Tuesday 14 May 2019 01:04 PM IST

‘എന്തുവാടേ...എന്തര് തേപ്പടേയ്...’; ടിക് ടോകിലെ മില്യൺ ഹൃദയങ്ങളുടെ ഫുക്രു കൊട്ടാരക്കരയിലെ കൃഷ്ണജീവ്!

Binsha Muhammed

fukru-cvr

‘പച്ച’ പിടിച്ച് നില്‌‍‍ക്കാൻ വാട്സ് ആപ്പും ഫെയ്സ്ബുക്കും മാത്രം കനിഞ്ഞാൽ പോരാ...ടിക് ടോക്കിലെ ചെമന്ന ഹൃദയവും വേണമെന്ന വെളിപാട് പിള്ളേർക്കുണ്ടായത് അടുത്തിടെ. ലിപ് സിങ്ക് ഔട്ടാകാതെ... ഭാവാഭിനയം വാരിവിതറി ചെമന്ന ഹൃദയം ലൈക്ക് രൂപത്തിൽ മേടിക്കാനാണ് ടിക് ടോക്കിലേക്ക് പലരും വണ്ടി കയറിയത്. ദിനമൊട്ടു കഴിഞ്ഞപ്പോൾ ടിക് ടോക്കിലും കാര്യങ്ങൾ തഥൈവ! ഒലിപ്പീര് പ്രണയവും ഉടായിപ്പ് തേപ്പുകഥകളും തട്ടി ടിക് ടോക്കിൽ നടക്കാൻ മേലാന്നായി. ഫീൽഡിൽ പിടിച്ചു നിൽക്കാൻ പല വിധ അഭ്യാസങ്ങൾ പയറ്റിയ സാക്ഷാൽ സെലിബ്രിറ്റികൾക്കു പോലും കയ്യിലെ സ്റ്റോക്ക് തീർന്നു.

ആകെമൊത്തം ടോട്ടൽ വിഷയ ദാരിദ്ര്യം... അതിനിടയിലേക്കാണ് ഹൈ വോൾട്ടേജിൽ ആ ഫ്രീക്ക് ചെക്കന്റെ മാസ് എൻട്രി, എത്ര കിട്ടിയാലും...എന്ത് കണ്ടാലും ‘ഇതിലൊന്നും ഒരു വെറൈറ്റിയില്ലെടോ’ എന്ന് ആത്മഗതം പറയുന്ന മലയാളീസിനിടയിലേക്ക് വെടിച്ചില്ല് പെർഫോമൻസുമായി. കണ്ട് കണ്ണു കഴച്ച സിനിമാ ഡയലോഗുകളില്ല... കണ്ണുനീരും പ്രണയവും സമം ചേർത്ത പാട്ടുരംഗങ്ങളില്ല. പിന്നെയോ?, സ്വന്തം രൂപവും തന്റേതായ ഭാഷ്യവും അവതരണവുമൊക്കെയായിആ 23വയസുകാരൻ ടിക് ടോക്കിൽ വിപ്ലവം സൃഷ്ടിച്ചു. ചാക്കോച്ചന്റെ വൺ‌ പ്ലസ് വൺ എന്ന പാട്ടിന് വല്ലാത്തൊരു കൊറിയാഗ്രാഫി ചമച്ച ചെക്കൻ സോഷ്യൽ മീഡിയയെ ചില്ലറയൊന്നുമല്ല ചിരിപ്പിച്ചത്. മലയാളിയുടെ നെടുവീർപ്പായി മാറിയ അഴകിയ രാവണനിലെ ‘കുട്ടിശങ്കരനെ’ വള്ളി ട്രൗസറുമിട്ട് മുന്നിലെത്തിച്ചപ്പോഴും നിറഞ്ഞു ആകെയൊരു ചിരിമയം.

fukru

ഡബിൾ ക്ലിക്കിൽ ഹൃദയം വഴിഞ്ഞൊഴുകിയ ലക്ഷം ഇഷ്ടം, ആറ് ലക്ഷത്തിൽ പരം ഫോളോവേഴ്സ്...ടിക് ടോക്കിൽ ഒരു സെലിബ്രിറ്റിക്കും സ്വപ്നം കാണാനാത്ത വിധമുള്ള ഇഷ്ടം പേറി പാറി പറന്ന അവനെ സോഷ്യൽ മീഡിയ ഇങ്ങനെ വിളിച്ചു, ഫുക്രു! നിർത്താതെ ചിലച്ചു കൊണ്ടിരിക്കുന്ന ബിസി ടോണിനൊടുവിൽ‌ ആളെ കണ്ട് കിട്ടിയപ്പോൾ പറഞ്ഞത് ഒരു സിനിമയെ വെല്ലുന്ന കഥ. ബൈക്ക് സ്റ്റണ്ടറായ, ഡിജെ സ്വപ്നങ്ങൾക്ക് കുപ്പായം തുന്നിവച്ചിരിക്കുന്ന, തംബാലത്തിൽ താളപ്പെരുക്കം തീർക്കുന്ന കിടുവാണ് കക്ഷി. കൊട്ടാരക്കരക്കാരൻ കൃഷ്ണജീവ് ഫുക്രുവെന്ന ടിക് ടോക്ക് ഫ്രീക്കനായി മാറിയ കഥ ‘വനിത ഓൺലൈൻ’ വായനക്കാരോടു പങ്കുവയ്ക്കുന്നു.

ഹായ് രേ ഫുക്രൂ... ഹായ് രേ ഫുക്രൂ

ഫെയ്മസ് ആകാൻ വേണ്ടി അന്നും ഇന്നും ഒന്നും ചെയ്തിട്ടില്ല. എനിക്ക് നല്ല മാതിരി അറിയാം. ഇക്കണ്ട ഫെയ്മും സെലിബ്രിറ്റി സ്റ്റാറ്റസുമൊക്കെ നേരമിരുട്ടി വെളുക്കും വരേയേ ഉള്ളൂ. അത് തീരും വരെ ആൾക്കാർ നമുക്ക് നൽകുന്ന ഇഷ്ടവും സ്നേഹവും ആസ്വദിക്കുക, അത്ര തന്നെ. അതിന്റെ പേരിൽ നോ ജാഡാ അറ്റ് ആൾ– ഫുക്രുവെന്ന കൃഷ്ണ ജീവ് പറഞ്ഞു തുടങ്ങുകയാണ്.

fukru-3

ഐടിഐ പഠനത്തിനൊപ്പം അല്ലറ ചില്ലറ ബൈക്ക് സ്റ്റണ്ടും പരിപാടിയുമൊക്കെ ഉണ്ടായിരുന്നു. ഒരു യമയ ആർ എക്സ് 100 ആയിരുന്നു എന്റെ ‘കുതിര.’ അതിന്റെ നമ്പറിൽ നിന്നുമാണ് ഇന്ന് കാണുന്ന ഈ ഫുക്രുവിന്റെ തുടക്കം. വണ്ടി നമ്പറിന്റെ തുടക്കം KRU എന്നായിരുന്നു അത് കണ്ടിട്ട് ചിലർ ക്രൂ...ക്രൂ എന്ന് വിളിച്ചു. അത് പിന്നെ പിന്നെ ഫുക്രൂവായി. ഇപ്പോ നാട്ടാർക്കെല്ലാം ഞാൻ ഫുക്രുവാണ്. ഉള്ളതു പറയാല്ലോ...എന്റെ പേര് പോലും പലപ്പോഴും ഞാൻ മറന്നു പോകും– കൃഷ്ണജീവ് ഫുക്രുവായ കഥ അവിടെ തുടങ്ങുകയാണ്.

ഡബ്സ്മാഷിൽ പിച്ചവച്ച് ടിക് ടോക്കിൽ ഓടിക്കളിച്ച്...

ഡബ്സ്മാഷിലായിരുന്നു തുടക്കം. അവിടുന്ന് ടിക് ടോക്കിലേക്കെത്തിയപ്പോൾ ഞാൻ എനിക്ക് അങ്ങോട്ടേക്ക് പ്രമോഷൻ കൊടുത്തു. ഒന്നുകിൽ സിനിമാ ഡയലോഗ്, അതല്ലെങ്കിൽ പാട്ട് ഇവ രണ്ടു അതേപടി വന്ന് അവതരിപ്പിച്ച് കൈയ്യടി മേടിക്കുന്ന പരിപാടി ബോറാകും എന്ന് കണ്ടപ്പോഴാണ് ഞാന്‍ എന്റെ വഴിക്ക് നീങ്ങി തുടങ്ങിയത്. എല്ലാത്തിലും നമ്മുടേതായ ഒരു സിഗ്നേച്ചർ കൊടുക്കണം എന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയ മനസിൽ കാണുമ്പോൾ മരത്തിൽ കാണുന്ന ഐറ്റങ്ങൾ പരീക്ഷിക്കാൻ തീരുമാനിച്ചു. തിളക്കത്തിലെ ദിലീപേട്ടൻ, ആടിലെ ഡ്യൂഡ്, കരുമാടിക്കുട്ടനിലെ മണിച്ചേട്ടൻ ഇവരെയെല്ലാം എന്റേതായ രീതിയിൽ വെറൈറ്റിയായി അവതരിപ്പിച്ചു. വൺ പ്ലസ് വൺ എന്ന പാട്ട് തോളനക്കി അവതരിപ്പിച്ചപ്പോഴാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ചാക്കോച്ചൻ കണ്ടാൽ സഹിക്കോ...കലാമണ്ഡലത്തിൽ പഠിച്ചിട്ടുണ്ടോ...അമ്മാതിരി കമന്റുകൾ കിട്ടി.

fukru-2

ശ്രദ്ധിച്ചാലറിയാം ആരെങ്കിലും ഒരു ടിക് ടോക് പ്രകടനം നടത്തി വൈറലായാൽ പിന്നെ നാട്ടുകാർ മുഴുവന്‍ അതിന്റെ പിന്നാലെയാകും. എന്നാൽ അതിനെ അടിമുടി തലതിരിച്ച് അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. കൃത്യമായി പ്ലാൻ ചെയ്ത്, സമയമെടുത്ത്, സന്ദർഭത്തിനിണങ്ങും വിധി ബാക് ഗ്രൗണ്ട് സെറ്റ് ചെയ്ത് അങ്ങ് കാച്ചും.

