Friday 27 December 2019 06:23 PM IST

‘വിശുദ്ധ നാട്ടിൽ സേവനത്തിനായ്’; മക്കയിൽ ഹജ് ഡ്യൂട്ടിക്ക് പോയ ആദ്യ മലയാളി വനിത പൊലീസ് സംഘം!

Roopa Thayabji

Sub Editor

SAVE_20191025_104840 ഫാത്തിമത് റസീല, റെഹിയാനത്, സാഹിറ ബാനു, സുൽഫത്ത് ബീവി, ജസീല എന്നിവർ ഡൽഹിയിൽ.

കടമകളെല്ലാം  പൂർത്തിയാക്കി, കടങ്ങളൊക്കെ തീർത്ത ശേഷം ഹജ്ജിനു പോകുന്നതാണ് മലയാളികളുടെ പതിവ്. ചെറിയ പ്രായത്തിൽ തന്നെ മക്കയിൽ പൊലീസിന്റെ ഔദ്യോഗിക ചുമതല നിർവഹിക്കാൻ നിയോഗം ലഭിച്ചാലോ. ഇക്കഴിഞ്ഞ ഹജ് തീർഥാടന കാലത്ത് മക്കയിൽ ഹജ് അസിസ്റ്റന്റുമാരായി ജോലി ചെയ്ത സന്തോഷത്തിലാണ് കേരളത്തിൽ നിന്നുള്ള അഞ്ചു വനിത പൊലീസുകാരികൾ. വയനാട് പൊലീസ് വനിത ഹെൽപ് ലൈനിലെ സിവിൽ പൊലീസ് ഓഫിസർമാരായ ജസീല, സാഹിറ ബാനു, തലശ്ശേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റെഹിയാനത്, പാലാരിവട്ടം സ്റ്റേഷനിലെ സി.പി.ഒ ഫാത്തിമത് റസീല, തിരുവനന്തപുരം ജില്ലാ പൊലീസ് ആസ്ഥാനത്തെ സി.പി.ഒ സുൽഫത്ത് ബീവി എന്നിവർ മക്കയിലെ ദിനങ്ങളെ കുറിച്ച് പറയുന്നു.

പുണ്യഭൂമിയിലേക്ക്

‘ആദ്യമായാണ് ഇന്ത്യൻ ഹജ് മിഷനു കീഴിൽ മക്കയിലെത്തുന്ന വനിത തീർഥാടകരുടെ സഹായത്തിനായി വനിതാ ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ അയയ്ക്കുന്നത്. ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ ഹജ് അസിസ്റ്റന്റുമാരായി ആദ്യമായി മക്കയിലെത്തിയ 12 വനിത ഉദ്യോഗസ്ഥരിൽ അ ഞ്ചുപേരും മലയാളികളായിരുന്നു.

ഹജ് മുന്നൊരുക്കങ്ങൾ നടക്കുന്നതിനിടയിൽ തന്നെ കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് മൈനോരിറ്റി അഫയേഴ്സ് വെബ്സൈറ്റിൽ അറിയിപ്പ് വന്നിരുന്നു. വിവരം അറിഞ്ഞ പാ ടേ ഞങ്ങളും അപേക്ഷിച്ചു. ഹൈദരാബാദിൽ നടന്ന ഇന്റർവ്യൂവിൽ കേരളത്തിൽ നിന്നുതന്നെ നൂറിലധികം പേർ പങ്കെടുത്തു. ശാരീരികക്ഷമതാ പരിശോധനയ്ക്കു പുറമെ കമ്യൂണിക്കേഷൻ സ്കിൽ, ഹജും മതവും വിശ്വാസവുമായുമൊക്കെ ബന്ധപ്പെട്ട ചോദ്യങ്ങൾ ഇവയെല്ലാം അന്ന് ഉണ്ടായിരുന്നു. ദിവസങ്ങൾക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ടുവെന്ന സന്തോഷവാർത്ത അറിഞ്ഞു.

