Wednesday 22 May 2019 05:04 PM IST

അവളുടെ മുടി നല്ല ഭംഗിയായിരുന്നു! ബിജുമയുടെ മൊട്ടത്തലയിൽ തലോടി പുഞ്ചിരിച്ചു കൊണ്ട് ധനേഷ് പറയുന്നു, ഞങ്ങൾ കാൻസറിനെ തോൽപ്പിക്കും

Binsha Muhammed

dhanesh

‘മരിക്കാൻ പേടിയാണ്... എനിക്ക് ജീവിക്കണം നമ്മുടെ മോന് വേണ്ടി... ഏട്ടനു വേണ്ടി... എനിക്ക് വേണ്ടി...’– പ്രാർഥനയോടെ, കണ്ണിമ ചിമ്മാതെ കാത്തിരുന്ന് കിട്ടിയ ബയോപ്സി റിപ്പോർട്ട് മുറുക്കെപിടിച്ച് ബിജുമ ഇതു പറയുമ്പോൾ ധനേഷിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കൺപീലികളിൽ നിന്നും പുറത്തേക്ക് വരും മുന്നേ വേദനയുടെ ആ തുള്ളികളെ ധനേഷ് മറച്ചു. അന്ന് അതു കേട്ട് ഞാൻ തളർന്നു പോയിരുന്നെങ്കിൽ ഇന്ന് ഞങ്ങൾക്ക് കാൻസറിനെ നോക്കി ഇതു പോലെ പുഞ്ചിരിക്കാൻ ആകുമായിരുന്നോ.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ എനിക്കൊപ്പം ജീവിത വഴിയിൽ കൈപിടിച്ചു വന്നവളാണ്. എന്റെ മൂന്ന് വയസുകാരൻ അലന്റെ അമ്മയാണ്. അവൾക്കരികിൽ കരുത്തായി ഞാനുണ്ട്. ആ കരുത്തിൽ അവൾ കാൻസറിനെ തോൽപ്പിക്കും. നിങ്ങൾ നോക്കിക്കോ...അവള് തിരിച്ചു വരും...– ബിജുമയെ നെഞ്ചോരം ചേർത്ത് നിർത്തി ധനേഷ് ചങ്കുറപ്പോടെ പറഞ്ഞു തുടങ്ങുകയാണ്.

കാൻസറിനോട് പടപൊരുതുന്ന യുവതിയുടേയും അവൾക്കു മുന്നിൽ തേരാളിയായി നിന്ന ഭർത്താവിന്റേയും കഥ സോഷ്യൽ മീഡിയയാണ് ആദ്യം പങ്കുവയ്ക്കുന്നത്. കരളുറപ്പുള്ള ആ പോരാട്ടത്തിന്റെ കഥയന്വേഷണം ചെന്നു നിന്നത് കോഴിക്കോട് നടക്കാവിലെ ഒരു കുഞ്ഞു ഗ്രാമത്തിൽ. അവിടെ ഊണെന്നോ ഉറക്കമെന്നോ വ്യത്യാസമില്ലാതെ ബിജുമയെന്ന നല്ലപാതിക്കരികിൽ ധനേഷ് മുകുന്ദൻ എന്ന ഭർത്താവുണ്ട്. ധനേഷിന്റെ സ്നേഹവായ്പിൽ കാൻസർ വേദന മറന്ന് ബിജുമയും... പോരാട്ടത്തിന്റെ ആ കഥ ആ മാതൃകാദമ്പതികൾ ‘വനിത ഓൺലൈനുമായി’ പങ്കുവയ്ക്കുകയാണ്.

b2

വൃക്ക രോഗമായിരുന്നു തുടക്കം. കാൻസറിന്റെ ലക്ഷണങ്ങളോ പേടിയോ ലവലേശം പോലുമില്ലായിരുന്നു. ഒരു വൃക്ക തകരാറിലായതോടെ അനുബന്ധ ചികിത്സയുമായി മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. ഇതിനിടയിൽ ബയോപ്സി നടത്തിയപ്പോഴാണ് അനുഭവിച്ചതിലും വലിയ പരീക്ഷണം വരാനിരിപ്പുണ്ടെന്ന് അറിഞ്ഞത്. ബിജുമയ്ക്ക് കിഡ്നിയിലാണ് കാൻസർ ബാധിച്ചത്. കേട്ട മാത്രയിൽ തളർന്നു പോയി. ഒരു പരീക്ഷണത്തിൽ നിന്നും അടുത്തതിലേക്ക്. വിധി എന്തിന് ഞങ്ങളെ മാത്രം ഇവ്വിധം പരീക്ഷിക്കുന്നതെന്നൊക്കെ ചിന്തിച്ചു. പക്ഷേ അവിടെ തോറ്റു പോയാൽ തീർന്നു. പ്രത്യേകിച്ച് ഞാൻ... ഞാനല്ലേ ആ നിമിഷത്തിൽ അവൾക്ക് തുണയാകേണ്ടത്. പാറപോലെ എന്റെ പെണ്ണിനു പിന്നിൽ ഞാൻ ഉറച്ചു നിന്നു. എന്ത് വന്നാലും പോരാടും എന്ന് കരുതിയുറപ്പിച്ചു. ഇതൊക്കെ സാധാരണയല്ലേ... എത്രയോ പേർ കാൻസർ വേദനയെ അതിജയിച്ച് തിരിച്ചു വന്നിരിക്കുന്നു. അതു പോലെ ഇവളേയും തിരികെ കൊണ്ടു വരിക എന്നത് എനിക്ക് ജീവിത വ്രതമായി. ഈ പോരാട്ടത്തിൽ ഞങ്ങൾ ജയിക്കും. ജയിക്കാതെ എവിടെ പോകാൻ...– ധനേഷിന്റെ വാക്കുകളിൽ ആത്മവിശ്വാസം.

