Thursday 14 June 2018 05:11 PM IST

വിശുദ്ധിയും നോമ്പിന്റെ പുണ്യവും നിറച്ച പെരുന്നാളോർമകളുടെ കിസ്സയുമായി ഈ ഉമ്മമാർ...

Roopa Thayabji

Sub Editor

Untitled-1 ഫോട്ടോ: അരുൺ പയ്യടിമീത്തൽ, പി.ടി. ബാദുഷ

ലോകനാഥന്റെ കാരുണ്യം മണ്ണിൽ പെയ്തിറങ്ങുന്ന റമസാൻ വന്നെത്തി. നന്മയുടെയും കാരുണ്യത്തിന്റെയും പൂനിലാവ് മനസ്സിൽ പെയ്തു തുടങ്ങുന്നു. നോമ്പും വിശ്വാസവും പെരുന്നാളും മൈലാഞ്ചിച്ചോപ്പും ആഘോഷങ്ങൾക്കു മാറ്റുകൂട്ടുമ്പോൾ മലബാറിലെ ഈ പഴയ മൊഞ്ചത്തിമാർക്കും ചില കഥകൾ പറയാനുണ്ട്. 

മലബാറിൽ നിന്ന് ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്‌ലിം സ്ത്രീകളിലൊരാളായ 91 വയസ്സുകാരി മാളിയേക്കൽ മറിയുമ്മയും സാക്ഷരതാ ക്ലാസിൽ നിന്നു പഠിച്ചുപാസ്സായി രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് പുരസ്കാരം നേടിയ 89കാരി കുനിയിൽ അലുംകണ്ടി കദീശുമ്മയും വയനാടൻ ചുരമേറി വന്ന പെരുന്നാളോർമകളുമായി 76കാരി ഖദീജയും അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.  ബാങ്കുവിളിക്കു കാതോർ ത്ത സന്ധ്യാനേരത്തേക്ക്,  രുചിയുടെ ദഫ്മുട്ട്  ഉണരുന്ന ആ നോമ്പ് തുറ ആഘോഷങ്ങളിലേക്ക്  ഓർമയുടെ ൈകപിടിച്ച്  ഒന്നു പോയിവരാം.

‘മാളിയേക്കൽ വഴി കൊട്ടിയൂരേക്ക് ’ മാളിയേക്കൽ മറിയുമ്മ

പെണ്ണുങ്ങളുടെ അഭിപ്രായത്തിനും അഭിമാനത്തിനും വിലകൽപിച്ചിരുന്ന ആളായിരുന്നു മാളിയേക്കലെ കാരണവരായ എന്റെ ഉപ്പ. അഞ്ചാം ക്ലാസ് പാസായ കാലത്ത് ഇളയ മകളായ എന്നോട് ഉപ്പ ഒരു ചോദ്യം, ‘നിനക്ക് പഠിക്കാൻ ഇഷ്ടമാണോ?’ ‘അതെ’ എന്ന ഉത്തരം കേട്ട പാടേ തലശ്ശേരിയിലെ സേക്രട്ട് ഹാർട്സ് കോൺവന്റിൽ ചേർത്തു. കന്യാസ്ത്രീകളാണ് ടീച്ചർമാർ. പുതിയ സ്കൂളിലെത്തി ആദ്യദിവസം തന്നെ കാര്യങ്ങൾ കൈവിട്ടു പോകുന്നതു പോലെ എനിക്ക് തോന്നി. അവിടെ ഇംഗ്ലിഷ് മാത്രമേ സംസാരിക്കാൻ പാടുള്ളൂ. അഞ്ചാം ക്ലാസിൽ വച്ചാണ് ഞാൻ എബിസിഡി പഠിച്ചതുപോലും. ക്ലാസിൽ ആദ്യമൊന്നും കുട്ടികൾ പറയുന്നതു  മനസ്സിലായില്ല. വിഷമിച്ച് വീട്ടിലെത്തിയ എന്നെ ഉപ്പ സമാധാനിപ്പിച്ചു, പിറ്റേന്നു മുതൽ ഇംഗ്ലിഷിൽ ട്യൂഷൻ കിട്ടി. ടീ ഏജന്റായിരുന്ന ഉപ്പ ഇംഗ്ലിഷ്, ഹിന്ദി, ഉറുദു, പാഴ്സി, കന്നഡ, തമിഴ് ഭാഷകൾ അനായാസം കൈകാ ര്യം ചെയ്യുമായിരുന്നു. ഇംഗ്ലിഷ് പഠിക്കാൻ പോകുന്ന മുസ്‌ലിംസ്ത്രീ എന്നത് അന്നത്തെ കാലത്ത് അത്ര രസമുള്ള സംഗതിയൊന്നും ആയിരുന്നില്ല. ചിലർ കളിയാക്കി ചിരിക്കും, ചിലര്‍ മനസ്സിനു വിഷമം തോന്നുന്ന തരത്തിൽ പ്രവർത്തിക്കും. വിഷമം ഏറിയതോടെ രണ്ടുവശവും മറച്ച റിക്ഷാവണ്ടിയിലായി യാത്ര. യൂണിഫോമിനു മുകളിലൂടെ  ഇടുന്ന ബുർഖ ക്ലാസിലെത്തിയാലുടൻ  ഊരി ബാഗിൽ വയ്ക്കും. ഫിഫ്ത് ഫോം എത്തിയപ്പോഴേക്കും പട്ടാളത്തിൽ റിക്രൂട്ടിങ് ഓഫിസറായിരുന്നു മായൻ അലിയുമായി എന്റെ മംഗലം കഴിഞ്ഞു. പിന്നീട് പഠിക്കാൻ പോകാൻ നാണമായി. 