ഡൽഹിയിലെ മിനിസ്ട്രി ഓഫ് മൈനോരിറ്റി അഫയേഴ്സ് ഓഫിസിൽ പറഞ്ഞ തീയതിയിൽ തന്നെ റിപ്പോർട്ട് ചെയ്തു. അപ്പോഴാണ് ഞങ്ങൾ പരസ്പരം പരിചയപ്പെട്ടത്’ സാഹിറ ബാനു പറയുന്നു. മക്കയിലേക്ക് ഹാജിമാർ വരുന്നതിന് 20 ദിവ സം മുൻപ് ടീമിനെ ജിദ്ദയിലെത്തിച്ചു. ഇന്ത്യൻ എംബസ്സിയുടെ കീഴിലായിരുന്നു താമസം.

hajj-cover കേരള പൊലീസ് സംഘം മക്കയിൽ ഹജ് ഡ്യൂട്ടിക്കിടെ...

‘ജിദ്ദ വിമാനത്താവളത്തിൽ ഹജ് ഗ്രൂപ്പുകൾ വരുമ്പോൾ സ്വീകരിക്കുന്നതു മുതലാണ് ഞങ്ങളുടെ ജോലി തുടങ്ങുക. അവരെ മക്കയിലെ താമസസ്ഥലത്ത് എത്തിക്കണം. അഞ്ചു ദിവസത്തെ ഹജ് കർമങ്ങൾ പൂർത്തിയാക്കി അവർ മക്കയിൽ നിന്ന് മദീനയിലേക്കു യാത്രയാകുന്നതു വരെയുള്ള സഹായങ്ങളും ചെയ്യണം. ജൂൺ അവസാനമാണ് ഞങ്ങൾ ജിദ്ദയിലേക്കു പോയത്, സെപ്റ്റംബർ 25ന് തിരിച്ചു വന്നു. മൂന്നു മാസത്തെ ഡ്യൂട്ടി കാലത്ത് ചെലവു മുഴുവൻ വഹിച്ചത് മിനിസ്ട്രി ഓഫ് മൈനോരിറ്റി അഫയേഴ്സാണ്. ഈ മൂന്നുമാസം കേരള പൊലീസിലെ ജോലിക്ക് ശമ്പളവും കിട്ടി.’ സുൽഫത്ത് ബീവിയുടെ വാക്കുകളിൽ പ്രാർഥനയും സന്തോഷവും.

ഇനിയും കാത്തിരിക്കുന്നു

‘‘ഹജ്ജിനു വരുന്ന ഗ്രൂപ്പുകളിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ടാകും. എന്നാൽ കഴിഞ്ഞ വർഷം മുതലാണ് പുരുഷന്മാർ ഒപ്പമില്ലാതെയുള്ള സ്ത്രീകളുടെ ഗ്രൂപ്പിന് ഹജ് ചെയ്യാനുള്ള അനുമതി ലഭിച്ചത്. അത്തരം ടീമിനൊപ്പമായിരുന്നു ഞങ്ങൾക്ക് ഡ്യൂട്ടി. മലയാളികൾ മിക്കവാറും ഹജിനു പോകുന്നത് എല്ലാ ബാധ്യതകളും തീർത്ത് വളരെ പ്രായമായ ശേഷമാണ്.

പക്ഷേ, ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായമുള്ളയാളിന് 41 വയസ്സേ ഉണ്ടായിരുന്നുള്ളൂ, ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 35 ഉം. ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഹജ് കർമങ്ങൾ ചെയ്യാൻ പറ്റുന്നത് വലിയ ഭാഗ്യമാണ്. ഞങ്ങൾക്കെല്ലാവർക്കും ഹജ് ചെയ്യാനുള്ള അവസരവും കിട്ടി.’ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജസീലയും കൂട്ടരും അടുത്ത വർഷവും മക്കയിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയിലാണ്.

Tags:
  • Spotlight
  • Inspirational Story