Friday 13 December 2019 05:49 PM IST

സിനിമയുടെ കച്ചവടതന്ത്രങ്ങൾ മെനയുന്ന പെണ്ണ്; ആർജെ കൊച്ച് പിആറിൽ ഗിന്നസ് നേടിയ കഥ

Binsha Muhammed

ap

സിനിമയുടെ ടൈറ്റിൽ കാര്‍ഡിൽ പിആർഒ എന്നതിനൊപ്പം സ്ഥിരമായി കണ്ടിരുന്ന പേരുകളുടെ സ്ഥാനത്ത് ഇപ്പോള്‍ തെളിഞ്ഞു കാണുന്നൊരു പേരുണ്ട്, ആതിര ദിൽജിത്ത്! ആണുങ്ങളുടെ കുത്തകയായിരുന്ന മേഖലയിലേക്ക് പ്രൊഫഷണലിസത്തിന്റെ പുത്തൻ ആശയങ്ങളുമായി കടന്നു വന്ന പെൺപേരുകളിൽ പ്രധാനി. ആർ.ജെയിൽ നിന്നു തുടങ്ങി, സിനിമയുടെ പരസ്യ പ്രചാരകയെന്ന പുതിയ വേഷത്തിലെത്തിയപ്പോഴും തൊട്ടതെല്ലാം പൊന്നൊക്കുകയാണ് ഈ ചേറായിക്കാരി. കോടികൾ മറിയുന്ന സിനിമാവ്യവസായത്തിൽ ‘കച്ചവടതന്ത്രങ്ങൾ മെനയാനൊരു പെണ്ണോ?’ എന്ന് ചോദിച്ചവർക്ക് ആതിര മറുപടി പറയുന്നത് എണ്ണം പറഞ്ഞ സിനിമകളിലൂടെ. ഒടിയനും ഗ്രേറ്റ് ഫാദറും കുമ്പളങ്ങി നൈറ്റ്സും തുടങ്ങി പുറത്തിറങ്ങിയ മാമാങ്കം വരെയുള്ള ചിത്രങ്ങളുടെ പ്രചാരകയുടെ റോളിൽ താരപരിവേഷത്തോടെ ഈ പെൺ സാന്നിദ്ധ്യമുണ്ട്. നേട്ടങ്ങളും മികവുകളും ആതിരയെ പുതിയ സിനിമകളുടെ അണിയറയിലേക്ക് വീണ്ടുമെത്തിച്ചപ്പോൾ അസൂയപ്പെടുത്തുന്ന മറ്റൊരു അംഗീകാരം കൂടി തേടിയെത്തി. ഗോകുലം ഗോപാലൻ നായകനാകുന്ന ‘നേതാജി’ എന്ന ചിത്രത്തിലൂടെ ഗിന്നസ് ബുക്കില്‍ പരാമർശം. സിനിമയെന്ന കച്ചവട മാധ്യമത്തെക്കുറിച്ചും അതിലെ പിആർ സാധ്യതകളെക്കുറിച്ചും ആതിര സംസാരിക്കുകയാണ് ‘വനിത ഓൺലൈനിനോട്’.

555

സിനിമാ കുടുംബം

ആവശ്യമായ ചേരുവകളും രുചിയും മണവുമൊക്കെ ചേർത്തൊരുക്കിയ വിഭവം യഥാവിധം ആവശ്യക്കാരെ കണ്ടെറിഞ്ഞ് വിളമ്പുന്നതു പോലെയാണ് സിനിമയിലെ പിആർ ജോലി. സിനിമയുടെ മൂഡും പ്രമേയവും സ്വീകാര്യതയും അളന്ന് കുറിച്ച് അതിനു വേണ്ട പരസ്യതന്ത്രങ്ങൾ ഒരുക്കി പ്രേക്ഷകർക്ക് വിളമ്പുക എന്നത് നിസാര കാര്യമല്ല. സിനിമയെ കൊള്ളാനും തള്ളാനും ഏറ്റെടുക്കാനും വിമർശിക്കാനും പാകത്തിലുള്ള, വിവേചന പൂർവം സമീപിക്കുന്ന പ്രബുദ്ധരാണ് നമ്മുടെ പ്രേക്ഷകർ. അവർക്കു മുന്നിലേക്ക് ഓരോ സിനിമയേയും അത് അർഹിക്കുന്ന പ്രാധാന്യത്തോടെ എത്തിക്കുക എന്ന ജോലിയാണ് ഞങ്ങൾ പിആറുമാർക്ക് ഉള്ളത്– ആതിര പറഞ്ഞു തുടങ്ങി.

