Tuesday 24 March 2020 10:29 AM IST

ഒരു കുടുംബത്തിൽ ശബ്ദമില്ലാത്ത ഏഴുപേർ; നിശ്ശബ്ദതയുടെ വീട്ടിൽ ആദ്യമായി ശബ്ദത്തിന്റെ പൂവ് വിടർന്ന ദിവസം! ഹൃദയസ്പർശിയായ ജീവിതകഥ

V R Jyothish

Chief Sub Editor

04 ഫോട്ടോ: ബേസിൽ പൗലോ

പൂജപ്പുര സർക്കാർ ആശുപത്രിയിൽ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു കിടക്കുകയാണ് സുഭദ്ര. നല്ല മഴയുള്ള രാത്രി. ശക്തമായൊരു ഇടി െവട്ടിയപ്പോൾ കുഞ്ഞ് പേടിച്ച് ഞെട്ടിവിറച്ചു. കുഞ്ഞിന്റെ ആ ഞെട്ടിവിറയ്ക്കലിൽ സുഭദ്ര കരഞ്ഞു; സന്തോഷം കൊണ്ട്. അതിനു കാരണമുണ്ട്... തിരുവനന്തപുരം വിളവൂർക്കൽ പഞ്ചായത്തിലെ പെരുകാവിലാണ് ശ്രീധരൻ നാടാരും ഭാര്യ സുഭദ്രയും താമസിക്കുന്നത്. അവരുടെ ആദ്യത്തെ മൂന്നു മക്കൾക്കും കേൾവിശക്തിയോ സംസാരശേഷിയോ ഇല്ല. നാലാമത്തെ കുഞ്ഞിന് കേൾവിശക്തി ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം സുഭദ്ര സന്തോഷം കൊണ്ട് കരഞ്ഞു പോയി.

കർഷക കുടുംബമാണ് ശ്രീധരൻ നാടാരുടേത്. രാഷ്ട്രീയ പ്രവർത്തനവും കൃഷിയുമായിരുന്നു ശ്രീധരന്റെ രണ്ടു ദൗർബല്യങ്ങൾ. ജീവിതം തട്ടിയും മുട്ടിയും മുന്നോട്ടു പോകുന്നതിനിടയിലാണ് ചില അപ്രതീക്ഷിതമായ വഴിത്തിരിവുകൾ ശ്രീധരന്റെ  ജീവിതത്തിൽ സംഭവിക്കുന്നത്.

മൂത്തമകൾ വാസന്തി ജനിച്ച് ഒരു വയസ്സായതിനുശേഷമാണ് കുട്ടിക്ക് കേഴ്‌വിശക്തിയോ സംസാരശേഷിയോ ഇല്ലെന്ന കാര്യം മാതാപിതാക്കളുടെ ശ്രദ്ധയിൽപെടുന്നത്. അതും മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ. ശ്രീധരനും സുഭദ്രയ്ക്കും വലിയൊരു ആഘാതമായിരുന്നു അത്. പരിമിതമായ ചുറ്റുപാടിൽ ഈ കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന് അവർ ആശങ്കപ്പെട്ടു. അടുത്ത കുഞ്ഞിന് ചിലപ്പോൾ കേൾവി ശക്തി കിട്ടിയെന്നിരിക്കും. അങ്ങനെയാണെങ്കിൽ ഈ കു ഞ്ഞിന് ഒരു സഹായമാകും. അതായിരുന്നു ആ ദമ്പതികളുടെ പ്രതീക്ഷ.

