Thursday 16 January 2020 03:55 PM IST

കുഞ്ഞാണ്, അടിമ- ഉടമ ഭാവം വേണ്ട! അച്ഛൻ അടിച്ചുതകർത്തത് അവന്റെ ആത്മാഭിമാനം; ഡോ. സി.ജെ. ജോണിന്റെ വാക്കുകൾ ശ്രദ്ധിക്കാം

Priyadharsini Priya

Senior Content Editor, Vanitha Online

dr-cjuytu

‘‘മകനെ പീഡിപ്പിക്കുന്ന ക്രൂരനായ ഒരച്ഛനല്ല ഞാൻ. ദൈവത്തെയോർത്ത് അങ്ങനെ മാത്രം വിധിയെഴുതരുത്. ഒരൊറ്റ നിമിഷത്തിൽ പിടിവിട്ടു പോയി. അങ്ങനെയൊക്കെ സംഭവിച്ചു പോയതാണ്. യാഥാർത്ഥ്യം അന്വേഷിക്കാതെ പടച്ചുവിടുന്ന വാർത്തകളുടെ മറുപുറം കൂടി കേൾക്കാൻ കൂടി മനസ്സുണ്ടാകണം.’’ – കുറ്റബോധവും അപമാനഭാരവും കൊണ്ട് നെഞ്ചുനീറി സതീശൻ പൈ എന്ന അച്ഛൻ നുറുങ്ങുന്ന ഹൃദയത്തോടെ ‘വനിത ഓൺലൈനോട്’ പറഞ്ഞത് അല്പം മുൻപാണ്. ക്ലാസിൽ വച്ച് നിലവിട്ടു പെരുമാറിപ്പോയി. ഇന്ന് അതിന്റെ പേരിൽ ഊണും ഉറക്കവും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ അച്ഛനും മകനും. മാർക്ക് കുറഞ്ഞതിന് മക്കളെ തല്ലുകയും ശാസിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ എണ്ണം കൂടി വരികയാണോ? അടിച്ചു വളർത്തിയതു കൊണ്ട് കുട്ടി കൂടുതൽ മാർക്ക് വാങ്ങുമോ? ഈ വിഷയവുമായി ബന്ധപ്പെട്ട് ചില വസ്തുതകൾ വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് മനഃശാസ്ത്ര വിദഗ്ധനും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ചീഫ് സൈക്യാട്രിസ്റ്റുമായ ഡോ. സി.ജെ ജോൺ.

എന്റെ കൊച്ചിനെ ഞങ്ങളിൽ നിന്ന് അകറ്റണമെന്ന് ആർക്കാണ് ഇത്ര വാശി! ‘ആ മകന്റെ’ അമ്മ സോഷ്യൽ മീഡിയയോട് പറയുന്നു, അവനെ വേദനിപ്പിക്കുന്നത് നിങ്ങളാണ്

മാർക്ക് കുറഞ്ഞു, മകനെ പരസ്യമായി തല്ലി അച്ഛൻ; സോഷ്യൽ മീഡിയയിൽ രോഷം

അവനും ഞാനും കൂട്ടുകാരെ പോലെ, തെറ്റ് സംഭവിച്ചത് മനസ്സ് കൈവിട്ട നിമിഷത്തിൽ! മകനെ തല്ലിയ സതീശൻ പൈ ആദ്യമായി പ്രതികരിക്കുന്നു

ഉടയോൻ, അടിമ ഫീലിങ് വേണ്ട

എങ്ങനെയൊക്കെ ന്യായീകരിച്ചാലും ആ കുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന പ്രവർത്തിയാണ് പിതാവിന്റെ ഭാഗത്തുനിന്നുണ്ടായത്. ക്യാപിറ്റൽ പണിഷ്മെന്റ് പബ്ലിക് ആയാലും പ്രൈവറ്റ് ആയാലും തെറ്റാണ്. ഉടയോൻ, അടിമ എന്ന ഫീലിങ്ങാണ് തല്ലുമ്പോൾ ഉണ്ടാവുക. അവിടെയൊരിക്കലും തിരുത്തലുകൾ ഉണ്ടാവില്ല. കുട്ടിയെ സംബന്ധിച്ചിടത്തോളം മാർക്ക് കുറഞ്ഞ വിഷയത്തിൽ ഇനിയെങ്കിലും നല്ല മാർക്ക് നേടുക എന്നതാവണം ലക്ഷ്യം. എന്നാൽ ഇപ്പോഴുണ്ടായ സാഹചര്യം വച്ച് അതിന് അവനെ പ്രാപ്തനാക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. തല്ലു വാങ്ങിക്കുമ്പോൾ കുട്ടികൾക്ക് എന്തിനാ അച്ഛനമ്മമാർ തല്ലുന്നത് എന്നുപോലും മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനുള്ള പക്വത അവനായിട്ടില്ല. ഇതുമൂലം അവന്റെ കുഞ്ഞു മനസ്സ് മുറിപ്പെടുകയേ ഉള്ളൂ.

