Monday 20 May 2019 12:14 PM IST

‘മോളോട് അച്ഛൻ അങ്ങനെ ചെയ്യുമോ?’; ആ വാക്ക് വിശ്വസിച്ച് പോയവളാണ് മോർച്ചറിയിൽ തണുത്ത് മരവിച്ച്...

Roopa Thayabji

Sub Editor

brijesh ഫോട്ടോ: റെജു അർനോൾഡ്, ജിതിൻ ജോയൽ ഹാരി

കാത്തിരുന്നു കാത്തിരുന്ന് അവസാനം ആ സ്വപ്നം സ്വന്തമായിത്തീരാൻ ദിവസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷേ, പ്രാണൻ പകുത്തു നൽകി സ്നേഹിച്ച ആളിന്റെ മരണമാണ് ബ്രിജേഷിന് കാണേണ്ടി വന്നത്.

വിവാഹത്തലേന്ന് അച്ഛൻ ജീവനെടുത്ത മലപ്പുറംകാരി ആതിരയുടെ പ്രതിശ്രുത വരൻ ബ്രിജേഷ് വേദനിപ്പിക്കുന്ന ആ ഓർമ്മകളിലേക്ക് തിരികെ നടക്കുകയാണ്. ഉറ്റവരുടെ ദുരഭിമാനത്തിന് ഇരയാക്കപ്പെട്ട് ജീവൻ വെടിയേണ്ടി വന്ന പ്രിയപ്പെട്ടവളുടെ ഓർമകളിലേക്ക്.

അമ്മയാണ് എന്നെയും അനിയൻ ബ്രിജിത്തിനെയും വളർത്തിയത്. അച്ഛൻ 15 വർഷം മുൻപ് ഞങ്ങളെ വിട്ടു പോയിരുന്നു. പ്രമേഹം മൂർഛിച്ച് കാഴ്ച നഷ്ടപ്പെട്ടതോടെ അമ്മയ്ക്ക് ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യേണ്ടി വന്നു. ഇന്ത്യൻ ആർമിയുടെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിൽ ജോലി ചെയ്തിരുന്ന ഞാൻ ആയിടയ്ക്കു ലീവിനു വന്നപ്പോൾ അമ്മയെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ പോയി. എത്രയും വേഗം അഡ്മിറ്റാകണമെന്നാണ് ഡോക്ടർ പറഞ്ഞത്. ആ സമയത്ത് ആതിര അവിടെ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് ചെയ്യുകയായിരുന്നു. മലപ്പുറം അരീക്കോടുകാരിയായ ആ പെൺകുട്ടി അമ്മയോട് വേഗം കൂട്ടായി. സ്വന്തം മോളെ പോലെ അമ്മ ആതിരയെ കണ്ടു. എന്റെ കാലം കഴിഞ്ഞാലും നിന്നെ നോക്കാൻ ഇതുപോലൊരു മോളെ കണ്ടുപിടിക്കണം എന്ന് അമ്മ പറഞ്ഞു തുടങ്ങി.

ഒരുദിവസം രാവിലെ ഡയാലിസിസ് കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ ശേഷം ആതിര ഡ്യൂട്ടി കഴിഞ്ഞു പോയി. അ ന്നു രാത്രിയാണ് അമ്മ മരിക്കുന്നത്. പിറ്റേന്ന് അമ്മയെ അന്വേഷിച്ചപ്പോൾ അടുത്ത ബെഡ്ഡിലെ രോഗിയാണ് വിവരം പറഞ്ഞത്. മൂന്നുദിവസം കഴിഞ്ഞ് കേസ് ഫയലിൽ നിന്ന് എന്റെ നമ്പരെടുത്ത് അവൾ വിളിച്ചു. അമ്മയെ അവസാനമായി കാണണമെന്നു മോഹമുണ്ടായിരുന്നു എന്നു പറഞ്ഞ് കരഞ്ഞു. പിന്നീട് പതിവായി ഞങ്ങൾ വിളിക്കുമായിരുന്നു. നാലുമാസം കഴിഞ്ഞ് ലീവിനു വന്നപ്പോൾ നേരിൽ കണ്ടു. വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഈ പെൺകുട്ടിയെ തന്നെ ആ യിരിക്കുമെന്ന് ഞാൻ അവൾക്ക് ഉറപ്പുകൊടുത്തു.