അവളുടെ നിശ്ചയദാർഢ്യവും കരളുറപ്പുമാണ് ഈ പോരാട്ട വഴിയിൽ എനിക്കുള്ള ഊർജം. രോഗം അറിഞ്ഞ മാത്രയില്‍ അവൾ പറഞ്ഞത്. മരിക്കാൻ പേടിയാണ് ചേട്ടാ..അതു കൊണ്ട് നമുക്ക് ഇതിനെതിരെ പോരാടണമെന്നും ജീവിക്കണമെന്നുമാണ്. തോളോട് തോൾ ചേർന്ന് ഈ വേദനയ്ക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.

b1

നല്ല ഭംഗിയുള്ള മുടിയുണ്ടായിരുന്നു അവൾക്ക്്. കീമോ ആരംഭിക്കുന്നതോടെ മുടി പോകുമെന്ന സത്യം വിവേചനത്തോടെ തിരിച്ചറിഞ്ഞു. ദിവസങ്ങൾക്ക് മുന്നേ ഞങ്ങൾ മുടി മുറിക്കുന്നതിനെ പറ്റി ആലോചിച്ചു. ഇതിനിടെ ജിഎൻപിസി ഞങ്ങളുടെ കാൻസർ പോരാട്ടകഥ ഫൊട്ടോ സഹിതം പോസ്റ്റ് ചെയ്തു. പിന്നാലെയെത്തിയത് ഒരു ഫോൺ കോളാണ്. ഹെയർ ഡൊണേൻ രംഗത്ത് പ്രവർത്തിക്കുന്ന ടീം ഞങ്ങളെ വിളിച്ചു. കുറച്ചു ദിവസങ്ങൾ കൂടി കഴിയുമ്പോൾ മുടി പോകുമെന്നും, അന്നേരം വിഷമിക്കുന്നതിനു മുന്നേ തന്നെ ഒരു വിഗ് തരാമെന്നും അവർ പറഞ്ഞു. പകരം അവളുടെ തലമുടി അവർ തന്നെ നേരിട്ടെത്തി കട്ട് ചെയ്തു. ഇപ്പോൾ ആദ്യ കീമോ കഴിഞ്ഞിരിക്കുകയാണ്. തുറന്നു പറയാല്ലോ... നിറഞ്ഞ മനസോടെയും പുഞ്ചിരിയോടെയും അവൾ തന്നെ ഇതൊക്കെ ചെയ്യുമ്പോൾ എനിക്കൊരു കാര്യം ഉറപ്പാണ്. ഒരു വേദനയുടെ പേരിൽ തളർന്നു പോകുന്ന പിഞ്ചുമനസല്ല അവൾക്ക്. അഭിമാനത്തോടെ ഞാൻ പറയും... ധൈര്യശാലിയാണ് എന്റെ ഭാര്യ.

b3

എത്രയൊക്കെയാണെങ്കിലും ഞങ്ങൾ വീണു പോകുന്ന ഒരു ഘട്ടമുണ്ട്. ഭാരിച്ച ചികിത്സാ ചെലവ്. ഞാനും അവളും സാധാരണ കുടുംബത്തിൽ നിന്നുള്ളതാണ്. വെൽഡിങ്ങ് തൊഴിലാളിയാണ് ഞാൻ. ബിജുമയ്ക്ക് അസുഖം ആയതിൽ പിന്നെ സ്ഥിരം ജോലിക്ക് പോകലൊക്കെ ബുദ്ധിമുട്ടാണ്. അമ്മയ്ക്ക് ചെറിയൊരു ടെയ്‍ലറിങ്ങ് ഷോപ്പുണ്ട്. അതു കൊണ്ടൊന്നും ഇപ്പോഴുള്ള ചികിത്സാ ചെലവ് താങ്ങില്ല. കീമോ തുടങ്ങിയതില്‍ പിന്നെ വലിയ സംഖ്യയാണ് ചികിത്സയ്ക്ക് ചെലവാകുന്നത്. സുമനസുകളായ സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണയാണ് എനിക്ക് ഈ നിമിഷത്തിൽ വേണ്ടത്. ഞങ്ങളുടെ പോരാട്ട കഥ ഏറ്റെടുത്ത സോഷ്യൽ മീഡിയ ഞങ്ങളുടെ വേദനയിലും കൈത്താങ്ങായി എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ– ധനേഷിന്റെ വാക്കുകളിൽ പ്രതീക്ഷ.