Saturday 22 August 2020 04:33 PM IST

‘അസാധാരണമായ പ്രഭാതമായിരുന്നു അത്; ജനാലയ്ക്ക് അപ്പുറം ഒരു വലിയ ബോർഡ്, അതിൽ മോർച്ചറി എന്നെഴുതിയിരുന്നു’: കൊറോണ ഭേദമായ ഡോക്ടറുടെ അനുഭവക്കുറിപ്പ്

V R Jyothish

Chief Sub Editor

dr-tontfytff

എറണാകുളം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന, അയ്മനം സ്വദേശിയും അറിയപ്പെടുന്ന ക്ലിനിക്കൽ സൈക്യാട്രിസ്റ്റുമായ ഡോ. ടോണി തോമസിനെ കൊറോണ പിടിച്ചപ്പോൾ......

തീവണ്ടിയിൽ സ്ഥിരമായി യാത്ര െചയ്യുന്ന ഒരാളാണു ഞാൻ!

കോട്ടയത്തു നിന്ന് എറണാകുളം സൗത്ത് റെയിൽവേ േസ്റ്റഷനിൽ ഇറങ്ങി അവിടെ നിന്ന് ജനറൽ ആശുപത്രി വരെ എല്ലാ ദിവസവും നടന്നായിരുന്നു യാത്ര. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഉള്ള ഈ നടത്തം എനിക്ക് ഒരു പ്രത്യേക ഊർജ്ജവും സന്തോഷവും നൽകുമായിരുന്നു. ഒരു ഫിറ്റ്നസ് ഫ്രീക്ക്. കൊറോണ വ്യാപനം തുടങ്ങിയതോടെ, ട്രെയിൻ യാത്ര നിലച്ചു, ട്രെയിനിലെ സൗഹൃദങ്ങൾ മങ്ങി,ഷട്ടിൽ കളിയും വ്യായാമവും മുടങ്ങി. ബോറടിച്ചു പണ്ടാരമടങ്ങുന്നതുപോലെ. ആരോ ചെയിൻ വലിച്ചു ട്രെയിൻ നിർത്തുന്നതുപോലെ ജീവിതത്തിലും ആരൊക്കെയോ ചെയിൻ വലിച്ചിരിക്കുന്നു..

ഒരു ശനിയാഴ്ച.

വൈകുന്നേരം തൊണ്ടയിൽ ഒരു ചെറിയ അസ്വസ്ഥത. ചൂടു വെള്ളം കുടിച്ചു. പിന്നെ കുറച്ച് ഉപ്പുവെള്ളം വായിൽ കൊണ്ടു. നല്ല ആശ്വാസം തോന്നി. ആസ്ത്മയ്ക്ക് സ്ഥിരമായ മരുന്നു കഴിക്കുന്ന ഒരു ഡോക്ടറായതുകൊണ്ട് എനിക്ക് തൊണ്ട വേദന സാധാരണ ഉണ്ടാകാറുണ്ട്. അപ്പോൾ ചെയ്യുന്ന കലാപരിപാടിയാണ് ചൂടുവെള്ളം കുടിക്കലും ഉപ്പിട്ട വെള്ളം വായിൽ കൊള്ളുന്നതും. അന്നും അതാണ് ആവർത്തിച്ചത്. ആദ്യം ആശ്വാസം തോന്നിയെങ്കിലു വേദന കുറയുന്നതായി തോന്നിയില്ല.

ആ തൊണ്ടവേദന ഞായറാഴ്ചയും ഉണ്ടായിരുന്നു. ഞാൻ പനി നോക്കി. നോർമലാണ് ശരീരത്തിന്റെ ചൂട്. എങ്കിലും ഉള്ളിലൊരു പനിക്കുളിരുണ്ട്. ഞാൻ ആശുപത്രി സൂപ്രണ്ടിെന വിളിച്ചുകാര്യം പറഞ്ഞു. എന്തായാലും രണ്ടു ദിവസം വിശ്രമിക്കു. അതിനുശേഷം വേണമെങ്കിൽ സ്രവപരിശോധന നടത്താം എന്ന് അദ്ദേഹം പറഞ്ഞു ഞാനെന്തായാലും രണ്ടു ദിവസം കാത്തിരിക്കാൻ തയ്യാറായില്ല. അന്നു തന്നെ സ്രവപരിശോധന നടത്തി.