പ്രശ്നങ്ങളുടെ തുടക്കം

ആതിരയുടെ അച്ഛൻ രാജൻ ഡ്രൈവറാണ്. അമ്മ സുനിതയും അപ്പച്ചിയായ സുലോചനയാന്റിയുമാണ് ആതിരയെ പൊന്നു പോലെ വളർത്തിയത്. സുലോചനാന്റിയെ ചേച്ചിയമ്മ എ ന്നാണ് ആതിര വിളിച്ചിരുന്നതും.

കോഴ്സ് കഴിഞ്ഞ് മെഡിക്കൽ കോളജിൽ തന്നെ ട്രെയിനിയായി ആതിരയ്ക്ക് ജോലി കിട്ടി. ആയിടെ അവൾക്ക് ഒരു വിവാഹാലോചന വന്നു. പെണ്ണുകാണൽ ചടങ്ങിനു നിൽക്കാതെ രാവിലെ ജോലിക്കു പോകാനിറങ്ങിയ ആതിരയെ അ ച്ഛൻ തടഞ്ഞു. അപ്പോഴാണ് ഞങ്ങളുടെ ഇഷ്ടം അവൾ പറഞ്ഞത്. അതോടെ അച്ഛൻ മദ്യപിച്ചു വന്ന് അടിയും വഴക്കും പതിവായി. ബന്ധുക്കൾ ഉപദേശിക്കാൻ തുടങ്ങിയതോടെ എല്ലാം അവസാനിപ്പിച്ചു എന്ന് അവൾ കള്ളം പറഞ്ഞു. അമ്മയ്ക്കും ആന്റിക്കും പക്ഷേ, അറിയാമായിരുന്നു ഞങ്ങളുടെ ഇഷ്ടം ഒരു തരിപോലും കുറഞ്ഞിട്ടില്ലെന്ന്.

ഇതിനിടെ മഞ്ചേരി താലൂക്കാശുപത്രിയിൽ ആതിരയ്ക്ക് ജോലി കിട്ടി. ബന്ധത്തിലുള്ള ഒരാളുമായി വിവാഹം ഉറപ്പിച്ചതോടെ എതിർത്തപ്പോൾ അച്ഛൻ പറഞ്ഞു: ‘ആ ബന്ധം അവസാനിപ്പിച്ചില്ല എന്ന് അറിയാമായിരുന്നു. ഏതുവരെ പോകുമെന്നറിയാൻ കാത്തിരുന്നതാണ്.’ അത്യാവശ്യമായി തിരിച്ചുവിളിക്കണം എന്നുപറഞ്ഞ് മാർച്ച് അഞ്ചിനു രാവിലെ ആതിരയുടെ ഫോൺ വന്നു. അച്ഛൻ മദ്യപിച്ചുവന്ന് വലിയ പ്രശ്നമാണെന്നും അമ്മയെ തല്ലുകയാണെന്നും പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞാൽ ആതിരയ്ക്ക് നൈറ്റ് ഡ്യൂട്ടി തുടങ്ങും. രാവിലെ അൽപം താമസിച്ച് വീട്ടിലെത്തിയാൽ മതിയെന്നും, അ പ്പോഴേക്കും അച്ഛൻ പോകുമല്ലോ എന്നും ഞാൻ ആശ്വസിപ്പിച്ചു.

മാർച്ച് എട്ട്. അന്നു വൈകിട്ട് ആതിര ഡ്യൂട്ടിക്ക് പോകാനിറങ്ങുമ്പോൾ അച്ഛൻ വഴക്കുണ്ടാക്കിയത്രേ. ‘അവനെ മറന്നില്ലെങ്കിൽ വീട്ടിലേക്ക് തിരിച്ചുവരേണ്ട എന്നും വന്നാൽ വെട്ടിക്കൊല്ലുമെന്നും’ അയാൾ ഭീഷണിപ്പെടുത്തി. ഡ്യൂട്ടി കഴിഞ്ഞ് ലീവെടുത്ത് കുറച്ചുദിവസം മാറിനിൽക്കാൻ ഞാൻ പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലേക്ക് ആതിര പോയി. അന്നു വൈകിട്ട് ഡൽഹിയിൽ ക്യാംപിൽ ഞാൻ റിപ്പോർട്ട് ചെയ്തു. ‘ജീവനുള്ള കാലത്തോളം നിന്നെയും ആതിരയെയും ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കില്ല’ എന്നുപറഞ്ഞ് ആതിരയുടെ അച്ഛൻ എന്റെ ഫോണിലേക്ക് വിളിച്ചു. നേരത്തെയും പലവട്ടം അയാൾ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

