Tuesday 03 July 2018 12:37 PM IST

വളയുംതോറും നടുവിന് വേദന കൂടും; ഉറപ്പുള്ള ’നട്ടെല്ലി’ന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Roopa Thayabji

Sub Editor

Little girl enjoying with father

ഓഫീസിൽ പകൽ കംപ്യൂട്ടറിനു മുന്നിൽ ഇരുന്നാൽ വൈകിട്ട് വീട്ടിലെത്തി നടുവിന് കൈകൊടുത്ത് കട്ടിലിലേക്ക് വീഴാറാണോ പതിവ്? കുറച്ചുസമയം കുനിഞ്ഞുനിന്ന് തുണി കഴുകിയാലോ ഇരുന്ന് തറ തുടച്ചാലോ ദീർഘനേരം ഡ്രൈവ് ചെയ്താലോ പിന്നെ ഒരാഴ്ച നടുവേദന തന്നെയാകുമോ? നടുവേദന ഒരിക്കലെങ്കിലും വന്നിട്ടില്ലാത്തവരായി ആരുമുണ്ടാകില്ല. ഉറക്കം കെടുത്തുന്ന നടുവേദനയെ പറ്റി അറിയാം.

നടുവേദന എന്നാൽ

∙ ശരീരത്തിലെ മറ്റ് എല്ലുകളെ അപേക്ഷിച്ച് നോക്കിയാൽ സങ്കീർണമാണ് നട്ടെല്ലിന്റെ ഘടന. ഒരു അസ്ഥി, അതിനിടയിലെ ഡിസ്ക്, പുറമേ ഒരു ജോയിന്റ്, അതിനെ ബന്ധിപ്പിക്കുന്ന ലിഗമെന്റുകൾ എന്നിവ ചേർന്നാണ് നട്ടെല്ല് രൂപപ്പെട്ടിരിക്കുന്നത്. നട്ടെല്ലിലെ ഓരോ ജോടി എല്ലും ചേരുന്ന ഭാഗത്ത് കട്ടിയുള്ള ആവരണത്തോടുകൂടിയ ജെല്ലി പോലുള്ള ഡിസ്കുണ്ട്. എല്ലുകൾക്കിടയിൽ കുഷ്യനുകളായോ ഷോക്ക് അബ്സോർബറുകളായോ ആണ് ഡിസ്കുകൾ പ്രവർത്തിക്കുന്നത്.

∙ നട്ടെല്ലിലോ അതിനോടനുബന്ധിച്ച പേശികളിലോ സന്ധികളിലോ ഉണ്ടാകുന്ന ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം നടുവേദന.

∙ നടുവിലും കാലുകളിലും വേദന, ഇരിക്കുമ്പോൾ കഴപ്പ്, വാരിയെല്ലിന്റെ ഭാഗത്തുനിന്ന് മുന്നോട്ടുള്ള വേദന, തോൾപ്പട്ടയുടെ ഇടയിലായി വേദന, കാലുകളിൽ മരവിപ്പ്, ബലക്കുറവ്, ക്ഷീണം എന്നിവയൊക്കെ നടുവേദനയുടെ ലക്ഷണങ്ങളാണ്.

∙ മാനസിക പിരിമുറുക്കത്തിന്റെയോ ജോലിയിലെ അസംതൃപ്തിയുടെയോ ലക്ഷണമായും നടുവേദന വരാം.

∙ നട്ടെല്ലിനു ചുറ്റുമുള്ള പേശികൾക്കുണ്ടാകുന്ന വലിവ്, അമിത ജോലിഭാരം, സ്ട്രെയിൻ, വയർ കൂടുന്നത്, അമിതഭാരം, ഡിസ്കിനുണ്ടാകുന്ന പരുക്കുകൾ, എല്ലിനുണ്ടാകുന്ന ക്ഷതം, ഹോർമോൺ വ്യതിയാനം എന്നിവ മുതൽ ട്യൂമർ വരെ നടുവേദനയ്ക്ക് കാരണമാകാം.

