Thursday 20 February 2020 07:22 PM IST

‘മറ്റാരെ കണ്ടില്ലെങ്കിലും അമ്മയെ ഒരു പ്രാവശ്യമെങ്കിലും കണ്ടാല്‍ മതിയായിരുന്നു’; കണ്ണിൽ സംഗീതം കൊണ്ട് പ്രകാശം നിറച്ച സഹോദരിമാരുടെ കഥ

V R Jyothish

Chief Sub Editor

blind

മുറ്റം കടന്ന് പാട്ട് പൊതുവഴിയിലേക്കിറങ്ങി. ‘അഷ്ടമ ഭവനം’ എന്നുേപരുള്ള ആ വീട്ടിൽ നിന്ന് മധുരം കിനിയുന്ന പാട്ടുകൾ ഇതുപോലെ ഇടയ്ക്കിടെ ഇറങ്ങിവരാറുണ്ട്. അതുകൊണ്ട് വഴിയാത്രക്കാർക്ക് തെല്ലും അദ്ഭുതമില്ല.

കരുനാഗപ്പള്ളി പുതിയകാവിനടുത്ത് തഴവയിലാണ് ‘അഷ്ടമഭവനം’. പാട്ടുകാരുടെ വീടെന്ന് നാട്ടുകാർ പറയും. ഇലഞ്ഞിക്കൽ കൊച്ചപ്പൻപിള്ളയ്ക്കും ഭാര്യ തങ്കമ്മയ്ക്കും എട്ടു മക്കൾ. രണ്ടുപേർ ജനിച്ചപ്പൊഴേ മരിച്ചു. ബാക്കിയുള്ള ആറുപേരിൽ നാലുപേരുടെ കാഴ്ചശക്തി ദൈവം തിരിച്ചെടുത്തു. പകരം അവർക്ക് പാടാനുള്ള കഴിവു കൊടുത്തു. പാട്ടുകൊണ്ടു ജീവിക്കാനുള്ള വരവും കൊടുത്തു. അങ്ങനെയാണ് ഈ വീട്ടിൽ ഇത്രയും പാട്ടുകാർ ഉണ്ടായത്.

െറയില്‍േവയിലെ തുച്ഛമായ വേതനവും കഠിനമായ ജോലിയും ആയിരുന്നെങ്കിലും െകാച്ചപ്പന്‍പിള്ള സന്തോഷവാനായിരുന്നു. വീടിന് തൊട്ടടുത്തുള്ള വിളയിൽ ദേവീക്ഷേത്രത്തില്‍ ഭജനപ്പാട്ടിനും പോകും. ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളുെട മരണശേഷമുണ്ടായ കുട്ടിക്ക് മണിയമ്മയെന്നും നാലാമത്തെ കുട്ടിക്ക് ലതിയമ്മയെന്നും പേരിട്ടു. ൈദവം പിന്നെയും പരീക്ഷണങ്ങൾ തുടർന്നു എന്നാണ് തങ്കമ്മ ഇപ്പോഴും വിശ്വസിക്കുന്നത്. രണ്ടു കുഞ്ഞുങ്ങൾക്കും കാഴ്ചയില്ലായിരുന്നു. ജന്മവൈകല്യമായതിനാല്‍ കാഴ്ച കിട്ടാനുള്ള സാധ്യതയില്ലെന്നായിരുന്നു ഡോക്ടർമാരുെട അഭിപ്രായം.

ഇവര്‍ക്കു കൂട്ടായി വീണ്ടും രണ്ടുപേർ. പൊന്നമ്മയും തുളസീധരൻ പിള്ളയും. പിന്നീടാണ് ഗീതാമണിയുടെയും അനുജൻ അഷ്ടമൻപിള്ളയുടെയും ജനനം. മൂത്തമക്കളെപ്പോലെ ഗീതാമണിക്കും അനുജനും കാഴ്ചയുണ്ടായില്ല. കാഴ്ചയുള്ള രണ്ടുപേർ മറ്റു നാലുപേർക്ക് കാവൽക്കാരായി. അമ്മ അവർക്ക് കണ്ണുകളായി. അച്ഛൻ കയ്യും കാലുമായി.