പക്ഷേ, അവിടെയും വിധി എഴുതി വച്ചത് മറ്റൊന്നാണ്. രണ്ടാമത്തെയും മൂന്നാമത്തെയും പെൺമക്കൾക്കും കേൾവി ശക്തിയും സംസാര ശേഷിയും ദൈവം കനിഞ്ഞില്ല. അതോടെ മുജ്ജന്മപാപം എന്നൊക്കെ പറഞ്ഞ് പലരും പലതും പറയാൻ തുടങ്ങി. വർഷങ്ങൾ കടന്നുപോയി. സന്തോഷത്തിന് ശബ്ദത്തിന്റെ ഉടുപ്പിട്ട വാക്കുകൾ വേണമെന്ന് നിർബന്ധമില്ലെന്ന് അവർക്ക് മനസ്സിലായി. സ്നേഹത്തിന്റെ മൗനം തന്നെ ധാരാളം.

നാലാമതും ഗർഭിണിയായപ്പോൾ സുഭദ്ര ഏറെ കുത്തുവാക്കുകൾ കേട്ടു. ഇനി ഒന്നിനെക്കൂടി വേണോ എന്ന് നേരിട്ടു  ചോദിച്ചവർ പോലുമുണ്ട്. വിധി അതാണെങ്കിൽ അങ്ങനെയാകട്ടെ എന്ന് ശാന്തമായി പറഞ്ഞ് ശ്രീധരൻ ഭാര്യയെ സമാധാനിപ്പിച്ചു. മുൻപുള്ള പ്രസവങ്ങൾ വീട്ടിലായിരുന്നു. പക്ഷേ, നാലാമത്തേത് ആശുപത്രിയിൽ മതിയെന്ന് അവർ തീരുമാനിച്ചു. പ്രസവ ശേഷം മൂന്നാം ദിവസമായിരുന്നു ആ മഴയുള്ള രാത്രി. നിശ്ശബ്ദതയുടെ വീട്ടിൽ ആദ്യമായി ശബ്ദത്തിന്റെ പൂവ് വിടർന്നുവെന്ന് അമ്മ തിരിച്ചറിഞ്ഞ ദിവസം.

ശബ്ദമായി മകൾ

ശബ്ദം കനിയാത്ത മൂത്തോരുടെ ശബ്ദമാകാൻ പോന്ന ഇളയകുട്ടി. അതു മാത്രമായിരുന്നു സുഭദ്രയുടെ മോഹം. മൂത്തമകൾ വാസന്തിക്കും അനിയത്തിമാരായ ലതയ്ക്കും പ്രഭയ്ക്കും ഇടയിൽ ശബ്ദത്തിന്റെ പാലമായി മാറി ആ അനിയത്തിക്കു   ട്ടി. നാലാമത്തെ മകൾ ലാലി പിറന്നതോടെ സുഭദ്ര പ്രസവം നിർത്തി. സുഭദ്ര ആശിച്ചതു പോലെ തന്നെ മൂന്നുപേർക്കു വേണ്ടിയും ലാലി സംസാരിച്ചു.

പക്ഷേ, എല്ലാവർക്കും  ഒരുപോലെയിരുന്ന് സംസാരിക്കാൻ അതു പോരല്ലോ. വീട്ടിൽ എല്ലാവരും ആംഗ്യഭാഷ സംസാരിക്കാം എന്നത് മുൻകൂട്ടി തീരുമാനിച്ചതല്ല. സ്വാഭാവികമായി വന്നതാണ്. സഹോദരങ്ങളുമായി സംസാരിക്കാൻ ലാലിയാണ് ആദ്യമായി ചിഹ്നഭാഷ പഠിക്കുന്നത്. അങ്ങനെ ലാലിക്ക് മറ്റുള്ളവരുമായുള്ള ആശയവിനിമയം സുഗമമായി. അപ്പോഴാണ്  മറ്റുള്ളവർക്കും അതിനുള്ള ആഗ്രഹം തോന്നുന്നത്. അങ്ങനെ ഓരോരുത്തരായി ചിഹ്നഭാഷ പഠിച്ചു. അതോടെ ജീവിതം മാറി മറിയുകയായിരുന്നുവെന്ന് ആംഗ്യഭാഷയിൽ വാസന്തി. അതു ശരിവച്ച് മറ്റുള്ളവരും. കൂട്ടത്തിൽ ഏറ്റവും മോശം ചിഹ്നഭാഷ തന്റേതെന്ന് ശ്രീധരൻ.

