Friday 16 February 2018 02:13 PM IST

പ്രണയ ചുംബനവും അതിനപ്പുറവും സാധാരണം, സദാചാര ഗുണ്ടകളോടു പുച്ഛം! ക്യാംപസുകൾ പറയുന്നത്

Roopa Thayabji

Sub Editor

campus5432 കോഴിക്കോട് ദേവഗിരി കോളജിലെ സൗഹൃദക്കൂട്ടം. ഫോട്ടോ: അരുൺ പയ്യടിമീത്തൽ

മാറ്റത്തിന്റെ കാറ്റു വീശുകയാണ് കേരളത്തിന്റെ കൗമാര മനസ്സുകളിൽ. ആ മനസ്സറിയാൻ ‘വനിത’ നടത്തിയ സർവേയിൽ ആവേശപൂർവം പങ്കെടുത്തത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ക്യാംപസുകളിൽ നിന്നുള്ള പതിനാലായിരത്തോളം വിദ്യാർഥികൾ. ചോദ്യങ്ങൾക്ക്  മറുപടിയെഴുതിയ ക്യാംപസ് ഒരു മനസ്സോടെ പറഞ്ഞത് ഇതായിരുന്നു, സൗഹൃദത്തിന്റെ ആഘോഷങ്ങൾക്കു മേൽ നിയന്ത്രണങ്ങളുടെ വിരൽ ചൂണ്ടുന്നവരെ ഞങ്ങൾക്കു പേടിയില്ല. സർവേയുടെ വിശദാംശങ്ങൾ ഇതാ.

പ്രണയത്തിന്റെ സുഗന്ധം

‘ഇത്ര കരുത്തുള്ള ക്യാംപസ് പ്രണയങ്ങൾ ഇപ്പോഴുമുണ്ടോ...’ എറണാകുളം മഹാരാജാസ് കോളജിലെ പൂർവവിദ്യാർഥികളായ അമർനാഥും സഫ്നയും ക്യാംപസിലെ മരത്തണലിൽ വച്ച് വിവാഹിതരായപ്പോൾ ചിലരെങ്കിലും  ഇങ്ങനെ ചോദിച്ചിട്ടുണ്ടാകും. എന്നാൽ പ്രണയവും ബ്രേക്കപ്പുമൊക്കെ ക്യാംപസിലുണ്ട്, പഴയതിനേക്കാൾ ആഴത്തിലും പരപ്പിലും. കൂട്ടുകാരെയെല്ലാം അറിയിച്ച് ആഘോഷമാക്കിയ പ്രണയം ആസ്വദിക്കുന്നവരാണ് 51 ശതമാനം പേരും. എന്നാൽ 45 ശതമാനം  പറഞ്ഞത് പ്രണയമേയില്ല എന്നാണ്. സൗഹൃദത്തിന്റെ മറവിൽ ഒളിപ്പിച്ചു വച്ച പ്രണയം ആസ്വദിക്കുന്നുവെന്ന് നാലുശതമാനം പേർ.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോൾ പ്രണയിക്കുന്ന ആളെ തന്നെ വിവാഹം ചെയ്യുമെന്ന കാര്യത്തിൽ 14 ശതമാനം പേർക്കും വലിയ ഉറപ്പൊന്നുമില്ല. കുറേക്കാലം കഴിയുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്നു നമുക്കറിയില്ലല്ലോ എന്ന മുൻകൂർ ജാമ്യമാണ് ഇവർക്ക് തുണ. ബ്രേക്കപ്പിനെ കുറിച്ചു ചോദിച്ചപ്പോഴാണ് പ്രണയനഷ്ടം  ഇന്നത്തെ ക്യാംപസിനും  മനസ്സുനീറ്റുന്ന ഫീൽ തന്നെയാണ്. ബ്രേക്കപ്പിനെ അതിജീവിച്ച 65 ശതമാനം പേർക്കും വീണ്ടുമൊരു പ്രണയത്തിലേക്ക് കാലെടുത്തുവയ്ക്കാൻ അത്ര ധൈര്യമില്ല. നഷ്ടപ്പെട്ട പ്രണയം അത്രമാത്രം വേദനയും നെഞ്ചുരുക്കവും അവർക്ക്  നൽകിയിട്ടുണ്ടെന്ന് ഉറപ്പ്. പക്ഷേ, തേച്ചിട്ടുപോയ പ്രണയിക്ക് തിരിച്ചു പണികൊടുത്ത് സായൂജ്യമടഞ്ഞ ആറുശതമാനം പേരും ഉടനേ തന്നെ അടുത്തയാളെ പ്രണയിച്ച് ഗ്യാപ് ഫിൽ ചെയ്ത ആറുശതമാനം  പേരും ഇവിടെയുണ്ട്.