സംഗീതമായിരുന്നു െെദവം അവര്‍ക്കു െകാടുത്ത വരദാനം. കാഴ്ചയില്ലാത്ത നാലുപേരും നല്ല ഗായകരാണെന്ന കാര്യം നാട്ടിൽ പാട്ടായി. സാധാരണക്കാർക്ക് റേഡിയോയിൽ മാത്രം പാട്ടു കേൾക്കാൻ കഴിയുന്ന കാലം. പാട്ട് ഇഷ്ടമുള്ളവ രൊക്കെ ആ കുട്ടികളെ കാണുമ്പോൾ ഒരു പാട്ടു പാടിത്തരാ മോ എന്നു ചോദിക്കും. യാതൊരു മടിയും കൂടാതെ അവർ പാടും. അങ്ങനെ പാട്ടുകൊണ്ട് തങ്ങളുടെയും ചുറ്റുമുള്ളവരുെടയും ജീവിതത്തിൽ പ്രകാശം നിറച്ചു അവര്‍.

ആലുവാപ്പുഴയുടെ താരാട്ട്

ആലുവ അന്ധവിദ്യാലയത്തില്‍ എത്തിയതോെടയാണ് സംഗീതം ആത്മാവിന്‍റെ ഭാഗമാകുന്നത്. പ്രത്യാശയുടെയും പ്രകാശത്തിന്റെയും പുതിയൊരു ലോകം അവര്‍ അവിെട കണ്ടു. സൗജന്യതാമസവും ഭക്ഷണവും. സംഗീതം പഠിപ്പിക്കാൻ മികച്ച അധ്യാപകനായ ലോലപ്പൻ ഭാഗവതര്‍. നല്ല സംഗീതജ്ഞാനമുള്ള സഹോദരങ്ങളെ അദ്ദേഹത്തിനും ഇഷ്ടമായി. സംഭവ ബഹുലമായ പത്തു വര്‍ഷങ്ങള്‍. ഇതിനിടയിൽ നിറമില്ലാത്ത കണ്ണുകൾക്ക് സംഗീതം കൊണ്ട് അവർ നിറം കൊടുത്തു.

വായ്പ്പാട്ടിൽ മാത്രമല്ല കീ ബോർഡിലും തബലയിലും മൃദംഗത്തിലും പ്രാവീണ്യം തെളിയിച്ചു. യുവജനോത്സവവേദി കളിൽ ഈ സഹോദരങ്ങളുടെ ശബ്ദം വേറിട്ടു നിന്നു. 1987–ൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സമൂഹഗാനമത്സരത്തിൽ ഇവര്‍ക്കായിരുന്നു ഒന്നാം സ്ഥാനം.

സ്കൂൾ യുവജനോത്സവങ്ങൾക്കു മാത്രമല്ല എവിടെ സം ഗീതമത്സരമുണ്ടെങ്കിലും അവിടെയെല്ലാം ഇവരുണ്ടാകും. അ വധിക്കു വീട്ടിലേക്കു വരുന്നത് ഒരു പെട്ടി നിറയെ ട്രോഫികളുമായാണ്. വിദ്യാലയത്തിൽ പ്രഫഷനൽ ഗാനമേള ട്രൂപ്പും ഉണ്ടായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുമുണ്ട്.

നല്ല നിലയില്‍ പത്താംക്ലാസ് പാസ്സായി നാട്ടിൽ തിരിച്ചെത്തി ആദ്യം ചെയ്തത് നാലുപേരും ചേർന്ന് ഗാനമേള ട്രൂപ്പ് തുടങ്ങുകയായിരുന്നു. അതോടൊപ്പം ഉപരിപഠനത്തിനും ചേ ർന്നു. ലതിയമ്മ കൊല്ലം എസ്എൻ കോളജിലും മണിയമ്മയും ഗീതാമണിയും തിരുവനന്തപുരം വിമൻസ് കോളജിലും അഷ്ടമൻ പിള്ള പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളജിലും.

പഠിക്കാൻ മിടുക്കരായിരുന്നെങ്കിലും കാഴ്ചയില്ലാത്ത ഈ സഹോദരിമാരുടെ പഠനവും യാത്രയുമൊന്നും അത്ര സുഗമമായിരുന്നില്ല. മറ്റു കുട്ടികൾക്ക് ബുദ്ധിമുട്ടാകും എന്നു പറഞ്ഞ് േഹാസ്റ്റൽ സൗകര്യം േപാലും നിഷേധിക്കപ്പെട്ടു. പക്ഷേ, നല്ല ചില പ്രഫസര്‍മാരും ടീച്ചര്‍മാരും ഒക്കെ ഇവര്‍ക്കു താങ്ങും ത ണലുമായി. അന്ധതയുടെ പേരിൽ തങ്ങളോടു കാണിച്ച ഈ വിവേചനത്തിന് ഈ സഹോദരിമാരിൽ ഒരാൾ മധുരപ്രതികാരം ചെയ്തു. യൂണിവേഴ്സിറ്റി പരീക്ഷയിൽ ബിഎ മ്യൂസിക്കി ന് ഒന്നാം റാങ്ക് വാങ്ങിയാണ് ഗീതാമണി ജയിച്ചത്.