ഡ്രൈവിങും നടുവേദനയും

∙ ദീർഘനേരം വാഹനമോടിച്ചാലോ യാത്ര ചെയ്താലോ നടുവേദന വരുന്നവരുണ്ട്. നടുവിന് ശരിയായ താങ്ങ് കിട്ടാത്തതാണ് ഇതിന് കാരണം.

∙ ദീർഘദൂര യാത്രകളിൽ ബസിലോ ട്രെയിനിലോ ആണെങ്കിൽ ഒരേ ഇരിപ്പ് ഇരിക്കാതെ എഴുന്നേറ്റ് നിൽക്കുകയോ അൽപ്പം നടക്കുകയോ ആവാം.

∙ കാറിലോ മറ്റോ യാത്ര ചെയ്യുമ്പോൾ ഇടയ്ക്ക് ഇരിപ്പിന്റെ രീതി മാറ്റാം. സാധിക്കുമെങ്കിൽ വാഹനം നിർത്തി പുറത്തിറങ്ങി വിശ്രമിക്കുകയുമാകാം.

∙ ദീർഘദൂരം ഡ്രൈവ് ചെയ്യേണ്ടി വരുമ്പോൾ നടുവിന്റെ അടിഭാഗത്തിന് നല്ല താങ്ങ് കിട്ടുന്ന തരത്തിലുള്ള കുഷ്യൻ ഉപയോഗിക്കുക.

∙ ഗട്ടറും കുഴിയും നിറഞ്ഞ റോഡിലൂടെ ശ്രദ്ധയില്ലാതെ വാഹനമോടിച്ചാൽ ചാടിച്ചാടി നട്ടെല്ലിന് ആയാസമുണ്ടാകുകയും വേദന വരികയും ചെയ്യും. റോഡിന്റെ സ്ഥിതി അനുസരിച്ച് വാഹനത്തിന്റെ വേഗത ക്രമീകരിക്കുക. ഹംപിലും മറ്റും വേഗത കുറച്ച് സാവധാനം കയറിയിറങ്ങുക.

∙ വാഹനത്തിന്റെ ഷോക്ക് അബ്സോർബർ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക.

∙ ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ സ്ത്രീകൾ ഇരിക്കുന്ന രീതി നടുവേദന ഉണ്ടാക്കുന്ന തരത്തിലാണ്. ഒരു വശം ചരിഞ്ഞിരുന്ന് മുന്നിലേക്ക് നോക്കിയിരിക്കുന്നത് നല്ലതല്ല. സീറ്റിന്റെ ഇരുഭാഗത്തുമായി കാലുകളിട്ട് നിവർന്നിരിക്കുന്നതാണ് നല്ലത്.

കമ്പ്യൂട്ടറും നടുവേദനയും


∙ ദീർഘനേരം കംപ്യൂട്ടറിൽ നോക്കിയിരുന്ന് ജോലി ചെയ്യേണ്ടി വരുമ്പോൾ നടുവേദന വരാം. ചലനരഹിതമായി ഇരിക്കുന്നതാണ് ഇതിന്റെ കാരണം.

∙ നടുവിന് നല്ല സപ്പോർട്ട് നൽകുന്ന കസേര ഉപയോഗിക്കുക. നട്ടെല്ലിന്റെ കീഴ്ഭാഗത്തിന് സപ്പോർട്ട് കിട്ടാൻ കുഷ്യൻ ഉപയോഗിക്കാം.

∙ കസേരയുടെ ഉയരം, ബാക്ക് സപ്പോർട്ടിന്റെ സ്ഥാനം എന്നിവ ഇടയ്ക്കിടെ മാറ്റുക. ഒരേ ഇരിപ്പിൽ ഇരിക്കുന്നതിന്റെ പ്രശ്നങ്ങൾ ഇതിലൂടെ കുറയ്ക്കാം.

