Saturday 18 January 2020 06:13 PM IST

വൃക്കകൾ രണ്ടും തകരാറിൽ, 500 തവണ ഡയാലിസിസിന് വിധേയനായി; രണ്ടു വ്യാഴാഴ്ചകൾക്ക് ഇടയ്ക്കുള്ള അതിജീവനം പറഞ്ഞ് ജഹാംഗീർ!

V R Jyothish

Chief Sub Editor

_BAP3140 ഫോട്ടോ: ബേസിൽ‌ പൗലോ

ഒരു മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയായിരുന്നു അത്! ജഹാംഗീർ ഉമ്മറിന് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യാഴാഴ്ച. അന്നാണ് രണ്ടാമതൊരു വൃക്ക കൂടി ജഹാംഗീറിന്റെ ശരീരത്തിൽ തുന്നിച്ചേർത്തത്. അതൊരു അതിജീവനമായിരുന്നു; സിനിമ സംവിധാനം െചയ്യണമെന്ന ആഗ്രഹത്തിൻമേലുള്ള അതിജീവനം. ജഹാംഗീർ ഉമ്മർ എന്ന സിനിമാ സംവിധായകന്റെ ആദ്യ സിനിമ ഇതിനകം റിലീസായി. എന്നാൽ ആ സിനിമയ്ക്കു പിന്നിലുള്ള ജീവിതം മറ്റൊരു സിനിമയാണ്.

പ്രേംനസീർ വിശേഷങ്ങളും സിനിമയും

നെടുമങ്ങാടിനടുത്ത് പനവൂരിലാണ് ജഹാംഗീറിന്റെ സ്വദേശം. പൊലീസുകാരനായിരുന്നു ബാപ്പ ഉമ്മറുദ്ദീൻ. ഉമ്മ ആബിദാബീവി. കുടുംബത്തിൽ കലാകാരന്മാരൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഉപ്പാപ്പയായ മുഹമ്മദാലിക്ക്  പ്രേംനസീറുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ബ ന്ധമുണ്ടായിരുന്നു. ഉപ്പാപ്പ പറഞ്ഞ പ്രേംനസീർ വിശേഷങ്ങളാണ് ജഹാംഗീറിനെ സിനിമയിലേക്ക് അടുപ്പിച്ചത്.

പേരൂർക്കട പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു ജഹാംഗീർ വളർന്നത്. സിനിമയും നാടകവും കുട്ടിക്കാലത്തേ കൂട്ടുകാരായി. സിനിമാ തിയറ്ററുകളും അമ്പലപ്പറമ്പുകളുമായിരുന്നു ജഹാംഗീറിന്റെ പാഠശാലകൾ. പേരൂർക്കട ജനത തിയറ്ററിൽ നിന്ന് സ്ഥിരമായി സിനിമകൾ കണ്ട് ആ സിനിമയുടെ കഥ മനോഹരമായി പറയുന്ന മുരുകൻ എന്നൊരു സുഹൃത്തുണ്ടായിരുന്നു ജഹാംഗീറിന്. പിന്നെ, കടപ്പത്തല ദേവീക്ഷേത്രം, പൈപ്പിൻമൂട് ശിവക്ഷേത്രം, ഇടയ്ക്കുളം ദേവീക്ഷേത്രം എന്നിവിടങ്ങളിലായി വർഷത്തിൽ 30 ദിവസത്തോളം നീളുന്ന ഉത്സവരാവുകളും. സാംബശിവനും കെടാമംഗലം സദാനന്ദനും അയിലം ഉണ്ണിക്കൃഷ്ണനും പറഞ്ഞ കഥകൾ കേട്ടു നേരം വെളുത്ത രാവുകൾ.

കാഴ്ചക്കാരനിൽ നിന്ന് കലാകാരനിലേക്ക്  ജഹാംഗീർ വളരെ പെട്ടെന്നു വളർന്നു. നാടകനടനായും മിമിക്രി കലാകാരനായും ഉത്സവപ്പറമ്പുകളിലൂടെയുള്ള ആ യാത്ര തുടർന്നു.  മിമിക്രിക്ക് ഇത്രയും സ്വീകാര്യത ഉണ്ടായിരുന്ന കാലമല്ല. കഥാപ്രസംഗത്തിനും നാടകത്തിനും  ഇടയ്ക്ക് ആളുകളെ പിടിച്ചിരുത്തുന്ന ഫില്ലർ പ്രോഗ്രാമാണ് അന്ന് മിമിക്രി. പ്രമുഖ സിനിമാതാരങ്ങളുടെ ശബ്ദാനുകരണമായിരുന്നു പ്രധാന ഐറ്റം. അന്നത്  അപൂർവമായിരുന്നതുകൊണ്ട്  ജ ഹാംഗീറിനും സംഘത്തിനും വേദികളിൽ തിളങ്ങാനായി.

