Saturday 13 June 2020 04:18 PM IST

പച്ചക്കറിയും നാടന്‍ തേനും വെളിച്ചെണ്ണയും വിൽക്കുന്നൊരു ബസ്കട ; മുതലാളി ‘താമരാക്ഷൻ പിള്ള’യല്ല, ഇത് 'ഇതിഹാസം' ടീം

V N Rakhi

Sub Editor

bus

ബസിനെ പച്ചക്കറി വില്‍പനയ്ക്കുപയോഗിച്ച് വരുമാനം കണ്ടെത്തുന്ന ഇതിഹാസ് ബസിലെ ജീവനക്കാര്‍

ഉണ്ണികൃഷ്ണന്റെ താമരാക്ഷന്‍പിള്ള 'മള്‍ട്ടിപര്‍പസ്' ബസ് മലയാളികള്‍ മറക്കില്ലല്ലോ. അടുക്കളയും സിനിമാ തിയറ്ററുമൊക്കെയായി ഉപയോഗിക്കാവുന്ന ആ കിടിലന്‍ ബസിന്റത്രയും വരില്ലെങ്കിലും വഴിമുട്ടിയാല്‍ ബസിലൂടെ വേറെയും ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്താമെന്നു പറയും ഇതിഹാസ് ബസിലെ ജീവനക്കാര്‍. ലോക്ഡൗണില്‍ ബസുകള്‍ ഓട്ടം നിര്‍ത്തി കഷ്ടത്തിലായപ്പോള്‍ പണമുണ്ടാക്കാനായി ഇവര്‍ ബസിനെ പച്ചക്കറി കടയാക്കി. പാലക്കാട്-കാലിക്കറ്റ് ബൈപാസില്‍ ചന്ദ്രനഗര്‍-കല്‍പാത്തി ഭാഗത്ത് സിഗ്നലിനടുത്ത് ഇതിഹാസ് ബസുകള്‍ നിര്‍ത്തിയിട്ട ഗ്രൗണ്ടില്‍ പച്ചക്കറി 'ബസ്‌കട' കാണാം.

മലമ്പുഴ റൂട്ടില്‍ ഓടുന്ന ഇതിഹാസ് ബസിലെ സീറ്റുകള്‍ അഴിച്ചു മാറ്റി ടേബിളാക്കി. ബോര്‍ഡും വച്ചു. വിഷുസീസണില്‍ പത്ത്- പതിനഞ്ചിനം മാമ്പഴങ്ങള്‍ വച്ചായിരുന്നു തുടക്കം. അതു ഗംഭീരമായി. മാങ്ങ സീസണ്‍ കഴിഞ്ഞതോടെ പച്ചക്കറി വില്‍പനയിലേക്ക് ചുവടുമാറ്റി. ഓരോ ദിവസവും കിട്ടുന്ന പച്ചക്കറികള്‍ എന്തൊക്കെയാണോ അതാവും ആ ദിവസം വില്‍പനയ്ക്കു വയ്ക്കുക. മലമ്പുഴ ഫാമില്‍ നിന്നുള്ള പടവലം, വെണ്ടക്ക, മുരിങ്ങ, നാളികേരം തുടങ്ങിയവയും കാഞ്ഞിരപ്പുഴ,ശിരുവാണി ഭാഗങ്ങളില്‍ നിന്നുള്ള നാടന്‍ തേന്‍, വെളിച്ചെണ്ണ എന്നിവയുമൊക്കെ് ഉണ്ടാകും.

കര്‍ഷകരില്‍ നിന്നെടുക്കുന്ന നാടന്‍ പച്ചക്കറികള്‍ 'കട'യിലെത്തിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തത് ബസുടമയായ സജീവ് തോമസ് തന്നെയാണ്. ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മാനേജര്‍ ജിത്തുവും മെയ്ന്റനന്‍സ് മാനേജര്‍ അനില്‍കുമാറും എന്നും 'കട'യിലുണ്ടാകും. സെയ്ല്‍സിനും സപ്ലൈയ്ക്കുമായി ഡ്രൈവര്‍മാരും മറ്റു സ്റ്റാഫുമടക്കം നാല്‍പതോളം വരുന്ന ജീവനക്കാരുണ്ട്. ദിവസം മൂന്നോ നാലോ പേര്‍ വീതം ഹോംഡെലിവറിക്കും മറ്റുമായി എത്തും. കിട്ടുന്നതിന്റെ ലാഭം ജീവനക്കാര്‍ക്ക് വീതിച്ചെടുക്കാം.

ബസിലെ വില്‍പനയ്ക്കു പുറമെ ഇപ്പോള്‍ ഓണ്‍ലൈന്‍ വില്‍പനയും തുടങ്ങിയതോടെ സംഗതി കൂടുതല്‍ ഉഷാറായി. 'ഹോം ഡെലിവറിയിലൂടെയാണിപ്പോള്‍ കൂടുതല്‍ കച്ചവടം. വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക്, എസ്എംഎസ് വഴി ഓര്‍ഡറുകള്‍ എടുക്കും. ടൗണില്‍ പത്തുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഡെലിവറി ചെയ്യും. ബസ് സര്‍വിസുകള്‍ പഴയപോലെയാകാന്‍ ഇനിയും മാസങ്ങളെടുക്കും. എന്നാലും പഴയപടിയാകുമോ എന്ന് പറയാനാവില്ല. അതുകൊണ്ട് പച്ചക്കറി വില്‍പന തുടരാനാണ് പ്ലാന്‍. ഫാര്‍മേഴ്‌സ് ആഗ്രോ എന്ന പേരില്‍ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനാണ് തീരുമാനം.' ജിത്തു പറഞ്ഞു.

Tags:
  • Spotlight