ഗുജറാത്തിലെ സ്വകാര്യ ഹോസ്പിറ്റലിൽ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന പന്തളം സ്വദേശി ഡോ. ശരണ്യ സുജിത്തിന്റെ അനുഭവങ്ങളിലൂടെ ...
കോവിഡ് ലക്ഷണങ്ങളോടെയാണ് ആ ഗർഭിണി എത്തിയത്. അത് വരെ കാണിച്ചിരുന്ന ഹോസ്പിറ്റൽ ചികിത്സ നിഷേധിച്ചതോടെയാണ് ആ യുവതി ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെത്തിയത്. ഗർഭിണിയുടെ സ്രവം കോവിഡ് പരിശോധനക്കയച്ചെങ്കിലും ഫലം വരുന്നത് വരെ കാത്തിരിക്കാൻ കഴിഞ്ഞില്ല. പ്രസവമടുത്തിരുന്നു. ഏറെ വെല്ലുവിളിയായി തോന്നി ആ പ്രസവം. അധികം വൈകാതെ രണ്ട് പൊന്നോമനക്കുഞ്ഞുങ്ങൾ സുരക്ഷിതമായി ഭൂമിയിലെത്തി. ആ ഇരട്ടക്കുഞ്ഞുങ്ങളെ കയ്യിലെടുത്തപ്പോൾ മനസ്സിൽ സന്തോഷവും അഭിമാനവും നിറഞ്ഞു.
മുന്നിലെത്തുന്ന ഓരോ ഗർഭിണിയും കോവിഡ് പൊസിറ്റീവ് ആകാം എന്ന സാധ്യത മുന്നിൽ കാണണം. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ സുരക്ഷിതമാക്കുകയും വേണം. പ്രസവമടുത്തെത്തിയ നിലയിൽ ഗർഭിണിയെ പെട്ടെന്ന് അഡ്മിറ്റ് ചെയ്യുമ്പോൾ കോവിഡ് ടെസ്റ്റിന് സാംപിൾ അയക്കുമെങ്കിലും ഫലം വരുന്നതിന് മുൻപ് പ്രസവം നടക്കും. രോഗമുണ്ടെങ്കിൽ നമുക്ക് പകരുമോ എന്ന് പേടിച്ച് ആ സമയത്ത് മാറി നിൽക്കാനാവില്ലല്ലോ.
ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ കരിയറിൽ പല ആപത്ഘട്ടങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, കോവിഡ് എന്ന മഹാമാരിയുടെ വരവോടെ അത്രയേറെ കഠിനമായ പരീക്ഷണകാലത്തിലൂടെയാണ് കടന്ന് പോകുന്നത്.
ലോക് ഡൗൺ തുടങ്ങിയ ശേഷം പല ഗർഭിണികളും മാസം തോറുമുള്ള ഫോളോ അപ്പിനെത്തിയിരുന്നില്ല. ചിലർ പ്രസവമടുത്തപ്പോഴാണ് എത്തുന്നത്. വിളർച്ച, ബിപി നിയന്ത്രണ വിധേയമാകാത്ത അവസ്ഥ ഇങ്ങനെയുള്ള പ്രശ്നങ്ങളുമായി അവസാന ഘട്ടത്തിലെത്തുന്നവരിൽ പ്രസവ സമയത്ത് റിസ്ക് കൂടും. ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ ഇത്രയേറെ കേസുകളിൽ ഇങ്ങനെ വെല്ലുവിളി നേരിടേണ്ടി വരുന്നത് ആദ്യമാണ്. എല്ലാ മാസവുമുള്ള സ്കാനിങ് മുടങ്ങിയതോടെ ചില കുഞ്ഞുങ്ങളുടെ ആരോഗ്യം മുൻകൂട്ടി നിർണയിക്കാൻ കഴിയാതെ വന്നു സങ്കടകരമായ അവസ്ഥയാണത്.മറ്റു ചികിത്സ വിഭാഗങ്ങൾ കുറച്ചു നാളത്തേക്ക് മാറ്റി വയ്ക്കാൻ കഴിയും. പക്ഷേ, ഗൈനക്കോളജി ഡിപ്പാർട്മെന്റ് എപ്പോഴും ഏത് ഗർഭിണിയെയും സ്വീകരിക്കാൻ തയാറാവണം.
