Tuesday 28 August 2018 04:41 PM IST

നാലാം ക്ലാസിൽ പഠിക്കുമ്പോൾ കാലിനു വയ്യാത്ത ഞാൻ കളിച്ച ഡാൻസിന് ബന്ധു പറഞ്ഞ കമന്റ് ഇപ്പോഴുമുണ്ട് എന്റെ മനസ്സിൽ! വേദനിക്കുന്ന ഓർമ്മകൾ പങ്കുവച്ച് ബിബിൻ ജോർജ്

Roopa Thayabji

Sub Editor

bibin-wife32 Photo: Syam Babu

ബിബിൻ ജോർജ് ആദ്യമായി നായകനായ ഷാഫി ചിത്രം ‘ഒരു പഴയ ബോംബ് കഥ’ 50 ദിവസം പിന്നിടുമ്പോൾ ഷൂട്ടിങിനിടെയുള്ള കൗതുകരമായ ഒരു സംഭവം ഓർത്തെടുക്കുകയാണ് നായകൻ.

"പ്രയാഗയ്ക്കൊപ്പമുള്ള പാട്ടുസീൻ ഷൂട്ടിങ് ഹൈദരാബാദിൽ നടക്കുന്നു. വലിയ ആത്മവിശ്വാസത്തിലാണ് ഞാൻ. പക്ഷേ, ഇടയ്ക്ക് ഒരു സ്റ്റെപ് എത്ര ചെയ്തുനോക്കിയിട്ടും ശരിയാകുന്നില്ല. ഷൂട്ടിങ്ങിനിടെ ഒരു നിമിഷം കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് തോന്നി. ആത്മവിശ്വാസം പെട്ടെന്നു പോയതുപോലെ. എനിക്ക് കരച്ചിൽ വന്നു. നാലാം ക്ലാസിൽ പഠിക്കുന്ന കാലത്തെ ഒരു സംഭവമാണ് അന്നെന്റെ മനസ്സു തകർത്തുകളഞ്ഞത്. ഒരു ബന്ധുവിന്റെ വീടുപാലുകാച്ചലിന് വീടിനു മുകളിൽ എല്ലാവരും ആഘോഷവും പാട്ടുമൊക്കെയായി കൂടി. ഞാനും പാട്ടിനൊപ്പിച്ച് നന്നായി ഡാൻസ് ചെയ്തു. കണ്ടുനിന്നവർ ഭയങ്കര കൈയടി. ഇറങ്ങി വരുമ്പോൾ ഒരു ബന്ധുവിനോട് ഞാൻ ചോദിച്ചു, ‘എങ്ങനെയുണ്ടായിരുന്നു.’ ‘നല്ല തമാശയായിട്ടുണ്ട്’ എന്നായിരുന്നു അയാളുടെ റുപടി. അതെനിക്ക് മനസ്സിൽ കൊണ്ടു. പെട്ടെന്ന് ഈ സംഭവം ഓർമവന്നപ്പോൾ എന്റെ ഡാൻസ് കണ്ടിട്ട് ആർക്കെങ്കിലും കോമഡിയായി തോന്നിയാലോ എന്നായിരുന്നു പേടി.

ഷാഫി സാറും ദിനേശ് മാസ്റ്ററുമൊക്കെ എന്തുപറ്റിയെന്നു ചോദിച്ച് ഓടിവന്നു. എനിക്കൊന്നും പറയാൻ പറ്റുന്നില്ല. അന്നേരം അപ്പച്ചിയുടെ മുഖം ഓർമ വന്നു. വലിയ വിഷമമായിരുന്നുവെങ്കിലും എന്നെ കരയാൻ അപ്പച്ചി സമ്മതിക്കില്ലായിരുന്നു. ‘മോന് ഇങ്ങനെയൊരു കുറവ് വന്നെങ്കിലെന്താ, അതിലും വലിയ കഴിവുകൾ ദൈവം തന്നില്ലേ.’ അപ്പച്ചി എപ്പോഴും പറഞ്ഞിരുന്നത് ഓർത്തപ്പോൾ കിട്ടിയ ധൈര്യത്തിൽ ആ സ്റ്റെപ് കളിച്ചു ശരിയാക്കി. ആ പാട്ട് കാണുമ്പോൾ ഇപ്പോഴും ഞാനോർക്കും, എങ്ങനെയാണത് ചെയ്തതെന്ന്. നമുക്കൊക്കെ ആത്മവിശ്വാസം കുറച്ചേയുള്ളൂ, ചെറിയ കളിയാക്കൽ മതി അതു തകർന്നുപോകാൻ...’’

ബിബിന്‍ ജോർജുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം.

ബിബിന്റെ ഡാൻസ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം..

bibin-wife21