Wednesday 15 May 2019 04:38 PM IST

മകന്റെ ‘താളത്തിന് തുള്ളുന്ന’ പൊന്നാണീ അമ്മ; ടിക് ടോക് ചങ്കുകൾ ഹൃദയം നൽകിയ അമ്മയും മകനും; വൈറൽ വിശേഷം

Binsha Muhammed

ttok

പെയിതിറങ്ങുന്ന പ്രണയ ഭാവങ്ങൾക്കും...കാഴ്ച്ചക്കാരന് നെടുവീർപ്പ് സമ്മാനിക്കുന്ന സെന്റി സീനുകൾക്കും ടിക് ടോക്കിൽ അന്നും ഇന്നും ഒരു പഞ്ഞവുമില്ല. നിരോധനത്തിന്റെ ക്ഷീണമൊക്കെ വിട്ട് ടിക് ടോക് തിരുമ്പി വരുമ്പോൾ എങ്ങും കാണാനുണ്ട് ഇജ്ജാതി രംഗങ്ങൾ. ചിലത് കണ്ണും മനവും നിറയ്ക്കുന്ന അഡാർ രംഗങ്ങളായിരിക്കും. അല്ലറ ചില്ലറ വെറുപ്പീര് ഒക്കെയുണ്ടെങ്കിലും...പോട്ടേ...സാരമില്ല നമ്മുടെ ടിക് ടോക്കല്ലേ എന്ന് കരുതി അങ്ങ് ക്ഷമിക്കും. അല്ലാതെന്തു ചെയ്യാൻ....

മേൽപ്പറഞ്ഞ ഏത് സീനായാലും ടിക് ടോക് ഡ്യൂയറ്റ് അടിക്കാന്‍ ഒരു സുന്ദരൻ...അതുമല്ലെങ്കിൽ ഒരു സുന്ദരി അത് നിർബന്ധാ...ലൈക്കും ലൗ റിയാക്ഷനും ഒക്കെ കിട്ടണണെങ്കില്‍ ടിക് ടോക്ക് പ്രമുഖൻമാരുമൊത്ത് ഡ്യൂയറ്റ് ചെയ്ത് തകർക്കണം. പ്രണയമാകട്ടെ വിരഹമാകട്ടെ എല്ലാ ടിക് ടോക് അഡിക്റ്റ്സിനും ഒറ്റ ലക്ഷ്യമേയുള്ളൂ, ഭാവാഭിനയം വാരിവിതറി ചെമന്ന ഹൃദയം ലൈക്ക് രൂപത്തിൽ മേടിക്കണം.

സീന്‍ കളറാക്കാൻ ഡ്യൂയറ്റ് സുന്ദരനേയും സുന്ദരിയേയും തേടി നടക്കുന്ന ചങ്കുകളുടെ കാലത്ത് ഇതാ രണ്ടു പേർ...ടിക് ടോക് ജാതകവശാൽ ഇവിടെ നായകൻ പതിവു പോലെ നല്ല ഒന്നാന്തരമൊരു ഫ്രീക്ക് ചെക്കനാണ്....പക്ഷേ കഥയിലെ നായികയാണ് ട്വിസ്റ്റ്...പ്രണയഗാനങ്ങൾക്കും...തട്ടു പൊളിപ്പൻ ഡാൻസ് നമ്പറുകൾക്കും നമ്മുടെ കഥാനായകന് ജോഡിയായെത്തുന്നത് പുള്ളിക്കാരന്റെ നാൽപ്പത്തിയൊമ്പതുകാരി അമ്മയാണ്.

മഠയന്റെ മകളെ ഒടിയെന്റെകരളെ

ഉടയവന്‍ ഇവനോടുനീ ഉരിയാടരുതേ

പുല്ലുതിന്നു പല്ലു പോയൊരു പുലിയാണു നീ

തിന്തകത്തിന്തകത്തോം

അട്ടയ്ക്കെടീ പൊട്ടക്കുളം

ആനയ്ക്കെടീ നെറ്റിപ്പട്ടം

ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം–

t2

ലിപ് സിങ്കിങ്ങ് പക്കായാക്കി..ടൈമിംഗ് തെറ്റാതെ നമ്മുടെ കഥാനായകനും നായികയും പാടിത്തകർക്കുകയാണ്....കാവ്യാ മാധവനും ദിലീപും തോറ്റു പോകുമെന്ന് ആരെങ്കിലും പറഞ്ഞാലും ദോഷം പറയാനൊക്കില്ല. അമ്മാതിരി എനർജിയിൽ വിഡിയോയുടെ സാമ്പിളൊരെണ്ണം ഇങ്ങു പോന്നു.

