Saturday 16 March 2019 03:26 PM IST

‘ഞങ്ങൾക്കെല്ലാവർക്കും ഒരു വീട്ടുപേരേ ഉണ്ടായിരുന്നുള്ളൂ, ചെങ്കൽചൂള’; പരിമിതികളിൽ നിന്ന് ഡോക്ടറായ രാധാകൃഷ്ണൻ പറയുന്നു

V R Jyothish

Chief Sub Editor

Dr Radhakrishnan.
ഫോട്ടോ: മനോജ് ചേമഞ്ചേരി

‘ഈ അവാർഡ് പണ്ട് ചെങ്കൽചൂളയെന്ന് അറിയപ്പെട്ട ഇപ്പോഴത്തെ രാജാജി നഗറിലെ എന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു.’ സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള അവാർഡ് സ്വീകരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. പലരും എന്നോടു ചോദിച്ചു, എന്താണ് ആ സ്ഥലവുമായി നിങ്ങൾക്കുള്ള ബന്ധം. എന്തിനാണ് ആ കഥകളൊക്കെ ഇപ്പോൾ പറയുന്നത്? നിങ്ങൾ എന്തൊരു മനുഷ്യനാണ്...?

ഞാൻ അങ്ങനെയുള്ള ഒരു മനുഷ്യൻ തന്നെയാണ്. ചെങ്കൽച്ചൂളയിൽ ജനിച്ചു വളർന്ന് അവിടുത്തെ പരിതാപകരമായ ജീവിതസാഹചര്യങ്ങൾ പിന്നിട്ട്, പഠിച്ചു വളർന്ന ഒരു മനുഷ്യൻ. അവിടെ നിന്ന് ആദ്യമായി ഡോക്ടറായ ആൾ. ഇപ്പോഴും ആ സ്ഥലവുമായി ഹൃദയബന്ധം സൂക്ഷിക്കുന്ന, അതിൽ അഭിമാനിക്കുന്ന വ്യക്തി. എനിക്ക് നാടകം കളിക്കാൻ അറിയില്ല, ഞാനൊരു പച്ചമനുഷ്യനാണ്.

മീറ്റിങ്ങുകൾക്കു പോകുമ്പോൾ സംസാരത്തിനിടയിൽ പലരും ചോദിക്കാറുണ്ട് എന്തായിരുന്നു തറവാട്ടു പേര് എന്ന്. ഞങ്ങൾക്കെല്ലാവർക്കും ഒരു തറവാട്ടു േപരേ ഉണ്ടായിരുന്നുള്ളൂ; ചെങ്കൽച്ചൂള. മുഖം മിനുക്കിയ ഇപ്പോഴത്തെ രാജാജി നഗറല്ല പഴയ ചെങ്കൽചൂള. ഏറെക്കുറെ 30 വർഷം മുൻപ് വെള്ളമോ വെളിച്ചമോ, പൊതുശൗചാലയങ്ങളോ ഇല്ലാതിരുന്ന, ഓലക്കുടിലുകൾ മാത്രം ഉണ്ടായിരുന്ന പഴയ െചങ്കൽചൂള. ഓർമകൾ തുടങ്ങുന്നത് അവിടെ നിന്നാണ്. അങ്ങനെയുള്ള ഒരു കുടിലിൽ നിന്ന്.

ഒറ്റ മുറിയെന്ന സാമ്രാജ്യം

െചങ്കല്ലിന്റെ രണ്ടു ചെറിയ തൂണുകളുണ്ട്. അതിനിടയ്ക്ക് ഇ രിക്കാവുന്ന ഒരു തിട്ട. അതാണ് യഥാർഥത്തിൽ വരാന്ത. ഓല കെട്ടി മറച്ചതാണ് അടുക്കളയുടെ ഒരു ഭിത്തി. പിന്നെ, മണ്ണു കൊണ്ടു കെട്ടിയ ഒരു ചെറിയ മുറി. എപ്പോഴും ഇരുണ്ടു കിടക്കുന്ന ആ ഒറ്റമുറിയായിരുന്നു ഈ ലോകത്ത് ഞങ്ങൾക്ക് സ്വന്തമെന്നു പറയാനുണ്ടായിരുന്നത്. അതായിരുന്നു ഞങ്ങളുടെ സാമ്രാജ്യം.

