Saturday 27 July 2019 05:51 PM IST

സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ വളരെ എളുപ്പം; അതിനൂതന ആൻജിയോപ്ലാസ്റ്റിയെ കുറിച്ച് അറിയാം!

Roopa Thayabji

Sub Editor

_ASP4504 ഫോട്ടോ: ബേസിൽ പൗലോ

ദിനേഷിന് 38 വയസ്സ് തികഞ്ഞിട്ട് അധികം ദിവസമായിട്ടില്ല. നെഞ്ചുവേദനയും ശ്വാസംമുട്ടലും പതിവായതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മരുന്നും ചികിത്സയുമൊക്കെ മൂന്നുമാസം നീണ്ടെങ്കിലും ബുദ്ധിമുട്ടു മാറിയില്ല. ഹൃദ്രോഗമുണ്ടോ എന്ന സംശയം കൊണ്ടാണ് ആൻജിയോഗ്രാം ചെയ്തത്. രക്തധമനികളിൽ മൾട്ടിപ്പിൾ ബ്ലോക്കാണെന്ന് അപ്പോഴാണ് മനസ്സിലായത്. ഹൃദയത്തിന്റെ പ്രവർത്തനം 22 ശതമാനം മാത്രമേയുള്ളൂ. ഹൃദയപേശികൾക്ക് ജീവനുണ്ടെങ്കിലും പ്രവർത്തനക്ഷമത തീരെയില്ല. ഹൈബർനേഷൻ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഈ കോശങ്ങൾക്ക് കുറച്ചുകൂടി രക്തം നൽകിയാൽ ജീവസ്സുറ്റതാക്കിയെടുക്കാം. വിജയകരമാകുമോ എന്നു ഉറപ്പിച്ചു പറയാനാകില്ല. ആകെയുള്ള വഴി ഹൃദയം മാറ്റിവയ്ക്കലാണ്. ഡോക്ടർമാർ ഈ ഓപ്ഷൻ മുന്നോട്ടു വച്ചതോടെ ദിനേഷിന് വാശിയായി, ‘മരിക്കുന്നെങ്കിൽ സ്വന്തം ഹൃദയവുമായേ മരിക്കൂ...’ അതിസങ്കീർണ ബലൂൺ സഹായ ഹൃദയ ശസ്ത്രക്രിയയിലൂടെ (ആൻജിയോപ്ലാസ്റ്റി) ബ്ലോക്കുകൾ മാറ്റിയെടുത്ത ദിനേഷ് മരുന്നുകളും ശീലങ്ങളും കടുകിട തെറ്റിക്കാതെ ഇപ്പോഴും ജീവിക്കുന്നത് ആ വാശി നൽകിയ ധൈര്യത്തിലാണ്.

ഹൃദ്രോഗ ചികിത്സയും ഹൃദയം മാറ്റിവയ്ക്കലും സാധാരണമാകുന്നത് പൊസിറ്റീവായി കരുതാവുന്ന പ്രവണതയല്ലെന്ന് ദിനേഷിന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തിയ മെഡിട്രീന കാർഡിയാക് സെന്റർ ശൃംഖലയുടെ അധ്യക്ഷനും അതിനൂതന ബലൂൺസഹായ ഹൃദയശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ.എൻ. പ്രതാപ് കുമാർ പറയുന്നു. ആധുനിക ഹൃദയചികിത്സാ സൗകര്യങ്ങൾ ഗ്രാമീണമേഖലയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി, ഇന്ത്യയിലാദ്യമായി പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ ഇഎസ്ഐ കോർപ്പറേഷനുമായി സഹകരിച്ച് കൊല്ലത്ത് ആരംഭിച്ച കാർഡിയാക് സെന്ററിന്റെ ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമാണ് ഇദ്ദേഹം.

ഹൃദയം മാറ്റിവയ്ക്കൽ വേണ്ടെന്നാണോ ?