സിനിമയിലെത്തുകയായിരുന്നു ജഹാംഗീറിന്റെ ആത്യന്തിക ലക്ഷ്യം. അന്ന് സിനിമയുെട ഈറ്റില്ലം മദ്രാസാണ്. എ ന്നാൽ സിനിമയ്ക്കു വേണ്ടി മദ്രാസിൽ പോയി നിൽക്കാനുള്ള അനുവാദമില്ല വീട്ടിൽ. തിരുവനന്തപുരത്ത് വല്ലപ്പോഴും ഒരു ഔട്ട്ഡോർ യൂണിറ്റ് എത്തും. വീട്ടുകാരുടെ കണ്ണു വെട്ടിച്ച് അവിടെ കൂടും. ചിലർ അഭിനയിക്കാനുള്ള അവസരമൊന്നും കൊടുക്കില്ല. എങ്കിലും സെറ്റിൽ നിൽക്കാനൊക്കെ അനുവദിക്കും.

അങ്ങനെ സിനിമ ഒരു വിദൂരസ്വപ്നമാണെന്നു തിരിച്ചറിഞ്ഞ് മറ്റെന്തെങ്കിലും ജോലി നോക്കണം എന്ന തീരുമാനത്തിലെത്തി. ഇടയ്ക്കുവച്ച് നിർത്തിയ പഠനം വീണ്ടും തുടങ്ങണം. വേറെന്തെങ്കിലും ബിസിനസ് ചെയ്യണം എന്ന തീരുമാനമെടുത്ത ഒരു വെള്ളിയാഴ്ചയാണ് മറ്റൊരു യാദൃച്ഛികത ജഹാംഗീറിന്റെ ജീവിതത്തിൽ സംഭവിക്കുന്നത്.

സിനിമയിലെ രണ്ടു പതിറ്റാണ്ട്

അങ്ങനെയൊരു ദിവസം ഉച്ചനമസ്കാരത്തിനു പോയതാണ്. പള്ളിയിൽ സാധാരണ പോകുന്നതുപോലെ വെള്ള ഷർട്ടും മുണ്ടും വേഷം. പളളിയിൽ പോയി തിരിച്ച് വീട്ടിലേക്കു നടന്നു വരുന്ന വഴി ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഷൂട്ടിങ് നടക്കുന്നു. വെറുതെ ഒന്നു കയറിനോക്കിയതാണ്. ദേവൻ നായകനായി അഭിനയിച്ച ‘വിട പറയാൻ മാത്രം’ എന്ന സിനിമ. ക്ലൈമാക്സ് സീൻ ആണു ഷൂട്ട് ചെയ്യുന്നത്. മനോവിഭ്രാന്തിയിലായ നായകനെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതാണു സീൻ. ഷോട്ട് െറഡിയായ സമയത്താണ് പ്രശ്നം. ആശുപത്രി അറ്റൻഡറായി അഭിനയിക്കേണ്ട ഒരാളെ കാണാനില്ല. അപ്പോഴാണ് വെള്ളയും വെള്ളയുമിട്ട് ആറടിയിലേറെ ഉയരമുള്ള ജഹാംഗീറിന്റെ രംഗപ്രവേശം. സംവിധായകന് പിന്നെ, മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ജഹാംഗീറിനെ പിടിച്ചങ്ങ് അഭിനയിപ്പിച്ചു. ആ സീനിൽ ജഹാംഗീർ തിളങ്ങി എന്നു മാത്രമല്ല, പോസ്റ്ററിൽ ആ സീൻ അടിച്ചു വരികയും ചെയ്തു.