∙ കമ്പ്യൂട്ടർ മോണിറ്ററിന്റെ ഉയരം, ആംഗിൾ തുടങ്ങിയവ ക്രമീകരിക്കുക. മോണിറ്റർ കണ്ണിൽ നിന്ന് 20–26 ഇഞ്ച് അകലെയാകണം. കാൽമുട്ട് 90 ഡിഗ്രിയിൽ വളച്ച് തറയിൽ ചവിട്ടി ഇരിക്കണം.

∙ അര മണിക്കൂർ കൂടുമ്പോൾ ഇരിപ്പിന്റെ രീതി മാറ്റുക. മണിക്കൂറിൽ ഒരു വട്ടം നിർബന്ധമായും എഴുന്നേറ്റ് രണ്ടുമിനിറ്റ് നടക്കുക.

∙ കസേരയിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാവുന്ന ലഘു വ്യായാമങ്ങൾ– കൈകൾ നീട്ടി ചുഴറ്റുക, ഇടുപ്പിന് വ്യായാമം ലഭിക്കുന്ന തരത്തിൽ ഇരുഭാഗത്തേക്കും തിരിയുക എന്നിവ ചെയ്യുക.

bak1

കുടവയറും നടുവേദനയും

∙ കുടവയർ നടുവേദനയ്ക്കും കാരണമാകും. വയറ്റിലെ മസിലുകൾ അയഞ്ഞിരിക്കുന്നതിനാൽ പിന്നിലെ മസിലുകൾ ഓവർ സ്ട്രെയിൻ ചെയ്യുന്നതാണ് ഇതിന് കാരണം.

∙ നടുവിനോട് ചേർന്ന ഭാഗങ്ങളിലെ പേശികൾ ബലപ്പെടുത്താൻ വ്യായാമം ചെയ്യാം. വെറും നിലത്ത് മലർന്നുകിടക്കുക. അപ്പോൾ നടുവിന്റെ കുറച്ചുഭാഗം തറയിൽ തൊടാതിരിക്കും. ഇവിടെ കട്ടിയുള്ള തുണിയോ കനം കുറഞ്ഞ തലയിണയോ വച്ച് നടുവ് നന്നായി അമർത്തുക. ഭിത്തിയിൽ ചിരി നിന്നും ഇതേ വ്യായാമം ചെയ്യാം.

∙ നിലത്ത് മലർന്നുകിടന്ന ശേഷം രണ്ടുകാലുകളും ഏകദേം 45 ഡിഗ്രി ഉയർത്തുക. കാൽവിരലുകളിലേക്ക് ഇരുകൈകളും നീട്ടിപ്പിടിക്കുക. അഞ്ചുവരെ എണ്ണിയ ശേഷം പൂർവസ്ഥിതിയിലേക്ക് പോകാം.

∙ കമഴ്ന്നുകിടന്ന ശേഷം പിൻഭാഗത്തുകൂി രണ്ട്ു കാലുകളും രണ്ട് കൈകൾ കൊണ്ട് പിടിച്ച ശേഷം വളയുക. വയറിന്റെ കുറച്ചുഭാഗം മാത്രം തറിൽ അമർന്നിരിക്കുന്ന അവസ്ഥയിൽ അൽപസമയം നിന്ന ശേഷം പൂർവസ്ഥിതിയിലേക്ക് പോകാം.

∙ മലർന്നു കിടന്നശേഷം രണ്ടു കാലുകളും മടക്കി വയറിനോട് ചേർത്ത് അമർത്തി പിടിക്കുക. താടി കാൽമുട്ടുകൾക്കിടയിലേക്ക് ചേർത്തുവയ്ക്കുക.

∙ തോളിന്റെ അകലത്തിൽ കാലുകൾ വച്ച് ഭിത്തിയിൽ ചാരി നിന്ന ശേഷം മുട്ടുകൾ മടക്കി കസേരയിൽ ഇരിക്കുന്നത് പോലെ താഴുക. അഞ്ച് നിമിഷത്തിന് ശേഷം അതേ പോലെ തന്നെ ഉയരാം. കസേരയില്‌ നിവർന്നിരുന്ന ശേഷം ഓരോ കാലുകളായി മാറിമാറി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക.