അച്ഛന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇതൊരു അതിവൈകാരികതയുടെ പ്രകടനമാണ്. നമ്മുടെ കുട്ടിയല്ലേ, നമുക്ക് എന്തും ചെയ്യാം എന്നുള്ള മനോഭാവം. പബ്ലിക് ആയിട്ട് കുട്ടിയെ തല്ലുമ്പോൾ അതവനെ കൂടുതൽ വേദനിപ്പിക്കും. മറ്റുള്ളവർ നോക്കിനിൽക്കെയല്ലേ അടിയ്ക്കുന്നത്. കുട്ടിയുടെ ആത്മാഭിമാനം, സ്വയം മതിപ്പിനെ ഇതിൽ കൂടുതൽ വ്രണപ്പെടുത്താനില്ല. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൽ പോലും വിള്ളൽ വീഴ്ത്തും ഇത്തരം നടപടികൾ. ബുദ്ധിപരമായ രീതിയിലായിരുന്നു അച്ഛൻ കാര്യങ്ങളെ സമീപിക്കേണ്ടിയിരുന്നത്. തല്ലി തിരുത്തുക എന്ന രീതിയിൽ ഒരിക്കലും തിരുത്തലുണ്ടാവില്ല. മറ്റുള്ളവരുടെ മുന്നിൽ വച്ച് വാക്കാൽ അധിക്ഷേപിക്കുന്നത് പോലും കുട്ടിയ്ക്ക് സഹിക്കാൻ പറ്റിയെന്ന് വരില്ല. യഥാർത്ഥത്തിൽ ഇവിടെ അച്ഛന്റെ രോഷമാണ് പ്രകടിപ്പിക്കപ്പെടുന്നത്, തിരുത്തൽ നടക്കുന്നില്ല. ഇതൊന്നും കുട്ടിയ്ക്ക് മുന്നോട്ടു പോകാനുള്ള ഉത്തേജനം നൽകുന്നില്ല. കൂടുതൽ പെരുമാറ്റ വൈകല്യങ്ങളിലേക്ക് പോകാനേ ഇത്തരം സംഭവങ്ങൾ ഉപകരിക്കൂ.

എത്തിനോട്ടക്കാർ ശിക്ഷിക്കപ്പെടണം

കുട്ടിയെ തല്ലുന്ന വിഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ആളെയും നമ്മൾ വിമർശന വിധേയമാക്കണം. കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രൈവറ്റായ കാര്യം. അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമ്പോൾ, ഇത് ചെയ്യുന്നവർക്കെതിരെ ബാലാവകാശ കമ്മീഷന് കേസെടുക്കാവുന്നതാണ്. കുട്ടിയുടെ അവകാശം ഇവിടെ ലംഘിക്കപ്പെടുകയാണ്. 20 പേരുടെ മുന്നിൽവച്ചു നടന്ന ഒരു കാര്യം ഇപ്പോൾ ലക്ഷങ്ങൾ കാണുന്നു. കുട്ടി അത്രയും പേരുടെ മുന്നിൽ വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. കാണുന്നവരുടെയെല്ലാം മുന്നിൽ കുട്ടി വീണ്ടും തല്ലു കൊള്ളുകയാണ്. അതവന്റെ മനസ്സിനെ എത്രത്തോളം മുറിപ്പെടുത്തുമെന്ന് ചിന്തിച്ചുനോക്കൂ.. കുട്ടിയോട് ഒരു സിമ്പതി തോന്നുന്നുണ്ടെങ്കിൽ പോലും അതവനെ പ്രതികൂലമായി ബാധിക്കും. വിഡിയോ എടുത്തു പ്രചരിപ്പിച്ചവർ ശിക്ഷിക്കപ്പെടുക തന്നെ വേണം.

മെട്രോ ട്രെയിനിൽ ക്ഷീണിച്ചു കിടന്നുറങ്ങിയ മനുഷ്യന് സംഭവിച്ച അതേ അനുഭവമാണ് ഇപ്പോൾ ഇവിടെയും ഉണ്ടായിട്ടുള്ളത്. വികൃതി എന്ന സിനിമയും ഇതിനെപ്പറ്റി ഇറങ്ങിയിരുന്നു. ഇവിടെയൊരു കുട്ടിയുണ്ട് എന്നതാണ് ഗൗരവകരമായ വിഷയം. രണ്ടു മുതിർന്നവർ തമ്മിൽ ഗുസ്തി പിടിക്കുന്നത് പോലെയല്ല ഇത്. കുട്ടിയുടെ വിഷമം കൂടുതൽ ആളുകളിലേക്ക് എത്തുകയാണ്. അവന് വഴി നടക്കാൻ പോലും പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇത്തരം പ്രവണത കൂടുതലാണ്. നമ്മൾ പറയുന്ന കാര്യങ്ങൾ നമ്മൾ പോലും അറിയാതെ റെക്കോർഡ് ചെയ്യപ്പെടുകയാണ്. ഒപിയിൽ എത്തുന്നവർക്ക് മുന്നിൽ സംസാരിക്കാൻ പോലും പേടിയാണ്. ഫാമിലി കൗൺസിലിങ്, ദാമ്പത്യ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ മൊബൈലുമായി കൗൺസിലിങ് റൂമിൽ കയറുന്നവരോട് ഫോൺ ഓഫ് ചെയ്യാൻ നിർദേശിക്കാറുണ്ട്. മറ്റുള്ളവരെ കുറിച്ച് ഗൈഡൻസ് കൊടുക്കുമ്പോൾ ആ റെക്കോർഡുമായി പിന്നീട് കുടുംബകോടതിയിൽ ഇവർ വരുമോ എന്ന ഭയമാണ്. ഒരാളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് തെറ്റാണ്. ഇത് ഒട്ടും ആരോഗ്യകരമല്ല, മര്യാദയല്ല, ഇത്തരക്കാർ ശിക്ഷിക്കപ്പെടേണ്ടതാണ്.

Tags:
  • Spotlight
  • Inspirational Story