പിറ്റേദിവസം ആതിരയുടെ അച്ഛന്റെ പരാതിയെ തുടർന്ന് അരീക്കോട് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചു. ആതിരയോടു സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ അവളുടെ നമ്പരിലേക്ക് വിളിച്ച് കോൺഫറൻസ് കോൾ ഇട്ടുകൊടുത്തു. ‘സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും, അച്ഛന്റെ ഭീഷണി പേടിച്ച് ഇറങ്ങിപ്പോയതാണെന്നും’ അവൾ പൊലീസിനോടു പറഞ്ഞു. അപ്പോഴാണ് അച്ഛൻ വിവാഹത്തിനു സമ്മതിച്ചെന്നും വേഗം നാട്ടിൽ വരണമെന്നും അവർ എന്നോട് പറഞ്ഞത്.

രണ്ടു ദിവസത്തിനു ശേഷം കൊച്ചി വിമാനത്താവളത്തിൽ എന്നെ സ്വീകരിക്കാൻ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ആതിര വന്നിരുന്നു. അവിടെ നിന്ന് രാത്രി പന്ത്രണ്ടരയോടെ ഞങ്ങൾ എന്റെ അമ്മാവന്റെ വീട്ടിലേക്ക് വന്നു. അമ്മയുടെ മരണശേ ഷം എന്നെയും അനിയനെയും നോക്കുന്നത് അമ്മാവനാണ്. പിറ്റേ ദിവസം രാവിലെ ആതിരയും എന്റെ മാമന്മാരും ഏട്ടനും സുഹൃത്തുക്കളുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഇറങ്ങുംമുമ്പ് എന്റെ വീട്ടുകാർ പറഞ്ഞു, ആതിരയ്ക്ക് താലി കെട്ടാൻ. പക്ഷേ, താലിയൊക്കെയിട്ട് പെട്ടെന്നു കാണുമ്പോൾ അച്ഛനും അമ്മയ്ക്കും വിഷമമാകുമെന്ന് അവൾ കരുതി.

brijesh-1

രാവിലെ മുതൽ വൈകിട്ടുവരെ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നു. ഈ സമയത്തൊക്കെ വിമൻസ് ഡെസ്കിൽ ആതിരയ്ക്ക് കൗൺസിലിങ് നൽകുന്നുണ്ടായിരുന്നു. ‘എന്റെ കൂടെയേ വരൂ’ എന്ന നിലപാടിൽ ആതിര ഉറച്ചുനിന്നു. എസ്ഐ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ മാർച്ച് 23നു കൊയിലാണ്ടി നിത്യാനന്ദാശ്രമത്തിൽ വച്ച് വിവാഹം നടത്താൻ തീരുമാനിച്ചു. അതുവരെ ആതിരയെ ഹോസ്റ്റലി ൽ നിർത്തണം എന്നു ഞങ്ങൾ ആവശ്യപ്പെട്ടെങ്കിലും അച്ഛന്റെ ചേട്ടന്റെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് അവർ മുൻകൈയെടുത്തത്.

അവൾ അത് വിശ്വസിച്ചുപോയി

കൊല്ലുമെന്നു പേടിച്ചിട്ടാണ് വീട്ടിലേക്ക് പോകാത്തത് എന്ന് ആതിര പറയുന്നത് കേട്ട് അച്ഛൻ കരഞ്ഞുപറഞ്ഞു, ‘21 വർഷം വളർത്തിയ മോളോട് അച്ഛൻ അങ്ങനെ ചെയ്യുമോ.’ ആ വാക്കുകൾ ആതിര വിശ്വസിച്ചു. അച്ഛനൊപ്പം പോകാമെന്നു അവൾ സമ്മതിച്ചു. അവളെക്കൂട്ടി എസ്ഐയെ കണ്ടു ഞാനൊരു നിബന്ധന വച്ചു. വിവാഹദിവസം വരെ മാനസികമായോ ശാരീരികമായോ ആതിരയ്ക്ക് ഒരു വിഷമവും ഉണ്ടാകാൻ പാടില്ല. ഇക്കാര്യം സ്റ്റേഷൻ രജിസ്റ്ററിൽ എഴുതി ഒപ്പിടീച്ച ശേഷമാണ് ആതിരയെ വിട്ടത്.