ടെസ്റ്റ് ചെയ്യാനുള്ള രോഗികളെ എത്തിക്കുകയും തിരികെ വീട്ടിൽ വിടാനുമുള്ള പടയൊരുക്കത്തിലാണ് 108 ആംബുലൻസ്പട. ടെസ്റ്റ് ചെയ്യാൻ കുറെ ആൾക്കാർ കിയോസ്കിന്റെ അടുത്തുണ്ടായിരുന്നു, എങ്കിലും അവർ എല്ലാവരും മാസ്‌ക് ധരിക്കാനും സാമൂഹ്യഅകലം പാലിക്കാനും ശ്രദ്ധിച്ചിരുന്നു. മാസ്കും സാമൂഹ്യഅകലവും ആണല്ലോ നമ്മുടെ മുദ്രാവാക്യം, അതു പ്രാവർത്തികമാക്കേണ്ടതുമാണ്. എല്ലാവരുടെയും മുഖത്ത് നല്ല ആശങ്ക പ്രകടമായിരുന്നു. ഇതുകണ്ടതോടെ എന്റെയും പരിഭ്രമം കൂടി. ഞാൻ എന്റെ അവസരത്തിനായി കാത്തുനിന്നു. ഏകദേശം12 മണിയോടുകൂടി ഞാൻ എന്റെ ടെസ്റ്റ് നടത്തി ജില്ല ആശുപത്രി വിട്ട്, വീട്ടിലേക്ക് തിരിച്ചു ടെസ്റ്റ് പോസിറ്റീവാകാൻ ഒരു സാധ്യതയും ഞാൻ കണ്ടില്ല, മാസ്ക് ധരിച്ചിരുന്നു എപ്പോഴും. ഫേസ് ഷീൽഡും സാനിറ്റൈസറും കൃത്യമായ ഇടവേളകളിൽ ഉപയോഗിച്ചിരുന്നു, എങ്കിലും ഉള്ളിൽ ഒരു ഉത്കണ്ഠയുണ്ടായിരുന്നു, ടെസ്റ്റ് റിസൾട്ട് വന്നാൽ മാത്രമേ മനസമാധാനം ഉണ്ടാവൂ..

തിങ്കളാഴ്ചയായപ്പോൾ എന്റെ തൊണ്ടവേദന കുറഞ്ഞു. പനിക്കുളിരും മാറി. ചുരുക്കത്തിൽ ഒന്നുകൂടി ഉഷാറായി. ചൊവ്വാഴ്ച ഓഫീസിൽ പോകുന്നതിനെക്കുറിച്ചും ചെയ്യേണ്ട കാര്യങ്ങളുമൊക്കെ മനസിൽ കുറിച്ചിട്ടു. അങ്ങനെ നല്ല സന്തോഷത്തോടെ തിങ്കളാഴ്ച പകൽ കടന്നുപോയി. രാത്രി പത്തുമണിയായിക്കാണും അപ്പോൾ. നാളെ വളരെ ഉൻമേഷത്തോടെ ആശുപത്രിയിലെത്തുന്നതും രോഗമുള്ളവരുടെ വിശേഷങ്ങൾ അനേ്വഷിക്കുന്നതുമൊക്കെ സങ്കൽപ്പിച്ച് അങ്ങനെയിരിക്കുമ്പോൾ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് അതാ വരുന്നു എട്ടിന്റെ പണി. കോട്ടയം ആർ.സി.എച്ച് ഓഫീസറാണു ഭാര്യയുടെ ഫോണിൽ വിളിച്ചത്. എന്റെ കൊറോണ ടെസ്റ്റ് പോസിറ്റീവാണ്. ഉടൻ തന്നെ കൊവിഡ് ആശുപത്രിയിൽ പ്രവേശിക്കണം.

ഈ ലേഖനം വായിക്കുന്നവരുടെ അതേ മനോഭാവം തന്നെയായിരുന്നു ഈ സംഭവത്തിനു തൊട്ടുമുമ്പുവരെ എന്റേയും മനോഭാവം. ‘എനിക്കൊരിക്കലും കൊറോണ വരില്ല. അതൊക്കെ മറ്റുള്ളവർക്കു വരുന്ന രോഗമാണ്. ദൈവം സഹായിച്ച് ഞാൻ അത്യാവശ്യം ആരോഗ്യവാനാണ്. മാത്രമല്ല രോഗമുള്ളവരുമായി എനിക്ക് സമ്പർക്കമൊന്നുമില്ല. എനിക്കൊരിക്കലും രോഗം വരില്ല.’