ഒലിപ്പീര് പ്രണയവും ഉടായിപ്പ് തേപ്പുകഥകളും കുത്തിനിറയ്ക്കുന്ന കാലത്ത് ഈ അമ്മയും മകനുമാണ് ടിക് ടോക് ചങ്കുകളുടെ ഹൃദയം കവരുന്നത്. ഇരുപത്തിമൂന്നുകാരൻ മകന്റെ പ്രസരിപ്പിനെ വെല്ലുന്ന എനർജിയുമായി കളം നിറയുന്ന ആ വൈറൽ അമ്മയുടെ പേര് സിന്ധു. മകൻ ഇരുപത്തിമൂന്നുകാരൻ ഗോപകുമാർ. ടിക് ടോക്കിലെ ഹൃദയഹാരിയായ കാഴ്ചകളുടെ നിരയിലേക്ക് ഗോപകുമാറിന്റേയും സിന്ധുവിന്റേയും പ്രകടനം കടന്നു ചെല്ലുമ്പോൾ ഇരുവരും ഹാപ്പിയോടു ഹാപ്പി... നാല് മില്യണിനടുത്ത് ഹൃദയം ലൈക്കാക്കി അവരങ്ങനെ പറന്നു നടക്കയാണ്. മനസു തുറക്കുകയാണ് ആ വൈറൽ അമ്മയും മകനും...മനസിന് പ്രായമാകില്ലെന്ന് തെളിയിച്ച ആ എനർജിയുടെ കഥ...അസാധ്യ പ്രകടനം കൊണ്ട് ആയിരം ഹൃദയങ്ങളിലേക്ക് ഓടിക്കയറിയ വൈറൽ കഥ...‘വനിത ഓൺലൈൻ’ വായനക്കാർക്കു വേണ്ടി.

അമ്മയാണ് ഹീറോയിൻ

ആയകാലത്ത് കഷ്ടപ്പാടും ദുരിതവും ദുഖവുമൊക്കെ ആയിരുന്നു അമ്മയ്ക്ക് ബാക്കിയാക്കാനുണ്ടായിരുന്നത്. ഒരുപാട് സന്തോഷങ്ങളൊന്നും അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ആളൊന്നുമല്ല എന്റെ അമ്മ. അവരെ സന്തോഷിപ്പിക്കാനും ചുണ്ടിൽ ഒരു നറു പുഞ്ചിരിയെങ്കിലും വിരിയിക്കാനും എന്ത് മാർഗമുണ്ടെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തലയിൽ ബൾബ് മിന്നിയത്. ആദ്യം അല്ലറ ചില്ലറ മടിയൊക്കെ കാണിച്ചു. പിന്നെ രണ്ടും കൽപ്പിച്ച് കളത്തിലിറക്കി. അമ്മയല്ലേ...ബ്രദർ നമ്മുടെ ജീവിതത്തിലെ ആദ്യത്തെ നായിക...അപ്പോ പിന്നേ മുന്നും പിന്നും നോക്കിയില്ല. ടിക് ടോക്കിലെ കിടിലം പാട്ടുകൾ അകമ്പടിയായി...ഞങ്ങളുടെ പറവൂരുള്ള വീട്ടുമുറ്റം ലൊക്കേഷനായി കിടിലം ടിക് ടോക് വിഡിയോ അങ്ങനെയാണ് ജനിക്കുന്നത്.– വൈറൽ കഥയുടെ ആമുഖം പറഞ്ഞു തുടങ്ങിയത് ഗോപകുമാറാണ്.

