാനം. പുറകിൽ ഇരുന്നാൽ ടീച്ചർമാർ േബാർഡിൽ എഴുതുന്നതൊന്നും കാണാൻ കഴിയില്ല. ടീച്ചർമാരൊക്കെ നന്നായി സഹായിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ പരീക്ഷാ സമയത്തും ചികിത്സയ്ക്കു േപാകേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. േകാഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് നല്ല മാർക്കോെട തന്നെ പ്ലസ് ടു പാസായി.

നിയമത്തിന്റെ വഴി പ്ലസ് ടുവിന് ഹ്യുമാനിറ്റിസ് ആയിരുന്നു. ഉപരിപഠനത്തിന് നാഷനൽ ലോ സ്കൂളോ ഐഐടി മദ്രാസിന്റെ സോഷ്യൽ സയൻസൊ ആയിരിക്കണമെന്ന് തീരുമാനിച്ചിരുന്നു.രണ്ട് എൻട്രൻസുകളും എഴുതി. രണ്ടിലും മികച്ച റാങ്കുണ്ടായിരുന്നു. ഒടുവിൽ ബെംഗളൂരൂ നാഷനൽ ലോ സ്കൂളിൽ നിയമ പഠനത്തിനു േചർന്നു. അഞ്ച് വർഷത്തെ േകാഴ്സ് ആണ്. നാലാം വർഷം പഠിക്കുമ്പോഴാണ് സിവിൽ സർവീസിനു ശ്രമിച്ചാലോ എന്നു േതാന്നുന്നത്. ആരും അതു നിർദേശിച്ചിട്ടല്ല. എന്തോ... ശ്രമിക്കണമെന്നു തോന്നി. േകാളജിൽ നിന്നും നല്ല പിന്തുണയുണ്ടായിരുന്നു. അച്ഛനും അമ്മയും പിന്തുണച്ചെങ്കിലും േകാളജിൽ പ്ലേസ്മെന്റ് നടക്കുന്ന സമയത്ത് മറ്റൊരു മേഖലയിലേക്കു തിരിയുന്നത് റിസ്ക് അല്ലേ എന്ന ചിന്ത അവർക്കുണ്ടായിരുന്നു. എന്നാലും അവർ നോ പറഞ്ഞില്ല. കൂടാതെ അമ്മയുെട അച്ഛനും അമ്മയും അച്ഛന്റെ അമ്മയും മറ്റു കുടുംബാംഗങ്ങളും പഠനത്തിന് പൂർണ പിന്തുണ നൽകിയിരുന്നു.

ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. പ്രത്യേക േകാച്ചിങ്ങിനൊന്നും പോയില്ല. ഒാൺലൈൻ വിഡിയോ ഒക്കെ നോക്കിയായിരുന്നു പഠനം. ബെംഗളൂരുവിലായിരുന്നു പരീക്ഷ എഴുതിയത്. എഴുതി കഴിഞ്ഞപ്പോൾ കിട്ടാൻ ചാൻസ് ഉണ്ടെന്നു േതാന്നി. അതുെകാണ്ട് തന്നെ പ്രിലിമിനറി കഴിഞ്ഞുടൻ മെയിൻ പരീക്ഷയ്ക്കു തയാറെടുപ്പു തുടങ്ങി.

ats

സ്വന്തം കോച്ചിങ്

കോഴിക്കോട് വീട്ടിലായിരുന്നു പഠനമൊക്കെ. തിരുവനന്തപുരത്തുവച്ചായിരുന്നു െമയിൻ പരീക്ഷ. അതു കടന്നു കിട്ടുമോ എന്ന് ഉറപ്പില്ലായിരുന്നു. കിട്ടിയില്ലെങ്കിലും ഒരു തവണ കൂടി ശ്രമിച്ചുനോക്കാം എന്നു തീരുമാനിച്ചിരുന്നു. മെയിൻ പരീക്ഷയുെട റിസൽറ്റ് വരുന്ന ദിവസം നല്ല ടെൻഷൻ ഉണ്ടായിരുന്നു. എല്ലാവരുെടയും ആഗ്രഹം പോെല പരീക്ഷയ്ക്കു ജയിച്ചു.

പ്രിലിമിനറി, മെയിൻ പരീക്ഷകളുെട തലേദിവസം റിലാക്സ് ആയി ഇരിക്കും. 1–2 മണിക്കൂർ മാത്രം പഠിക്കും. ബാക്കി സമയം മനസ്സിനെ ഫ്രഷ് ആക്കാൻ പുസ്തകങ്ങളോ ഒാൺലൈനിൽ ലേഖനങ്ങളോ വായിക്കും. ഇന്റർവ്യൂവിനു തയാറെടുക്കുന്ന സമയം കേരള സിവിൽ സർവീസസ് അക്കാദമിയിലെ പരിശീലനവും അരുൺ എന്ന സാറിന്റെ ക്ലാസും ഗുണം െചയ്തു. ഇന്റർവ്യൂവിൽ ആദ്യദിനത്തിലെ ആദ്യ ഉദ്യോഗാർഥി ഞാനായിരുന്നു. സൗഹൃദപരമായ ചർച്ചയായിരുന്നു. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ െസലക്റ്റ് ആകുമെന്ന് പ്രതീക്ഷ ഉണ്ടായി. ഒടുവിൽ റിസൽറ്റ് വന്നപ്പോൾ 737–ാം റാങ്ക്. ഐഎഫ്എസ് ആയിരുന്നു ആഗ്രഹം. അലോട്മെന്റ് ആയിട്ടില്ല. ഇപ്പോൾ ഫ്രഞ്ച് പഠിക്കാനായി ഡൽഹിയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ േചർന്നിരിക്കുകയാണ്.

at-1

ബുദ്ധിമുട്ടുകളെ മറികടന്ന്

കാഴ്ചപരിമിതി ഉള്ളതുെകാണ്ട് സിവിൽ സർവീസ് പഠനത്തിനിെടയും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. കണ്ണട ഉപയോഗിച്ചാലും ചെറിയ അക്ഷരങ്ങൾ വായിച്ചെടുക്കാൻ പ്രയാസമാണ്. അതിനാൽ പഠനവുമായി ബന്ധപ്പെട്ട വിഡിയോകൾ ധാരാളം കാണും. പിന്നെ ഇന്റർനെറ്റിലെ പാഠങ്ങൾ. കംപ്യൂട്ടർ ആകുമ്പോൾ നമ്മുെട സൗകര്യത്തിനനുസരിച്ച് അക്ഷരങ്ങൾ വലുതാക്കി വായിക്കാൻ കഴിയും. സിവിൽ സർവീസിലെ നേട്ടത്തിനുശേഷം ധാരാളം അനുമോദനയോഗങ്ങളിൽ പങ്കെടുത്തു. സംസ്ഥാന ആേരാഗ്യമന്ത്രി ഷൈലജ ടീച്ചർ എന്നെ കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടു. ഇതെല്ലാം അറിഞ്ഞ് ഇത്തരം വൈകല്യങ്ങൾ ഉള്ള ഒരുപാട് പേർ വിളിച്ചു. അവർക്കും ഇങ്ങനെ നേട്ടങ്ങൾ സ്വന്തമാക്കാനാകുമോ എന്നൊക്കെ േചാദിക്കും. എനിക്കതു സാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും അതിനു കഴിയും എന്നാണ് ഞാൻ അവരോടെല്ലാം പറയാറ്. നമ്മൾ മറ്റുള്ളവർക്ക് പ്രചോദനമാകുക എന്നത് തന്നെ വലിയ ഒരു ബഹുമതി അല്ലേ...