പഠനസമയത്തു തന്നെ ‘ലിറ്റിൽ േവവ്സ്’ എന്ന പേരിൽ ഗാനമേള ട്രൂപ്പ് തുടങ്ങി. നാലു പേരും തന്നെ പ്രധാന ഗായകർ. അഷ്ടമൻ പിള്ള തബല വായിക്കും. ഗീതാമണി കീ ബോർഡും മ്യൂസിക്കിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ സമയത്താണ് ഗീതാമണിക്ക് അബുദാബിയിൽ നിന്ന് ഓഫർ വരുന്നത്. അവിടുത്തെ ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഗീത അധ്യാപികയാകാനുള്ള ക്ഷണം. കാഴ്ചയില്ലായ്മ പ്രശ്നമാകുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അബുദാബിയിലേക്കു പറന്നു. എട്ടുവർഷത്തിനു േശഷം മടങ്ങി നാട്ടിലെ സ്കൂളിൽ അധ്യാപികയായി.

ഗീതാമണി അബുദാബിയിലേക്കും അഷ്ടമൻ പിള്ള കോളജ് അധ്യാപകനായും പോയതോടെ ഗാനമേള ട്രൂപ്പിന്റെ പ്രവർത്തനം നിലച്ചു. ഗീതാമണി തിരിച്ചുവന്ന ശേഷം ട്രൂപ്പ് വീണ്ടുംസജീവമായി. മണിയമ്മ ആൻഡ് സിേസ്റ്റഴ്സ് എന്ന പേരിൽ ഭക്തിഗാനമേളയാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് സഹോദരിമാരുടെ ഉപജീവനമാർഗവും ഈ ഭക്തിഗാനമേള ട്രൂപ്പാണ്.

blind-1 ഫോട്ടോ: ബേസിൽ പൗലോ

ദൈവം പ്രത്യക്ഷപ്പെടുന്ന വഴികൾ

സുഹൃത്തുക്കളുടെ സ്നേഹവും സഹകരണവുമാണ് തങ്ങളുടെ ഗാനസപര്യയ്ക്കു മുതൽക്കൂട്ടെന്ന് ഈ സഹോദരിമാർ പറയുന്നു. ‘‘വെട്ടിക്കവലയിലുള്ള വിജയമ്മ ചേച്ചി, തിരുവനന്തപുരത്തുള്ള പ്രഫ. അരുണ, കണ്ണിന് സൗജന്യമായി ശസ്ത്രക്രിയ നടത്തിയ ഡോ. രാജീവും ഭാര്യ ജയശ്രീയും... അങ്ങനെ ൈദവത്തെപ്പോലെ സഹായവുമായി വന്നവര്‍ ഒരുപാടുണ്ട്.

എല്ലാവരെയും ഒന്നു കാണണമെന്നുണ്ട്. ആഗ്രഹിക്കാം അല്ലാതെന്തു ചെയ്യാം. മറ്റാരെ കണ്ടില്ലെങ്കിലും അമ്മയെ ഒരു പ്രാവശ്യമെങ്കിലും കണ്ടാല്‍ മതിയായിരുന്നു.’’ ലതിയമ്മ ചിരിക്കുന്നു.

ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റുകളാണ് മൂ ന്നുപേരും. മണിയമ്മയും ലതിയമ്മയും ഗാനമേളകൾക്കല്ലാതെ പുറത്തുപോകാറില്ല. വീട്ടിൽ കുട്ടികൾ വരുന്നുണ്ട് സംഗീതം പഠിക്കാൻ.

അച്ഛന്റെ മരണശേഷം അമ്മയ്ക്കു കിട്ടുന്ന പെൻഷനാണ് രണ്ടു സഹോദരിമാരുടെ ആശ്രയം. അവർ വിവാഹം കഴിച്ചിട്ടില്ല. ഏറ്റവും ഇളയ സഹോദരൻ അഷ്ടമൻ പിള്ള എറണാകുളം മഹാരാജാസ് കോളജിൽ സംഗീതവിഭാഗം മേധാവിയാണ്. അദ്ദേഹം വിവാഹം കഴിഞ്ഞ് സകുടുംബം കൊച്ചിയിൽ താമസിക്കുന്നു. സഹോദരിമാരിൽ ഗീതാമണി കരുനാഗപ്പള്ളി അൽ– അമീൻ സെൻട്രൽ സ്കൂളിൽ അധ്യാപികയാണ്. രാജൻപിള്ളയാണു ഭർത്താവ് രണ്ടു മക്കൾ സുകൃതശ്രീയും ശ്രേയശ്രീയും..

