Wednesday 23 May 2018 11:25 AM IST

‘ഒരിക്കലെങ്കിലും വേദന അനുഭവിച്ചയാൾക്കല്ലേ മറ്റുള്ളവരുടെ വേദനകൾക്ക് ആശ്വാസം പകരാൻ കഴിയൂ..’

Roopa Thayabji

Sub Editor

asna0006 ഫോട്ടോ: അരുൺ പയ്യടിമീത്തൽ

അറ്റുപോയത് വലതുകാലാണ്. പക്ഷേ, തോറ്റുവീഴാൻ അസ്ന ഒരുക്കമായിരുന്നില്ല. കരുത്ത് കൈവിടാതെയുള്ള ആ പോരാട്ടത്തിന് ജീവിതം അവൾക്കൊരു പുതിയ പേര് നൽകി. ഡോ. അസ്ന. കണ്ണൂർ ചെറുവാഞ്ചേരിയിലെ വീട്ടിൽ നേരിട്ട് അഭിനന്ദനം അറിയിക്കാൻ എത്തിയവർക്ക് മധുരം നൽകുന്ന തിരക്കിലാണ് അസ്നയുടെ അനുജൻ ആനന്ദ്. എല്ലാവർക്കും നടുവിൽ പുഞ്ചിരിയോടെ സംസാരിച്ചു നിൽക്കുന്ന അസ്നയെക്കണ്ടപ്പോൾ പത്രത്താളിലെ പഴയ ചിത്രം ഒാർത്തു.

ബോംബ് സ്ഫോടനത്തിൽ വലതുകാൽ നഷ്ടമായ ആറുവയസ്സുകാരിയുടെ കണ്ണുനനയിക്കുന്ന ചിത്രം. ഒരു തെറ്റും ചെയ്യാതെ മകൾക്കുണ്ടായ ദുർവിധിയിൽ അസ്നയുടെ മാതാപിതാക്കളായ നാണുവും ശാന്തയും  വിറങ്ങലിച്ചു കഴിഞ്ഞ ദിനങ്ങൾ. വർഷം പതിനെട്ടു കഴിഞ്ഞു. എങ്കിലും കണ്ണൂരിൽ നിന്നുള്ള കണ്ണീർ വാർത്തകൾ നിലയ്ക്കുന്നില്ല. വാർത്തകളിലെ പേരുകളും കൊടികളും മാറുന്നുവെന്ന് മാത്രം. ഇതെല്ലാം കണ്ടും കേട്ടും  അസ്നയും വളർന്നു. രണ്ടു കാലുകൾ നൽകുന്നതിനേക്കാൾ കരുത്തുള്ള മനസ്സോടെ. കൃത്രിമക്കാൽ വച്ചു നടന്ന് തുടങ്ങിയ നാളുകളിൽ കുത്തിനോവിച്ച ചോരയുടെ നനവ് അവൾ കണ്ടില്ലെന്ന് നടിച്ചു. എംബിബിഎസ് പരീക്ഷ പാസായി ഡോക്ടറായതിന്റെ സന്തോഷം അസ്നയുടെ ചിരിയിലുണ്ട്. വേദന വളർത്തിയ വിജയത്തിന്റെ തിളക്കമുണ്ട് ആ കണ്ണുകളിൽ.

asna0005

‘അന്ന് എല്ലാവരും ചോദിച്ചപ്പോൾ ഡോക്ടറാകാനാണ് ആഗ്രഹമെന്നാണ് പറഞ്ഞത്. പിന്നീടെപ്പോഴോ ആ സ്വന പ്നത്തിന്റെ വില മനസ്സിലായി. ഒരിക്കലെങ്കിലും വേദന അ നുഭവിച്ചയാൾക്കല്ലേ വേദനകൾക്ക് ആശ്വാസം പകരാൻ കഴിയൂ. എന്നെ ചേർത്തുനിർത്തിയ എല്ലാവർക്കും നന്ദി. എംബിബിഎസ് പരീക്ഷയിൽ 52 ശതമാനം മാർക്കുണ്ട്.’ ചുവടുകൾ പതറാതെ നടന്നുതീർത്ത വഴികളിലേക്ക് അസ്ന തിരിഞ്ഞുനോക്കുന്നു.