∙ നിവർന്ന് നിന്ന ശേഷം കൈകൾ ഇടുപ്പിൽ ഉറപ്പിച്ച് വശങ്ങളിലേക്കും മുന്നിലേക്കും പിന്നിലേക്കും വളയുകയും നിവരുകയും ചെയ്യുക. ഇതേ പൊസിഷനിൽ ഇരുവശത്തേക്കും റൊട്ടെഷൻ ചെയ്യുക.

അമിതഭാരവും നടുവേദനയും


∙അമിതഭാരമുള്ളവർക്കും അമിതഭാരം ചുമക്കുന്നവർക്കും നടുവേദന വരാം. നടുവിന് ആയാസമുണ്ടാകുന്നതാണ് ഇതിന് കാരണം.

∙ ഗ്യാസ് സിലിണ്ടർ പോലെ ഭാരമുള്ള വസ്തുക്കൾ ഉയർത്തുകയോ തള്ളുകയോ ചെയ്യുമ്പോൾ നട്ടെല്ലിലെ ഡിസ്കിനുണ്ടാകുന്ന സമ്മർദമോ വലിച്ചിലോ ഞെരുക്കമോ ആണ് ഉളുക്കോ വേദനയോ ആയി അനുഭവപ്പെടുന്നത്.

∙  കുനിയുമ്പോഴും ഭാരമുയർത്തുമ്പോളും നടുവിന് ആയാസം ഉണ്ടാക്കാൻ പാടില്ല. ഇതിനായി ഒരു രീതി അവലംബിക്കാം. മുട്ടുമടക്കി ഇരുന്ന ശേഷം വയറിലെ മസിലുകൾക്ക് ആയാസം നൽകി നിവരാം. ഭാരമുയർത്തുമ്പോൾ ഇങ്ങനെ നിവരുന്നതോടൊപ്പം വസ്തു ശരീരത്തിലേക്ക് പരമാവധി ചേർത്ത് പിടിക്കാൻ ശ്രദ്ധിക്കുക.

സ്കൂൾ ബാഗും നടുവേദനയും

∙ കുട്ടികൾക്ക് വളർച്ചാ ഘട്ടത്തിൽ ശരീരഭാരത്തിന്റെ 20 ശതമാനമേ പുറത്ത് തൂക്കാവൂ. സ്കൂൾ ബാഗിന്റെ ഭാരം ഇതിനനുസരിച്ച് ക്രമീകരിക്കണം.

∙ 18 വയസുവരെ നട്ടെല്ലിന്റെ വളർച്ചാ ഘട്ടമാണ്. ഈ സമയത്ത് നട്ടെല്ലിനുണ്ടാകുന്ന സ്ട്രെയിൻ ഭാവിയിൽ ദോഷങ്ങളുണ്ടാക്കും. നടുവേദന, മുതുകെല്ലിന്റെ സ്ഥാനം തെറ്റൽ, കൂന് എന്നിവയാകും ഫലം.

∙ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ പല വഴികളുണ്ട്. ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ എന്നിവ മറ്റൊരു ബാഗിലാക്കി കൈയിൽ പിടിക്കാം. നോട്ട് ബുക്കിന് പകരം ഫയൽ ചെ്ത പേപ്പർ നൽകാം. ഓരോ വിഷയത്തിന്റെയും നോട്ട്സ് വെവ്വേറേ എഴുതിയെടുത്ത് വീട്ടിലെത്തി അതാത് വിഷയത്തിന്റെ ഫയലിൽ വച്ചാൽ മതിയാകും.

സ്ത്രീകളും നടുവേദനയും


∙ഹൈഹീൽസ് ഉപയോഗിക്കുന്നവർക്ക് നടുവിന്റെ പിൻഭാഗം കൂടുതൽ വളയുന്നതിനാൽ നടുവേദന വരാം.

