Monday 11 March 2019 04:07 PM IST

പന്തിയിൽ പക്ഷമില്ലാതെ കാച്ചിലും ചേമ്പും, ലാളിത്യത്തിന്റെ മധുരമായി ഇലയടയും പായസവും; കണ്ടുപഠിക്കണം ഈ കല്യാണം

Binsha Muhammed

hari

‘നാലു കൂട്ടം പ്രഥമൻ...തൂശനിലയുടെ അങ്ങേയറ്റം വരെ കറികൾ. സദ്യക്ക് ഒരു കുറവും ഉണ്ടാകാൻ പാടില്ല, ആരും പരാതി പറയരുത്.’

ചാരു കസേരയിൽ നെടുനീളെ ചാരിക്കിടന്ന് കാരണവൻമാർ വയ്ക്കുന്ന ആദ്യ വിവാഹ ഡിമാന്റ് മേൽപ്പറഞ്ഞതായിരിക്കും. ഇനി വയറും മനസും നിറയ്ക്കുന്ന ഒന്നാന്തരം സദ്യം കൊടുത്തു എന്നു തന്നെയിരിക്കട്ടെ ഞാൻ പ്രകാശനിലെ ഫഹദിനെ അനുസ്മരിപ്പിക്കുമാറ് പല്ലു കുത്തുന്നതിനൊപ്പിച്ച് കുറ്റം പറയും. അതാണ് ടിപ്പിക്കൽ മലയാളി.

പായസത്തിന്റെ കളറും രുചിയും അഭിമാന പ്രശ്നമാകുന്ന കാലത്ത്, കുമിഞ്ഞു കൂടുന്ന ആഢംബര സദ്യവട്ടങ്ങളുടെ കാലത്ത്, പ്ലേറ്റൊന്നിന് ആയിരങ്ങൾ പൊടിക്കുന്ന ആർഭാട കല്യാണങ്ങളുടെ കാലത്ത് ഇതാ ഒരു സിമ്പിൾ കല്യാണം. ഇവിടെ വെജിറ്റേറിയനും നോൺ വെജിറ്റേറിയനും മാറി മാറി പരീക്ഷിച്ച് തീൻ മേശ നിറച്ചില്ല. കോരി മറിക്കുന്ന ബുഫേ വിഭവങ്ങൾ കൊണ്ട് പൊങ്ങച്ചം കാണിച്ചില്ല. പിന്നെയോ, പുഴുക്കും പായസവും ഇലയടയുമൊക്കെയായി വിവാഹ സൽക്കാരത്തെ ലാളിത്യത്തിന്റെ നേർ പതിപ്പാക്കി മാറ്റി രണ്ട് യുവ മിഥുനങ്ങൾ.

കൊല്ലം പരവൂർ സ്വദേശിയും എസ്എഫ്ഐ നേതാവുമായ ഹരിയും മേവറം സ്വദേശിയായ സൗപർണികയും തമ്മിലുള്ള വിവാഹമാണ് സദ്യയിലെ ലാളിത്യം കൊണ്ട് അതിഥികളുടെ മനസിൽ മൊഹബ്ബത്ത് നിറച്ചത്. ഊണിലയില്‍ നല്ല ഒന്നാന്തരം കാച്ചിൽ, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ വിളമ്പിയാണ് ചെക്കനും പെണ്ണും അതിഥികളെ ഗൃഹാതുര രുചിയിലേക്ക് കൈപിടിച്ച് നടത്തിയത്. കൂട്ടിന് പായസവും ഇലയടയും കൂടിയെത്തിയപ്പോൾ സംഭവം ഉഷാറായി.

hari-1

തന്റേയും സൗപർണികയുടേയും കൂട്ടായ തീരുമാനമാണ് ഈ വെറൈറ്റി വിവാഹ സദ്യയിൽ കൊണ്ടെത്തിച്ചതെന്ന് ഹരി പറയുന്നു. വീട്ടുകാർക്കെല്ലാം പൂർണ സമ്മതമായിരുന്നു. പക്ഷേ ബന്ധുക്കളും ചില നാട്ടുകാരും ആശയം കേട്ടപ്പോഴേ നെറ്റി ചുളിച്ചു. ലളിതമായ വിവാഹം തന്നെയാണ് ഞങ്ങൾ ആഗ്രഹിച്ചത്. അത് അങ്ങനെ തന്നെ നടന്നു. മനസു നിറഞ്ഞ് അനുഗ്രഹിച്ചവർക്ക് ആശംസിച്ചവർക്ക് എല്ലാം നന്ദി– ഹരിയുടെ മുഖത്ത് നിറഞ്ഞ ചാരിതാർത്ഥ്യം.

പത്തു വർഷത്തെ ഹരിയുടേയും സൗപർണികയുടേയും സൗഹൃദമാണ് വിവാഹത്തിൽ കൊണ്ടു ചെന്നെത്തിച്ചത്. കൊല്ലം ഫാത്തിമ മാത കോളേജിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമാണ് ഹരിയിപ്പോൾ. സൗപർണിക ഇംഗ്ലീഷിൽ പിഎച്ച്ഡി ചെയ്യുകയാണ്.