ആ സിനിമാ പോസ്റ്റർ ജഹാംഗീറിന് വീട്ടിലും  നാട്ടിലും സുഹൃത്തുക്കൾക്ക് ഇടയിലും താൻ സിനിമാക്കാരനായി എന്നു തെളിയിക്കാനുള്ള സർട്ടിഫിക്കറ്റായി. ആ ഒറ്റ സീൻ ജഹാംഗീറിന്റെ മനസ്സിനെ മാറ്റിമറിച്ചു. സിനിമയെന്ന മോഹം കെട്ടു പൊട്ടിച്ച് വീണ്ടും പുറത്തുചാടി. ജൂനിയർ ആർട്ടിസ്റ്റായി, അസിസ്റ്റന്റ്മാരുടെയും അസിസ്റ്റന്റായി, ഡ്യൂപ്പായി, ഡബ്ബിങ് ആർട്ടിസ്റ്റായി. സിനിമയെന്ന മായികലോകത്ത് ചെലവിട്ടത് രണ്ട് പതിറ്റാണ്ട്. ചിലപ്പോൾ ഒരു സീൻ. അല്ലെങ്കിൽ രണ്ടു സീൻ. സിനിമ തിയറ്ററിൽ എത്തിയാൽ ചിലപ്പോൾ ആ സീനും ഉണ്ടായി എന്നു വരില്ല. അപ്പോഴൊക്കെ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹമാണ് ജഹാംഗീറിനെ നയിച്ചിരുന്നത്.

ഇതിനിടയിൽ സിനിമാക്കാരിൽ കുറച്ചു പേർ അടുത്ത സുഹൃത്തുക്കളായി. സംവിധായകൻ ജി.എസ്. വിജയനും നടൻ ഷമ്മി തിലകനും മറ്റ് ഏതാനും സുഹൃത്തുക്കളും ജഹാംഗീറിന്റെ ഈ അവസ്ഥ മനസ്സിലാക്കുകയും ഒപ്പം കൂട്ടുകയും ചെയ്തു. ഇവർ കാരണമാണ് താൻ ഇന്നു ജീവിച്ചിരിക്കുന്നതെന്ന് ജഹാംഗീർ പറയുന്നു.

ഒന്നാമത്തെ വ്യാഴം

ടി. വി. ചന്ദ്രന്റെ അസിസ്റ്റന്റായി ‘സൂസന്ന’യിൽ ജോലി ചെയ്യുന്ന സമയത്ത്, എഴുതി പൂർത്തിയാക്കിയ തിരക്കഥയുണ്ടായിരുന്നു കയ്യിൽ. ‘അരവിന്ദന്റെ കുടുംബം’ എന്നു പേരിട്ട ആ തിരക്കഥയുമായി കലാഭവൻ മണിയെ സമീപിച്ചു. കഥ കേട്ട് മണിക്ക് ഇഷ്ടമായി. അതിയായ ഉത്സാഹത്തോടെ ആദ്യ സിനിമയുടെ ജോലികളിലേക്കു കടന്നു. എന്നാൽ വിധിയുടെ ക്രൂരമായ ഇടപെടൽ പലപ്പോഴും  മനുഷ്യനെ നിസാരനാക്കും. ജഹാംഗീറിന്റെ ജീവിതത്തിലും  ഉണ്ടായി അത്തരമൊരു ഇടപെടൽ.

വർഷങ്ങൾക്കു മുൻപ് യൂറിനറി ബ്ലാഡറിൽ ഉണ്ടായ അണുബാധയാണ് വില്ലനായി വന്നത്. ചില സിനിമകളിലെ അപ്രതീക്ഷിത മുഹൂർത്തങ്ങൾ പോലെ ആയിരുന്നു രോഗത്തിന്റെ വരവ്. ശാരീരികമായ ബുദ്ധിമുട്ടുകളും ക്ഷീണവും അവഗണിക്കാൻ കഴിയാതെ വന്നപ്പോൾ ആ യാഥാർഥ്യം  ജഹാംഗീറിന് അംഗീകരിക്കേണ്ടി വന്നു. രണ്ടു വൃക്കകളും തകരാറിലാണ്. ജീവൻ നിലനിർത്തണമെങ്കിൽ ഡയാലിസ് തുടങ്ങണം. അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കണം. പിന്നെ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള ശ്രമങ്ങളായി. സുഹൃത്തുക്കൾ, ബന്ധുക്കൾ, കുടുംബ ഓഹരി എല്ലാം ഒത്തുവന്നപ്പോൾ സർജറിക്കുള്ള വഴി തെളിഞ്ഞു. ആദ്യത്തെ വ്യാഴാഴ്ച അങ്ങനെ കടന്നുപോയി.