സ്വന്തം ജീവൻ പണയം വച്ചാണ് ഗൈനക്കോളജിസ്റ്റും നേഴ്സ്മാരും ഗർഭിണിയെ പരിപാലിക്കുക. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ സുരക്ഷിതമാകുമ്പോൾ മനസ്സിൽ സന്തോഷം നിറയും. എന്നാൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ഭയം തല പൊക്കാറുണ്ട്. നമ്മളിൽ നിന്ന് വീട്ടുകാർക്കോ മറ്റുള്ളവർക്കോ അസുഖം പകരുമോ എന്ന ഭയം ഞങ്ങളെ അലട്ടാറുണ്ട്. പ്രത്യേകിച്ച് വീട്ടിൽ പ്രായമുള്ളവരും കുഞ്ഞുങ്ങളും ഉള്ളവർ ആണെങ്കിൽ. അത് കൊണ്ട് മിക്ക ഡോക്ടർമാരും ഹോസ്പിറ്റൽ ക്വാർട്ടേഴ്സിൽത്തന്നെ തങ്ങുകയാണ്.
ഉത്തരേന്ത്യയിൽ കോവിഡ് പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കാനും വേണ്ട മുൻകരുതലെടുക്കാനും പലരും ശ്രദ്ധിക്കാറില്ല. അത് കൊണ്ട് തന്നെ ഇവിടെയുള്ള ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് റിസ്ക് കൂടുതലാണ്.ഞങ്ങൾക്ക് ഏത് രോഗിയും ഒരുപോലെയാണ്. അവരുടെ ജീവനാണ് പ്രധാനം. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയിൽ ആശുപത്രി അധികൃതർ എല്ലാ രോഗികളെയും കോവിഡ് സാധ്യത മുന്നിൽ കണ്ടു ചികിൽസിക്കാൻ തീരുമാനിച്ചു. അതിനായി ആശുപത്രിയിൽ വരുന്ന ഓരോ രോഗിക്കും മാസ്ക് നിർബന്ധമാക്കി. ഓരോ രണ്ടു മണിക്കൂറിലും ഹോസ്പിറ്റലിൽ അണുവിമുക്‌തമാക്കി സൂക്ഷിച്ചു. ആരോഗ്യ പ്രവർത്തകർ പി പി പി ഇ കിറ്റ് അണിഞ്ഞാണ് രോഗികളെ ചികിത്സിക്കുക.
ഗൈനക്കോളജി വിഭാഗത്തിലെ ഒ പിയിൽ ഗർഭിണിയ്ക്ക് മാത്രമേ പ്രവേശനമുള്ളൂ. മാസ്ക് നിർബന്ധമാണ്. കൂടെ വരുന്നവർ പുറത്ത് കാത്ത് നിൽക്കണം. ഓരോ രോഗിയുടെയും വിവരങ്ങൾ ശേഖരിക്കും. ചിലർ ചികിത്സ നിഷേധിച്ചാലോ എന്ന് പേടിച്ച് കണ്ടെയ്ൻമെൻറ് സോണിൽ നിന്നാണ് വരുന്നതെന്ന കാര്യം മറച്ചു വയ്ക്കും. അതുകൊണ്ട് ഇപ്പോൾ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ ആധാർ കാർഡ് വാങ്ങി പരിശോധിക്കും. രോഗി ഏത് ഏരിയയിൽ നിന്നാണ് വരുന്നതെന്ന് അറിയാൻ വേണ്ടിയാണ് ഇത്.
പ്രസവ സമയത്ത് ഗർഭിണിയ്ക്കൊപ്പമുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണം പരമാവധി കുറച്ചു.സിസേറിയൻ ആണെങ്കിൽ ഗൈനക്കോളജിസ്റ്റ്, അനസ്തീഷ്യസ്റ്റ് ഒരു നേഴ്സ് എന്നിവർ പിപിഇ കിറ്റ് അണിഞ്ഞ് ഗർഭിണിയ്ക്ക് ഒപ്പം ഉണ്ടാകും. പ്രസവമാണെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കൂടാതെ ഒരു നേഴ്സ് മാത്രമാണ് ഉണ്ടാവുക. കോവി ഡ് ലക്ഷണങ്ങളുമായി എത്തുന്നവരെ ചികിത്സിച്ചു കഴിഞ്ഞ് നിശ്ചിത ദിവസം വീട്ടിൽ പോകാതെ ക്വാർട്ടേഴ്സിൽ തങ്ങും. എല്ലാ ആരോഗ്യ പ്രവർത്തകരും അതീവ ജാഗ്രത പുലർത്തുന്നുണ്ട്.ഗുജറാത്തിൽ ദിവസംതോറും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു.
അത് കാണുമ്പോൾ ഭയം തോന്നാറുണ്ട്. എന്നാൽ പി പി ഇ കിറ്റ് അണിയുമ്പോൾ ഡോക്ടർ എന്ന നിലയിലെ ഉത്തരവാദിത്തമാണ് മനസ്സിൽ നിറയുക. ഓരോ തവണയും കൈകളിലേക്ക് സുരക്ഷിതമായെത്തുന്ന കുരുന്നു മുഖങ്ങൾ കാണുമ്പോൾ എല്ലാ ആശങ്കകളും മാഞ്ഞു പോകും.