Friday 14 January 2022 11:24 AM IST

‘ഭയവും നിരാശയും കൊണ്ട് ശ്വാസം മുട്ടി, കുഞ്ഞ് ഉറങ്ങുമ്പോൾ പോലും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല’: ഭാമ പറയുന്നു

Vijeesh Gopinath

Senior Sub Editor

bhama-cover-jan-

ഫൊട്ടോ ഷൂട്ടിനായി ക്യാമറ സാധാരണ കാത്തിരിക്കാറുള്ളത് ഭാമയെ ആയിരുന്നു. എന്നാൽ ഇന്നത്തെ താരം മറ്റൊരാളാണ്. മകൾ ഒരു വയസ്സുകാരി ഗൗരി.

ആക്‌ഷൻ പറയുന്നതിന് തൊട്ടുമുൻപ് കൈവീശിക്കൊണ്ട് കാരവനിൽ നിന്നിറങ്ങുന്ന സൂപ്പർസ്റ്റാറുകളെ കാത്തിരിക്കും പോലെ സ്റ്റുഡിയോ ഗൗരിയെയും നോക്കിയിരുന്നു. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് പുറപ്പെട്ടിട്ടേയുള്ളൂ. ക്യാമറയ്ക്കു മുന്നിൽ അധികനേരം നിൽക്കാനൊന്നും ഗൗരിയെ കിട്ടില്ല. നല്ല മൂഡാണെങ്കിൽ ഒന്നു രണ്ടു ഭാവങ്ങളിട്ടു തരും. അപ്പോൾ ക്ലിക്ക് ചെയ്താൽ കിട്ടി. ബോറടിച്ചാൽ ചിരിയുടെ പൂവ് പിച്ചിയെറിഞ്ഞെന്നും വരും. അതുകൊണ്ടു തന്നെ എത്തിയാലുടൻ ഫോട്ടോ എടുക്കണം.

‘‘ഞങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായെത്തിയ ക്രിസ്മസ് സമ്മാനമാണ് ഗൗരി. ഡിസംബർ രണ്ടിന് ഒരു വയസ്സായി.’’ പാൽമണമുള്ള ഗൗരിയെന്ന പൂവിനെക്കുറിച്ച് ഭാമ പറഞ്ഞു തുടങ്ങി.

‘‘എല്ലാ അമ്മമാരെയും പോലെ, കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോഴാണ് അതെത്ര വലിയ കാര്യമാണെന്ന് തിരിച്ചറിയുന്നത്. ജീവിതം കൂടുതൽ നിറമുള്ളതായി. പോസിറ്റീവായി. വളർച്ചയുടെ ഒാരോ നിമിഷവും ഞാനും അരുണും ആസ്വദിക്കുന്നുണ്ട്. ഒാരോ ഘട്ടവും ഫോട്ടോയെടുത്ത് സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. പിറന്നാളാഘോഷവും അതിനു മുൻപ് ബേബി ഷവറുമെല്ലാം പിന്നീടു കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നും.

രണ്ടു ദിവസമായി പുതിയ കുസൃതി തുടങ്ങിയിട്ടുണ്ട്. ഫർണിച്ചറിനു മുകളിൽ പറ്റിപ്പിടിച്ചു കയറും. എന്നിട്ട് അവിടെ നിന്ന് ഡാൻസ് ചെയ്യും. അവൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയതായിരുന്നു. ഞാൻ മാത്രമല്ല, കോവി‍ഡും ഗർഭകാലവും ഒരുപോലെ നേരിട്ട മിക്ക സ്ത്രീകളും ഒരുപാടു മാനസിക സംഘർഷങ്ങൾ അനുഭവിച്ചിട്ടുണ്ടാകും.’’

സംസാരത്തിനിടയിലേക്ക് കൈവിശീക്കൊണ്ട് ഈ ദിവസത്തെ സൂപ്പർസ്റ്റാറെത്തി. അമ്മൂ... എന്നു വിളിച്ച് ഭാമ കൈ നീട്ടി. ഗൗരിക്ക് ഇഷ്ടമുള്ള എന്‍ജാമി പാട്ട് സ്റ്റുഡിയോയിൽ ഒഴുകി. അതിനനസരിച്ച് കുഞ്ഞിക്കൈ ഇളക്കി‌ ‘ഗൗരി സ്റ്റൈൽ’ ഡാൻസ്.

