Tuesday 05 November 2019 12:39 PM IST

‘നിന്റെ കണ്ണു കണ്ടാലറിയാം, ഉള്ളിൽ കുറെ കനലുകൾ നീറുന്നുണ്ടെന്ന്’; അന്ന് മണിചേട്ടൻ പറഞ്ഞത്!

Roopa Thayabji

Sub Editor

hanan77hijnkml ഫോട്ടോ: ബേസിൽ പൗലോ

ഒരു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2018 ജൂലൈ 25ന് ആണ് ഹനാനെ കുറിച്ചുള്ള ആ വാർത്ത വന്നത്, ‘കോളജ് യൂണിഫോമിൽ മീൻ കച്ചവടം നടത്തുന്ന പെൺകുട്ടി’ അമ്മയെയും അനിയനെയും പോറ്റാനും പഠനച്ചെലവു കണ്ടെത്താനുമുള്ള ഹനാന്റെ നെട്ടോട്ടം പിന്നാലെ വാർത്തകളിൽ നിറഞ്ഞപ്പോൾ പലയിടത്തു നിന്നും സഹായമെത്തി. ഇതിനിടെ അപകടത്തിൽ നട്ടെല്ലു തകർന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചെലവുകൾ സർക്കാർ ഏറ്റെടുത്തു. ഒരു വർഷത്തിനിപ്പുറം ഹനാന്റെ ജീവിതത്തിൽ എന്താണു സംഭവിച്ചത് ? മാറിയ ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും നേരിടേണ്ടിവന്ന വിഷമങ്ങളെ കുറിച്ചും ഹനാൻ പറയുന്നു.

പറന്നു പറന്നു പറന്ന്...

‘വാർത്ത വന്നതിനു പിന്നാലെ ഞാൻ വേഷം കെട്ടിയതാണെന്നു വരെ വിവാദം വന്നു. കുറെ പേർ ചീത്ത വിളിച്ചപ്പോൾ കുറെ പേർ സഹായിച്ചു. സഹായമായി കിട്ടിയ പണം കഴിഞ്ഞ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുകയായിരുന്നു. സ്പോൺസർഷിപ് വാങ്ങി പഠിക്കാനൊന്നും എനിക്ക് താൽപര്യമില്ല. സ്വന്തം കാലിൽ നിൽക്കാനാണ് അന്നും ഇന്നും മോഹം.

പിന്നീട് ഉദ്ഘാടനങ്ങൾക്കൊക്കെ വിളി വന്നു. അങ്ങനെയൊരു യാത്ര കഴിഞ്ഞ് വരും വഴി കൊടുങ്ങല്ലൂരിൽ വച്ചാണ് ആ അപകടം. ആദ്യം കൊണ്ടുപോയ ആശുപത്രിയിൽ തന്നെ പറഞ്ഞു, നട്ടെല്ലിനാണു പരുക്കെന്ന്. ഞാൻ പഠിക്കുന്ന തൊടുപുഴ അൽ അസർ കോളജ് ഉടമ ഫൈജാസിക്കയെ വിളിച്ചു കാര്യം പറഞ്ഞു. അവരാണ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റാൻ നിർദേശിച്ചത്. ആദ്യഘട്ട ബില്ലുകളും ഫൈജാസിക്ക കൊടുത്തു. പിന്നെയാണ് ആരോഗ്യമന്ത്രി ഇടപെട്ട് ചികിത്സാചെലവുകൾ ഏറ്റെടുത്തത്. ഉമ്മയ്ക്ക് മാനസികപ്രശ്നങ്ങൾ ഉള്ളതു കൊണ്ട് ആശുപത്രിയിൽ വന്നുപോയതല്ലാതെ കൂടെ നിൽക്കാവുന്ന അവസ്ഥയായിരുന്നില്ല. സഹായിക്കാനായി വന്ന ഉപ്പ മൂക്കുപൊടി വലിക്കുമ്പോൾ ഞാൻ തുമ്മും. ഓപ്പറേഷൻ നടത്തി നട്ടെല്ലിനു ബലമായി ഇട്ടിരിക്കുന്ന രണ്ട് ഇരുമ്പുറോഡുകളും അപ്പോൾ ഇളകും. വേദന കൊണ്ട് പുളഞ്ഞപ്പോൾ ഉപ്പയെ പറഞ്ഞുവിട്ടു.

