Tuesday 06 February 2018 04:34 PM IST

പുരുഷ സുഹൃത്ത് ആലിംഗനം ചെയ്തതിൽ യാതൊരു തെറ്റുമില്ല; കേരളത്തിലെ ക്യാംപസുകൾ പറയുന്നത്!

Roopa Thayabji

Sub Editor

campus-survey2 ഫോട്ടോ: ബേസിൽ പൗലോ, അരുൺ പയ്യടിമീത്തൽ, അരുൺ സോൾ

സംഗീതപരിപാടിയിൽ നന്നായി  പെർഫോം ചെയ്ത പെൺസുഹൃത്തിനെ അഭിനന്ദിക്കുന്നതിനായി ആലിംഗനം ചെയ്ത ആൺകുട്ടിയെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ?’ ക്യാംപസിന്റെ മാറ്റങ്ങളെ അടുത്തറിയാൻ വനിത നടത്തിയ സർവേയിലെ ഒരു ചോദ്യം ഇതായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്കൂളിൽ അടുത്തിടെ ഉണ്ടായ ആലിംഗന വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൗമാരത്തിന്റെ മനസ്സറിയാനുള്ള ശ്രമം.

‘അതിൽ യാതൊരു തെറ്റുമില്ല’ എന്നു 65 ശതമാനം പേരും പ്രതികരിച്ചപ്പോൾ ഇതൊക്കെ സാധാരണമല്ലേ എന്നു ചോദിച്ചവരാണ് 22.5 ശതമാനം. ഈ ഉത്തരം കേരളത്തിലെ യുവമനസ്സിന്റെ പുതിയ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. അതെ, സൗഹൃദത്തിന്റെ ഭാഗമായി സുഹൃത്തിനെ ആൺ– പെൺ ഭേദമില്ലാതെ തോൾചേർത്തു നിർത്തുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് സർവേയിൽ പങ്കെടുത്ത 87.5 ശതമാനം പേരും ഉറച്ച ശബ്ദത്തിൽ പറയുന്നു.

നിയന്ത്രണങ്ങളില്ലാത്ത യുവത്വത്തിന്റെ ആഘോഷമാണ് ഓരോ ക്യാംപസും. പുസ്തകങ്ങൾക്കും പഠനത്തിനുമപ്പുറം സർഗാത്മകതയുടെയും സൗഹൃദത്തിന്റെയും ഉത്സവമായി മാറുന്ന കാലം. ഫാഷനും ടെക്നോളജിയും മാത്രമല്ല, പുതിയ പരീക്ഷണങ്ങളും ആദ്യമെത്തുന്നത് ക്യാംപസിലേക്കാണ്. പിന്തിരിപ്പൻ ചിന്തകൾക്കും  യാഥാസ്ഥിതിക മനോഭാവങ്ങൾക്കും ഇവിടെ  സ്ഥാനമില്ല. മാറ്റത്തിന്റെ കാറ്റു വീശുകയാണ്  കേരളത്തിന്റെ കൗമാ രമനസ്സുകളിൽ.

ആ മനസ്സറിയാൻ ‘വനിത’ നടത്തിയ സർവേയിൽ ആവേശപൂർവം പങ്കെടുത്തത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ക്യാംപസുകളിൽ നിന്നുള്ള പതിനാലായിരത്തോളം വിദ്യാർഥികൾ. ചോദ്യങ്ങൾക്ക്  മറുപടിയെഴുതിയ ക്യാംപസ് ഒരു മനസ്സോടെ പറഞ്ഞത് ഇതായിരുന്നു, സൗഹൃദത്തിന്റെ ആഘോഷങ്ങൾക്കു മേൽ നിയന്ത്രണങ്ങളുടെ വിര ൽ ചൂണ്ടുന്നവരെ ഞങ്ങൾക്കു പേടിയില്ല. സർവേയുടെ വിശദാംശങ്ങൾ ഇതാ.

campus001

സൗഹൃദത്തിന് ആണോ, പെണ്ണോ

ആൺകുട്ടികളോടു ചങ്ങാത്തം കൂടാൻ പെൺകുട്ടികൾക്ക് മടിയുണ്ടോ. ഒരു മടിയുമില്ലെന്നു തുറന്നുപറഞ്ഞു സർവേയിൽ പങ്കെടുത്ത 97 ശതമാനം പെൺകുട്ടികളും. എന്നാൽ, ഇക്കാര്യത്തിൽ ആൺകുട്ടികൾ കുറേക്കൂടി മോഡേണാണ്. പെൺകുട്ടികളെ അടുത്ത കൂട്ടുകാരാക്കാൻ മടിയില്ലെന്നു നൂറുശതമാനം ആൺകുട്ടികളും  ഉറപ്പിച്ചുപറഞ്ഞു. ആൺ– പെൺ സൗഹൃദം പാടില്ല എന്ന മനസ്ഥിതിയുള്ള മൂന്നു ശതമാനം പെൺകുട്ടികളും സർവേയിൽ പങ്കെടുത്തവരിലുണ്ട്.

അടുത്ത സുഹൃത്തുക്കളുടെ കൂട്ടത്തിൽ ആൺകുട്ടികളും പെൺകുട്ടികളും  ഒരുപോലെയുണ്ടെന്ന്  രണ്ടുകൂട്ടരും  ഒരേ സ്വരത്തിൽ പറയുന്നു. മനസ്സിന്റെ ചെപ്പിലൊളിപ്പിച്ച പ്രണയ വും വീട്ടിലെ പ്രശ്നങ്ങളും, വ്യക്തിപരമായ ബുദ്ധിമുട്ടുകളും സെക്സുമെല്ലാം ഇവരുടെ ചർച്ചകളിൽ വിഷയമാകുന്നു. ആ ൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് സംസാരിച്ചതിനു ശിക്ഷാനടപടി സ്വീകരിച്ച കേരളത്തിലെ ഒരു കോളജിന്റെ നടപടിയോടു ഭൂരിഭാഗവും  പ്രതിഷേധമറിയിച്ചു. ഒന്നിച്ചിരിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നു മാത്രമല്ല, അഭിനന്ദിക്കാനും ആശ്വസിപ്പിക്കാനും ചേർത്തു പിടിക്കുന്ന സൗഹൃദത്തെയും അവർ അനുകൂലിക്കുന്നു.