പാടുപെടുത്താൻ ആവോളം ശ്രമിക്കുന്നുണ്ട് വിധി... പക്ഷേ ആ വേദനകളെയെല്ലാം പാട്ടുകൊണ്ട് അലിയിച്ചു കളയും എലിസബത്ത് എന്ന ഈ ഇരുപതുകാരി. പക്ഷേ അവൾ അനുഭവിക്കുന്ന വേദനയുടെ ആഴം ആ പാട്ടുകളിൽ നിന്ന് അളന്നെടുക്കുക സാധ്യമല്ല. വിധിയെ പുഞ്ചിരിച്ചു കൊണ്ടു നേരിടുന്ന എലിസബത്ത് അതുകൊണ്ടുതന്നെ അടുത്തറിയുന്ന ആർക്കും പ്രിയപ്പെട്ടവളാകും. ഗായകൻ ജി. വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ലോകം അവളുടെ വേദനകൾ അറിയുമ്പോഴും ആ മുഖത്ത് ചിരി മായാതെ നിൽക്കുന്നു.
അപൂർവങ്ങളിൽ അപൂർവമെന്ന് ഡോക്ടർമാരും ഡോക്ടർമാരും വൈദ്യശാസ്ത്രവും വിധിയെഴുതുന്ന ഈ വേദനയുടെ യഥാർത്ഥ പേര് ഞെട്ടൽ വാതം, അഥവാ (ടോറട്സ് സിൻഡ്രോം) Tourette syndrome. കാഴ്ചയിലെ ശാന്തതയല്ല ഞെട്ടൽവാതം. നിമിഷാർദ്ധത്തിൽ ശരീരാവയവങ്ങൾ തെറിച്ചു പോകും പോലെ തോന്നും. ചെയ്തു കൊണ്ടിരിക്കുന്ന ജോലി തടസപ്പെടും, ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും. എലിസബത്ത് എന്ന കണ്ണൂരുകാരിയുടെ അപൂർവ രോഗത്തിന്റെ ‘കുസൃതികൾ’ ഇതൊക്കെ.
പക്ഷേ സഹതാപക്കണ്ണുകളിൽ വിസ്മയം വിരിയിക്കുന്ന സംഗീതത്തിന്റെ മാജിക് കൊണ്ടാണ് വേദനിപ്പിച്ച വിധി ഇന്നിവളോട് പ്രായശ്ചിത്തം ചെയ്യുന്നത്. ആ മാജിക് തിരിച്ചറിഞ്ഞത് ആദ്യം സോഷ്യൽ മീഡിയയായിരുന്നു. സമൂഹ മാധ്യമങ്ങൾ കണ്ണുവച്ച പാട്ടുകാരി സാക്ഷാൽ ജി. വേണുഗോപാലിന്റെ വരെ ഹൃദയം കവർന്നപ്പോൾ കുന്നോളം ഇഷ്ടം പിന്നെയും പെയ്തിറങ്ങി. വേദനകൾക്ക് മുന്നിൽ ‘ഞെട്ടാതെ’ ഞെട്ടിപ്പിക്കുന്ന പാട്ട് പങ്കുവച്ച് വൈറലായ പാട്ടുകാരി എലിസബത്ത് ‘വനിത ഓൺലൈനോട്’ പങ്കുവയ്ക്കുന്ന ആ പാട്ടുകഥ...
ഞെട്ടിച്ച വേദന
വിധി തന്ന വേദനകളെ മറക്കാൻ എനിക്ക് ദൈവം തന്ന വരമാണ് പാട്ട്! എല്ലാ വിഷമതകളും ആ പാട്ടിൽ അലിയുന്നുണ്ടെങ്കിൽ എനിക്ക് വേണ്ടത് സഹതാപമല്ല. എല്ലാവരുടേയും അനുഗ്രഹമാണ്. ‘വിശുദ്ധ’യായ ഒരുപാട്ടുകാരിയാകണമെന്നതാണ് എന്റെ സ്വപ്നം. ആ വിശുദ്ധ എന്ന പ്രയോഗത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട്. അതു വഴിയേ പറയാം.– സസ്പെൻസോടെയാണ് എലിസബത്ത് തുടങ്ങിയത്.

ഒമ്പതാം വയസിലാണ് എന്റെ വേദനകളും ശാരീരിക മാറ്റങ്ങളും പ്രകടമാകുന്നത്. പക്ഷേ അന്ന് അതാരും ശ്രദ്ധിച്ചിരുന്നില്ല. പത്തു വയസുള്ളപ്പോൾ ഒരു ദിവസം ബാഗിൽ പുസ്തകങ്ങൾ അടുക്കി വയ്ക്കുന്ന എന്നെ അച്ചാച്ചൻ ശ്രദ്ധിച്ചു. ചെയ്തു കൊണ്ടിരുന്ന ജോലിയെ ഷോക്കടിപ്പിക്കുന്ന മാതിരി എന്തോ ഒരു ശക്തി നിർത്തുകയാണ്. കൈകൾ തെറിച്ചു പോകുന്നു... ശരീരം ഞെട്ടിത്തെറിക്കുന്നു. ആ മാറ്റം വലിയൊരു ആശങ്കയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വർഷം ഒന്നു കഴിഞ്ഞു. ആശുപത്രികളായ ആശുപത്രികളും ടെസ്റ്റുകളായ ടെസ്റ്റുകളും കഴിഞ്ഞ് ഡോക്ടർമാർ ആ സത്യം അച്ഛൻ സജി മാത്യുവിനോടും അമ്മ ബീനയോടുമായി പറഞ്ഞു. എനിക്ക് അപൂർവ്വങ്ങളിൽ അപൂർവമായ ഞെട്ടൽ വാതം ആണത്രേ. വൈദ്യശാസ്ത്രത്തിൽ ഈ രോഗത്തിന് സുസ്ഥിരമായൊരു പരിഹാരമില്ല. തകർന്നിരുന്ന അവരോട് ഇടിത്തീയായി മറ്റൊന്നു കൂടി പറഞ്ഞു. ഈ രോഗം വളരുന്തോറും മൂർച്ഛിച്ച് വരുമത്രേ. – അപൂർവ ദീനക്കാരിയായ കഥ എലിസബത്ത് പറഞ്ഞു തുടങ്ങി.