സീൻ കോൺട്ര. ൈമൻഡ് ബ്ലാങ്ക്. എനിക്ക് ഒന്നും ആലോചിക്കാൻ പോലും പറ്റുന്നില്ല. ഒരു തീരുമാനമെടുക്കാൻ പറ്റുന്നില്ല. എനിക്കൊരിക്കലും രോഗം വരില്ലെന്ന എന്റെ വിശ്വാസം തകർന്നിരിക്കുന്നു. ഞാൻ വളരെ ആരോഗ്യവാനാണെന്ന വിശ്വാസം തകർന്നിരിക്കുന്നു. ഞാൻ മാസ്ക്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിച്ചിരുന്നു എന്ന ധാരണ പൊളിഞ്ഞിരിക്കുന്നു. കൊവിഡ് ചികിത്സയ്ക്കായി ഏകാന്തവാസം വിധിക്കപ്പെട്ട കോടിക്കണക്കിന് ആൾക്കാരിൽ ഒരാളായി ഞാനും ഇതാ ഈ രാത്രി ആശുപത്രിയിലേക്കു പോകുന്നു.

പതറിയ മാനസികാവസ്ഥയുമായി വരുന്ന നൂറുകണക്കിന് ആൾക്കാർക്ക് ആശ്വാസം പകർന്നു നൽകുന്ന ഒരു ഡോക്ടറായിട്ടും ആശുപത്രിയിലേക്കു പുറപ്പെടുമ്പോൾ ഞാനും പതറിപ്പോയി. എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടാത്ത ചോദ്യം, എങ്ങനെയാണ് എനിക്ക് ഈ അസുഖം പിടിച്ചത്? ഇത്രയുമൊക്കെ സൂക്ഷിച്ചിട്ടും എങ്ങനെ ഞാൻ രോഗബാധിതനായി?

എല്ലാദിവസവും വളരെ ഊർജ്ജസ്വലനായി ആശുപത്രിയിലേക്കു പോകുന്ന ഞാൻ അതുവരെ അനുഭവിക്കാത്ത വേദനയോടെയാണ് അന്ന് മറ്റൊരു ആശുപത്രിയിലേക്കു പുറപ്പെട്ടത്.

ദിവസം മുഴുവൻ ആശുപത്രിയിൽ ചെലവിടുന്ന എനിക്ക് അന്ന് ആശുപത്രി മുറിയിലേക്കു പ്രവേശിക്കുമ്പോൾ പേടി തോന്നി ആശങ്കകൾ മനസിനെ പിടിച്ചു വലിക്കാൻ തുടങ്ങി. ഒറ്റപ്പെട്ടു പോകുമോ? കുടുംബത്തിന്റെ അവസ്ഥ എന്താകും? അവരും ടെസ്റ്റ് ചെയ്യണോ? ടെസ്റ്റ് ചെയ്താൽ ഫലം പോസിറ്റീവ് ആയാലോ?

ഭാര്യ ഇടക്കിടെ ഫോൺവിളിച്ചു എന്നെ ആശ്വസിപ്പിക്കും. പക്ഷെ എനിക്ക് വീട്ടുകാരുടെ കാര്യത്തിലായിരുന്നു ആശങ്ക. ഇനി അടുത്ത പതിനാലുദിവസം ഭാര്യയും മക്കളും എങ്ങനെ വീട്ടുകാര്യങ്ങൾ ഞാൻ ഇല്ലാതെ ഓടിക്കും? അവർക്ക് ഭക്ഷണസാധനങ്ങൾ എങ്ങനെ ലഭ്യമാകും? ആര് അവരെ സഹായിക്കും?

പല സ്ഥലങ്ങളിലും രോഗിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്ന ഒരു രീതിയുണ്ട്. അതും കൂടെ ആലോചിച്ചപ്പോൾ നെഞ്ചിൽ തീയായി. രോഗിയെയും കുടുംബത്തെയും അല്ല നമ്മൾ ഒറ്റപ്പെടുത്തേണ്ടത്, മറിച്ച്‌ രോഗത്തെയാണ്. ഞാൻ ഒരു തെറ്റും ചെയ്തിട്ടല്ല എനിക്ക് രോഗം പിടിപെട്ടത്, രോഗികളെ ശുശ്രൂഷിച്ചതിൽ നിന്നാണ്. ആ ഒരു ബഹുമാനം ഓരോ ഡോക്ടർക്കും നമ്മുടെ സമൂഹം നൽകേണ്ടതാണ്.

ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴികെ നമ്മുടെ മലയാളി സമൂഹം പൊതുവെ ആരോഗ്യപ്രവർത്തകരെ ബഹുമാനിക്കുന്ന സമൂഹമാണെന്ന് എനിക്ക് ഉത്തമബോധ്യം ഉണ്ട്. അതു ഞങ്ങൾ ആരോഗ്യപ്രവർത്തകർ നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നു. അതുമാത്രമാണ് ഈ കോവിഡ് യുദ്ധത്തിൽ ഞങ്ങൾക്ക് മുന്നോട്ടു പോകാനുള്ള ഏക പ്രചോദനം..

അങ്ങനെ മാറി മാറി വന്ന ചിന്തയുടെ അവസാനം ഞാൻ കാണുന്നത് നേരം പരപരാന്നു വെളുക്കുന്നതാണ്. അസാധാരണമായ ഒരു പ്രഭാതമായിരുന്നു അത്. അന്നേ വരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു പ്രഭാതം.. ജനാലയ്ക്ക് അപ്പുറം ഒരു വലിയ ബോർഡുണ്ടായിരുന്നു. വെളിച്ചം വീണപ്പോൾ എനിക്കത് വായിക്കാൻ കഴിഞ്ഞു; മോർച്ചറി.

ഡോക്ടറാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. മോർച്ചറി കാണുമ്പോൾ ആരുടെയായാലും മനസൊന്നു പതറും. പ്രത്യേകിച്ചും അസുഖങ്ങൾ ഉള്ളവർ. അങ്ങനെ കൊറോണ പോസിറ്റീവായ ആദ്യ പ്രഭാതത്തിൽ മോർച്ചറിയെ കണി കണ്ടുകൊണ്ട് ഞാൻ ഉണർന്നു.

രാവിലെ എട്ടുമണിയോടെ ആദ്യത്തെ ഫോൺകോൾ. സുഹൃത്തുക്കളും ബന്ധുക്കളും അറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഇടവേളകൾ ഇല്ലാതെ ഫോൺമണികൾ ഒന്നിന് പിന്നാലെ ഒന്നായി മുഴങ്ങിക്കൊണ്ടിരുന്നു. പലരും ഫോണിലൂടെ ചോദിച്ചത്, എങ്ങനെയാണ്-എവിടെ നിന്നാണ് അസുഖം കിട്ടിയത് എന്നാണ്? അതിനെക്കുറിച്ച് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. പിന്നത്തെ ചോദ്യം വീട്ടുകാർക്ക് കുഴപ്പം ഒന്നുമില്ലലോ, അല്ലേ?. ഈ ചോദ്യം കേൾക്കുമ്പോൾ നെഞ്ചിൽതീയാണ്. 10 വയസും 6 വയസും മാത്രമേ കുട്ടികൾക്കുള്ളു. കുട്ടികൾക്ക് അസുഖം വന്നാൽ എന്തുചെയ്യും എന്നൊരു നിശ്ചയവുമില്ല.

റിസൾട്ട്ന്റെ വിവരം അറിയിക്കാൻ ഞാൻ ജോലി ചെയ്യുന്ന ആശുപത്രി അധികൃതരെ വിളിച്ചു. ഞാൻ കോവിഡ്പോസിറ്റീവ് ആണെന്നു അറിഞ്ഞപ്പോൾ അവരും ഒന്നു ഞെട്ടി. അതിനുശേഷമാണ് ഞാനറിഞ്ഞത്, ഏതാനും ദിവസങ്ങൾക്കു മുൻപ് ഞാൻ മെഡിക്കൽ വാർഡിൽകണ്ട രോഗിയുടെ തൊട്ടടുത്ത് കിടന്ന രോഗിക്ക് കോവിഡ്പോസിറ്റീവായെന്നും അതേ വാർഡിലെ ഒരുസ്റ്റാഫ്നഴ്‌സിനും കൊവിഡ് പോസിറ്റീവായെന്നും. കിട്ടിയതൊക്കെ കിട്ടി, ഇനി കരഞ്ഞിട്ടു കാര്യം ഇല്ലാലോ. തിരിച്ചു ചെല്ലുമ്പോൾ എല്ലാവരോടും കൂടുതൽ സൂക്ഷിക്കാൻ പറയാം, അത്രയല്ലേ ഇനി പറ്റു?