നാട്ടിലെങ്ങും പാട്ടായി

ഞാൻ പറഞ്ഞല്ലോ ബ്രോ...ഈ സ്റ്റാർഡം ഫെയിം ഇമ്മാതിരി സാധനങ്ങൾക്കൊന്നും അധികം ആയുസൊന്നുമില്ല. പിന്നെ എന്തിനിതെന്നാകും, മനസിനിഷ്ടമുള്ളതു കൊണ്ട് ചെയ്യുന്നു അത്ര തന്നെ. പിന്നെ ആരും അറിയാതെ പോകുമായിരുന്ന എന്നെ കുറച്ചു പേരെങ്കിലും തിരിച്ചറിയുന്നുണ്ടല്ലോ? അതു തന്നെ വലിയ കാര്യം. ചില കോളേജുകളിലെ ആർട്സ് ഡേ ഉദ്ഘാടനത്തിനൊക്കെ വിളിച്ചു. സന്തോഷപൂർവം സ്വീകരിച്ചു. ചില കടകളുടെ ഉദ്ഘാടനത്തിനും മറ്റുമൊക്കെ വിളി വരുന്നുണ്ട്, വല്യ സിൽമാ നടനൊന്നും ആയിട്ടില്ല എന്ന ബോധ്യമുള്ളതു കൊണ്ട് നൈസായിട്ട് അതൊക്കെയങ്ങ് ഒഴിവാക്കിയിട്ടുണ്ട്. പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഫാൻസ് അസോസിയേഷൻ തുടങ്ങിയെന്നൊക്കെ അറിഞ്ഞ‌ു. ഒരു മണിക്കൂറിൽ അമ്പത് ഫോൺ വരെ സ്നേഹാന്വേഷണത്തിന്റെ ഭാഗമായി വരുന്നുണ്ട്. എല്ലാരോടും സ്നേഹം മാത്രം. പിന്നെ പ്രണയാഭ്യർത്ഥനകൾ...ഞാൻ കൊച്ചു പയ്യനല്ലേ ചേട്ടാ...ഒരിക്കൽ പ്രണയിച്ച് പാഠം പഠിച്ചതു കൊണ്ട് തത്കാലം ആ വഴിക്കില്ല. പിന്നെ ഇക്കൂട്ടത്തിനിടയിലും ചിലർ പറയും ലൈക്ക് മേടിക്കാൻ ഉള്ള കോപ്രായമാണ് ഇതൊക്കെയെന്ന്. അത്തരം ചൊറികൾക്ക് തല വയ്ക്കുന്നതിനേക്കാളും നല്ലത് മിണ്ടാതിരിക്കുകയാണ്.

fukru-1

ഡി‍ജെ ഫുക്രു

മകൻ സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണെന്നുള്ള ഭാവം വീട്ടുകാർക്കോ. ഫെയ്മസ് പുള്ളീടെ അമ്മയും അച്ഛനുമാണ് വീട്ടിലുള്ളത് എന്ന ഭാവം എനിക്കോ ഇല്ലാ എന്നുള്ളതാണ് സത്യം. അച്ഛൻ‌ രാജീവ്, പൊതു പ്രവർത്തകനാണ്. അമ്മ താര. ചേട്ടൻ അമൽ ജീവ് മുംബൈയിൽ വർക് ചെയ്യുന്നു. പിന്നെ ടിപ്പിക്കൽ ഡാഡീസിനേയും മമ്മീസിനേയും പോലെ ഇതൊക്കെ കണ്ടിട്ട് കുറ്റം പറയാനൊന്നും അവർ വരാറില്ല. ഫുൾ ഫ്രീഡമുണ്ട് അന്നും ഇന്നും. ഐടിഐ കഴിഞ്ഞിറങ്ങിയ എന്റെ സ്വപ്നം ഡിജെ ആകണമെന്നാണ്. പിന്നെ പലരും പറയുന്ന ഈ കോപ്രായം കണ്ടിട്ട് അത്യാവശ്യം ഗുണമൊക്കെ ഉണ്ടായിട്ടുണ്ട് കേട്ടോ? ഹാപ്പി വെഡ്ഡിംഗ് ഫെയിം പരീക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ ഫുക്രുവായി തന്നെ എനിക്ക് വേഷം തന്നിട്ടുണ്ട്. എന്തായാലും ഈ ടിക് ടോക്ക് കച്ചോടം അത്ര നഷ്ടമൊന്നും വരുത്തിയിട്ടില്ല ബ്രോ...