ഒരു മാസത്തെ ആശുപത്രി വാസം കഴിഞ്ഞ് ഫ്ലാറ്റിലേക്കു വന്നപ്പോൾ ആരും നോക്കാനില്ല. സെക്യൂരിറ്റിയാണ് മൂന്നു നേരവും ഭക്ഷണം വാങ്ങിതന്നത്. ഹൗസ് കീപ്പിങ്ങിനു വരുന്ന ചേച്ചി ചൂടുവെള്ളമുണ്ടാക്കി കട്ടിലിനടുത്ത് കൊണ്ടു വച്ചുതരും. കിടന്ന കിടപ്പിൽ ഞാൻ ദേഹം നനച്ചു തുടയ്ക്കും. ആ കിടപ്പിൽ തന്നെയാണ് ഭക്ഷണം കഴിക്കുന്നതും. മലമൂത്രവിസർജനം ചെയ്യുന്ന ഡയപ്പർ മാറ്റി വേസ്റ്റ് ബാസ്ക്കറ്റിലിടും. ഒരു ദിവസം വെള്ളംകുപ്പി ഉരുണ്ടുപോയത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വീണു. വീണ്ടും രണ്ടാഴ്ച ആശുപത്രിയിൽ. സങ്കടത്തോടെ ഡോ. ഹാറൂണിനോടു ചോദിച്ചു, ‘എനിക്ക് വീൽ ചെയറിലേക്കെങ്കിലും മാറാനാകുമോ?’ നട്ടെല്ലിലെ പരുക്ക് നിസ്സാരമല്ലെന്നും, നിവർന്നിരിക്കുന്ന കാര്യം തന്നെ സംശയമാണെന്നും കേട്ടതോടെ എങ്ങനെയും എഴുന്നേറ്റു നടക്കണമെന്നു വാശിയായി.

പിച്ച വച്ചു തുടങ്ങുന്നു

ഓൺ‌ലൈനിൽ ആരുമറിയാതെ ഓട്ടോമാറ്റിക് വീൽചെയർ ബുക്ക് ചെയ്തു. അതു ഡെലിവറി ചെയ്തയാൾ എന്നെയെടുത്ത് വീൽചെയറിലിരുത്തി. നട്ടെല്ലിൽ ഒരു പ്രകമ്പനം, അഞ്ചുമിനിറ്റ് കഴിഞ്ഞ് ഭയങ്കര വേദന. അൽപം ആശ്വാസം തോന്നിയപ്പോൾ വീണ്ടും വീൽചെയറിലിരിക്കാൻ കലശലായ മോഹം. അന്നു നടന്നില്ലെങ്കിലും പിറ്റേ ദിവസം കട്ടിലിൽ നിന്ന് വീൽ ചെയറിലേക്ക് ഞാൻ വലിഞ്ഞുകയറി. ഒരാഴ്ച കഴിഞ്ഞ് ഓട്ടോയിൽ പനമ്പിള്ളി നഗറിൽ വന്നിറങ്ങി വീൽചെയറിലിരുന്ന് പുറംലോകം കണ്ടു.

അപ്പോഴേക്ക് തമ്മനത്തെ ഫിഷ് സ്റ്റാൾ തുറക്കാൻ ചില തടസ്സങ്ങൾ വന്നിരുന്നു. അങ്ങനെയാണ് മൊബൈൽ ഫിഷ് സ്റ്റാളെടുത്തത്. ഡിഗ്രി അവസാന വർഷ പരീക്ഷ മുടങ്ങുന്നത് വലിയ വിഷമമായതു കൊണ്ട് വീൽ ചെയറിൽ തന്നെ ഒരു ദിവസം കോളജിലും പോയി.

അങ്ങനെയിരിക്കെ ഒരു ദിവസം സ്വപ്നം കണ്ടു. പൊലീസ് വേഷത്തിലുള്ള മമ്മൂക്ക കള്ളനായ മണി ചേട്ടനെ ഓടിക്കുന്നു. ഷൂട്ടിങ് കാണാൻ ഞാനുമുണ്ട്. ആ ഷോട്ട് കഴിഞ്ഞയുടനേ ആരോ പറയുന്നു, ‘മമ്മൂക്കയോടൊപ്പം നിന്റെ ഷോട്ടാണ് അടുത്തത്. പോയി റെഡിയാക്...’ റെഡിയാകാനായി ഞാൻ തുള്ളിച്ചാടി ഓടുകയാണ്. ആ സ്വപ്നം തീർന്നതിനു പിന്നാലെ ഞാൻ എണീറ്റു നോക്കി. കാലിനു ബലമില്ലാതെ, ഭിത്തിയിൽ പിടിച്ചു നടന്നു. പക്ഷേ, യാഥാർഥ്യത്തിലേക്ക് തിരികെ എത്തിയപ്പോൾ എനിക്ക് ഒരടി അനങ്ങാൻ പറ്റാതായി. സ്വപ്നത്തിൽ തനിയെ എഴുന്നേറ്റുനിന്ന ഞാൻ പിന്നെ പതിയെ പിച്ചവയ്ക്കാൻ തുടങ്ങി. ഇതിനിടെ എന്റെ മൊബൈൽ ഫിഷ് സ്റ്റാൾ നടൻ സലിം കുമാർ ഉദ്ഘാടനം ചെയ്തു.