2

രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കകാലം. പട്ടാളത്തി ൽ ആളെ ചേർക്കാനുള്ള ഏജൻസി ഉമ്മാമ്മയുടെ പേരിലാണ് എടുത്തത്. യുദ്ധത്തിനു ശേഷം  അന്നത്തെ മദ്രാസ്  പ്രസിഡൻസി ഗവർണർ ദർബാറിലേക്കു  ക്ഷണിച്ച്  ഉമ്മാമ്മയ്ക്ക്  മെഡൽ സമ്മാനിച്ചു. നാട്ടിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചാണ് ഉമ്മാമ്മ മെഡൽ വാങ്ങാൻ പോയത്. ആ കാലത്താണ് കേരളത്തിൽ ‘തൊപ്പിത്തട്ടം’ വന്നത്. മക്കയിൽ വച്ച് അത്തരം തട്ടം കണ്ടുവെന്ന് ഒരു ബന്ധു പറഞ്ഞതുകേട്ട് തുണിയെടുത്ത്, തൊപ്പിയുടെ അളവിൽ തട്ടം തുന്നിയെടുത്തത് എന്റെ േചട്ടത്തിയായ നഫീസയാണ്. മാളിയേക്കൽ വീടിന്റെ ചരിത്രമൊക്കെ ഇങ്ങനെ നീണ്ടുനീണ്ടു പോകുമെങ്കിലും നോമ്പും പെരുന്നാളുമൊക്കെ ഓർത്തെടുക്കാൻ ഇപ്പോഴും വലിയ രസമാണ്. 

കോൺവന്റിൽ പഠിച്ച കാലത്ത് 2000 കുട്ടികളെങ്കിലുമുണ്ടായിരുന്നു അവിടെ, കൂട്ടത്തിലെ ഏക മുസ്‌ലിം ഞാനാണ്. ഉച്ചയ്ക്കത്തെ നിസ്കാരത്തിനു വേണ്ടി അടുത്തുള്ള ബന്ധുവീട്ടിലേക്കു പോകും.  ഇതറിഞ്ഞ സിസ്റ്റർമാർ കോൺവന്റിൽ തന്നെ മുറി ഏർപ്പാടാക്കി. നോമ്പു പിടിക്കാൻ എനിക്കൊപ്പം കൂട്ടുകാരികളും  കൂടും.  