ആ കുടിലിനു തൊട്ടപ്പുറത്ത് ഒരു അംഗൻവാടിയുണ്ട്. അ വിടെ ആഴ്ചയിലൊരിക്കൽ െഹൽത് സർവീസിന്റെ വണ്ടി വരും. ഞങ്ങൾക്ക്  മരുന്നൊക്കെ കിട്ടുന്നത് ആ ദിവസമാണ്. പിന്നെ, ഞങ്ങൾക്കിടയിലെ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കുമുള്ള ചില പോഷകാഹാരപ്പൊടികളൊക്കെ കിട്ടും. അതുകൊണ്ട് ആ അംഗൻവാടിയായിരുന്നു ഞങ്ങളുടെ എല്ലാമെല്ലാം.

അംഗൻവാടിക്കും വീടിനുമിടയിൽ ഇത്തിരി സ്ഥലമുണ്ട്. അവിടെയൊരു മറപ്പുരയുണ്ട്. അവിടെയാണ് മലവിസർജനം. ന്യൂസ് പേപ്പറുമായി അതിനകത്ത് കയറും. പേപ്പറിൽ കാര്യം സാധിച്ച് അതു പൊതിഞ്ഞ് എടുക്കും. വീടിനു പുറത്ത് ഒരു പെട്ടി വച്ചിട്ടുണ്ട്. അതിൽ കൊണ്ടിടും. കുറച്ചപ്പുറത്ത് വലിയൊരു കാനയുണ്ട്. അച്ഛനോ അമ്മയോ ആ പെട്ടി ചുമന്നുകൊണ്ട് ആ കാനയിൽ നിക്ഷേപിക്കും. അങ്ങനെയായിരുന്നു ഞങ്ങളുടെ ജീവിതം. അടുത്തകാലത്താണ് ഈ അവസ്ഥയിൽ നിന്ന് ഞങ്ങളുടെ ആൾക്കാർ കരകയറിയത്.

അംഗൻവാടിക്ക് അടുത്ത് പണ്ടൊരു പള്ളിയുണ്ടായിരുന്നു. ആ പള്ളിയുടെ മുറ്റമായിരുന്നു ഞങ്ങളുടെ കളിസ്ഥലം. അവിടെയുള്ള കുശിരു കാണുമ്പോൾ ഞാൻ ഓർത്തിരുന്നത് മറ്റുള്ളവർക്കു വേണ്ടി കുരിശേറിയ ൈദവപുത്രന്റെ വേദനകളായിരുന്നു. കുട്ടിയായിരുന്നപ്പോൾ ആരോ പറഞ്ഞു തന്നിരുന്നു ആ കുരിശേറ്റത്തിന്റെ കഥ.

അക്കാലത്ത് നഗരത്തിൽ എന്ത് അതിക്രമം  നടന്നാലും  പൊലീസ് ചെങ്കൽചൂള വളയും. നഗരത്തിൽ മോഷണം നടന്നാലും സെക്രട്ടറിയേറ്റിനു മുന്നിൽ അടിപിടി നടന്നാലും കൊലപാതകം നടന്നാലും ഇത്രയും പരിതാപകരമായി ജീവിക്കുന്ന ഞങ്ങളുടെ കുടിലുകൾ തകർക്കും. ഞങ്ങളുടെ വീട്ടിലുള്ള മുതിർന്നവരെ പിടിച്ചുകൊണ്ടുപോകും. അപ്പോഴൊക്കെ ആ ഇരുണ്ട മുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു ഞങ്ങൾ കുട്ടികൾ. അങ്ങനെയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. സന്ധ്യ കഴിഞ്ഞാൽ ഞങ്ങളുടെ ജീവിതത്തിലേക്കു വരുന്ന രണ്ടു അതിഥികളുണ്ടായിരുന്നു. ഇരുട്ടും പേടിയും. ഒട്ടുമിക്ക വീടുകളിലും മണ്ണെണ്ണ വിളക്കായിരുന്നു. എന്റെ വീട്ടിലും അങ്ങനെയായിരുന്നു. ഓരോ ഒറ്റമുറി വീടുകളിലും ആറും ഏഴും അംഗങ്ങൾ. ഞങ്ങൾ അച്ഛനും അമ്മയും രണ്ടു മക്കളും അപ്പൂപ്പനും അമ്മൂമ്മയും ഉൾപ്പെടെ ആറു പേരായിരുന്നു ആ ഒറ്റമുറി വീട്ടിൽ.

Dr Radhakrishnan.

ഒരു ഓറഞ്ചു കടയിലെ കൂലിക്കാരനായിരുന്നു അച്ഛൻ ആർ. സുകുമാരൻ. അമ്മ കെ, വിലാസിനിയമ്മ. അച്ഛന് ഓറഞ്ചുകടയിലായിരുന്നു ജോലി എന്നതുകൊണ്ട് ഗുണമുണ്ടായത് അമ്മയ്ക്കാണ്. എന്താെണന്നു വച്ചാൽ എല്ലാ ദിവസവും അച്ഛൻ ഓറഞ്ചു കൊണ്ടു വരുന്ന െപട്ടി ഒരെണ്ണം വീട്ടിൽ കൊണ്ടുവരും. ആ പെട്ടിയിലാണ് അമ്മ മലം ചുമന്ന് കാനയിലേക്കു കൊണ്ടുപോകുന്നത്. അച്ഛനു പിന്നീട് കോർപ്പറേഷനിൽ സ്വീപ്പറായി ജോലി കിട്ടി. പുലർച്ചേ നാലു മണി മുതൽ ഉച്ചവരെയായിരുന്നു ജോലി. അതിനു ശേഷമാണ് അച്ഛൻ ഓറഞ്ചുകടയിൽ പോയിരുന്നത്. അതുകൊണ്ട് ഞങ്ങളാരും അച്ഛനെ കാണാറില്ലായിരുന്നു. ഞങ്ങൾ ഉറങ്ങിയതിനു ശേഷമായിരുന്നു അച്ഛന്റെ വരവ്.

ഞായറാഴ്ചകളിലെ ജീവിതം

ഞായറാഴ്ചകളായിരുന്നു ഞങ്ങളുടെ ജീവിതത്തിെല ആഡംബര ദിവസം. അന്നാണ് വീട്ടിൽ പലഹാരമുണ്ടാക്കുന്നത്. രാ വിലെ തന്നെ അച്ഛൻ ഞങ്ങളെയും കൊണ്ട് അമ്പലത്തിലേക്കു പോകും. മുരുകന്റെ അമ്പലമാണ്. അവിടെയൊരു കുളമുണ്ട്. ആ കുളത്തിലിറക്കി എണ്ണ തേച്ചു കുളിപ്പിക്കും. തിരിച്ചു വീട്ടിൽ വരുമ്പോഴേക്കും അമ്മ പലഹാരം ഉണ്ടാക്കി വച്ചിട്ടുണ്ടാവും. ബാക്കിയുള്ള ദിവസങ്ങളിൽ പഴങ്കഞ്ഞി കുടിച്ചു കൊണ്ടായിരിക്കും സ്കൂളിലേക്കു പോകുന്നത്. അമ്മ ദൂരെയുള്ള പൈപ്പിൽ നിന്നു പിടിച്ചുകൊണ്ടുവരുന്ന വെള്ളത്തിലായിരിക്കും ബാക്കി ദിവസങ്ങളിലെ നനയും  കുളിയും. അതുകൊണ്ട്   ജീവിതത്തിലെ ആ ഞായറാഴ്ചകൾ ഒരിക്കലും മറക്കില്ല.

ഈ സാഹചര്യങ്ങളിൽ ജീവിക്കുന്നതുകൊണ്ടായിരിക്കും ഞങ്ങൾ കുട്ടികൾക്ക് എന്നും അസുഖങ്ങളായിരുന്നു. മിക്കവാറും മലിനജലത്തിൽ നിന്നു പകരുന്ന രോഗങ്ങൾ. അതുകൊണ്ട് ഞങ്ങളുടെ അമ്മമാരുടെ ഒരു പ്രധാനജോലി കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്കു പോകുക എന്നതായിരുന്നു. ആ രോഗത്തിന്റെ ഒരു ഭാഗം എനിക്കും കിട്ടി. മഞ്ഞപ്പിത്തം.  മൂന്നാഴ്ച ഫോർട്ട് ആശുപത്രിയിൽ കിടന്ന ഓർമയുണ്ട്. അന്നു ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു. അന്നാണ് ആദ്യമായി ഡോക്ടർമാരെ അടുത്ത് കാണുന്നത്. പാന്റ്സും വെള്ളക്കോട്ടും ആൾക്കാരുടെ സ്േനഹവും ഒക്കെ കിട്ടുന്ന ഡോക്ടർ അന്നു മനസ്സിൽ കയറിക്കൂടി.

അസുഖം ഭേദമായി വീട്ടിലെത്തിയപ്പോഴും മനസ്സിൽ ‍ഡോക്ടർമാർ തന്നെയായിരുന്നു. അന്ന് ആശുപത്രിയിൽ നിന്നു കൊണ്ടുവന്ന ഡ്രിപ്പിന്റെ കുപ്പിയും കുഴലുമെല്ലാമെടുത്ത് ഞങ്ങൾ ഡോക്ടറും രോഗിയും കളിക്കും. ഞാനായിരിക്കും എപ്പോഴും ഡോക്ടർ. വരാന്തയായിരിക്കും ആശുപത്രി. മറ്റു കുട്ടികളെ നിരത്തിക്കിടത്തി ഡ്രിപ്പ് കൊടുക്കും. മരുന്നു കഴിക്കാത്തവരെ ശാസിക്കും. പിന്നീട് തിരുവനന്തപുരം െമഡിക്കൽ കോളജിൽ പഠിക്കാനെത്തിയ ആദ്യ ദിവസം‌ ഞാൻ ആ ദൃശ്യങ്ങളൊക്കെ ഓർത്തു.

സ്കൂളിൽ പഠിക്കുന്ന സമയത്ത് ബാഹ്യമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. മറ്റുള്ള കുട്ടികൾ ദിവസവും പലഹാരം കഴിച്ചാണോ വരുന്നത് എന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ല. അവർക്ക് നല്ല വസ്ത്രമുണ്ടോ ബാഗുണ്ടോ കുടയുണ്ടോ എന്നൊന്നും അേന്വഷിച്ചില്ല. പാഠപുസ്തകങ്ങളിൽ മാത്രം ശ്രദ്ധിച്ചു. ഉയർന്ന മാർക്കോടെയാണ് ഞാൻ പാസായത്.

സ്കൂൾ പഠനകാലം വരെ ചെങ്കൽചൂളയിലായിരുന്നു എന്റെ ജീവിതം. പത്താം ക്ലാസ്സിലായപ്പോഴാണ് ചെങ്കൽചൂളയ്ക്കു പുറത്ത് അച്ഛൻ ചെറിയൊരു വീടു വാങ്ങുന്നത്. ആ വീട്ടിലെ താമസം ഞങ്ങളെ സംബന്ധിച്ച് സ്വർഗം കിട്ടിയതിനു തുല്യമായിരുന്നു. അവിടെനിന്നാണു ഞാൻ കോളജ് പഠനത്തിനു പോകുന്നത്.

നിറക്കാഴ്ചകൾ

തിരുവനന്തപുരം ആർട്സ് കോളജിൽ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ് തിരുവനന്തപുരം െമഡിക്കൽ കോളജിൽ തന്നെ ബിരുദത്തിനു ചേർന്നു. എംബിബിഎസ് ബിരുദ ദാനചടങ്ങിനിരുന്നപ്പോൾ ഞാനോർത്തത് എന്റെ അച്ഛനെയും അമ്മയെയു മാണ്. മലം ചുമന്ന് മക്കളെ വളർത്തിയ അമ്മയോട് എങ്ങനെ കടപ്പെട്ടാലാണ് ജന്മം സുകൃതമാകുന്നത്. കോർപ്പറേഷനിലെ മാലിന്യം കോരിയാണ് അച്ഛൻ എന്നെ പഠിപ്പിച്ചത്. എന്തു പ്രതിഫലമാണ് എനിക്ക് അച്ഛന് നൽകാൻ കഴിയുന്നത്.

എംബിബിഎസ് കഴിഞ്ഞ് അടുത്ത മാസം ഞാൻ മെഡിക്കൽ കോളജിൽ അധ്യാപകനായി. അവിടെ നിന്നാണ് ഇഎസ്ഐയിൽ വരുന്നത്. തിരുവനന്തപുരം കരമന ഇഎസ്ഐ ഡിസ്പെൻസറിയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. പ്രമേഹത്തെക്കുറിച്ച് ഗവേഷണം നടത്തുന്നു. അന്നത്തെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങളിന്ന് കൊട്ടാരത്തിലാണു ജീവിക്കുന്നത്. എന്നാൽ എന്താണ് എന്റെ വിലാസം എന്നു ചോദിച്ചാൽ ചെങ്കൽചൂള എന്നു പറയാനാണ് ഇന്നും എനിക്ക് ഇഷ്ടം. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇ പ്പോഴും അവിടെത്തന്നെയാണ്.