വേദനയുടെ പകൽ

‘അച്ഛന് വീടിനടുത്ത് ചെറിയൊരു ചായക്കടയാണ്. എ നിക്കു മൂന്നുവയസ്സുള്ളപ്പോഴാണ് ആനന്ദ് (അപ്പു) ജനിക്കു ന്നത്. പൂവത്തൂർ ന്യൂ എൽപി സ്കൂളിലായിരുന്നു എന്നെ ഒന്നാം ക്ലാസിൽ ചേർത്തത്. സ്കൂളിൽ ചേർന്ന് കിട്ടിയ ആദ്യത്തെ നീണ്ട അവധിയായിരുന്നു ആ ഓണക്കാലത്തേത്. പത്തുദിവത്തെ അവധി ഊഞ്ഞാലാട്ടവും കളികളുമായി തീർക്കാനുള്ള ആവേശത്തിലായിരുന്നു ഞങ്ങൾ. 2000 സെപ്തംബർ 27. തിരഞ്ഞെടുപ്പ് ദിവസമായതിനാൽ അച്ഛൻ കടയിൽ തിരക്കിലാണ്. ഞാനും അപ്പുവും വീടിനു തൊട്ടടുത്ത് തന്നെയുള്ള വല്യച്ഛന്റെ വീട്ടുമുറ്റത്ത് കളി തുടങ്ങി. തൊ ട്ടടുത്തെ സ്കൂളിൽ പോളിങ് ബൂത്തുണ്ട്. അവിടെ നിന്ന് കുറച്ചുപേർ തല്ലുകൂടുന്നതും ഓടി ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന തും കണ്ടു. പ്രശ്നക്കാരെ കണ്ട് അമ്മ ഓടിവന്ന് ഞങ്ങളെ അകത്തേക്ക് കയറ്റാൻ തുടങ്ങി. അപ്പോഴേക്കും എന്തോ മുറ്റത്തു പൊട്ടിത്തെറിച്ചു. പിന്നീടൊന്നും ഓർമയില്ല.

എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ വച്ചാണ് ബോംബ് പൊട്ടിയപ്പോൾ എന്റെ വലതുകാൽമുട്ടും താഴ്ഭാഗവും ചിന്നിച്ചിതറിപ്പോയി എന്നറിയുന്നത്. ശസ്ത്രക്രിയ ചെയ്ത് ശരിയാക്കാൻ പറ്റാത്തതു കൊണ്ട് മുട്ടിനു മുകളിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നു. അപകടത്തിൽ അപ്പുവിന്റെ പാദത്തിലെ മാംസം അടർന്നുപോയിയിരുന്നു. അമ്മയുടെ വയറ്റിൽ ബോംബിൽനിന്നു തെറിച്ച കുപ്പിച്ചില്ലുകൾ തുളച്ചുകയറി.’  

asna0004

പുതിയ ചുവടുകൾ

‘കാൽ പോയതോടെ അനിയന്റെ കൂടെ ഓടിക്കളിക്കാൻ പ റ്റില്ലെന്ന് എനിക്കു മനസ്സിലായി. ഇതുപറഞ്ഞ് കരയാനും ബ ഹളം വയ്ക്കാനും തുടങ്ങിയപ്പോഴാണ് കൃത്രിമകാൽ വയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. നിർബന്ധം കാരണം  മുറിവ് നന്നായി ഉണങ്ങും മുൻപേയാണ് കാൽ വച്ചതെന്ന് അച്ഛൻ പറയാറുണ്ട്. പക്ഷേ, നടക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൊണ്ട് ഞാൻ വീണ്ടും വഴക്കിട്ടു.

ആയിടെ ഒരാൾ ആശുപത്രിയിൽ വന്നു. കാറപകടത്തിൽ കാൽനഷ്ടപ്പെട്ട ചെന്നൈയിലെ ഡോ. സുന്ദരം. മജീഷ്യനെ പോലെ ചുവടുവച്ച് കാലുയർത്തി അദ്ദേഹം കൃത്രിമക്കാൽ ഊരി കാണിച്ചുതന്നു. ഞാൻ അദ്ഭുതപ്പെട്ടു പോയി. അദ്ദേഹം ഒരു രഹസ്യം കൂടി പറഞ്ഞു,

‘മറ്റു കുട്ടികൾക്കൊക്കെ നടക്കാനും ഓടാനും കഴിയുന്ന സാധാരണ കാലേ ഉള്ളൂ. നിനക്കുള്ളത് ഊരിമാറ്റാവുന്ന മാജിക് കാലാണ്.’ അന്നു മുതൽ ഞാൻ പുതിയ കാലിനെ സ്നേഹിച്ചു തുടങ്ങി. അപകടം പറ്റി വരുന്നവരോടു സംസാരി ക്കാൻ എന്നെയും ഡോക്ടർമാർ കൂട്ടും. എല്ലാം നഷ്ടപ്പെട്ടെന്നു വിഷമിക്കുന്നവരോട് എന്നെ കാട്ടി പറയും, ‘ഇവളുടെ ചിരിയിലുള്ള ആത്മവിശ്വാസം എത്ര വലുതാണ്.’