വെളുപ്പിനു മൂന്നു മണിക്കാണ് അത്താഴച്ചോറുണ്ണാൻ ഉണരുക, എല്ലാം തലേന്നുതന്നെ തയാറാക്കും. പാചകം കഴിഞ്ഞ് അടുപ്പ് കെടുത്തും. മുൻപ് കനലിലിട്ട് ചുട്ടെടുത്ത നേന്ത്രപ്പഴം നെടുകെ കീറി നാടൻ പശുവിൻ നെയ്യ് ചേർത്ത് കഴിച്ചിരുന്നത് നോമ്പിലെ  രുചിയോർമയാണ്.  കാരയ്ക്കയും  വെള്ളവും  കുടിച്ചാണ് നോമ്പുതുറക്കുക. ചെറിയ പലഹാരങ്ങളായ ഉന്നക്കായും  കോഴി നിറച്ചതും കായ നിറച്ചതും തൈപ്പോളയും കൈവീശലും പുളിവാരലുമൊക്കെ  കഴിക്കും. പിന്നീട് നിസ്കാരം. അതിനുശേഷം പലമാതിരി ഒറോട്ടികളും കോഴിയും  പോത്തും കറി വച്ചതൊക്കെ കഴിക്കും. വലിയ നോമ്പുതുറയ്ക്ക് കോഴി നിറച്ചതും  ആട്ടിൻതല മസാലയുമൊക്കെ കാണും. എട്ടുമണി നിസ്കാരത്തിനു ശേഷം ഒരിക്കൽ കൂടി ഭക്ഷണമുണ്ട്, ഇതിനു മുത്താഴമെന്നാണ് പറയുക. പലതരം കഞ്ഞിയും പുഴുക്കുമാണ് ഇതിനുണ്ടാകുക. പിന്നെ കിടന്നുറങ്ങി വെളുപ്പിനു മൂന്നിനുണരും. അന്നൊന്നും മതത്തിന്റെയോ ജാതിയുടെയോ വ്യത്യാസം ആർക്കുമില്ലായിരുന്നു. തലശ്ശേരിയിൽ വർഗീയകലാപമുണ്ടായ കാലത്ത് ഒട്ടേറെപ്പേർക്ക് അഭയം നൽകിയത് മാളിയേക്കലെ മുറ്റത്തായിരുന്നു. സമാധാനയോഗം വിളിച്ചുചേർത്തതും ഇവിടെത്തന്നെ. നോമ്പുതുറക്കാൻ മേശ നിറയെ വിഭവങ്ങൾ വേണമെന്ന് ഉപ്പയ്ക്ക് നിർബന്ധമായിരുന്നു. നോമ്പുകാലം വരുന്ന മേയ്– ജൂൺ മാസത്തിലാണ് കൊട്ടിയൂർ അമ്പലത്തിലെ ഉത്സവം. കൊട്ടിയൂരപ്പന് ഇളനീർ നേർച്ചയുമായി വരുന്നവരുടെ ‘ഓ... ഓ...’ ശബ്ദം ബാങ്കുവിളിക്കൊപ്പം മുഴങ്ങിക്കേൾക്കും. തലച്ചുമടായി കൊണ്ടുവരുന്ന ഇളനീർ മുറ്റത്ത് ഇറക്കിവച്ച് അവരും നോമ്പുതുറക്കാൻ കൂടും. ഒന്നു വിശ്രമിച്ച്, വിശപ്പടക്കി അവർ യാത്രയാകുമ്പോൾ നോമ്പിന്റെ പുണ്യത്തോടൊപ്പം സാഹോദര്യത്തിന്റെ വലിയ പാഠവും ഞങ്ങൾ പഠിച്ചു.’

‘വെടിയൊച്ച കേട്ട് നോമ്പുതുറന്നു’ കുനിയിൽ ആലുംകണ്ടി കദീശുമ്മ

അന്നത്തെ കാലത്ത് വീട്ടിലൊക്കെ ദാരിദ്ര്യവും കഷ്ടപ്പാടുമല്ലേ. മക്കളെ സ്കൂളിൽ വിടാനുള്ള ഗതിയൊന്നും ബാപ്പയ്ക്കും ഉമ്മയ്ക്കുമില്ല, മദ്രസയിൽ നിന്ന് ഖുർആൻ ഓതാൻ നല്ലോണം പഠിച്ചു. അ ന്നും പെരുന്നാളാകുന്നതും നോക്കിയിരിക്കും ഞങ്ങൾ.

