Tuesday 01 December 2020 03:58 PM IST

‘ഏഴു ലോഡ് വരെ ഇറക്കിയ ദിവസങ്ങളുണ്ടായിരുന്നു’; അഭിമാനത്തിന്റെ സ്റ്റിയറിങ് തിരിച്ച് ടിപ്പറിലെ ബിടെക് ഡ്രൈവർ പറയുന്നു

Roopa Thayabji

Sub Editor

B612_20201022_164330_314

പഠിപ്പുണ്ടെങ്കിൽ പിന്നെ, പത്തു മുതൽ അഞ്ചു വരെ ഫാനിനു കീഴിലിരുന്നു മാത്രമേ ജോലി ചെയ്യൂ എന്നു കരുതുന്നവർക്ക് ഒരു പാഠമാണ് ഇവരുടെ ജീവിതം..

പെണ്ണ് വണ്ടിയോടിക്കുന്നു എന്ന് കേട്ടാൽ ഇപ്പോഴും നാട്ടിലെ ചിലരൊക്കെ നെറ്റി ചുളിക്കും. പക്ഷേ, അവർക്കു മുന്നിലൂടെ ടിപ്പറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് ലോഡുമായി പോകുമ്പോൾ ശ്രീഷ്മ ചിറ്റൂടന്റെ മനസ്സിൽ ചിരിയാണ്. കണ്ണൂർ മയ്യിലെ ഈ ബിടെക്കുകാരി ടിപ്പറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറിയിട്ട് ആറു മാസമേ ആയുള്ളൂ. ദിവസം ഏഴു ലോഡ് വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇറക്കും. മയ്യിൽ നിരന്തോട്ടെ ബിസിനസുകാരനായ പുരുഷോത്തമന്റെയും കണ്ണാടിപ്പറമ്പ് സ്കൂൾ അധ്യാപിക ശ്രീജയുടെയും ഈ മകൾക്ക് അതിസാഹസികമായി എന്തും ചെയ്യാൻ കുട്ടിക്കാലം മുതലേ ഹരമായിരുന്നു.

‘‘കുട്ടിക്കാലം മുതല്‍ വീട്ടുമുറ്റത്തെ വാഹനങ്ങൾ കണ്ടാണ് വളർന്നത്. എല്ലാ വാഹനങ്ങളും ഓടിക്കാൻ പഠിക്കണമെന്നു മാത്രമായിരുന്നു ആഗ്രഹം. അഞ്ചാംക്ലാസ് മുതൽ അച്ഛൻ ഡ്രൈവിങ് സീറ്റിൽ ഇരുത്തി തുടങ്ങി. പിന്നെ, ബൈക്കും കാറും ബസും ഓടിക്കാൻ പഠിച്ചു. 18 വയസ്സിൽ തന്നെ ടൂവീലറും ത്രീവീലറും ഫോർവീലറും ഓടിക്കാൻ ലൈസൻസ് എടുത്തു. 21 വയസ്സ് പൂർത്തിയായപ്പോഴേക്കും ബാഡ്ജ് എടുത്തു. അതിനുശേഷം ഹെവി വെഹിക്കിൾ ലൈസൻസും കിട്ടി.

എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ഉടനെയാണ് ലോക്ഡൗൺ വന്നത്. വീട്ടിലെ ടിപ്പറിൽ ഡ്രൈവറെ കിട്ടാത്ത അവസ്ഥ വന്നപ്പോൾ എങ്കിൽ ഞാൻ പോകാം എന്നു പറഞ്ഞ് അങ്ങ് ഇറങ്ങി. പിന്നെ, അത് പതിവായി. ഒരിക്കൽ മെറ്റലുമായി പോകുമ്പോൾ ലോറി മണ്ണിൽ പുതഞ്ഞുപോയി. നാട്ടുകാരുടെ സഹായം തേടിയാണ് അന്ന് വണ്ടി മുന്നോട്ടു എടുത്തത്. അതിൽ പിന്നെ, ഡ്രൈവിങ്ങിൽ ഡബിൾ ശ്രദ്ധയായി.

B612_20201022_165203_917

ഏഴു ലോഡു വരെ ഇറക്കിയ ദിവസങ്ങളും ഉണ്ട്. ആറു മാസമായി ടിപ്പർ ഡ്രൈവർ ആണെങ്കിലും അച്ഛൻ ശമ്പളമൊന്നും തരുന്നില്ല.

മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനത്തിലാണ് ഇപ്പോൾ. പയ്യന്നൂർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ ശേഷം പിഎസ്‌സിക്കും പഠിക്കുന്നുണ്ട്. സഹോദരൻ ഷിജിലിന് നിരന്തോട് ടൗണിൽ ബിസിനസാണ്.

മറ്റൊരു ജോലി കിട്ടും വരെ അഭിമാനത്തിന്റെ സ്റ്റിയറിങ് തിരിക്കാൻ തന്നെയാണ് തീരുമാനം. വണ്ടിയോടിക്കാൻ സ്ത്രീകൾക്ക് ആദ്യം വേണ്ടത് ലൈസൻസ് അല്ല, ധൈര്യമാണ്. നമുക്ക് പറ്റും എന്നുറപ്പിച്ചാൽ പിന്നെ, ഒന്നും നോക്കാനില്ല.’’ -ടിപ്പർ ഫസ്റ്റ് ഗിയറിട്ടു മുന്നോട്ടെടുത്തു ശ്രീഷ്മ.

Tags:
  • Spotlight
  • Inspirational Story