ഹൃദയം മാറ്റിവയ്ക്കൽ എന്ന ഓപ്ഷൻ മുന്നോട്ടുവയ്ക്കുന്നതിനു മുൻപ് മറ്റേതെങ്കിലും തരത്തിൽ ബ്ലോക്ക് മാറ്റിയെടുക്കാൻ ചാൻസ് ഉണ്ടോ എന്നു നോക്കണം. ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലുള്ള രോഗിക്ക് ഒരു ബ്ലോക്ക് മാറുമ്പോൾ അത് 30ലധികമാകും. ഓരോ ബ്ലോക്ക് മാറുമ്പോഴും ഇത് കൂടിക്കൂടി വരും. അപ്പോൾ വിജയസാധ്യതയും കൂടും.

ബ്ലോക്ക് രണ്ടുതരത്തിൽ മാറ്റാം. ബ്ലോക്കുകളുള്ള രക്തധമനികൾക്ക് സമാന്തരമായി, ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്തുനിന്ന് വേർപെടുത്തിയെടുത്ത രക്തക്കുഴൽ പിടിപ്പിച്ച് രക്തയോട്ടം പുനസ്ഥാപിക്കുന്നതാണ് ബൈപാസ് സർജറി. ബ്ലോക്കിന്റെ അപ്പുറത്തും ഇപ്പുറത്തുമായി പുതിയ രക്തക്കുഴൽ തുന്നിപിടിപ്പിക്കുന്നതോടെ രക്തം പുതിയ ‘ബൈപാസി’ലൂടെ തടസ്സമില്ലാതെ ഒഴുകും. ബ്ലോക്കുള്ള ഹൃദയധമനിക്കകത്തേക്ക് ഗൈഡ് വയറിന്റെ സഹായത്തോടെ ബലൂൺ കടത്തി വികസിപ്പിച്ച്, രക്തയോട്ടം സുഗമമാക്കുന്ന ചികിത്സയാണ് ആൻജിയോപ്ലാസ്റ്റി. രക്തപ്രവാഹം പുനസ്ഥാപിച്ച ധമനി വീണ്ടും ചുരുങ്ങിപ്പോകാതിരിക്കാൻ ലോഹനിർമിത കുഴൽ (സ്റ്റെന്റ്) സ്ഥാപിക്കും. ഇൻട്രാ വാസ്കുലാർ അൾട്രാസൗണ്ട് മെഷിന്റെ സഹായത്തോടെ ചെയ്യുന്ന അതിസങ്കീർണ ബലൂൺ സഹായ ആൻജിയോപ്ലാസ്റ്റിയിലൂടെ സങ്കീർണമായ ഹൃദയശസ്ത്രക്രിയ വരെ സാധ്യമാണ്.

എന്താണ് അതിസങ്കീർണ ആൻജിയോപ്ലാസ്റ്റി ?

സങ്കീർണ പ്രശ്നങ്ങളായ പ്രധാന രക്തക്കുഴലിലെ ബ്ലോക്ക്, മ ൾട്ടിപ്പിൾ ബ്ലോക്ക്, നൂറുശതമാനം ബ്ലോക്ക്, കാൽസ്യം അടിഞ്ഞുണ്ടായ ബ്ലോക്കുകൾ, ബൈപാസ് ശസ്ത്രക്രിയക്കു ശേഷം  ഗ്രാഫ്റ്റിനകത്തുണ്ടാകുന്ന ബ്ലോക്കുകൾ തുടങ്ങിയവ പരിഹരിക്കുന്ന ശസ്ത്രക്രിയയാണ് അതിസങ്കീർണ ബലൂൺസഹായ ആൻജിയോപ്ലാസ്റ്റിയിൽ പെടുന്നത്.

ഇതിൽ റിസ്ക് ഇല്ലെന്നാണോ ?