കാഴ്ചയുള്ള രണ്ട് സഹോദരങ്ങൾ തുളസീധരൻ പിള്ളയും പൊന്നമ്മയും ഏതാവശ്യത്തിനു വിളിച്ചാലും ഓടിവരത്ത ക്കവിധം തൊട്ടടുത്തു തന്നെയുണ്ട്. കാഴ്ചയില്ലാത്ത മക്കളുടെ കണ്ണുകളായി അമ്മ തങ്കമ്മ എപ്പോഴും കൂടെയുണ്ടാകും. പ്രായം എഴുപതു കഴിഞ്ഞെങ്കിലും മക്കളുടെ കാലൊന്ന് തട്ടി മുറിയാൻ പോലും ഈ അമ്മ ഇടം കൊടുത്തിട്ടില്ല.

‘‘ഇടയ്ക്കിടയ്ക്കു െെദവം ഞങ്ങളുെട മുന്നില്‍ വരാറുണ്ട്.’’ മണിയമ്മ പറയുന്നു. ‘‘തിരക്കുള്ള റോഡ് മുറിച്ചുകടക്കാനാകാതെ വിഷമിച്ചു നിൽക്കുമ്പോൾ ദൈവത്തെപ്പോലെ ഒരാൾ വന്ന് കൈപിടിച്ച് അപ്പുറം കടത്തും. വിശന്നു നിൽക്കുമ്പോൾ ആഹാരത്തിന്റെ രൂപത്തിൽ മുന്നിൽ വരും. ഏതെങ്കിലുമൊരു സർക്കാർ ഓഫിസിൽ പോയാൽ അവിടെയും ഉണ്ടാകും ൈദവത്തെപ്പോലെ ഒരാൾ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചു തുടങ്ങുമ്പോള്‍ ആെരങ്കിലും ഭക്തിഗാനമേളയ്ക്കു ക്ഷണിക്കും. ഇതൊക്കെയല്ലേ ഞങ്ങളുെട ഭാഗ്യം...’’

‘‘ഇനി ‘വനിത’യുടെ വായനക്കാരാണ് ഞങ്ങളുടെ മുന്നി ൽ ദൈവങ്ങളെപ്പോലെ പ്രത്യക്ഷപ്പെടുന്നത്.’’ ഗീതാമണി കൂട്ടിച്ചേര്‍ക്കുന്നു.

അതെങ്ങനെ?‌

‘ഞങ്ങളുടെ ജീവിതകഥ വായിക്കുന്ന വനിതയുടെ വായ നക്കാരിൽ ആരെങ്കിലും ഞങ്ങളെ പാടാൻ വിളിക്കും... അങ്ങനെ അവരും ഞങ്ങളുെട െെദവങ്ങളാകും.’’

വനിതയുടെ വായനക്കാർക്കായി ഞങ്ങളൊരു പാട്ടു പാടാമെന്നു പറഞ്ഞ് മണിയമ്മ പാടിത്തുടങ്ങി.

‘ദേവദാരു പൂത്തു.... എൻ മനസ്സിൻ താഴ്‌വരയിൽ....’

ഗീതാമണിയും ലതിയമ്മയും കൂടെച്ചേര്‍ന്നു.

‘നിതാന്തമാം െതളിമാനം പൂത്ത നിശീഥിനിയില്‍....’

പാട്ടു കഴിഞ്ഞ് സഹോദരിമാര്‍ ചോദിച്ചു, ഇനിയൊരു സംഘഗാനമായാലോ?ഒരു നിമിഷത്തെ നിശബ്ദത. പിന്നെ അവർ പാടി.

‘സ്വപ്നങ്ങൾ അലങ്കരിക്കും നമ്മുടെ വീട് കണ്ട്...

സ്വർഗം നാണിക്കുന്നു...’

അനുപല്ലവി പാടിക്കഴിഞ്ഞപ്പോൾ ഗീതാമണി പാട്ടുനിർത്തി. എന്നിട്ടു പറഞ്ഞു; നമുക്ക് ഈ പാട്ടൊന്നു മാറ്റിപ്പാടിയാലോ?

‘സംഗീതം അലങ്കരിക്കും നമ്മുടെ വീടു കണ്ട്

സ്വർഗം നാണിക്കുന്നു....’

ഇതേ പല്ലവി അവർ ആവർത്തിച്ച് പാടിക്കൊണ്ടിരുന്നു. പരസ്പരം കാണാൻ കഴിയാത്ത ആറു കണ്ണുകളും അപ്പോൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു...