മാദകസൗന്ദര്യമെന്നതിന് അന്നും ഇന്നും ഒറ്റ നിർവചനമേയുള്ളൂ. അത് സിൽക് സ്മിതയാണ്. ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച...ഹരം കൊള്ളിച്ച സിൽകിന്റെ ഓർമകൾ കാലഭേദങ്ങൾ കഴിയുമ്പോഴും അനശ്വരം. നെറ്റിചുളിച്ചവരും സദാചാരത്തിന്റെ മുഖം മൂടിയണിഞ്ഞവരും ആ സൗന്ദര്യത്തിന്റെ ആരാധകരായിരുന്നുവെന്നത് സിനിമയുടെ ഇന്നലെകള്‍ സാക്ഷ്യപ്പെടുത്തിയ സത്യം.
ഏഴിമല പൂഞ്ചോല പാടി മലയാളി യുവത്വത്തെ ഹരം കൊള്ളിച്ച സിൽക് സ്മിതയുടെ ഓർമകൾ ഒരിക്കൽ കൂടി പുനർജ്ജനിക്കുകയാണ്. വനിതയുടെ മുഖചിത്രമായെത്തി വിപ്ലവം സൃഷ്ടിച്ച ട്രാൻസ്ജെൻഡർ മോഡൽ ദീപ്തി കല്യാണിയാണ് ചിത്രങ്ങൾ കൊണ്ട് സിൽകിന് അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നത്. സ്ഫടികത്തിലെ ആടുതോമയെ കൊതിപ്പിച്ച് പച്ച ബ്ലൗസും കൈലിയുമുടുത്ത് ആടിപ്പാടിയ സിൽക് മരണത്തിനു ശേഷം 24 വർഷങ്ങൾക്കിപ്പുറം പുനർജനിക്കുമ്പോൾ അത് വലിയൊരു കടംവീട്ടല്‍ കൂടിയാണെന്ന് ദീപ്തിയുടെ വാക്കുകൾ.
‘കുഞ്ഞുനാളിലേ മനസിൽ കൂടുകൂട്ടിയ സ്വപ്നം... പെണ്ണുടലിലേക്കുള്ള യാത്രയിൽ എന്നെ സ്വാധീനിച്ച വ്യക്തിത്വം. ആ മരിക്കാത്ത ഓർമകൾക്കു മുന്നിലുള്ള ആദരമാണ്. ഈ ചിത്രങ്ങൾ.’– ഓർമകളെ തിരികെ വിളിച്ച് ദീപ്തിയുടെ വാക്കുകൾ. സിൽകിലേക്കുള്ള പരകായ പ്രവേശം സോഷ്യൽ മീഡിയ നെഞ്ചേറ്റുമ്പോൾ ദീപ്തി കല്യാണി വനിത ഓൺലൈനോട് മനസു തുറക്കുകയാണ്.

എന്നെ കൊതിപ്പിച്ച സൗന്ദര്യം
ആരാധനയെന്നോ അഭിനിവേഷമെന്നോ കൊതിയെന്നോ എന്തു വേണമെങ്കിലും വിശേഷിപ്പിച്ചോളൂ. പക്ഷേ എനിക്കിത് ജീവിത സാഫല്യമാണ്. ആണായിരുന്ന നാൾ തൊട്ടേ എന്റെ മനസിൽ കൂടുകൂട്ടിയതാണ് സിൽകിനെ പോലെയാകണമെന്നും അതു പോലൊരു സൗന്ദര്യം സ്വന്തമാക്കണമെന്നതും. എന്നത്, എന്തിനേറെ പറയണം. പെണ്ണുടലിലേക്കുള്ള എന്റെ യാത്രയ്ക്ക് 12 വർഷം മുമ്പ് വേഗമേറ്റിയതു പോലും ആ അതുല്യ പ്രതിഭയാണ്. ജീവിതത്തിൽ ഞാൻ ഏറ്റവും ആരാധിക്കുന്ന ആ സ്ത്രീ രത്നത്തോടുള്ള ആദരവാണ് ഈ ചിത്രങ്ങൾ.
ഷനോജ് എന്ന ആണായിരുന്നപ്പോഴേ സിൽക് എനിക്ക് ആവേശമായിരുന്നു. പലവട്ടം സിൽകായി സ്റ്റേജിൽ പെർഫോം ചെയ്യണമെന്ന് കൊതിച്ചിട്ടുണ്ട്. പക്ഷേ നടന്നില്ല. ഒടുവിൽ വർഷങ്ങൾക്കിപ്പുറം ആ അവസരം നിയോഗം പോലെ എന്നെ തേടിയെത്തി. മോഡലിംഗിൽ സജീവമായി മുന്നോട്ടു പോകുമ്പോൾ കിരൺ സാക്കി എന്ന എന്റെ സുഹൃത്താണ് ഈയൊരു ആശയം മുന്നോട്ട് വച്ചത്. മൂന്ന് ഐഡിയകളാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ഒന്ന് സാരി മോഡലിംഗ്, ഷോർട്സ് ആൻഡ് ഷർട്സ്, സിൽക് മേക്ക് ഓവർ. ഇവയിലേതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാൻ പറഞ്ഞു. രണ്ടാമതൊന്ന് ചിന്തിക്കാതെ ഞാൻ സിൽകിനെ തെരഞ്ഞെടുത്തു. എന്റെ സ്വപ്നം സഫലമാകുമ്പോൾ അത് സമർപ്പിക്കുന്നത് കാലം കണ്ണുവച്ച ആ മാദക സൗന്ദര്യത്തിനാണ്.


എമിനെന്റ് മീഡിയ ആണ് ഈയൊരു ആശയം അതിൻറെ പൂർണതയിലെത്തിച്ചത്. ക്യാമറാമാൻ ജിയോ മരോട്ടിക്കൽ ക്ലിക്കിലൂടെ ഈ ആശയത്തിന് ജീവൻ പകർന്നു . തൃശൂര്‍ ആമ്പല്ലൂരായിരുന്നു ലൊക്കേഷൻ. എന്റെ മകൾ കൂടിയായ ട്രാൻസ് വുമൺ സാനിയയാണ് സിൽകിന്റെ ബ്ലൗസ് മുതൽ അരഞ്ഞാണം വരെ ഷൂട്ടിനായി ഒരുക്കിയത്. മനീഷ് മനുവാണ് മേക്കിങ് വിഡിയോ തയ്യാറാക്കിയത്.