a3

സിനിമ മേഖല സ്വപ്നമായിരുന്നോ ലക്ഷ്യമായിരുന്നോ എന്നൊക്കെ പറയുന്നതിനേക്കാളും സിനിമ എന്റെ രക്തത്തിൽ ഉണ്ടായിരുന്നു എന്ന് പറയുന്നതാകും ശരി. അച്ഛൻ പ്രദീപ് കുമാർ 35 വർഷമായി സിനിമ വിതരണ രംഗത്ത് പ്രവർത്തിക്കുന്നു. ശ്രീമുരുഗൻ എന്നാണ് വിതരണ കമ്പനിയുടെ പേര്. കുഞ്ഞു നാളിലെ അച്ഛനൊപ്പം ലൊക്കേഷനിലൊക്കെ പോയത് കൗതുകമുള്ള ഓർമയാണ്. കരിയർ തുടങ്ങിവച്ചത് മാധ്യമമേഖയിൽ ആർജെ, അവതാരക എന്നിങ്ങനെയുള്ള വേഷങ്ങളിൽ. മാധ്യമങ്ങളിൽ പയറ്റിത്തെളിയവേ, ഭർത്താവ് ദിൽജിത്താണ് സിനിമ പിആർ മേഖലയിലെ സാധ്യതയെക്കുറിച്ച് പറയുന്നത്. ദിയാസ് ഐഡിയ ഇൻക്യൂബേറ്ററ്‍ എന്ന കമ്പനി സ്റ്റാർ‌ട്ട് ചെയ്യുന്നത് അങ്ങനെയാണ്. സ്വതന്ത്രമായി ഒരു വിഡിയോ ചെയ്തു കൊണ്ടായിരുന്നു തുടക്കം. ചൈൽഡ് അബ്യൂസിനെതിരെ ‘ഹാപ്പി ന്യൂ ഇയർ’ എന്ന പേരിലാണ് ആ വിഡിയോ റിലീസ് ചെയ്തത്. അതിനുശേഷം രണ്ടു മൂന്നു പരസ്യങ്ങൾ ചെയ്തു.

സ്വപ്നങ്ങൾ തളിർക്കുമ്പോൾ

നിർമ്മാതാവ് സോഫിയ പോളിന്റെ കൊച്ചി പനങ്ങാടുള്ള ഷോപ്പിന്റെ പരസ്യത്തെക്കുറിച്ച് സംസാരിക്കാൻ പോയിരുന്നു. അപ്പോൾ അവർ മോഹൻലാലിനെ വച്ച് മുന്തിരിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രം ചെയ്തു വരികയായിരുന്നു. പരസ്യത്തിന്റെ ചർച്ചകൾക്കിടെ സോഫിയ ചേച്ചിയാണ് മുന്തിരിവള്ളിയുടെ പിആർ–പരസ്യ സാധ്യതകളെ കുറിച്ച് ചോദിക്കുന്നത്. ആ ചോദ്യം ഒരു വഴിത്തിരിവായി. സിനിമയിലെ പിആർഒ എന്ന മേൽവിലാസത്തിന് തുടക്കമിടുന്നത് അങ്ങനെയാണ്.