പ്രണയത്തിൽ മാത്രമല്ല,  പഠന കാര്യത്തിലും പക്വത ഉള്ളവരാണ് പുതിയ ക്യാംപസിലെ കുട്ടികളെന്ന് പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജിലെ രണ്ടാംവർഷ എംഎ ഇംഗ്ലിഷ് വിദ്യാർഥിനി ആർ. രഞ്ജിത പറയുന്നു. ‘‘മച്വേർഡാണ് മിക്ക കുട്ടികളും. അതുകൊണ്ടു തന്നെ സ്വന്തം കാഴ്ചപ്പാട് തുറന്നുപറയാൻ അവർക്ക് യാതൊരു മടിയുമില്ല. ശരിയാണെങ്കിലും തെറ്റാണെങ്കിലും സ്വന്തമായൊരു പൊളിറ്റിക്കൽ നിലപാടുണ്ടാകുന്നത് നല്ല കാര്യമല്ലേ.’’

campus0043

പ്രണയത്തിന്റെ സ്വഭാവം മാറുന്നു

വിരൽത്തുമ്പിൽ പോലും സ്പർശിക്കാത്ത പ്രണയത്തിന്റെ മധുരമറിഞ്ഞ പഴയ തലമുറയെ ഞെട്ടിക്കുന്ന ഒരു കാര്യം  സർവേയിൽ തെളിഞ്ഞു, ക്യാംപസ് പ്രണയത്തിന്റെ നിറവും സ്വഭാവവും മാറുന്നു. പ്രണയിക്കുന്ന ആളെ ഒന്നു തൊടാൻ പോലും പേടിച്ചിരുന്ന പഴയ ക്യാംപസ് കാലമൊക്കെ എങ്ങോ പോയ്മറഞ്ഞു. പ്രണയചുംബനവും  കടന്ന്  അപ്പുറത്തേക്കൊക്കെ പോയിട്ടുണ്ട് എന്നു തുറന്നുപറയാൻ സർവേയിൽ പങ്കെടുത്ത 16 ശതമാനം പേരും മടിച്ചില്ല. പ്രണയിക്കുന്നയാളെ ചുംബിച്ചിട്ടുണ്ട് എന്നു പറഞ്ഞത് 43 ശതമാനം. അതെ, പ്രണയത്തിൽ മനസ്സു മാത്രമല്ല ശരീരവും പങ്കെടുക്കുന്നു എന്ന് ഭൂരിഭാഗം കൗമാരവും (59 ശതമാനം) പറയുന്നു. തൊടുന്നതും ചുംബിക്കുന്നതുമൊക്കെ വിവാഹത്തിനു ശേഷം മതി എന്ന ചിന്താഗതിക്കാർ  20 ശതമാനം.

‘നിയന്ത്രണം ഉദ്ദേശശുദ്ധിയോടെ’

ആൺ– പെൺ സൗഹൃദങ്ങളിൽ സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായത്തോടു യോജിക്കുന്നുണ്ടെങ്കിലും  സൗഹൃദത്തെ ചൂഷണം ചെയ്യുന്നവരോടു എതിർപ്പുണ്ടെന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യവിഭാഗം പ്രഫസറും ഡീനും എഴുത്തുകാരിയുമായ ഡോ. ടി. അനിതകുമാരി പറയുന്നു.

‘‘തുറന്ന സൗഹൃദങ്ങൾ നല്ലതാണ്. ഇന്റലക്ച്വൽ ഫ്രണ്ട്ഷിപ്പിന് ആൺ– പെൺ ഭേദമില്ല. ആൺകുട്ടികൾക്ക് പെ ൺകുട്ടികളോടും അവർക്ക് തിരിച്ചും എങ്ങനെ പെരുമാറണമെന്നു നന്നായറിയാം. സൗഹൃദത്തിന്റെ അതിർവരമ്പുകളെക്കുറിച്ചൊക്കെ പെൺകുട്ടികൾ ബോധവതികളുമാണ്. എങ്കിലും സ്വാതന്ത്ര്യം കിട്ടുമ്പോൾ മുതലെടുപ്പുകൾ നടത്തുന്നത് ശരിയല്ല. അധ്യാപകർ ചില നിയന്ത്രണങ്ങൾ വയ്ക്കുന്നതിന്റെ ഉദ്ദേശശുദ്ധി  മനസ്സിലാക്കണം. പെൺകുട്ടികൾ മണ്ടികളാകാൻ പാടില്ല. അവരറിയാതെ സൗഹൃദത്തെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയണം. സൗഹൃദവും പ്രണയവുമൊക്കെ മറ്റെന്തെങ്കിലും ലക്ഷ്യം വച്ചുള്ളതാണോ എന്നു മനസ്സിലാക്കുകയും വേണം.’’

campus986