കൃത്രിമക്കാലിൽ നടക്കാൻ പഠിച്ചതോടെ ഞാൻ സ്കൂളിൽ പോയി തുടങ്ങി. മിക്കപ്പോഴും അച്ഛൻ എടുത്തു കൊണ്ടുപോകും. ചിലപ്പോൾ വാശി പിടിച്ച് ഞാൻ നടക്കും. ആശുപത്രിയിൽ വച്ച് നടി ഉണ്ണിമേരി കാണാൻ വന്നത് കൂട്ടുകാരോടു പറയുന്നതായിരുന്നു അന്നത്തെ വലിയ സന്തോഷം. നീതുവും സൂര്യയുമായിരുന്നു കൂട്ടുകാരികൾ. അവർ ഓടിക്കളിക്കുന്നതു കാണുമ്പോൾ വലിയ വിഷമമായിരുന്നു. പിന്നെ, ചെറിയ കളികളിൽ ഞാനും കൂടി. എനിക്കു ഒപ്പം കൂടാൻ പറ്റാത്ത കളികൾ കളിക്കാതിരിക്കാൻ അവരും ശ്രദ്ധിച്ചു.

അഞ്ചാം ക്ലാസിൽ ഈസ്റ്റ് വല്യായി യുപി സ്കൂളിലേക്ക് മാറി. അച്ഛൻ സ്കൂൾ ബസിൽ കയറ്റിവിടും. ഇറങ്ങാൻ സഹായിക്കുന്നത് സ്കൂൾ സ്റ്റാഫായ സരള ചേച്ചിയാണ്. ആയിടയ്ക്ക് ആറുമാസം കൂടുമ്പോൾ കാൽ മാറ്റണം, പൊക്കവും വണ്ണവും കൂടുന്നതാണ് കണക്ക്. പിന്നീട് വർഷത്തിലൊരിക്കലായി. അപ്പോൾ വേനലവധിക്ക് സ്കൂൾ പൂട്ടുമ്പോൾ ഞങ്ങൾ ആശുപത്രിയിലേക്ക് പോകും.

asna0002

ഉണങ്ങാത്ത മുറിവുകൾ

ഇടയ്ക്ക് എന്റെ കാലും  വയ്പ്പുകാലും തമ്മിൽ പിണങ്ങും.വയ്പ്പുകാൽ തുടയിൽ ഉരസി മുറിയും. മിക്കപ്പോഴും ചോരയൊലിച്ചാണ് വീട്ടിലേക്ക് തിരികെ വരിക. അതുകാണുമ്പോൾ അമ്മ കരയും. മുറിവിനു മുകളിലൂടെ വീണ്ടും കാൽ പിടിപ്പിക്കുമ്പോൾ ചിലപ്പോൾ പഴുക്കും. പക്ഷേ, തോൽക്കാൻ തയാറല്ലായിരുന്നു. കുറച്ചുദിവസം കഴിയുമ്പോൾ മുറിവുണങ്ങും. ക്ലാസ് മുടങ്ങുന്നതും പഠിത്തത്തിൽ പിന്നിലാകുന്നതും എനിക്ക് ഇഷ്ടമില്ലായിരുന്നു.

ഹൈസ്കൂളിലേക്ക് പോകാൻ കുറച്ച് ദൂരമുണ്ടായിരുന്നു. അതുകൊണ്ട് പത്താംക്ലാസ് ആയപ്പോഴേക്കും സ്കൂളിനടുത്തേക്ക് വാടകവീടെടുത്ത് മാറി. എന്റെ പഠനം നന്നായി പൂർത്തിയാക്കണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. ആ ആഗ്രഹത്തിനു പകരമായി പത്താംക്ലാസിൽ ഫുൾ എ പ്ലസ് ഞാൻ വാങ്ങി. റിസൽറ്റ് വന്ന ദിവസം അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. പ്ലസ്ടുവിന് 89 ശതമാനം മാർക്കുകിട്ടി. പിന്നെ, തൃശൂരിൽ തോമസ് സാറിന്റെയടുത്ത് എൻട്രൻസ് കോച്ചിങ്.