അതുകണ്ട് ഭാമ പറഞ്ഞു, ‘‘അമ്മുവിന് പാട്ട് വലിയ ഇഷ്ടമാണ്. അതിൽ ഒരു അദ്ഭുതം കൂടിയുണ്ട്. വർഷങ്ങൾക്കു മുന്‍പ് ഗായിക സുജാതചേച്ചിയുടെ അഭിമുഖം ഞാൻ വായിച്ചിരുന്നു. ചേച്ചി ഗർഭിണി ആയ സമയത്ത് എല്ലാ ദിവസവും സാധകം ചെയ്യുമായിരുന്നു. കുഞ്ഞിന് പാട്ടിന്റെ രുചി ഗർഭത്തിലേ പകർന്നു നൽകാനായിരുന്നു അങ്ങനെ ചെയ്തതെന്നും ആ അഭിമുഖത്തിൽ പറ‍ഞ്ഞിരുന്നു. അത് ഞാനും പരീക്ഷിച്ചു. ഗർഭിണി ആയിരിക്കുമ്പോൾ പാട്ടുകൾ പാടിക്കൊടുത്തു. ഓരോ രാഗവും ശാസ്ത്രീയമായി തന്നെ പാടും. അതുകൊണ്ടാണെന്നു തോന്നു പാട്ട് അമ്മുവിന് ഒരുപാടിഷ്ടമാണ്. കരയുമ്പോ ഒരു പാട്ടു വച്ചാൽ മതി കക്ഷി ഹാപ്പിയാകും.’’

ഗൗരി വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണ്?

എന്റെ അമ്മ പറയും ‘നിന്നെ പോലല്ല. അമ്മു, പാവം ആ ണെന്ന്’. ഒരു വയസ്സുള്ളപ്പോൾ എന്റെ പുറകേ ഒാടിയതിനേക്കാൾ എളുപ്പമാണ് ഇന്ന് അമ്മുവിനെ നോക്കാനെന്നാണ് അമ്മയുടെ കണ്ടെത്തൽ.

നാലു വനിതകളുള്ള എന്റെ വീട്ടിൽ നിന്ന് രണ്ടു പുരുഷന്മാർ മാത്രമുള്ള വീട്ടിലേക്കാണ് വിവാഹ ശേഷം ഞാനെത്തിയത്. അരുണും അച്ഛനും മാത്രമായിരുന്നു ആ വീട്ടി ൽ. അതു തന്നെ വലിയ മാറ്റമായിരുന്നു. ഒരു വീട് നമ്മൾ നോക്കി നടത്തുമ്പോഴുള്ള ഉത്തരവാദിത്തം വലുതല്ലേ?

എന്റെ കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി നടന്ന ആളായിരുന്നു ഞാൻ. ജീവിതത്തിലേക്ക് അരുൺ എത്തി. അത് തിരിച്ചറിഞ്ഞു വരുമ്പോഴേക്കും ഇതാ മോളുമെത്തി. ഇപ്പോൾ ഞാൻ ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം അമ്മു ആണ് തീരുമാനിക്കുന്നത്. അമ്മു വൈകി ഉറങ്ങിയാൽ ഞാനും വൈകും. അരുണിന് പെൺകുഞ്ഞ് വേണമെന്നു തന്നെയായിരുന്നു. ഞങ്ങൾ‌ മൂന്നു പെൺകുട്ടികളായതു കൊണ്ട് സ്വാഭാവികമായും ഒരാൺകുഞ്ഞെന്നായിരുന്നു എന്റെ മനസ്സിൽ. പക്ഷേ, പിന്നീടതു മാറി. ആരോഗ്യമുള്ള കുഞ്ഞിനെ തരണേയെന്നാണ് പ്രാർഥിച്ചത്.