പിന്നെയും നിർത്താതെയുള്ള ഫോൺവിഴികൾ. എല്ലാവരോടും സംസാരിച്ചു. സംസാരിക്കാൻ ഇഷ്ടം പോലെ സമയമുണ്ട്. വിളിച്ചവരോടൊക്കെ മനസു തുറന്നു സംസാരിച്ചു. രോഗം ബാധിച്ചവരെ വളരെ നല്ല മനസോടെ പോയി കണ്ടാലും സംസാരിച്ചാലും അവർ തെറ്റിദ്ധരിക്കുകയും കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ഒരു സംസ്കാരം കേരളത്തിലുണ്ട്. പലരിൽ നിന്നും ഞാനത് കേട്ടിട്ടുണ്ട്. ‘ഇതുവരെ ഒരു സഹകരണവും ഇല്ലാതിരുന്ന ബന്ധുവാണ് ഡോക്ടറേ... ഇപ്പോൾ ചാവാറായോ എന്ന് അറിയാൻ വന്നതാണ്.....’ എന്നൊക്കെ പറയുന്നതു കേൾക്കാം. ഒരാൾ അസുഖമായി കിടക്കുമ്പോൾ അത് അറിയാൻ വരുന്നത് അത്ര വലിയ കുറ്റമാണെന്ന് എനിക്കു തോന്നുന്നില്ല. കൊറോണ ബാധിതരായി കിടക്കുന്നവർക്ക് മൊബൈൽ ഫോൺ പോലെ അനുഗ്രഹമുള്ള മറ്റൊരു വസ്തുവില്ല എന്നാണ് എനിക്കു തോന്നുന്നത്. നിങ്ങൾ ഏകാന്തതടവിലാണെന്ന തോന്നൽ ഒഴിവാക്കാൻ സുഹൃത്തുക്കളുമായി സംസാരിക്കുക. അതുപോലെ നമ്മുടെ ഒരു സുഹൃത്ത് കൊറോണ ബാധിച്ച് കിടക്കുകയാണ് എന്നറിഞ്ഞാൽ ആ സുഹൃത്തിനെ നിങ്ങൾ നിശ്ചമായും വിളിക്കണം. കാരണം നിങ്ങൾ കരുതുന്നതിനെക്കാൾ കൂടുതലാണ് ആ ഫോൺവിളിയുടെ വില. ഒരുപാടു നാളായി യാതൊരു ബന്ധവും ഇല്ലാതിരുന്ന സുഹൃത്തുക്കളും ഈ സമയത്ത് എന്നെ വിളിച്ചിട്ടുണ്ട്. അതിൽ സഹപാഠികളുമുണ്ട്. അവർക്കറിയാം ഈ സമയത്ത് ഒരു ഫോൺകോളിന്റെ വിലയെന്താെണന്ന്.

കാലങ്ങൾക്കുശേഷം ഞാൻ കൃത്യസമയത്ത് ഭക്ഷണം കഴിച്ചു. രാവിലെ ഡ്യൂട്ടിക്ക് കയറുമ്പോൾ, പലപ്പോഴും ഭക്ഷണം കഴിക്കാൻ സമയം കിട്ടാറില്ല. ഓ.പി. തീരാൻ വൈകിയാൽ, ഉച്ചക്കും കഴിപ്പ് നടക്കാറില്ല. പക്ഷെ ഇവിടെ, സമയാസമയത്തുഭക്ഷണം. അത്യാവശ്യം നല്ല ഭക്ഷണം തന്നെ. ചെറിയ വ്യായാമം ചെയ്തു. സിനിമകൾ കണ്ടു. എനിക്ക് ഒന്നിനും സമയം തികയുന്നില്ല എന്നൊരു അവസ്ഥയുണ്ടായി.