ചിഹ്നഭാഷ പഠിച്ചതോടെ മക്കളുമായുള്ള ആശയവിനിമയവും സുഗമമായെന്ന് സുഭദ്ര. ചുരുക്കത്തിൽ ചിരിയും സങ്കടങ്ങളുമൊക്കെയാണു പുറത്തുവരുന്നതെങ്കിലും ഉള്ളിൽ ആശയങ്ങൾ തിളച്ചുതൂകുകയാണെന്ന് വാസന്തിയുടെ ആംഗ്യം.

05 ഫോട്ടോ: ബേസിൽ പൗലോ

കടന്നുവന്നത് കനൽവഴികൾ

നാട്ടിൽ കൃഷിയും രാഷ്ട്രീയപ്രവർത്തനവുമായി നടക്കുമ്പോഴാണ് സർക്കാർജോലി വേണമെന്ന ആഗ്രഹം ശ്രീധരനു തോന്നുന്നത്. മക്കൾ നാലായതോടെ കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കാനാകില്ലെന്ന യാഥാർഥ്യം ശ്രീധരനു ബോധ്യമായി. അങ്ങനെയാണ് സ്ഥിരവരുമാനമുള്ള ഒരു ജോലിക്കായി ശ്രമിക്കുന്നത്. ശ്രീകാര്യത്തുള്ള കിഴങ്ങു ഗവേഷണ കേന്ദ്രത്തിൽ ലാബ് അസിസ്റ്റന്റായി ജോലി കിട്ടിയപ്പോൾ ശ്രീധരൻ ഏറെ സന്തോഷിച്ചു. കാരണം കൃഷി ശ്രീധരന് അത്രയ്ക്കും ഇഷ്ടമായിരുന്നു.

മക്കളെ നന്നായി പഠിപ്പിക്കണമെന്നും അങ്ങനെയാണെങ്കിൽ മാത്രമേ അവർക്ക് ഈ വൈകല്യം മറികടക്കാൻ കഴിയു എന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെയാണ് കനൽവഴികൾ താണ്ടി അദ്ദേഹം മക്കളെ വിദ്യാഭ്യാസം ചെയ്യിച്ചതും അവർക്ക് ഒരു ജീവിതപാത തുറന്നു കൊടുത്തതും.

ജഗതി മൂകബധിര വിദ്യാലയത്തിലാണ് മൂന്നുേപരും പ ത്താംക്ലാസു വരെ പഠിച്ചത്. അതിനുശേഷം ടെക്നിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലും. ഹോസ്റ്റലിൽ നിന്നാണു പഠനമെങ്കിലും ആഴ്ചയിൽ രണ്ടുദിവസം അവധിയാണ്. ആ ദിവ സങ്ങളിൽ കുട്ടികളെ വീട്ടിൽ കൊണ്ടുപോകണം.

‘ജഗതിയിൽ നിന്ന് തച്ചോട്ടുകാവു വരെ ഞാൻ കുട്ടികളെയും കൊണ്ടു നടന്നുപോയിട്ടുണ്ട് പല ദിവസങ്ങളിലും. ബസ് ചാർജ് കൊടുക്കാനില്ലാത്തതുകൊണ്ട്. വരുന്നവഴിക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ കുട്ടികൾ ശാഠ്യം  പിടിക്കും. അന്ന് അതിനൊന്നും സാധിച്ചിട്ടില്ല...’ വന്ന വഴികളെക്കുറിച്ച് ഓർക്കുമ്പോൾ ശ്രീധരന്റെ കണ്ണുകൾ നനയുന്നു. അദ്ദേഹത്തിന്റേതു മാത്രമല്ല മക്കളുടെയും.