എല്ലാത്തിലും റിസ്ക് ഉണ്ട്. ബൈപാസ് സർജറിക്ക് വിധേയരാകുന്ന നൂറിൽ രണ്ടുപേർക്ക് പക്ഷാഘാത സാധ്യതയുണ്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾക്ക് ബ്ലോക്ക് ഉണ്ടെങ്കിലാണ് ഇതുണ്ടാകുന്നത്. ബൈപാസ് രോഗികളിൽ മരണനിരക്ക് രണ്ടര ശതമാനമാണ്. എന്നാൽ അതിസങ്കീർണ ആൻജിയോപ്ലാസ്റ്റിയിൽ പക്ഷാഘാത സാധ്യതയും മരണനിരക്കും അരശതമാനമേ ഉള്ളൂ. ബൈപാസ് ചെയ്ത രോഗികൾക്ക് അഞ്ചുവർഷത്തിനുള്ളിൽ വീണ്ടും ബ്ലോക്കുണ്ടാകാനുള്ള സാധ്യത അഞ്ചു മുതൽ എട്ടുശതമാനം വരെയാണെങ്കിൽ ബലൂൺ ശസ്ത്രക്രിയയിൽ ഇത് 12 ശതമാനമാണ്.

ഹൃദയത്തിന്റെ പ്രവർത്തനം വളരെ മോശമായിരിക്കുകയും തലച്ചോറിലേക്കുള്ള രക്തമൊഴുക്കിൽ തടസ്സമുണ്ടായിരിക്കുകയും ചെയ്യുന്ന രോഗി ബൈപാസ് ശസ്ത്രക്രിയക്കിടെ മരിക്കാനുള്ള സാധ്യത കൂടുതലാണ്. അല്ലെങ്കിൽ ശസ്ത്രക്രിയക്ക് ശേഷം പക്ഷാഘാതം വന്ന് കിടപ്പിലാകും. അതി നൂത ന ആൻജിയോപ്ലാസ്റ്റിയുടെ ആദ്യഘട്ടത്തിൽ ഹൃദയത്തിലെ രക്തക്കുഴലുകളുടെ ബ്ലോക്ക് മാറ്റും. ഇതിലൂടെ രോഗിക്ക് ആരോഗ്യം വീണ്ടെടുക്കാനാകും. അടുത്ത ഘട്ടത്തിലാണ് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ തടസ്സം മാറ്റുന്നത്.

shutterstock_647081212

ബ്ലോക്ക് ഉണ്ടാകുന്നത് എങ്ങനെ ?

ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന അമിതകൊഴുപ്പും ഊ ർജവും രക്തക്കുഴലുകൾക്കുള്ളിൽ അടിയും. പൈപ്പു പോലെയുള്ള രക്തക്കുഴലുകളുടെ  ഉള്ളിൽ  കൊഴുപ്പടിയുമ്പോൾ വ്യാസം കുറയും. അപ്പോൾ ഇതിലൂടെ പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവിലും കുറവുണ്ടാകും. ഇതിനെയാണ് ബ്ലോക് എന്നു വിളിക്കുന്നത്. ഹൃദയധമനികളുടെ ഉള്‍ഭിത്തിയിലെ  തടസ്സം കൊണ്ട് ഹൃദയപേശികള്‍ക്ക് വേണ്ട രക്തം കിട്ടാതെ വരികയും അവ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്നതാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ഫലമായി ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂർണമായി നിലച്ചുപോകുന്നതാണ് ഹൃദയസ്തംഭനം.

ഹാർട്ട് അറ്റാക്ക് എങ്ങനെ തിരിച്ചറിയാം ?

കഠിനമായ നെഞ്ചുവേദന, ശ്വാസംമുട്ടൽ, അധികമായ വിയർപ്പ്, ബോധക്ഷയം, എന്നിവയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ. 85 ശതമാനം പേർക്കും ഹൃദയാഘാതത്തിന്റെ ലക്ഷണം കഠിനമായ നെഞ്ചുവേദനയാണ്. നെഞ്ചിന്റെ മ ധ്യഭാഗത്ത് അനുഭവപ്പെടുന്ന വേദന കഴുത്ത്, തോൾ, കൈകൾ, വയറിന്റെ മുകള്‍ഭാഗം, പുറംഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതുപോലെ തോന്നും. ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ രോഗിക്ക് പൾസ് ലഭിക്കുന്നില്ലെങ്കിൽ ഹൃദയസ്തംഭനമുണ്ടായി എന്നു കരുതാം. പൾസും ശ്വാസോച്ഛ്വാസവും ഇല്ലെങ്കിൽ അതീവഗുരുതര അവസ്ഥയിലാകും.

എന്താണ് സൈലന്റ് അറ്റാക്ക് ?