അപ്പോഴാണ് ഹുക്ക വിവാദം. മൊബൈൽ ഫിഷ് ഹബ്ബിനു വേണ്ടി ഞാനെഴുതി, എ.ആർ. റഹ്മാൻ സാറിന്റെ ശിഷ്യനായ കാർത്തിക് സംഗീതസംവിധാനം ചെയ്ത്, ഷഹബാസ് അമൻ പാടിയ പാട്ടിന്റെ വിഡിയോ ഡിസ്കഷനു വേണ്ടിയാണ് കൊച്ചിയിലെ ഒരു ഹോട്ടലിൽ പോയത്. അപകടം കഴിഞ്ഞ് ഞാൻ പതിയെ നടന്നു തുടങ്ങിയിട്ടേയുള്ളൂ അന്ന്. അവിടെ ഹുക്ക വച്ചിരിക്കുന്നതു കണ്ടപ്പോൾ കൗതുകത്തിനു വലിച്ചുനോക്കി. ആ വിഡിയോ ആരോ സോഷ്യൽ മീഡിയയിലിട്ടു. ‘സർക്കാർ ചെലവിൽ ഹുക്ക വലിച്ചു നടക്കുന്നു’ എന്നായിരുന്നു ആരോപണം. വിഷമം വരുമ്പോൾ പൊട്ടിക്കരയുന്ന ആളായിരുന്നു ഞാൻ. ആ വിവാദമുണ്ടായതോടെ കുറെ ധൈര്യം വന്നു. അപകട സമയത്തെ ആശുപത്രി ചെലവു മാത്രമാണ് സർക്കാർ വഹിച്ചത്. ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്.

നടക്കാനാകുന്നുണ്ടെങ്കിലും  താഴെ നിന്ന് എന്തെങ്കിലും കുനിഞ്ഞെടുത്താൽ നടുവിന് വല്ലാത്ത വേദനയാണ്. ഒരു വിരലിനേക്കാൾ വലുപ്പമുള്ള രണ്ട് ഇരുമ്പു റോഡുകളാണ് നട്ടെല്ലിനു ഇരുവശത്തുമായി പിടിപ്പിച്ചിരിക്കുന്നത്. കുറച്ചു നേരം നിൽക്കുമ്പോൾ അവിടെ സൂചി തുളച്ചുകയറും പോലെ വേദന വരും. അപകടം പറ്റിയത് ശരീരത്തിനാണ്. മനസ്സിനെ അത് ബാധിച്ചിട്ടില്ല.

‘മണിചേട്ടൻ തന്ന തണൽ’

‘ചെറുതിലേ ഞാൻ പാട്ടു പഠിക്കുന്നുണ്ട്, നിമിഷ നേരം കൊണ്ട് കവിതയൊക്കെ എഴുതി പാടും. ആയിടെ ‘ചെറുമണി പയറും ചോളവും ചെറുമികൾ തിന്നുമ്പോൾ...’ എന്നൊരു നാടൻ പാട്ടെഴുതി. അതുകേട്ട് ഇഷ്ടപ്പെട്ടിട്ടാണ് കലാഭവൻ മണിചേട്ടൻ വിളിച്ചത്. സിഡിയിൽ ആ പാട്ട് എടുക്കാമെന്ന് ചേട്ടൻ ഉറപ്പുതന്നു. നാട്ടിലൊരു പരിപാടിക്കു വന്നപ്പോൾ എന്നെയും പാടാൻ വിളിച്ചു. അങ്ങനെ ഞങ്ങൾ കൂട്ടായി.

ഒരു ദിവസം ചേട്ടൻ പറഞ്ഞു, ‘നിന്റെ കണ്ണു കണ്ടാലറിയാം, ഉള്ളിൽ കുറെ കനലുകൾ നീറുന്നുണ്ടെന്ന്.’ ഉമ്മയുടെ കാര്യമൊക്കെ ഞാൻ ചേട്ടനോടു പറഞ്ഞു. ‘പഠിക്കാൻ ബുദ്ധിമുട്ടു വരാതിരിക്കാൻ കുറച്ചു പൈസ ബാങ്കിലിട്ടു തരാ’മെന്ന് ചേട്ടൻ പറഞ്ഞെങ്കിലും  ഞാൻ സമ്മതിച്ചില്ല. ഇടയ്ക്കു വിഷമം വരുമ്പോൾ ഞാൻ മണിചേട്ടനെ ഫോണിൽ വിളിച്ച് ‘പാട്ടു പാടിത്തരാമോ’ എന്നു ചോദിക്കും. ‘എന്തു വന്നാലും വിഷമിക്കരുത്’ എന്നു പറഞ്ഞ് ചേട്ടൻ സമാധാനിപ്പിക്കും.

‘എന്റെ കൂടെ നിന്ന പലരും പണമാണ് മോഹിച്ചത്. നീ മാത്രമാണ് തരാമെന്നു പറഞ്ഞ പണം പോലും വേണ്ടെന്നു പറഞ്ഞത്’ എന്ന് ഒരിക്കൽ ചേട്ടൻ പറഞ്ഞു. അങ്ങനെയിരിക്കെ മണി ചേട്ടൻ പോയി. അതെനിക്ക് ഷോക്കായി. ചേട്ടന് അസുഖം ഉള്ളതായി അറിയില്ല. മരിക്കുന്നതിനു മൂന്നു മാസം മുൻപ് കാണുമ്പോൾ എന്തോ ടെൻഷനുള്ളതായി തോന്നിയിരുന്നു.’

Tags:
  • Spotlight
  • Inspirational Story