സിനിമയിലെ ജീവിതവും ശരിക്കുമുള്ള ജീവിതവും തമ്മിലുള്ള അകലം എങ്ങനെയാണ് തിരിച്ചറിഞ്ഞത്?

സിനിമാ ജീവിതം ബബിൾ ലൈഫാണെന്ന് ആദ്യമേ അറിയാമായിരുന്നു. വിവാഹത്തിനു മുൻപേ മൂന്നു വർഷത്തോളം അഭിനയിച്ചിരുന്നില്ല. ബബിൾ ലൈഫും റിയൽ ലൈഫും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ആ കാലത്തു തന്നെ തിരിച്ചറിയാനായി.

ആ തിരിച്ചറിവുണ്ടായതു കൊണ്ടാണ് ഇപ്പോഴത്തെ ജീവിതം ആസ്വദിക്കാൻ കഴിയുന്നത്. ഇതൊന്നുമല്ല, ലോക്ഡൗൺ ആണ് എന്നെ മാനസികമായി ഒരുപാടു തളർത്തിക്കളഞ്ഞത്. കോവിഡ് മഹാമാരിയെ കുറിച്ചുള്ള വാർത്തകൾ കേട്ട് ലോകം മുഴുവൻ ഭയന്നു പോയിരുന്നു. അപ്പോൾ ആ സമയത്ത് ഗർഭിണിയായ എന്റെ അവസ്ഥ ഊഹിക്കാമല്ലോ...

ലോക്ഡൗൺ സമയത്തെ ഗർഭകാലം, പുറത്തു പോലും ഇറങ്ങാൻ പറ്റില്ല. എങ്ങനെ മറികടന്നു?

എന്നെ സംബന്ധിച്ചിടത്തോളം ഗർഭകാലം ഒരുപാടു പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. വീട്ടില്‍ വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാൻ. കുറച്ചു ദിവസം വീട്ടിലിരുന്നാൽ ഏതെങ്കിലും അമ്പലത്തിലേക്ക് എന്നൊക്കെ പറഞ്ഞ് പുറത്തു ചാ‍ടും. വിവാഹം കഴിഞ്ഞ് ഞങ്ങൾ മാത്രമുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴേക്കും ലോക്ഡൗൺ ആയി.

ഈ സമയത്താണ് ഞാൻ ഗർഭിണിയായത്. ലോകം മുഴുവൻ നിശ്ചലമായ സമയം. മറൈൻഡ്രൈവിലെ ഫ്ലാറ്റി ൽ‌ നിന്ന് താഴേക്കു നോക്കുമ്പോൾ ചിത്രം വരച്ചു വച്ചതു പോലെ അനക്കമില്ലാത്ത കായലും റോഡും. വീട്ടിെല നാലു ചുമരിനുള്ളിൽ ഞാൻ പെട്ടു പോയതു പോലെ തോന്നിയിരുന്നു. ലിഫ്റ്റിൽ താഴേക്കിറങ്ങാൻ പോലും പേടിയായിരുന്നു. ഇഷ്‍ടമുള്ള ഭക്ഷണം പോലും പുറമേ നിന്ന് കഴിക്കാ ൻ പറ്റുന്നില്ല. ഭയവും നിരാശയും കൊണ്ട് എനിക്ക് ശ്വാസം മുട്ടി. ജില്ല കടന്നുള്ള യാത്ര അനുവദിക്കാത്തതു കൊണ്ട് അമ്മയെ കൊണ്ടുവരാനും കഴിഞ്ഞില്ല.

എന്നെ പരിശോധിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ.വിജയലക്ഷ്മി ഒരുപാട് ആശ്വസിപ്പിച്ചു. ഗർഭകാലത്ത് സാധാരണയായി ഒരുപാടു ഹോർമോൺ വ്യതിയാനങ്ങൾ വരുമെന്ന് ഡോക്ടർ‌ പറഞ്ഞു തന്നു. ദേഷ്യവും കരച്ചിലും വരും. എന്നാൽ ലോക്ഡൗൺ സമയത്ത് ഗർഭിണികളായവരിൽ ആ അവസ്ഥ സാധാരണ കാണുന്നതിനേക്കാൾ മൂന്നിരട്ടിയായിരിക്കുമെന്നും പറഞ്ഞു. സത്യത്തിൽ ഡോക്ടറും സംഘവും തന്ന ആത്മവിശ്വാസം കൊണ്ടാണ് ഞാൻ കോവിഡ് ഭയത്തെ മറികടന്നത്.