1

പുതിയ കുപ്പായം  കിട്ടുന്നതായിരുന്നു ഏറ്റവും സന്തോഷം. കുറച്ചുദിവസം  മുൻപേ തന്നെ ഞങ്ങൾ ‘കിണ്ടൻ തുണി’ എന്നു വിളിച്ചിരുന്ന പുള്ളിത്തുണി വാങ്ങി മുറിച്ച് ഉമ്മ കൈകൊണ്ട്  ഉടുപ്പു തുന്നിതരും. കിണ്ടൻ തുണിയുടെ തന്നെ ഒരു കഷണമാണ് തട്ടമിടാനും  തരുക. പെരുന്നാളിന്റെ  തലേന്ന് മൈലാഞ്ചിയില അരച്ച് കയ്യിലിടും. കുപ്പായത്തിലൊന്നും പറ്റാതിരിക്കാൻ പൊതിഞ്ഞുകെട്ടിയാണ് കിടക്കുക. ആരുടെ  കൈയ്യിലാണ് കൂടുതൽ ചോപ്പുള്ളത് എന്നു നോക്കാൻ പിറ്റേന്ന് മത്സരമാണ്. ഇതു കാണുമ്പോൾ ഉപ്പ കളിയായി പറയും, ‘‘ഇനി ചോറു കഴിച്ചില്ലെങ്കിലും കുഴപ്പമില്ല, കൈ നല്ലോണം ചോന്നല്ലോ’’ എന്ന്. അന്നൊക്കെ കൂടുതൽ സമയം ഭക്ഷണം  കഴിക്കാതെയിരിക്കണം എന്നതായിരുന്നു വിശ്വാസം. പുലർച്ചെ മൂന്നിനല്ല, രാത്രി 12നാണ് അത്താഴം കഴിക്കുക. വെളുപ്പിനുണർന്ന് നിസ്കരിക്കുകയേയുള്ളൂ. ഉപ്പയ്ക്ക് ഇക്കാര്യത്തിൽ വലിയ നിഷ്ഠയായിരുന്നു, സമയം 12 കഴിഞ്ഞുപോയാൽ ഭക്ഷണമേ കഴിക്കില്ല. നോമ്പുതുറ സമയത്ത് അയൽവീടുകളിലേക്കൊക്കെ പങ്ക് കൊടുത്തയയ്ക്കും.

പെരുന്നാളിന്റെയന്ന് രാവിലെ ആണുങ്ങൾ കുളിച്ചു പുതിയ കുപ്പായമിട്ട് പള്ളിയിലേക്കു പോകും, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ തീൻമേശ ഒരുക്കാനുള്ള തിരക്കിലാകും പെണ്ണുങ്ങൾ. പെരുന്നാളിനു കുളിച്ചുവയ്ക്കുക എന്നൊരു ചൊല്ല് തന്നെയുണ്ട്, എന്നുവച്ചാൽ കുളിച്ചുവന്ന ശേഷമേ ആഹാരം ഉണ്ടാക്കൂ. 14 ാം വയസ്സിലായിരുന്നു എന്റെ കല്യാണം. ഏറാൻതൊടി ബീരാൻ കുട്ടിയുടെ ഭാര്യയായി കോഴിക്കോടുകാരിയായ ഞാൻ മലപ്പുറം ജില്ലയിലെ അരിക്കോടേക്ക് വന്നു.

ഏഴാം വയസ്സില്‍ നോമ്പെടുത്ത് തുടങ്ങിയതാണ്. ഈ കാലത്തിനിടയ്ക്ക് രണ്ടുതവണയേ നോമ്പ് പിടിക്കാതെ ഇരുന്നിട്ടുള്ളൂ, ആദ്യത്തേത് കുറച്ചു തമാശയാണ്. രണ്ടാമത്തേത് വലിയ സന്തോഷമുള്ള കാര്യവും. അന്ന് അടുത്തൊന്നും പള്ളിയില്ല, നോമ്പുതുറക്കാനും പുലർച്ചയ്ക്ക് എണീക്കാനുമൊക്കെ വെടിയൊച്ചയാണ് കേൾക്കുക. അന്നെനിക്ക് ഒൻപതോ പത്തോ വയസ്സ് പ്രായം. ഉമ്മയോടാപ്പം പറമ്പിൽ പയറുകൃഷി ചെയ്യുകയാണ്. അടുത്ത വീട്ടുകാർ പ്രാവിനെ വെടിവച്ച ശബ്ദം കേട്ടപ്പോൾ നോമ്പ് തുറക്കാൻ നേരമായെന്നോർത്ത് ഞാൻ പയറെടുത്ത് കഴിച്ചു. കുറച്ചുകഴിഞ്ഞ് ശരിക്കുമുള്ള വെടിയൊച്ച കേട്ടപ്പോഴാണ് അബദ്ധം മനസ്സിലായത്. അന്ന് ഉമ്മയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടി.