t3

വൈറൽ മോം സ്പീക്കിംഗ്

ചോറും മീനും കറിയുമൊക്കെ വച്ച് കുഞ്ഞുകുട്ടി പരാധീനതകളുമായിരിക്കേണ്ട അമ്മ ചെക്കനോടൊപ്പം തുള്ളാനിറങ്ങിയേക്കുവാണ്. ഫസ്റ്റ് കമന്റ് തന്നെ കട്ട ശോകം. അതും കേട്ടിട്ട് പെട്ടിയും കിടക്കയും എടുത്ത് സ്ഥലം വിടാനൊന്നും ഞാൻ നിന്നു കൊടുത്തില്ല. നമ്മളെ നമ്മളറിഞ്ഞാൽ പോരേ...അവൻ പറഞ്ഞ മാതിരി തന്നെയാണ്. സന്തോഷങ്ങളൊന്നും അനുഭവിക്കാനുള്ള യോഗമൊന്നും എനിക്കില്ലായിരുന്നു. കഷ്ടപ്പാടും ദുരിതവുമൊക്കെ നിറഞ്ഞ ബാല്യകാലം. ജനിച്ച് ഒമ്പത് മാസമായപ്പോൾ അച്ഛൻ പോയി. സന്തോഷവും പുഞ്ചിരിയുമെല്ലാം തിരിച്ചു തരാൻ ദൈവം പിന്നേയും വർഷങ്ങൾ ബാക്കി വച്ചിരുന്നു. ഇപ്പോൾ എന്റെ സന്തോഷം എന്റെ മകനും ഭർത്താവുമാണ്. വിഡിയോ ചെയ്യാനായി അവൻ ക്ഷണിക്കുമ്പോൾ ചെറിയ മടിയൊക്കെ ഉണ്ടായിരുന്നു. പിന്നെ എന്റെ ചെക്കനൊപ്പം ഇതെല്ലാം ചെയ്തില്ലെങ്കിൽ പിന്നെ ആർക്കൊപ്പം ചെയ്യാനാ.– സിന്ധുവിന്റെ സരസമായ വാക്കുകൾ.

t1

കുശുമ്പീസ് പ്ലീസ് സ്റ്റെപ് ബാക്ക്

ഈ അമ്മയ്ക്കും മകനും വേറെ പണിയില്ലേ...ലൈക്ക് കിട്ടാൻ എന്തും ചെയ്യുമോ എന്നതായിരുന്നു ടിക് ടോക്കിൽ ആദ്യം എനിക്ക് കിട്ടിയ നെഗറ്റീവ് കമന്റ്സ്. കണക്കിന് മറുപടി കൊടുത്ത ശേഷം അവൻമാരെയൊന്നും പിന്നെ ഈ വഴി കണ്ടിട്ടില്ല. ഇപ്പോൾ പിന്നെ ഇത്തരം ചൊറികൾക്കുള്ള മറുപടി ടിക് ടോക്കിലെ ഞങ്ങളുടെ ഫോളോവേഴ്സ് തന്നെ കൊടുക്കുന്നുണ്ട്. പറയുന്നവർ പറയട്ടേ, അതിനൊക്കെ മറുപടി കൊടുക്കാനിറങ്ങിയാൽ പിന്നെ അതിനെ നേരമുണ്ടാകൂ.–ഗോപകുമാർ നയം വ്യക്തമാക്കുന്നു.

t4

എന്റെ കാര്യവും മോശമൊന്നുമല്ല കേട്ടോ...വീട്ടിലൊരു ജോലിയും ഇല്ലാഞ്ഞിട്ടാണോ തുള്ളാനിറങ്ങിയതെന്ന് ചോദിക്കുന്ന ചേച്ചിമാരും ആന്റിമാരും ഈ പരിസരത്തൊക്കെയുണ്ട്. പ്രായമെങ്കിലും നോക്കണ്ടേ എന്നോർത്ത് വ്യാകുലപ്പെടുന്ന ‘നന്മമനസുകൾ’ വേറെയും നമ്മുടെയൊക്കെ ഇഷ്ടവും ആഗ്രഹങ്ങളും ഒക്കെ ഇവരുടെ സമ്മത പത്രം മേടിച്ചിട്ട് ചെയ്യാനൊക്കുമോ. ഒന്നുമില്ലെങ്കിലും എന്റെ മകനൊപ്പമല്ലേ ഞാൻ ഇതൊക്കെ ചെയ്യുന്നത്. പുതിയ ഒന്ന് രണ്ട് വിഡിയോ കൂടി വരുന്നുണ്ട്. കുറ്റം പറയാൻ റെഡിയായിരുന്നോളൂ.  ഇനി ഓൺ വോയ്സിൽ‌ വിഡിയോ ചെയ്യാനാണ് ഞങ്ങളുടെ പ്ലാൻ. സരസമായ ജീവിത മുഹൂർത്തങ്ങൊക്കെ കോർത്തിണക്കിയുള്ള ഐറ്റം. അന്നേരം ഇവരൊക്കെ ഇനി എന്ത് പറയുമോ എന്തോ– സിന്ധു ചിരിയോടെ ചോദിക്കുന്നു.