ബുദ്ധിമുട്ടുകൾക്കിടയിൽ മക്കളെ പഠിപ്പിക്കാനയച്ചപ്പോൾ ശ്രീധരനോടു പലരും പറഞ്ഞു. ‘ഈ കുട്ടികളെ പഠിപ്പിച്ചിട്ട് എന്തു നേടാനാണ്. അവരോട് ശ്രീധരൻ മറുപടിയൊന്നും പറയാൻ പോയില്ല. പിന്നീട് കാലം കാത്തുവച്ച മറുപടി അവർക്കു കാണേണ്ടി വന്നു. മൂന്നു മക്കളും സർക്കാർ ജീവനക്കാരായി. അവരെ വിവാഹം ചെയ്തതും സ്ഥിരവരുമാനമുള്ളവർ. സംസാരമില്ലാത്ത മൂന്നു മക്കളുള്ള ആ വീട്ടിലേക്ക് സംസാരമില്ലാതെ മൂന്നുപേർ മരുമക്കളായി വന്നു. അങ്ങനെ ആറുപേരായി. ഏറ്റവും മൂത്തമകൾ വാസന്തിയുടെ മകൻ ജിതിനും സംസാരിക്കാനുള്ള കഴിവില്ല. കുടുംബത്തിലെ മൊത്തം അംഗങ്ങളിൽ  ഏഴു പേർക്ക് സംസാര ശേഷി ഇല്ലെന്നത് ഒരിക്കലും അ വരുടെ ആശയവിനിമയത്തിനു തടസ്സമായിട്ടില്ല. പുതുതലമുറയിലെ മറ്റു കുട്ടികൾക്കൊന്നും യാതൊരു പ്രശ്നവുമില്ല.

മൂത്തമകൾ വാസന്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജീവനക്കാരിയാണ്. ഭർത്താവ് ജയകുമാർ ട്രഷറിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ലത സെക്രട്ടറിയേറ്റിലാണ്. ഭർത്താവ് പ്രേംകുമാറിന് ആക്കുളം എയർഫോഴ്സ് ഓഫിസിലാണ് ജോലി. മൂന്നാമത്തെയാൾ പ്രഭയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലാണ്. ഭർത്താവ് അനിൽ കുമാർ പെയിന്റിങ് കോൺട്രാക്റ്ററാണ്.

ഓർമയിലെ ചിത്രം

മക്കൾ ഒക്കെ നല്ല നിലയിൽ എത്തിയെങ്കിലും ശ്രീധരന്റെ മനസ്സിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നത് അവരുടെ ബാല്യത്തിന്റെ ചിത്രങ്ങളാണ്. ‘അന്ന് മൂന്നു മക്കളെയും കൂട്ടി  ഞങ്ങൾ ജഗതിയിലെ സ്കൂളിലെത്തിയ ദിവസം. അവിടെ കാഴ്ചയില്ലാത്ത രണ്ടു മക്കളെയും കൊണ്ട് ഒരു അച്ഛനും അമ്മയും വന്നിരുന്നു. കുറച്ചു സമയം അവരുടെ പ്രയാസങ്ങൾ കണ്ട പ്പോഴാണ് ഞങ്ങൾ എന്തു ഭാഗ്യമുള്ളവരാണെന്നു തോന്നിയത്. ഒന്നുമില്ലെങ്കിലും സ്വന്തം കാര്യങ്ങൾ നോക്കാനെങ്കിലും ഞങ്ങളുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ടല്ലോ. അതൊരു പാഠമായിരുന്നു.’ ശ്രീധരൻ പറയുന്നു.