പിന്നീട് ജീവിക്കുക എന്ന ബിഗ് ബജറ്റ് സിനിമയിലേക്ക് കാലെടുത്തുവച്ചു ജഹാംഗീർ. വെഞ്ഞാറമൂട്ടിൽ ഒറ്റമുറിയിൽ ഒരു തുണിക്കട, മതപണ്ഡിതന്മാരുടെ പ്രഭാഷണം ശേഖരിച്ച് കാ സറ്റിലാക്കിയുള്ള വിൽപന, കല്യാണ കസറ്റുകളുടെ എഡിറ്റിങ് അങ്ങനെ പല ജോലികൾ ചെയ്തു.  മരുന്നിനു മാത്രം  മാസം പതിനായിരം രൂപ  വേണ്ടി വരും.  ഈ ഘട്ടത്തിലും ജി. എസ് വിജയനെയും  സീമ ജി. നായരെയും പോലെയുള്ള സുഹൃത്തു ക്കളുടെ സഹായമായിരുന്നു ജഹാംഗീറിന്റെ കൈത്താങ്ങ്.

_BAP3166

ജോലിയുടെ ഇടവേളകളിൽ സിനിമയ്ക്കു വേണ്ടിയുള്ള ആലോചനകൾ. മൂന്നു വർഷത്തിനുള്ളിൽ അടുത്ത തിരക്കഥ പൂർത്തിയാക്കി. സുരേഷ് ഗോപിയെ മനസ്സിൽ കണ്ട് എഴുതിയ രണ്ടാമത്തെ തിരക്കഥയ്ക്ക് ‘ഛായാചിത്രം’ എന്നു പേരിട്ടു. ‘കവർ സ്റ്റോറി’ എന്ന സിനിമയിൽ സുരേഷ്ഗോപിക്കു വേണ്ടി ജഹാംഗീർ ഡ്യൂപ്പ് ആയിട്ടുണ്ട്. ആ സൗഹൃദവും അദ്ദേഹം സൂക്ഷിക്കുന്നുണ്ടായിരുന്നു. സുരേഷ് ഗോപി കഥ കേട്ടു. ‘ഈ സിനിമ നമ്മൾ െചയ്യും’ എന്നു വാക്കു പറഞ്ഞു പിരിഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാതെ രണ്ടാം വ്യാഴം

ആദ്യത്തെ സിനിമ നടന്നില്ല. രണ്ടാമത്തെ സിനിമയെങ്കിലും നടക്കണേ എന്ന പ്രാർഥനയോടെ ദിവസങ്ങൾ മുന്നോട്ടു നീക്കുകയായിരുന്ന ജഹാംഗീറിനെ െഞട്ടിച്ചു കൊണ്ട് രോഗം വീണ്ടും വില്ലനായെത്തി. ശരീരത്തിൽ പിടിപ്പിച്ച വൃക്കയ്ക്ക് മൂന്നര വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു ശസ്ത്രക്രിയ ചെയ്തതിന്റെ ബുദ്ധിമുട്ടുകൾ നേരിട്ട് അറിഞ്ഞതാണ്. സാമ്പത്തികമായിരുന്നു ഏറ്റവും വലിയ പ്രശ്നം. മാത്രമല്ല, ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് വേണ്ടവിധം മരുന്നുകൾ കഴിച്ചിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്ന കുറ്റപ്പെടുത്തലും. മരുന്ന് കഴിക്കാത്തത് മനഃപൂർവമല്ല പണമില്ലാത്തതുകൊണ്ടാണെന്ന് ആരെയും ബോധ്യപ്പെടുത്താനും പോയില്ല.

ബന്ധുക്കളൊക്കെ ഒരിക്കൽ സഹായിച്ചവരായിരുന്നു. അതുകൊണ്ടുതന്നെ ശസ്ത്രക്രിയയ്ക്കു വേണ്ട പണം കണ്ടെത്തുക ദുഷ്കരമായി. ജി.എസ്. വിജയൻ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തു ജഹാംഗീറിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടി. എങ്കിലും  മൂന്നു വർഷം നീണ്ടുപോയി രണ്ടാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താൻ. ഇതിനിടയിൽ 500 തവണ ഡയാലിസിസിന് ജഹാംഗീർ വിേധയനായി. മൂന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു വ്യാഴാഴ്ച തന്നെ ശസ്ത്രക്രിയ നടന്നു.