വേദനയില്ലാതെ, മറ്റു ലക്ഷണങ്ങൾ മാത്രം പ്രകടമാക്കി വരുന്ന ഹൃദയാഘാതമാണ് സൈലന്റ് അറ്റാക്ക്. കാലങ്ങളായി ഹൃദയധമനികളിൽ 80 ശതമാനത്തിലേറെ ബ്ലോക്കുകളുള്ള രോഗികളിൽ മറ്റു രക്തക്കുഴലുകൾ ആവശ്യമുള്ള രക്തം പമ്പു ചെയ്യുന്നുണ്ടാകും (കൊലാറ്ററൽ റിക്രൂട്ട്മെന്റ്). ഇങ്ങനെയുള്ള രക്തക്കുഴലുകൾക്ക് ചുറ്റുമുണ്ടാകുന്ന പൂർണമായ ബ്ലോക്ക് ആണ് സൈലന്റ് അറ്റാക്ക് ആയി മാറുന്നത്. പൊതുവേ വേദന അറിയുന്നത് കുറവുള്ള രോഗികൾക്ക് സൈലന്റ് അറ്റാക്ക് ആകാൻ സാധ്യത കൂടുതലുണ്ട്. ശ്വാസം മുട്ടൽ, അമിതവിയർപ്പ്, ബോധക്ഷയം പോലുള്ള രോഗങ്ങളുള്ളവർക്കും  സൈലന്റ് അറ്റാക്ക് വന്നാൽ തിരിച്ചറിയാനാകില്ല. പ്രമേഹവും  ഒരു പരിധിവരെ വേദന അറിയാനുള്ള കഴിവ് കുറയ്ക്കും.  

ഹൃദ്രോഗിക്ക് സാധാരണ ജീവിതം സാധ്യമാണോ?

മരുന്നുകൾ കൃത്യമായി കഴിക്കുകയും തുടർപരിശോധനകൾ മുടങ്ങാതെ നടത്തുകയും ചെയ്താൽ സാധാരണ ജീവിതം സാധ്യമാണ്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞു മൂന്നുമാസത്തിനകം നെഞ്ചിലെ അസ്ഥിയിലുള്ള മുറിവ് ഭേദമാകും. ഇതു കഴിഞ്ഞേ ഭാരമുയർത്തുന്നതു പോലുള്ള ജോലികൾ ചെയ്യാവൂ. ഓഫിസ് ജോലികൾ രണ്ടുമാസം കഴിഞ്ഞ് ചെയ്തുതുടങ്ങാം. ഡ്രൈവിങ് പോലുള്ളവയിൽ ഡോക്ടറുടെ ഉപദേശം തേടണം. ഹൃദ്രോഗമുള്ളവർ രക്തത്തിലെ കൊളസ്ട്രോൾ നില ഉയരാതെ ശ്രദ്ധിക്കണം. പ്രമേഹമുള്ളവർ പഞ്ചസാരയുടെ ഉ പയോഗവും പ്രഷറുള്ളവർ ഉപ്പിന്റെ ഉപയോഗവും കുറയ്ക്കണം. പുകവലി, മദ്യപാനം എന്നിവ പൂർണമായി ഒഴിവാക്കണം.

സ്ത്രീകൾക്ക് ഹൃദ്രോഗസാധ്യത കുറവാണോ ?

ആർത്തവമുള്ള കാലം വരെ സ്ത്രീകൾക്ക് ഹൃദ്രോഗസാധ്യത കുറവാണ്. സ്ത്രീഹോർമോണായ ഈസ്ട്രജൻ ഹൃദയത്തെ സംരക്ഷിക്കുന്നതാണ് കാരണം. എന്നാൽ ആർത്തവമുള്ള സ്ത്രീകളിലും അമിത പ്രമേഹം, ഹൈപ്പർ ടെൻഷൻ, പൊണ്ണത്തടി, കൊളസ്ട്രോൾ തുടങ്ങിയവ ഹൃദ്രോഗസാധ്യത കൂട്ടും.സ്ത്രീകളിലെ രോഗലക്ഷണങ്ങൾ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമാണ്. തലകറക്കം, തളർച്ച, ഓക്കാനം, ഛർദി, തോൾ, കഴുത്ത്, കൈ തുടങ്ങിയ ഭാഗങ്ങളിലെ വേദന എന്നിവയാകും സ്ത്രീകളിലെ ഹൃദ്രോഗ ലക്ഷണങ്ങൾ.