പാട്ടാണ് കൂട്ട്...
പരിഹാരമില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞവർ, രോഗമുക്തിയുണ്ടെന്ന് വെറുതെ മോഹിപ്പിച്ചവർ... എല്ലാം വിധിയെന്നോർത്ത് കഴിച്ചു കൂട്ടാനായിരുന്നു എന്റെ നിയോഗം. പഠനകാലത്താണ് ആ വേദന ഏറ്റവുമധികം അനുഭവിച്ചത്. പരീക്ഷയെഴുതുമ്പോൾ ആൻസര്‍ ഷീറ്റുപോലും കീറിപ്പറിഞ്ഞു പോകും വിധം ഞെട്ടിത്തെറിച്ചു പോകും. പാട്ടുപാടുമ്പോഴോ സംസാരിക്കുമ്പോഴോ വല്ലാത്തൊരു ‘ജർക്ക് ’ വരും അതോടെ എല്ലാം ഫുൾസ്റ്റോപ്പിടും. ഞെട്ടൽ കൂടുന്നൊരു അവസ്ഥയുണ്ട്, അന്നേരം ആർക്കും അത് കൺട്രോൾ ചെയ്യാൻ പറ്റിയില്ല. എല്ലാ മാർഗവും അടഞ്ഞപ്പോഴും അൽപമെങ്കിലും ആശ്വാസം പകർന്നത് മെഡിറ്റേഷനായിരുന്നു. പിന്നെ എല്ലാ വേദനകൾക്കും മരുന്നായ സംഗീതവും. അധ്യാപകൻ കൂടിയായ അച്ഛന്റെ ചങ്ങാതിയാണ് സംഗീതത്തിലേക്ക് വഴിതിരിച്ചു വിട്ടത്. പിലാത്ര സംഗീത കോളജിൽ ബിഎ മ്യൂസിക്കിന് ചേർന്നാണ് ഞാൻ രോഗത്തോട് വാശി തീർത്തത്. അതോടെ പാട്ടു മാത്രമായി എന്റെ മരുന്നും മന്ത്രവും. സോഷ്യൽ മീഡിയയും കൂട്ടിനെത്തിയതോടെ പതിയെ പതിയെ എന്റെ മേൽവിലാസം മാറുകയായിരുന്നു. ദീനക്കാരിയില്‍ നിന്നും പാട്ടുകാരിയിലേക്ക് എലിസബത്തിന്റെ സ്വർഗാരോഹണം.– എലിസബത്തിന്റെ മുഖത്ത് കുസൃതി ചിരി.

എന്റെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പാട്ടു പാടി പോസ്റ്റ് ചെയ്യലായിരുന്നു ഹോബി. പാടിപ്പതിഞ്ഞ ‘മലർഗളെ... മലർഗളെ... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...വരമഞ്ഞളാടിയ രാവിന്റെ മാറിൽ...’ എല്ലാം പ്രിയപ്പെട്ടവരെ കൊണ്ടു തന്നു. സോഷ്യൽ മീഡിയിൽ നിന്നും അങ്ങനെ ഒത്തിരി ഇഷ്ടം കിട്ടി. ടിക് ടോക്കിൽ പാട്ടുകൾ പോസ്റ്റ് ചെയ്തപ്പോഴും നിരവദി പേർ ലൗ റിയാക്ഷൻ ഇഷ്ടമായി പങ്കുവച്ചു. ഏറ്റവും ഒടുവിൽ മനസു നിറച്ച അംഗീകാരം, ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ജി വേണുഗോപാൽ സാറില്‍ നിന്നും. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സക്കായി എത്തിയ ശേഷമുള്ള ഇടവേളയിൽ വേണുഗോപാൽ സാറിനെ കാണാൻ പറ്റി. അദ്ദേഹത്തിനു മുന്നിൽ ‘മലർക്കൊടി പോലെ’ എന്ന പാട്ട് പാടുമ്പോള്‍ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു.
ജീവിതത്തിലെ വരും വരായ്കകൾ അറിയില്ല. ഒന്നറിയാം, പാട്ടാണ് എന്റെ ജീവിതം. സംഗീതത്തിന് എന്റെ ജീവിതത്തില്‍ ഇനിയും ഒരുപാട് മാജിക്കുകൾ കാട്ടാനാകും. ആഗ്രഹം പോലെ ലാളിത്യവും വിനയവും ദൈവാനുഗ്രവും ഒക്കെയുള്ള ‘വിശുദ്ധ ഗായിക’യാനാകാനുള്ള കാത്തിരിപ്പിലാണ് ഞാൻ. നിങ്ങളുടെ പ്രാർത്ഥനയുണ്ടെങ്കിൽ എല്ലാം നടക്കും എനിക്കുറപ്പുണ്ട്.– എലിസബത്ത് പറഞ്ഞു നിർത്തി.