എൻട്രൻസ് കോച്ചിങ്ങിനു പോയപ്പോഴാണ് ആദ്യമായി വീട്ടിൽ നിന്നു മാറിനിൽക്കുന്നത്. ഹോസ്റ്റലിൽ എല്ലാവരും എന്റെ കാര്യം നന്നായി ശ്രദ്ധിക്കുമായിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയിൽ വികലാംഗ വിഭാഗത്തിൽ18-ാംറാങ്ക് നേടിയാണ് സ്വപ്നത്തിലേക്ക് കാലുറപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ 52–ാം ബാച്ചിന്റെ ആദ്യക്ലാസിലിരിക്കുമ്പോൾ ഓർത്തത് വിധിയെക്കുറിച്ചാണ്. അപ്രതീക്ഷിതമായി വന്ന നോവുനിറഞ്ഞ വിധിയാണ്, ഡോക്ടറാവുക എന്ന സ്വപ്നം എനിക്കു തന്നത്. വിധിക്കെതിരേയുള്ള പോരാട്ടമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.

asna0001

കൈപിടിച്ച കരങ്ങൾ

ചേർത്തുപിടിക്കാനും സഹായം നൽകാനും എത്തിയവർ അനവധിയാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ വീട് നിർമിച്ചു തന്നു. ചികിത്സയ്ക്കും മറ്റുമായി നാട്ടുകാർ പിരിച്ച പണം അക്കൗണ്ടിൽ ഇട്ടിരുന്നു. അതിൽ നിന്നാണ് ഓരോ തവണയും കാലു മാറ്റിവയ്ക്കാൻ പണമെടുക്കുന്നത്. മെഡിക്കൽ കോളജിൽ ചേർന്ന സമയത്ത് ക്ലാസ്മുറിയിലേക്കുള്ള പടികൾ കയറാൻ പ്രയാസമായതു കൊണ്ട് സം സ്ഥാന സർക്കാർ ലിഫ്റ്റ് നിർമിച്ചുനൽകി. നടക്കാനുള്ള ബു ദ്ധിമുട്ട് കണക്കിലെടുത്ത് അടുത്തുതന്നെയുള്ള പിജി സ്റ്റുഡ ന്റ്സ് ഹോസ്റ്റലിൽ താമസം ശരിയാക്കിയത് അന്നത്തെ പ്രി ൻസിപ്പൽ രവീന്ദ്രൻ സാറായിരുന്നു. ഇപ്പോഴത്തെ വൈസ് പ്രി ൻസിപ്പൽ ഡോ. പ്രതാപ് സാറും പ്രിൻസിപ്പൽ ഡോ. രാജേന്ദ്ര ൻ സാറും നല്ല സഹായമാണ്. എല്ലാ ടീച്ചേഴ്സിനും എല്ലാ ഡിപ്പാർട്ടുമെന്റുകൾക്കും, പ്രത്യേകിച്ച് സർജറി ഡിപ്പാർട്ട്മെന്റിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പേരുകൾ പറയാൻ ഒരുപാടുണ്ട്. ആരെയും മറന്നിട്ടില്ല. സ്നേഹത്തോടെ എനിക്ക് തണലായ ഒാരോ പുഞ്ചിരിയും മനസ്സിലുണ്ട്.

ഒരിക്കൽ ബോംബ് ആക്സിഡന്റിൽപെട്ട് ദേഹത്തൊക്കെ മുറിവുകളുമായി ഒരാളെ കാഷ്വാലിറ്റിയിൽ കൊണ്ടുവന്നു. വിഷമം വന്നെങ്കിലും പേടിയൊന്നും തോന്നിയില്ല. ഇവിടെ മെഡിക്കൽ കോളജിൽ തന്നെ കൃത്രിമക്കാൽ വച്ച മറ്റൊരാൾ കൂടിയുണ്ട്. ട്രെയിനപകടത്തിൽ കാൽപോയ നാഗാലാൻഡുകാരൻ വിസാഗോ. ബസ് അപകടത്തിൽ രണ്ടുകാലും പോയ കണ്ണൂരിലെ അഷിതയും എന്റെ സുഹൃത്താണ്. മുട്ടിനുതാഴെ വച്ച് ഇരുകാലുകളും മുറിച്ചുമാറ്റേണ്ടി വന്ന അഷിതയും കൃത്രിമക്കാലിലാണ് നടക്കുന്നത്. ആക്രി പെറുക്കുമ്പോൾ കിട്ടിയ പാത്രം (അതു സ്റ്റീൽ ബോംബായിരുന്നു) തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കാഴ്ച നഷ്ടപ്പെട്ട പൂർണചന്ദ്രനെയും ഒരിക്കൽ കണ്ടിട്ടുണ്ട്.