ഒറ്റപ്പെടലാണ് ഈ സമയത്ത് നമ്മുടെ മാനസികാവസ്ഥയെ തകരാറിലാക്കുന്നത്. അതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ ആ ഒറ്റമുറിക്കുള്ളിലിരുന്ന് നമ്മൾ തന്നെ കണ്ടെത്തണം. അതിന് ഇതൊക്കയാണു വഴികൾ. എന്നെ സംബന്ധിച്ച് എനിക്കു കിട്ടിയ ഭാഗ്യം എന്റെ കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും നാട്ടുകാരും സംഘടനയുമൊക്കെ എന്നോടൊപ്പം നിന്നു എന്നതാണ്. ഞാൻ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കാൻ ഇതൊക്കെ കാരണമായി. ഈ രോഗകാലം എന്നെ പഠിപ്പിച്ച വലിയൊരു പാഠമുണ്ട്. നമ്മൾ ആരോഗ്യത്തോടെ നടക്കുന്ന സമയത്ത് നമുക്കു ചുറ്റുമുള്ളവരോട് കുറച്ചു കാരുണ്യത്തോടെ പെരുമാറിയാൽ മാത്രം മതി നമുക്കൊരു പ്രശ്നം വരുമ്പോൾ അവരൊക്കെ ചുറ്റിലും കാണും. അഹങ്കാരവും തലക്കനവും കൂടിയവരാണ് ചില പ്രതിസന്ധികളിൽ ഒറ്റപ്പെട്ടുപോകുന്നത്. കൊറോണ എന്നെ പഠിപ്പിച്ച വലിയ പാഠം ഇതായിരുന്നു.

വളരെ പെട്ടന്ന് അഡ്മിറ്റ് ആയതുകൊണ്ട്, വായിക്കാൻ ഞാൻ പുസ്തകങ്ങൾ ഒന്നും കരുതിയിരുന്നില്ല. ഒരു പുസ്തകം എങ്കിലും വായിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.

എല്ലാദിവസവും രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ വീണ്ടും വീണ്ടും അതേ ചോദ്യം എന്നെ അലട്ടിയിരുന്നു. ‘എങ്ങനെയാണ് എനിക്ക് ഈ രോഗം പിടിച്ചതു? പെട്ടന്ന് ഞാൻ ഒന്ന്തുമ്മി. ഒരു മിന്നായം പോലെ എന്റെ മനസിലേക്ക് ഒരുകാര്യം ഓടിയെത്തി. എനിക്ക് അലർജിയുള്ളതുകൊണ്ട് മൂക്കിന്റെ തുമ്പ് എപ്പോഴും ചൊറിയും, പ്രത്യേകിച്ചു മാസ്ക് ധരിച്ചു വിയർക്കുമ്പോൾ. ൈകകളിൽ ൈവറസ് ബാധയുണ്ടെങ്കിൽ ആ കൈകൾ കൊണ്ട് നമ്മൾ മുക്കിലോ മുഖത്തോ തൊടുമ്പോൾ, നമുക്കും രോഗബാധ ഉണ്ടാകുന്നു. അണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു. എനിക്ക് ഇപ്രകാരമായിരിക്കാം രോഗബാധ ഉണ്ടായത്. അതുകൊണ്ടു നിങ്ങൾ ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകിവൃത്തിയാക്കുക, മുഖത്തു പരമാവധി സ്പർശിക്കാതിരിക്കുക. അത്യാവശ്യമെങ്കിൽ മാത്രം പുറത്തുപോകുക. പുറത്തുപോകേണ്ടി വന്നാൽ എങ്ങും സ്പർശിക്കാതിരിക്കുക.

വീട്ടിലുള്ളവരുടെ ടെസ്റ്റ് നെഗറ്റീവ് ആണെന്ന് അറിഞ്ഞത് വലിയ ആശ്വാസമായി. ആശുപത്രിമുറിയിലെ ഏകാന്തവാസം പത്തു ദിവസം കടന്നു പോയി. രണ്ടാമത്തെ സ്രവപരിശോധന നെഗറ്റീവായി. ഇനി വീട്ടിൽ പോയി വിശ്രമിക്കാം. ആശുപത്രിയിലാണു ജോലിയെങ്കിലും രോഗം മാറി വീട്ടിേലക്കു പോകാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയാക്കാൻ വയ്യ. സാധനങ്ങൾ പൊതിഞ്ഞുകെട്ടുമ്പോൾ ഉണ്ടാകുന്ന പ്രതീക്ഷയും ആനന്ദവും വിവരിക്കാനും പറ്റില്ല. ഡോക്ടർമാർ ഒരിക്കലെങ്കിലും രോഗികളായി ആശുപത്രിയിൽ കിടക്കണം എന്നാണ് എന്റെ അഭിപ്രായം. അങ്ങനെയാണെങ്കിലേ രോഗികളുടെ മാനസികാവസ്ഥ മനസിലാവുകയുള്ളു.