∙ ആർത്തവ കാലത്തെ നടുവേദനയ്ക്ക് ചൂടുപിടിക്കുകയോ ഐസ് പാക്ക് വയ്ക്കുകയോ ചെയ്യാം.

∙ ഗർഭകാലത്ത് ഗർഭപാത്രം വികസിക്കുന്നതിനനുസരിച്ച് നടുവേദന വരാം. ഗർഭിണികൾ അധികസമയം നിൽക്കുന്നതും അമിതഭാരം ഉയർത്തുന്നതും നടുവിന് സമ്മർദം കൂട്ടും.

∙ ഗർഭിണികൾ നിൽക്കുമ്പോളും ഇരിക്കുമ്പോഴും നട്ടെല്ല് നിവർന്നിരിക്കണം. നടുവേദന ഉണ്ടെങ്കിൽ പുരട്ടാനുള്ള മരുന്നുകളാകാം. കിടക്കുമ്പോൾ മുട്ടുകൾക്കിടയിൽ തലയണ വച്ച് ചരിഞ്ഞ് കിടക്കുക.

∙ 45 വയസുകഴിഞ്ഞ സ്ത്രീകളിൽ കാണുന്ന പ്രശ്നമാണ് അസ്ഥികളുടെ ബലംകുറയൽ (ഓസ്റ്റിയോപെറോസിസ്). ഈ അവസ്ഥയിൽ വലിയ വീഴ്ചകൾ ഉണ്ടായില്ലെങ്കിൽ പോലും അസ്ഥികൾ പൊട്ടാം. അസ്ഥികളുടെ ബലത്തിന് കാൽസ്യം ഗുളികകൾ കഴിക്കാം.

bak2

ജോലികളും നടുവേദനയും

∙ അധികസമയം നിന്ന് ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകർ, വീട്ടമ്മമാർ എന്നിവർക്ക് ഒരു മാർഗം അവലംബിച്ചാൽ നടുവേദന വരുന്നത് തടയാം. 15–20 സെന്റിമീറ്റർ കനമുള്ള ഒരു തടിക്കഷണം തറയിൽ വയ്ക്കുക. ഓരോ കാലും മാറിമാറി അതിൻമേൽ കയറ്റിവച്ച് നിന്നാൽ നടുവിന് വിശ്രമവും നട്ടെല്ലിന്റെ താഴ്ഭാഗത്തിന് അയവും സുഖവും ലഭിക്കും.

∙ വീട്ടിലെ ജോലികൾക്കും ചില രീതികൾ പിന്തുടരാം. നീളമുള്ള ചൂലും മോപ്പും ഉപയോഗിച്ചാൽ നടുവിനേ ആയാസമുണ്ടാകുന്നത് കുറയ്ക്കാം.

∙ ഒരേ ശാരീരിക നില പിന്തുടരുന്ന ജോലികൾ തന്നെ തുടർച്ചയായി ചെയ്യരുത്. കുറച്ചുസമയം തുണി ഇസ്തിരിയിട്ടാൽ അതിനുശേഷം ഇരുന്നുള്ള ജോലികളെന്തെങ്കിലും ആകാം.

∙ അടുക്കളയിലെ സ്ളാബിന്റെ ഉയരവും വാഷ് ബേസിന്റെ ഉയരവും ക്രമീകരിക്കുക.

ചികിത്സ

∙ നടുവേദന അനുഭവപ്പെട്ടാൽ ഉടൻ തന്നെ നിവർന്ന് കിടക്കുക. ഡിസ്കിനുണ്ടാകുന്ന സമ്മർദം താനേ കുറഞ്ഞ് ആശ്വാസം ലഭിക്കാൻ ഇത് നല്ലതാണ്.

∙ ഉറപ്പുള്ള പ്രതലത്തിൽ കിടക്കുന്നതിനെക്കാൾ ഉറപ്പുള്ള കിടക്കയിൽ കിടക്കുന്നതാണ് നല്ലത്. അപ്പോൾ നടുവിന് ആവശ്യമുള്ള താങ്ങ് കിട്ടും.