കുഞ്ഞുങ്ങളെ ബാധിക്കുന്ന ഹൃദയസംബന്ധമായ അസുഖങ്ങളെ ‘Congenital Heart Disease’ എന്നു വിളിക്കും. ഹൃദയഭിത്തികളിലെ ദ്വാരം, രക്തയോട്ടത്തിലെ തടസ്സങ്ങൾ, തകരാറുള്ള രക്തക്കുഴലുകൾ, ഹൃദയ വാൽവുകളിലെ തടസ്സം തുടങ്ങിയവയാണ് കുഞ്ഞുങ്ങളെ പ്രധാനമായും ബാധിക്കുന്നത്.

ഹൃദ്രോഗം ഗ്യാസ് ട്രബിളായി മാറുമോ ?

നല്ല ദഹനത്തിനായി വയറിലേക്ക് കൂടുതൽ രക്തം പമ്പ് ചെയ്യണം. ഹൃദ്രോഗമുള്ളവരിൽ പമ്പിങ് സാവധാനമാകുമ്പോൾ ദഹനവും പതിയെയാകും. ഇതാണ് ഗ്യാസും മറ്റു പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. ഭക്ഷണം കഴിച്ചിട്ടും ഗ്യാസ്ട്രബിൾ ഉണ്ടാകുന്നെങ്കിൽ ഹൃദ്രോഗമുണ്ടോ എന്നു പരിശോധിക്കാം.

മാനസിക സമ്മർദം ഹൃദ്രോഗമുണ്ടാക്കുമോ ?

മാനസികസമ്മർദം സാധാരണയായി ഹൃദ്രോഗമുണ്ടാക്കില്ല. എന്നാൽ അനിയന്ത്രിതമായ സ്ട്രെസ്സ് അനുഭവിക്കുന്നവർക്ക് നെഞ്ചുവേദന, ഹൃദയ സ്പന്ദനത്തിലെ വ്യതിയാനങ്ങൾ, ഉയർന്ന രക്തസമ്മർദം എന്നിവ മൂലം ഹൃദ്രോഗം ഉണ്ടാകാം.

_ASP4474b

ഹൃദയം എന്നാൽ

ശരീര ഭാഗങ്ങളിലേക്കു രക്തം പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ ധർമം. ശരീരഭാഗങ്ങളിൽ നിന്ന് ഹൃദയത്തിലെത്തുന്ന അശുദ്ധരക്തം ശ്വാസകോശ ധമനി വഴി ശ്വാസകോശത്തിലെത്തി ശുദ്ധീകരിക്കുകയും, ശുദ്ധമാക്കിയ രക്തം തിരികെ ഹൃദയത്തിലെ മഹധമനി വഴി മറ്റു ധമനികളിലേക്കും ശരീരാവയവങ്ങളിലേക്കും എത്തുകയും ചെ യ്യും. ഹൃദയം ഓരോ വട്ടവും രക്തം പമ്പ് ചെയ്യുന്ന പ്രക്രിയയെയാണ് ഹൃദയസ്പന്ദനം എന്നു വിളിക്കുന്നത്. 

ഇസിജി പരിശോധന വഴി ഹൃദയപേശികളിലെ ഇലക്ട്രിക് വ്യതിയാനങ്ങൾ കണ്ടെത്താം. രക്തസാംപിളുകൾ ശേഖരിച്ച് ടോപ്പോണി, ക്രിയാറ്റിൻ കൈനേസ് തുടങ്ങിയവ പരിശോധിച്ചാൽ ഹൃദയാഘാതമുണ്ടായോ എന്നറിയാം. ഹൃദയധമനികളിലെ തടസ്സം കണ്ടെത്തുന്ന പരിശോധനയാണ് ആൻജിയോഗ്രാം.

Tags:
  • Health Tips
  • Spotlight