asna0006

രാഷ്ട്രീയവും കലാപവും ചോരവീഴ്ത്തലുമൊന്നും ഇന്നും നാട്ടിൽ കുറഞ്ഞിട്ടില്ല. 18 വയസ്സ് പൂർത്തിയായ സമയത്ത് ഒരു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു, പിന്നീട് വോട്ട് ചെയ്തിട്ടില്ല. രാഷ്ട്രീയത്തോട് താത്പര്യവുമില്ല.

പുതിയ ചുവടുകൾ

2015-ലാണ് ഇപ്പോഴുള്ള ജർമൻ നിർമിത കാൽ വച്ചത്. അമേരിക്കയിലുള്ള ജോൺസൺ സാമുവൽ എന്നയാളാണ് ഇത് സ്പോൺസർ ചെയ്തത്. കുളിക്കുമ്പോഴും രാത്രി കിടക്കുമ്പോഴും കാൽ അഴിച്ചുമാറ്റി വയ്ക്കും. ഓരോ വട്ടവും കാൽ ഈരിമാറ്റിയ ശേഷം വേദനയും മുറിവുമൊന്നും ഉണ്ടാകാതിരിക്കാൻ എണ്ണയിട്ട് മസാജ് ചെയ്യണം. ഇനി അധികം പൊക്കം കൂടില്ല എന്നതുകൊണ്ട് വർഷാവർഷം കാലു മാറ്റേണ്ടി വരില്ല. എന്നാൽ തടി കൂടിയാലും കാൽ പാകമാകാതെ വരും.ഹൗസ് സർജൻസി ചെയ്യുകയാണിപ്പോൾ, സർജറിയിൽ പിജി ചെയ്യണം എന്നാണ് ആഗ്രഹം. ഹൗസ് സർജൻസിയുടെ ഓട്ടത്തിനിടെ മിക്കപ്പോഴും തുടർച്ചയായി നിൽക്കേണ്ടി വരും.  ബുദ്ധിമുട്ട് തോന്നാറുണ്ടെങ്കിലും അത് കാര്യമാക്കാറില്ല.

ഇപ്പോഴും വീട്ടിലേക്ക് പോകുമ്പോൾ അച്ഛൻ വന്നുകൂട്ടിക്കൊണ്ടു പോകാറാണ് പതിവ്. അച്ഛന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതാണ്. അടുത്തിടെ മറ്റൊരു ഓപ്പറേഷൻ കൂടി കഴിഞ്ഞു. കാര്യമായ ജോലിയൊന്നും ചെയ്യാനാകാത്തതിനാൽ കൃഷിക്കാര്യങ്ങളൊക്കെ നോക്കിനടത്തുന്നു. അപ്പു ഇപ്പോൾ ബിഎസ്‍സി നഴ്സിങ് വിദ്യാർഥിയാണ്. വല്യച്ഛന്റെ മക്കളായ മനുവേട്ടനും അശോകകേട്ടനും എന്തുസഹായത്തിനും ഞങ്ങൾക്ക് തുണയായുണ്ട്. യാത്ര പോകണമെന്നൊക്കെ ആഗ്രഹമുണ്ട്. ആരെയും ആശ്രയിക്കാതെ അതൊക്കെ ചെയ്യാനായി ഡ്രൈവിങ് പഠിച്ചുതുടങ്ങി. വിവാഹത്തെ കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നി ല്ല. അച്ഛനെയും അമ്മയെയും അനിയനെയും നന്നായി നോ ക്കണം.നല്ലൊരു ഡോക്ടറായി മാറണം. അത് മാത്രമാണ് ഇപ്പോൾ മനസ്സിൽ.’