∙ കമഴ്ന്ന് കിടക്കണമെന്നുള്ളവർ വയറിന് താഴെ തലയണ വച്ച് കിടക്കുക. അല്ലെങ്കിൽ നട്ടെല്ലിന്റെ പിൻഭാഗം കൂടുതൽ വളയും.

∙ നടുവേദനയുടെ പ്രാരംഭഘട്ടത്തിൽ ഐസ്പാക്ക്, ചൂടുപിടിക്കൽ, മസാജ് എന്നിവ നോക്കാം.  

∙ കാൽമുട്ട് മടക്കി നിലത്ത് നിവർന്ന് കിടക്കുക. നടുഭാഗത്തായി തുണിയിലോ ടിഷ്യു പേപ്പറിലോ പൊതിഞ്ഞ് ഐസ് പാക്ക് തറയിൽ വയ്ക്കുക. നടുഭാഗം നന്നായി ഐസിലേക്ക് അമർത്തി പത്തുമിനിറ്റ് കിടക്കുക. ഒരു ദിവസം തന്നെ നാലഞ്ച് പ്രാവശ്യം ഇത് ആവർത്തിക്കാം.

∙ ഹോട്ട് വാട്ടർ ബാഗിൽ ചൂടുവെള്ളം നിറച്ച് വേദനയുള്ള ഭാഗത്ത് അമർത്തിപിടിക്കാം. ചൂടുവെള്ളം നിറച്ച് ബാത്ത്ടബ്ബിൽ കിടക്കുന്നതും ചൂടുവെള്ളത്തിൽ കുളിക്കുന്നതും നടുവേദന കുറയ്ക്കാൻ നല്ലതാണ്.

∙ വേദനയുള്ള ഭാഗത്ത് മസാജ് ചെയ്താൽ രക്തയോട്ടം വർധിച്ച് ആശ്വാസം ലഭിക്കും. പരിചയസമ്പന്നരോ ഫിസിയോ തെറാപ്പിസ്റ്റോ മസാജ് ചെയ്യുന്നതാണ് നല്ലത്.

∙ നടുവേദന കുറയ്ക്കാൻ മരുന്ന്, കുത്തിവയ്പ്പ്, മസിൽ റിലാക്സ് ചെയ്യാനും നീർക്കെട്ട് മാറാനുമുള്ള മരുന്നുകൾ, കാലുകളിൽ വെയ്റ്റ് തൂക്കിയുള്ള ട്രാക്ഷൻ ചികിത്സ തുടങ്ങിയവയും ചെയ്യാറുണ്ട്.

∙ മസിൽ റിലാക്സന്റുകൾ മയക്കമുണ്ടാകുമെന്നതിനാൽ വാഹനമോടുക്കുന്നതിന് മുമ്പോ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനു മുമ്പോ കഴിക്കാൻ പാടില്ല.

∙ വേദന കഠിനമായാൽ കിടന്നുള്ള വിശ്രമം നിർദ്ദേശിക്കാറുണ്ട്. നിവർന്നുകിടക്കുമ്പോൾ മുട്ടിനടിയിലായി ഒരു തലയണ വച്ചുയർത്തിയും ചരഞ്ഞുകിടക്കുമ്പോൾ മുട്ടുകൾക്ക് ഇടയിലായി തലയണ വച്ചും കിടക്കാവുന്നതാണ്.

∙ മറ്റ് ചികിത്സകൾ ഫലപ്രദമാകാതെ വരുമ്പോഴാണ് ശസ്ത്രക്രിയ നടത്തുക. ഇതിനായി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം തേടണം.

∙ മാനസിക പിരിമുറുക്കത്തിന്റെയോ ജോലിയിലെ അസംതൃപ്തിയുടെയോ ഫലമായുണ്ടാകുന്ന നടുവേദനയ്ക്ക് കൗൺസലിങും ആവശ്യമായി വരും.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഷിജു മജീദ്, അസോസിയേറ്റ് പ്രഫസർ (ഓർത്തോ), ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.