a5

ജീവിതത്തിലെ ലാലേട്ടൻ ഇഫക്റ്റ്

ലൈഫിലെ ടേണിംഗ് പോയിന്റുകളിലെല്ലാം ലാലേട്ടന്റെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. ഭർത്താവ് ആലുവ യുസി കോളജിലെ ചെയർമാൻ ആയിരുന്നു. യൂണിയൻ ഉദ്ഘാടനത്തിന് വന്നത് ലാൽ സാർ ആയിരുന്നു. പിന്നീട് ചൈൽഡ് അബ്യൂസിനെതിരെ ഞാൻ ചെയ്ത ഹ്രസ്വചിത്രം പൂർത്തിയാക്കാനായി ബൈറ്റ് തന്നതും ലാൽ സാർ ആയിരുന്നു. ഒടുവിൽ ആദ്യ സിനിമ പിആർ ചെയ്യാനിറങ്ങുമ്പോഴും ചെന്ന് നിന്നത് ലാലേട്ടൻ ചിത്രത്തിൽ. പുലിമുരുകൻ എന്ന് ബ്ലോക്ബസ്റ്ററിനു ശേഷം ലാലേട്ടൻ ചെയ്യുന്ന ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ആ ചിത്രം പിആർ ചെയ്യുക എന്നത് ചെറിയ കാര്യമല്ല. പുലിമുരുകൻ ഒരു പക്കാ എന്റർടെയിനർ ആയിരുന്നെങ്കിൽ മുന്തിരിവള്ളികൾ ഒരു കംപ്ലീറ്റ് ഫാമിലി മൂവി ആയിരുന്നു. അതിനിണങ്ങുന്ന പരസ്യ സാധ്യതകൾ തേടുക എന്നതായിരുന്നു വെല്ലുവിളി.

g ഗിന്നസ് പരാമർശം ലഭിച്ചപ്പോൾ

എഫ്എമ്മുമായി ചേർന്ന് ഡിന്നർ വിത്ത് മോഹൻ ലാൽ എന്ന രീതിയിലുള്ള പ്രമോഷൻ പ്രോഗ്രാം ചെയ്തു. അന്ന് ലാൽ സാറിന്റെ ബൈറ്റെടുത്ത് 10,12 ദിവസത്തെ ക്യാംപെയിൻ നടത്തി വിജയികൾക്ക് ഡിന്നർ നൽകിയതും ശ്രദ്ധയാകർഷിച്ചു. സിനിമയുടെ ഓഡിയോ ലോഞ്ചിലും കൊണ്ടു വന്നു വ്യത്യസ്തത. മുന്തിരി തീം ബേസ് ചെയ്തായിരുന്നു ഫങ്ഷൻ സംഘടിപ്പിച്ചത്. മോഹൻലാലിന്റേയും മീന മാമിന്റേയും കോസ്റ്റ്യൂമിൽ മുന്തിരി തീം പരീക്ഷിച്ചു. ബെംഗളൂരുവിൽനിന്ന് യഥാർഥ മുന്തിരിക്കുലകളൊക്കെ കൊണ്ടുവന്നായിരുന്നു അന്ന് ഓഡിയോ ലോഞ്ച് വേദി ഡിസൈൻ ചെയ്തത്. അതും ശ്രദ്ധിക്കപ്പെട്ടു.

അതിനു ശേഷം മമ്മൂക്കയുടെ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾ ചെയ്തു. ഓഗസ്റ്റ് ഫിലിംസിന്റെ പ്രൊഡക്ഷനിൽ ഒരുങ്ങിയ ചിത്രം അച്ഛൻ–മകൾ ബന്ധം പറയുന്ന ചിത്രമായതുകൊണ്ട് അച്ഛനും മക്കളും സെൽഫി കോൺടെസ്റ്റാണ് നടത്തിയത്. വിജയികൾക്ക് മമ്മൂക്കയെ കാണാൻ ഒരു അവസരം ആയിരുന്നു അന്നൊരുക്കിയത്. പിന്നീട് സിഐഎ, പറവ, കുമ്പളങ്ങി നൈറ്റ്സ്, തമാശ, വൈറസ് തുടങ്ങി കുറേ ചിത്രങ്ങളിൽ വർക്ക് ചെയ്യാൻ സാധിച്ചു. ഓഗസ്റ്റ് സിനിമാസ്, ആശിർവാദ് സിനിമാസ്, മൂൺഷോട്ട് എന്റർടെയിൻമെന്റ്സ്, ഡിക്യു പ്രൊഡക്ഷൻസ്, എസ് ടാക്കീസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ്, മുളകുപ്പാടം ഫിലിംസ്, മിനി സ്റ്റുഡിയോസ്, ഒ പി എം സിനിമാസ്, സണ്ണി വെയിൻ പ്രൊഡക്ഷൻസ് പോലെ കമ്പനികളുടെ കീഴിലുള്ള വർക്ക് ആണ് ചെയ്യുന്നത്.