വർഷങ്ങൾ കഴിഞ്ഞ്, അഞ്ച് ആൺമക്കളായ ശേഷം ഭർത്താവ് മരിച്ചു. മക്കളുടെയൊക്കെ നിക്കാഹ് കഴിഞ്ഞ കാലത്ത് ഞാൻ സാക്ഷരതാ ക്ലാസിൽ ചേർന്നു. നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് മലപ്പുറം ജില്ലയിൽ നിന്ന് ഞാനും കുറേപ്പേരും പരീക്ഷയെഴുതി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അടുത്ത വിശേഷം, ഞങ്ങളുടെ കീഴുപറമ്പ് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ വിജയം. അതിനാൽ എന്നെ രാഷ്ട്രപതി ഭവനിലേക്ക് വിരുന്നിനു ക്ഷണിച്ചിരിക്കുന്നു. 2011ലാണ് അത്. അതുമൊരു നോമ്പുകാലമാണ്. 28 ാം നോമ്പിന്റെയന്നാണ് ഡൽഹിക്ക് വണ്ടി കയറിയത്. ആറേഴു ദിവസത്തെ യാത്രയും സ്വീകരണവും വിരുന്നുമൊക്കെ കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴേക്കും പെരുന്നാൾ കഴിഞ്ഞിരുന്നു. ആ നോമ്പ് പിന്നീട് വീട്ടി.’

27–ാം രാവും കലത്തപ്പത്തിന്റെ സ്വാദും  പുലിയാനിക്കോടൻ ഖദീജ

വയനാട് ചുരം കയറി കുന്നുംപറ്റയിലെത്തിയാൽ റോഡ് പിന്നെ നീളുന്നത് ഊട്ടിയിലേക്കാണ്. ചുര മിറങ്ങി വരുന്ന കാറ്റും മഞ്ഞും കാപ്പിയുടെയും ഏ ലത്തിന്റെയും മണവുമൊക്കെയുണ്ട് ഇവിടത്തെ പെരുന്നാളോ ർമകൾക്ക്. ഞങ്ങൾ എട്ടു മക്കളാണ്, മൂന്ന് ആണും അഞ്ചു െപണ്ണും. ഏറ്റവും മൂത്തതായിരുന്നു ഞാൻ. വാപ്പ അബ്ദുൽ റഹിമാന് കച്ചവടവും കൃഷിയുമൊക്കെയായിരുന്നു. ഉമ്മയും ഞങ്ങളും മക്കളുമെല്ലാം പറമ്പിലും പാടത്തുമൊക്കെയായി കൂടും. നെല്ലും ഇഞ്ചിയും കാപ്പിയുമൊക്കെയായി പലവക കൃഷികളുള്ളതിനാൽ അടുക്കളയിൽ കയറി മേശ നിറച്ച് വിഭവങ്ങളൊരുക്കാനൊന്നും സമയം കിട്ടാറില്ല. നോമ്പുകാലത്തെ സ്പെഷൽ പൊടിയരിക്കഞ്ഞിയും  പത്തിരിയുമൊക്കെയാണ്. പെരുന്നാളിന് പുതിയ ഡ്രസ് തുന്നാൻ ബാപ്പയാണ് തുണി വാങ്ങുക. പെണ്ണുങ്ങൾക്കെല്ലാം ഒരേ തരത്തിലും ആണുങ്ങൾക്കെല്ലാം ഒരേ തരത്തിലും  കുപ്പായം തുന്നും. എട്ടാമത്തെ വയസ്സിൽ നോമ്പെടുത്ത് തുടങ്ങി. ഇടയ്ക്ക് വിശന്നാലും നോമ്പു തുറക്കാൻ സമ്മതിക്കില്ല. അതുകൊണ്ട് നോമ്പു തുറയറിയിച്ച് വെടിയൊച്ച കേൾക്കാൻ കാത്തിരിക്കും. വെടിയൊച്ച കേട്ടില്ലെങ്കില്‍ പിന്നെ ഇരുട്ടു വീഴുന്നതാണ് കണക്ക്. കുട്ടികളൊക്കെ മൂന്നോ നാലോ നോമ്പൊക്കെയേ എടുക്കാറുള്ളൂ.