‌മാനസികമായി നമ്മൾ ജീവിതത്തിൽ തളർന്നു പോകുമ്പോൾ, ഞാൻ എന്റെ എല്ലാ രോഗികൾക്കും നിർദേശിക്കുന്ന ഒരുചിത്സയാണ് ശ്വസന വ്യായാമം. അടിവയറിൽ നിന്ന് ശ്വാസമെടുക്കുന്ന രീതി. ഇതു മനസിന്‌ കുളിർമ്മയേകും.. തലച്ചോറിലെ സെറോടോണിൻ എന്ന ദ്രാവകത്തെ ഉത്തേജിപ്പിക്കാൻ ശ്വസനവ്യായാമത്തിന് കഴിയും, അതുവഴി ജീവിതത്തിന്റെ ദുർഘട സന്ദർഭങ്ങളെ തരണം ചെയ്യാൻ സഹായിക്കും.

ഒരുകാര്യം കൂടെ പറയട്ടെ.....

ൈവറൽ ലോ‍ഡ് എന്നൊരു യാഥാർത്ഥ്യം ഉണ്ട്. ഉള്ളിലേക്ക് പ്രവേശിക്കുന്ന ൈവറസുകളുടെ തോതിന്റെ കാഠിന്യം അനുസരിച്ചാണ് രോഗലക്ഷണങ്ങളുടെ തീവ്രത നിശ്ചയിക്കപ്പെടുന്നത്. ഞാൻ മിക്കവാറും മാസ്ക് ധരിച്ചിരുന്നു, ഫേസ് ഷീൽ‍ഡും സാനിറ്റൈസറും കൃത്യമായ ഇടവേളകളിൽ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങൾ വളരെ നിസാരമായിരുന്നു. ഇതോടൊപ്പം തന്നെ ഞാൻ വ്യായാമത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടു, രോഗപ്രതിരോധശക്തി അത്യാവശ്യം ഉണ്ടെന്നു വിശ്വസിക്കുന്നു. ഇതും എന്റെ രോഗ ലക്ഷണങ്ങളുടെ തീവ്രത കുറച്ചിട്ടുണ്ടാവണം.

എന്തൊക്കെയായാലും ഈ വൈറസിനെ വളരെ ലാഘവത്തോെട കാണുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു.. ‘ഭീകരനാണവൻ.... കൊടുംഭീകരൻ..... അങ്ങനെയല്ല എന്നു തോന്നുന്നവർ അസുഖം വരുമ്പോൾ അറിയും. പണ്ട് അറിയാത്ത പിള്ള ചൊറിഞ്ഞപ്പോൾ അറിഞ്ഞതുപോലെ... 

വീട്ടിലെത്തി. സന്തോഷമായി. കൊറോണ നൽകിയ ഏകാന്തവാസം നല്ലൊരു അനുഭവവും പാഠവുമായി. ‘നിങ്ങളുടെ പൂർവകാലജീവിതത്തെ വിലയിരുത്താനും ഭാവിജീവിതത്തെ ചിട്ടപ്പെടുത്താനും അത് സഹായകമാവും. നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല. നമ്മൾ െചയ്യുന്ന നല്ല പ്രവൃത്തികൾക്ക് ദൈവം നല്ലതു തരും. അതുകൊണ്ടാണ് ഞാൻ ആരോഗ്യത്തോടെ തന്നെ വീട്ടിലെത്തിയതെന്നു വിശ്വസിക്കുന്നു. നമ്മുടെ കുടുംബത്തിന് നമ്മളെ വേണം. നമ്മുടെ സമൂഹത്തിനു നമ്മളെ വേണം.

ഏഴുദിവസത്തെ ഹോം ക്വാറന്റൈനും കഴിഞ്ഞ് ഞാൻ വീണ്ടും ആശുപത്രിജീവിതത്തിൽ സജീവമാകുന്നു;

സിസ്റ്ററേ..... സെറിെനസ് –ഫെനെർഗാൻ എടുക്കോ..........’

Tags:
  • Spotlight