അവിടെയിപ്പോൾ ജീവിതം മാറിയിട്ടുണ്ട്. പഴയ ഓലക്കുടിലുകൾ മാറി. എല്ലാവരും  ഫ്ളാറ്റിലാണ്. ശൗചാലയമുണ്ട്. വൈദ്യുതിയുണ്ട്. കുടിവെള്ളമുണ്ട്. നല്ല ജോലി കിട്ടിപ്പോകുന്നവരുണ്ട്. ചെങ്കൽചൂളയെന്ന പഴയ പേര് മറന്ന് രാജാജി നഗർ എന്ന പുതിയ പേരിലേക്ക് ഞങ്ങൾ മാറിക്കഴിഞ്ഞു. എങ്കിലും വേദനിപ്പിച്ച ഭൂതകാലമാണ് എന്റെ ഊർജം എന്ന് ഞാൻ തിരിച്ചറിയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാൻ മെഡിക്കൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ വേദിയിൽ നിൽക്കുമ്പോഴും ഞാനെന്റെ ഭൂതകാലം ഓർക്കാറുണ്ട്.

ഞങ്ങളുടെ വീട്ടിലോ അയൽവീടുകളിലോ ടെലിവിഷൻ ഉണ്ടായിരുന്നില്ല. എന്റെ അപ്പൂപ്പൻ ഒരു തെങ്ങുകയറ്റ തൊഴിലാളിയായിരുന്നതുകൊണ്ട് അപ്പൂപ്പൻ െതങ്ങുകയറാൻ പോകുന്ന ചില വീടുകളിൽ ടെലിവിഷൻ ഉണ്ടായിരുന്നു. അതിലൊരു വീട്ടിലാണ് ഞാൻ ടെലിവിഷൻ കാണാൻ പോയിരുന്നത്. പലപ്പോഴും വളരെ വേദനിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു ആ വീടുകളിൽ നിന്ന് ഉണ്ടായിരുന്നത്. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും.

ഒരിക്കൽ ആ വീട്ടിൽ വച്ച് ‘പടയോട്ടം’ സിനിമ കണ്ടു. ബ്ലാക്ക് ആൻഡ് ൈവറ്റിലാണ് അന്നത് കണ്ടത്. പിന്നീട് കളർ സ്ക്രീനിൽ ആ സിനിമ കാണുമ്പോഴൊക്കെ ഞാൻ എന്റെ ജീവിതത്തെ ആ സിനിമയുമായി കൂട്ടിനോക്കാറുണ്ട്. ബ്ലാക്ക് ആന്‍ഡ് ൈവറ്റിന്റെ െചറിയ സ്ക്രീനിൽ നിന്ന് നിറങ്ങളുടെ വലിയ സ്ക്രീനിലേക്ക് മാറിയ എന്റെ ജീവിതം. നിറങ്ങൾ നിറഞ്ഞ ഈ ജീവിതത്തിൽ ഇപ്പോൾ അച്ഛനും  അമ്മയും എന്നോടൊപ്പമുണ്ട്. മൂന്നു മക്കളുണ്ട്. മൂത്ത മകൾ ഗോപികയും ഇരട്ടകളായ ശ്രീവരിയും ശ്രീഹരിയും. കെൽട്രോണിൽ എൻജിനീയറായി സഹോദരൻ സകുടുംബം വേറൊരു വീട്ടിൽ താമസിക്കുന്നു. കഷ്ടപ്പെട്ടു പഠിച്ച് ഓരോരോ ജീവിത മാർഗങ്ങൾ ഞങ്ങൾ കണ്ടു പിടിച്ചു. എങ്കിലും തുടക്കം ചെങ്കൽച്ചൂളയിൽ നിന്നായിരുന്നു. അതു മറക്കാൻ ഞങ്ങൾക്കാകില്ല. അല്ലെങ്കിലും സിനിമകൾക്കും അപ്പുറമാണല്ലോ ചില ജീവിതങ്ങൾ...