ബുദ്ധിമുട്ടിയാണെങ്കിലും കുട്ടികളെ പഠിപ്പിക്കണം എന്നു തീരുമാനിച്ചതിനുപിന്നിൽ ജോലി സമ്പാദിക്കുക എന്നതു മാത്രമല്ല അവർ വിദ്യാഭ്യാസമുള്ളവരായി വളരണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. ഇങ്ങനെയുള്ള കുട്ടികൾ വലിയ ദേഷ്യക്കാരാണ്. ദേഷ്യം കൊണ്ട് അവർ പെട്ടെന്ന് പൊട്ടിത്തെറിക്കും. അതുപോലെ സങ്കടം കൊണ്ട് പെട്ടെന്ന് കരയുകയും ചെയ്യും. മറ്റുള്ളവരുമായുള്ള ആശയവിനിമയം വേണ്ട രീതിയിൽ നടക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞങ്ങൾക്കു മനസ്സിലായി. സ്കൂളിൽപോയി ചിഹ്നഭാഷ പഠിച്ചതിനുശേഷമാണ് ഇവർ ശാന്തസ്വഭാവക്കാരായതും നല്ല സ്നേഹത്തിൽ ജീവിക്കാൻ തുടങ്ങിയതും.’ ശ്രീധരന്റെ വാക്കുകൾ.

ഇടി ശബ്ദം േകട്ടപ്പോൾ െഞട്ടിവിറച്ച് അമ്മയെ കരയിപ്പിച്ച ലാലിയാണ് ഇന്ന് മൂന്നു സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും േവണ്ടി സംസാരിക്കുന്നത്. പത്താംക്ലാസു കഴിഞ്ഞപ്പോൾ കൊച്ചു കുട്ടികൾക്കു ട്യൂഷനെടുത്താണ് ലാലി സഹോദരങ്ങൾക്കു തണലായത്.

ഇന്ന് ഒരു മൾട്ടിനാഷനൽ മരുന്നു കമ്പനിയുടെ ഏരിയ മാനേജരാണു ലാലി. ബിരുദ പഠനം കഴിഞ്ഞ് സ്ത്രീകൾ അധികമൊന്നും കടന്നുവരാത്ത മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജോലി തിരഞ്ഞെടുത്തതും സഹോദരങ്ങളെ സഹായിക്കാനായിരുന്നു. ശബ്ദമില്ലാത്ത സഹോദരങ്ങളെ ഒരു കര പറ്റിച്ചതിനുശേഷമാണ് എൻജിനീയറായ സിജുവിനെ ലാലി വിവാഹം കഴിച്ചത്. രണ്ടു കുട്ടികളുണ്ട് ഇവർക്ക്.

‘ഉള്ള കാര്യങ്ങളിൽ സന്തോഷം കണ്ടെത്തണമെന്ന ലളിതമായ കാഴ്ചപ്പാടാണ് എന്നെ മുന്നോട്ടു നയിച്ചത്. അതുതന്നെയാണ് കുടുംബത്തിൽ സന്തോഷം നിലനിൽക്കാനുള്ള കാരണവും’ ശ്രീധരൻ  പറയുന്നു.

‘ഒരിക്കലും ഞങ്ങൾക്ക് മുകളിലുള്ളവരെ നോക്കി നെടുവീർപ്പിടാറില്ല. ഞങ്ങൾക്കു താഴെയുള്ളവരെയേ നോക്കാറുള്ളു.’ അമ്മ സുഭദ്രയുടെ വാക്കുകൾ.

ജോലിക്കു പോകാനുള്ള സൗകര്യത്തിനായി പല സ്ഥലങ്ങളിലായാണു ഇവരുടെ താമസം. എന്നാൽ അവധി ദിവസങ്ങളിൽ എല്ലാവരും വാസന്തിഭവനിൽ ഒത്തുകൂടുന്നു. പിന്നെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ. സങ്കടങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നു. സന്തോഷങ്ങൾ ആരവമായി ഉയരുന്നു. പുറത്തുനിന്നു നോക്കുന്നവർക്ക് ഒരിക്കലും കേൾക്കാൻ കഴിയില്ല നിശ്ശബ്ദതയുെട ആ ആഘോഷങ്ങൾ....

Tags:
  • Spotlight