ഫുൾ ഫാൻസാന്നേ....

മഹാരാജാസ് കോളേജിൽ കാന്റീൻ ജീവനക്കാരിയാണ് ഞാൻ. കഴിഞ്ഞ 15 വർഷമായി അവിടെയുണ്ട് ‍ഞാൻ. കോളേജ് കുമാരൻമാരും കുമാരിമാരും തന്നെയാണ് എന്നേയും മകനേയും അന്തം വിട്ട് സപ്പോർട്ട് ചെയ്യുന്നത്. സാറൻമാരൊക്കെ കാണുമ്പോൾ പറയും. പുതിയ വിഡിയോ നന്നായിരുന്നു കേട്ടോ...അടുത്തേത് എപ്പോഴാ ഇറങ്ങുന്നതെന്നൊക്കെ. ഈയൊരു കാര്യത്തിൽ മാത്രമല്ല, ജീവിതത്തിൽ ഞാനും കുടുംബവും വീണു പോകുമായിരുന്ന ഘട്ടത്തിലും എനിക്ക് പ്രോത്സാഹനവും കരുത്തും സഹായവുമൊക്കെ ചെയ്തവരാണ് മഹാരാജാസ് കോളേജിലെ അധ്യാപകരും ജീവനക്കാരും. ഏഴ് വർഷങ്ങൾക്ക് മുമ്പ് ഗോപുവിന്റെ അച്ഛന്‍ കുട്ടന് ഒരു ആക്സിഡന്റ് പറ്റി. മീൻ വണ്ടി ഡ്രൈവറായിരുന്നു അദ്ദേഹം. കൊല്ലത്ത് വച്ചുണ്ടായ ഒരു ആക്സിഡന്റിൽ അദ്ദേഹത്തിന്റെ ജീവിതം തന്നെ കീഴ്മേൽ മറിഞ്ഞു. ചികിത്സയ്ക്കും മറ്റുമായി ഒരുപാട് പണം വേണ്ടി വന്ന ഘട്ടത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ എന്ന കയ്യയച്ച് സഹായിച്ചിരുന്നു. അതൊരിക്കലും മറക്കാനാകില്ല. അദ്ദേഹത്തിന് ജോലിക്കു പോകാൻ കാലൊന്നും മേലാ...എന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു പോകുന്നത്. ഇപ്പോൾ പഞ്ചായത്ത് സഹായത്തോടെ ഒരു ടൂവീലർ കിട്ടിയിട്ടുണ്ട്. അതിൽ ലോട്ടറി കച്ചവടത്തിനിറങ്ങുന്നുണ്ട് ചേട്ടൻ. കവലയിലേക്കിറങ്ങുമ്പോൾ നാട്ടുകാരൊക്കെ ചോദിക്കുമത്രേ...അമ്മയും മകനും സോഷ്യൽ‌ മീഡിയയിൽ കസറുകയാണല്ലോ എന്ന്. ചേട്ടനും കട്ട സപ്പോർട്ടാണ്. കക്ഷിയും ഇടയ്ക്ക് ഞങ്ങളോടൊപ്പം ടിക് ടോക്കിൽ ജോയിൻ ചെയ്യാറുണ്ട്.

ഈ ബാക്ക് ടു ബാക്ക് വിഡിയോ ഇടുന്നവരെയൊക്കെ സമ്മതിക്കണം കേട്ടോ...പിഎസ്‍സി കോച്ചിംഗിന്റെ ഇടവേളയിലാണ് ഈ ടിക് ടോക് പരീക്ഷണം. പിന്നെ അമ്മയേയും ജോലിയൊഴിഞ്ഞു കിട്ടേണ്ടേ...അമ്മ പറഞ്ഞല്ലോ...ഇത്രയും ആയില്ലേ...ഇനി ഓൺ വോയ്സ് വിഡിയോ ഒന്ന് പരീക്ഷിക്കണം. വൈറലായാലും ഇല്ലെങ്കിലും ഇതൊക്കെയൊരു രസമല്ലേ..ഒരു മനസുഖം...– ഗോപകുമാറും അമ്മയും അടുത്ത വൈറൽ വിഡിയോയുടെ പണിപ്പുരയിലേക്ക്.