ഈ സമയത്ത് ജഹാംഗീറിന് മുന്നിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെ ജീവിക്കും?

ജീവിതം തന്നെ ഉത്തരം

സിനിമയിൽ നിന്നു പൂർണമായും  മാറി പഴയതുപോലെ തു ണിക്കടയും  വിഡിയോ എഡിറ്റിങ്ങുമായി കഴിയുമ്പോഴാണ് തിരക്കഥാകൃത്ത് ടി.എ.റസാഖിന്റെ വിളി വരുന്നത്.  ‘എന്റെ അടുത്ത തിരക്കഥ നിനക്കായിരിക്കും’ എന്ന് റസാഖ് പറഞ്ഞെങ്കിലും  വാക്കു പാലിക്കാതെ അദ്ദേഹം  ജീവിതത്തിൽ നിന്നു മടങ്ങിപ്പോയി. അപ്പോഴാണ് സുഹൃത്തുക്കൾ ചോദിച്ചത് സിനിമാക്കഥയെക്കാൾ സങ്കീർണമായ ജീവിതം മുന്നിലുള്ളപ്പോൾ നീ എന്തിനാണ് ഇനി കഥ അന്വേഷിക്കുന്നത്.

അങ്ങനെ സ്വന്തം കഥ തന്നെ എഴുതി ജഹാംഗീർ. സിനിമയ്ക്കു പിറകേയുള്ള ഒരു സാധാരണക്കാരന്റെ നെട്ടോട്ടം, മൂന്നു പതിറ്റാണ്ടോളം സിനിമയുടെ പിന്നാമ്പുറത്തു ചെലവിട്ട ജീവിതം. വന്നു ചേർന്ന ഭാഗ്യങ്ങളെ തട്ടിയെടുത്ത വിധിയുടെ വിനോദം മുതൽ അവയവങ്ങൾക്കായി കാത്തിരിക്കുന്നവരും ആശുപത്രിക്കിടക്കയിലെ നിസ്സഹായതയും വരെ വന്നുപോകുന്ന കഥ. ‘മാർച്ച് രണ്ടാം വ്യാഴം’ എന്നു തന്നെ സിനിമയ്ക്കു പേരിട്ടു. തിരക്കഥ കണ്ടപ്പോൾ ചിലർ സൗജന്യമായി സഹകരിച്ചു. ഏകദേശം 2000 പേർ പൂജയിൽ പങ്കെടുത്തു. ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചർ നിലവിളക്കു കൊളുത്തി സിനിമയ്ക്കു തുടക്കം കുറിച്ചു. സുഹൃത്തുക്കളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.

‘രോഗത്തിൽ നിന്ന് ഒരാൾ ജീവിതത്തിലേക്കു തിരിച്ചുവരുന്ന അതിജീവനത്തിന്റെ കഥ. അതായിരുന്നു എന്റെ ആദ്യ സിനിമ.’ ഒരു സിനിമ പ്രേക്ഷകർക്ക്  മുന്നിലെത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട് ജഹാംഗീറിന്റെ കണ്ണുകളിൽ. ഇപ്പോൾ രണ്ടാമത്തെ സിനിമയുടെ ഒരുക്കത്തിലാണ് ജഹാംഗീർ.   

ജീവിതത്തിലെ നായിക സുമി, ‘ഒരു ദുർബല നിമിഷത്തിൽ എന്നോടൊപ്പം കൂടിയതാണെ’ന്ന്  ജഹാംഗീർ ഇടയ്ക്ക് തമാശ പറയും. ജഹാംഗീറിന്റെ കയ്യും കാലും തണലുമെല്ലാം സുമിയാണ്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കടന്നു വന്ന സന്തോഷമാണ് ഇവർക്ക് മകൻ ഹസ്സൻ ജഹാംഗീർ. എൽകെജി വിദ്യാർഥിയായ ഹസ്സന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും ബാപ്പ തന്നെ. രണ്ടു പേർക്കും പെരുത്തിഷ്ടമുള്ള കാര്യവും ഒന്നു തന്നെ; ‘സിനിമ.’ 

Tags:
  • Spotlight