a-1

ഗിന്നസ് റെക്കോർഡിലേക്ക്

ഗോകുലം ഗോപാലൻ സാർ ആദ്യമായി നായകനാകുന്ന സിനിമയാണ് നേതാജി. സംവിധായകൻ വിജീഷ് മണിയാണ് ഈ സിനിമയ്ക്കായി വിളിച്ചത്. ഗോത്രഭാഷയിലെ ആദ്യത്തെ സിനിമ എന്നരീതിയിലാണ് അത് മാർക്കറ്റ് ചെയ്തത്. ഗോവ ചലച്ചിത്രമേളയിലുൾപ്പടെ ഒരുപാടു സ്ഥലങ്ങളിൽ അത് പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു. ഈ ചിത്രത്തിലൂടെയാണ് ഗിന്നസ് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് കിട്ടിയത്. ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷം.

ap-1

പിന്തുണച്ച് കുടുംബം

കാലം മാറി, നിരവധി വനിതകൾ സിനിമ പിആര്‍ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. ഒന്നിനേയും മത്സര ബുദ്ധിയോടെ കാണുന്നില്ല. എല്ലാവർക്കും ഒരു പോലെ ശോഭിക്കാനും തിളങ്ങാനുമുള്ള സ്പേസ് ഇവിടെയുണ്ട്. അതു കൊണ്ട് തന്നെ ഈ മേഖലയിലേക്ക് പെൺകുട്ടികൾ ഇനിയും കടന്നു വരണം എനനു തന്നെയാണ് ആഗ്രഹം. ഇതു വരെ ചെയ്ത വർക്കുകള്‍ എല്ലാം ആത്മാർത്ഥതയോടെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. ഒന്നു രണ്ട് സിനിമകളിൽ വർക് ചെയ്തപ്പോൾ തന്നെ അടുത്ത ചിത്രത്തിലേക്കുള്ള റെഫറൻസുകളിൽ എന്റെ പേരുണ്ടായിരുന്നു. ചെയ്ത ജോലിക്കുള്ള സ്വീകാര്യതയാണ് ലഭിക്കുന്ന പുതിയ അവസരങ്ങളെന്നാണ് വിശ്വസിക്കുന്നത്.

പിന്നെ കുടുംബ ജീവിതത്തിനൊപ്പം സിനിമയും എങ്ങനെയെന്ന് സ്വാഭാവികമായ ചോദ്യങ്ങളുണ്ടാകും. എല്ലാത്തിനും പിന്തുണയായി ഭർത്താവുള്ളതാണ് എന്റെ കരുത്ത്. ഞാനും ഭർത്താവും മാത്രമാണ്  കാര്യങ്ങളൊക്കെ പ്ലാൻ ചെയ്യുന്നത്. ഭർത്താവ് മാർക്കറ്റിങ്, ഡിസൈനിങ്ങ് കാര്യങ്ങൾ ചെയ്യുമ്പോൾ ഞാൻ നോക്കുന്നത് കോഓർഡിനഷനാണ്. രണ്ടുപേർക്കും മാനേജ് ചെയ്യാവുന്നതേ എടുക്കാറുള്ളൂഇതല്ലാതെ ഭർത്താവിന് ഒരു സ്കൂളിന്റെ ഉത്തരവാദിത്തം കൂടിയുണ്ട്, അവിടുത്തെ തിരക്കുകളുണ്ട്. പിന്നെ ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കും വേദികളിൽ നിന്നും വേദികളിലേക്കുമുള്ള തിരക്കുപിടിച്ച ഓട്ടമാണ് മറ്റൊരു വെല്ലുവിളി. ഓരോ യാത്രയിലും പരമാവധി കൂടെയുണ്ടാകും എന്നതു കൊണ്ട് ആ ടെൻഷനില്ല. ഞങ്ങൾക്ക് ഒരു മകനാണുള്ളത്. സൂര്യനാരായണൻ. രണ്ടാം ക്ലാസിലാണ്. വീട്ടിൽ നിന്നു നല്ല സപ്പോർട്ടുണ്ട്. ചിലപ്പോൾ  യാത്രകളിൽ കുട്ടിയെയും കൂട്ടും. അവനും സിനിമയിഷ്ടമാണ്.