3

പെരുന്നാളിന്റെയന്ന് രാവിലെ അടുത്തുള്ള പാവപ്പെട്ടവരുടെ വീട്ടിലേക്ക് അരി കൊണ്ടുപോകുന്നത് എന്റെയും അനിയത്തിയുടെയും ഡ്യൂട്ടിയായിരുന്നു.  ഉച്ചയ്ക്ക് ഞങ്ങൾ നല്ല ഭക്ഷണം കഴിക്കുമ്പോൾ അവർ പട്ടിണിയാകുന്നത് ശരിയല്ലല്ലോ. ഇക്കാര്യത്തിൽ ജാതിയോ മതമോ നോക്കാറില്ല. അമ്പലങ്ങളിലേക്ക്  ഉത്സവം നടത്താനും അന്നദാനത്തിനും സംഭാവന ചെയ്യും. 12 ാം വയസ്സിലായിരുന്നു എന്റെ കല്യാണം, നിക്കാഹ് പള്ളിയിൽ വച്ച് വീട്ടുകാരെല്ലാം ചേർന്ന് നടത്തി. ആറുമാസം കഴിഞ്ഞ് വീട്ടിൽ വച്ച് ആഘോഷമായി വിവാഹം നടത്തിയാണ് പുയ്യാപ്ലയായ അലവിക്കുട്ടിയുടെ വീട്ടിലേക്കു  വിട്ടത്. അതുമൊരു നോമ്പുകാലത്തായിരുന്നു. നോമ്പിന്റെ ആദ്യത്തെ ദിവസങ്ങളിൽ മരുമക്കളെ വിരുന്നു വിളിക്കുന്ന ചടങ്ങുണ്ട്. പത്തിരിയും  കറികളുമാണ് അന്നുണ്ടാക്കുക. രാത്രി ചോറിൽ കുഴച്ചു കഴിക്കാൻ മൈസൂർ പഴം കൊടുക്കണം. 

നോമ്പുകാലം വരുമ്പോൾ തന്നെ നെല്ലുകുത്തി അരിയാക്കി, ഇതു കുതിർത്ത് ഉരലിൽ ഇടിച്ചെടുത്ത്, മുറത്തിലിട്ട് തെള്ളിയെടുത്ത്, മൺചട്ടിയിൽ വറുത്തുവയ്ക്കും. പത്തിരിക്കും പലഹാരത്തിനുമെല്ലാം ഈ മാവാണ് എടുക്കുക. 27–ാം രാവിന്റെയന്നാണ് കലത്തപ്പം ചുടുക. നെല്ലുകുത്തിയ അരിയുടെ പൊടിയിലേക്ക് ശർക്കര ഉരുക്കിയൊഴിച്ച് ജീരകം വറുത്തതും ചുവന്നുള്ളി വറുത്തതും  ചേർത്ത് ദോശമാവിന്റെ പരുവത്തിൽ കുഴയ്ക്കും. വിറകടുപ്പിൽ നന്നായി കനൽ കൂട്ടിയിട്ട് എണ്ണയൊഴിച്ച മൺചട്ടിയിലേക്ക് മാവൊഴിച്ച് വയ്ക്കും. മറ്റൊരു ചട്ടിയിൽ കനൽ കോരിയിട്ട് മുകളിൽ വയ്ക്കും. രണ്ടുവശത്തുനിന്നും നന്നായി ചൂടെത്തി പാകത്തിനു വെന്തുവരുന്ന കലത്തപ്പത്തിന് നോമ്പിന്റെ രുചിയാണ്. 

പെരുന്നാളിന്റെയന്ന് വീട്ടിൽ വളർത്തുന്ന കോഴിയെ പള്ളിയിൽ കൊണ്ടുപോയി അറുത്ത് കൊണ്ടുവന്ന് കറിയാക്കും. പ ള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് ആണുങ്ങളെത്തിയാൽ ഒന്നിച്ചാണ് കഴിക്കുന്നത്, ഒന്നിച്ചെന്നു പറഞ്ഞാൽ ഒരുപാത്രത്തിൽ നിന്നുതന്നെ. നടുവിൽ കുഴിയുള്ള വലിയ പിഞ്ഞാണത്തിൽ നെയ്ച്ചോറും കോഴിക്കറിയും ചേർത്ത് കുഴച്ച് വട്ടത്തിലിരുന്നാണ് കഴിക്കുക. കഴിക്കാൻ അധികം ആളുകളുണ്ടെങ്കിൽ രണ്ടോ മൂന്നോ പാത്രത്തിൽ വിളമ്പും, അത്ര തന്നെ.’