കുഞ്ഞുണ്ടായി കഴിഞ്ഞും ഇത്തരം സങ്കടങ്ങൾ വന്നു മുട്ടിനോക്കിയോ?

ഗർഭകാലവും അമ്മയാകുന്നതും ആസ്വദിക്കണമെന്നൊക്കെ എല്ലാവരും പറയും. പക്ഷേ, ആ പറയുന്നതിൽ എത്രത്തോളം സത്യസന്ധതയുണ്ടെന്ന് എനിക്കറിയില്ല. ആ കാലത്ത് ഏതൊക്കെ അവസ്ഥകളിലൂടെയാണ് ഒരു സ്ത്രീ കടന്നു പോകുന്നത്. മസിൽവേദന മുതൽ മാനസികമായ ഒരുപാടു പ്രശ്നങ്ങൾ വരെയുണ്ടാകും. ഒന്നു തിരിഞ്ഞു കിടക്കാൻ പോലും എത്ര പ്രയാസമാണ്.

പ്രസവശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ശ്രദ്ധിക്കാൻ ഒരുപാടുപേരുണ്ട്. എന്നാൽ അമ്മയുടെ മാനസിക ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യാനുണ്ടെന്ന് ആരും പറഞ്ഞു കൊടുക്കില്ല. അമ്മമാരുടെ മനസ്സിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ആദ്യത്തെ മൂന്നു നാലു മാസം ഉറക്കം തീരെയില്ലാത്ത അവസ്ഥയായിരുന്നു. പകൽ സമയത്ത് കുഞ്ഞുറങ്ങുമ്പോൾ എനിക്ക് ഉറങ്ങാനാകില്ല. രാത്രിയിൽ അമ്മു ഉറങ്ങുകയുമില്ല. ഉറക്കമില്ലാതായതോടെ ആകെ പ്രശ്നമായി. പെട്ടെന്നു കരച്ചിൽ വരുന്നു, പൊട്ടിത്തെറിക്കുന്നു....

അരുണിന്റെയും എന്റെ അമ്മയുടെയും ബന്ധുക്കളുടെയുമൊക്കെ സപ്പോർട്ട് കിട്ടിയതോടെ ഉള്ളിലെ സംഘർഷങ്ങൾ മാറി. സാവധാനം ഉറക്കം തിരികെ കിട്ടി. ലോക്ഡൗ ൺ അവസാനിച്ച് പുറത്തിറങ്ങാൻ പറ്റിയതോടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. വീണ്ടും നീന്തൽ പരിശീലനം തുടങ്ങി. പിന്നെ, മെഡിറ്റേഷൻ, വ്യായാമം... ഇതൊക്കെ ആത്മവിശ്വാസവും സന്തോഷവും തരുന്ന കാര്യങ്ങളാണ്. കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ സന്തോഷം തോന്നുന്നു. എനിക്കിഷ്ടമുള്ള ഉടുപ്പുകളിടാൻ പറ്റുന്നു.

ഞാനിത് തുറന്നു പറയുന്നത് എന്റെ അവസ്ഥയിലൂടെ കടന്നു പോയ സ്ത്രീകളെ മനസ്സിലാക്കാൻ കൂടിയാണ്. ഈ മാനസിക സംഘർഷങ്ങളുടെ പേരിൽ എത്രയോ സ്ത്രീകൾ കുറ്റപ്പെടുത്തൽ കേൾക്കുന്നുണ്ട്. കരഞ്ഞു കൊ ണ്ട് നീറി ജീവിക്കുന്നുണ്ട്. അമ്മ സന്തോഷത്തോടെയിരുന്നാലേ കുഞ്ഞും ആ മനസ്സോടെ വളരൂ. അമ്മയ്ക്ക് സന്തോഷം പകരുന്നത് കൂട്ടുത്തരവാദിത്തമാണ്.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