ഇതിനിടെ അമ്മയുടെയും അച്ഛന്റെയും രക്ഷിതാക്കൾക്ക് വരാൻ സൗകര്യത്തിനു വേണ്ടി ആതിരയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലേക്ക് കല്യാണം മാറ്റിയിരുന്നു. ഞായറാഴ്ചത്തെ അവധി കൂടി കഴിഞ്ഞ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജോലിക്കു പോകാൻ ആതിര ഒരുങ്ങിയിറങ്ങിയെങ്കിലും അച്ഛൻ തടഞ്ഞു. ജോലിക്കു പോകണമെന്നു പറഞ്ഞ് വാശി പിടിച്ച അവളെ ആന്റി സമാധാനിപ്പിച്ചു, ‘രണ്ടുദിവസം കൂടി കഴിഞ്ഞാൽ ആരെയും പേടിക്കാതെ ജീവിക്കാമല്ലോ.’

ബന്ധുക്കളെയോ അയൽക്കാരെയോ ഒന്നും അതുവരെ വിവാഹത്തിനു ക്ഷണിച്ചിരുന്നില്ല. അന്നുരാത്രി അബി ചേട്ടനും ആന്റിയുമൊക്കെ വിവാഹത്തലേന്ന് വീട്ടിൽ പാർട്ടി നടത്തണമെന്ന് ആഗ്രഹം പറഞ്ഞു. അച്ഛനും അച്ഛന്റെ ചേട്ടനും ഇതിനെ ശക്തമായി എതിർത്തു. വിവാഹത്തിനു പോലും ആരെയും കൊണ്ടുപോകില്ലെന്നും ആതിരയെ അമ്പലത്തിൽ കൊണ്ടുവിട്ടിട്ടു പോരുമെന്നും തറപ്പിച്ചുപറഞ്ഞു. എതിർത്തപ്പോൾ അമ്മയെ തല്ലി.

കല്യാണത്തലേന്ന് രാവിലെ ആതിര വിളിച്ചു, അച്ഛൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വല്ലാതെ പേടി തോന്നുന്നു എന്നും പറഞ്ഞു. ഒരു ദിവസം കൂടിയല്ലേ, കാത്തിരിപ്പ് നാളെ തീരുമല്ലോ എന്നു ഞാൻ സമാധാനിപ്പിച്ചു. ഫോണിൽ ചാർജ് ഇല്ല, കുറച്ചു കഴിഞ്ഞ് വിളിക്കാം എന്നുപറഞ്ഞാണ് ഫോൺ കട്ട് ചെയ്തത്. ഉച്ചകഴിഞ്ഞ് ചേച്ചിയെയും മാമി യെയും കൂട്ടി ഞാൻ താലിമാലയും മറ്റും വാങ്ങാൻ വടകരയിലേക്ക് പോയി. ആറരയോടെ അവിടെയെത്തി വിളിച്ചപ്പോൾ ആതിരയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു, ആന്റിയെ വിളിച്ചപ്പോഴും ഫോൺ എടുക്കുന്നില്ല.

ഏഴുമണിക്ക് എന്റെ വല്യമ്മ വിളിച്ച് ആതിരയുടെ അച്ഛന്റെ പേര് എന്താണെന്നു ചോദിച്ചു. ‘രാജൻ’ എന്നു ഞാൻ മറുപടി പറഞ്ഞതിനു പിന്നാലെ ഫോൺ കട്ടായി. കുറച്ചു കഴിഞ്ഞ് എന്റെ കൂടെ ഉണ്ടായിരുന്ന മാമിക്ക് ഫോൺ വന്നു. അറ്റൻഡ് ചെയ്തതും മാമി പൊട്ടിക്കരഞ്ഞതും ഒന്നിച്ചാണ്. അമ്പരന്നുപോയ ഞാൻ കാര്യം ചോദിച്ചപ്പോൾ അടുത്ത വീട്ടിലെ അമ്മൂമ്മയ്ക്ക് സുഖമില്ല എന്നും വേഗം പോണമെന്നും മാമി പറഞ്ഞു. ‘കല്യാണത്തലേന്ന് അ ച്ഛന്റെ കുത്തേറ്റ് മകൾ മരിച്ചു’എന്ന വാർത്ത വാട്സ്‌ആപ്പിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് എന്റെ ബന്ധുക്കളെല്ലാം അറിഞ്ഞത്.

അപ്പോഴേക്ക് ആതിരയുടെ ബന്ധു വിളിച്ച് ആതിരയ്ക്ക് കുത്തേറ്റെന്നും മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെന്നും പറഞ്ഞു. ആശുപത്രിയിലേക്ക് അപ്പോൾ തന്നെ പോകണമെന്നു പറഞ്ഞെങ്കിലും വീട്ടിൽ ആരും സമ്മതിച്ചില്ല. പിറ്റേദിവസം രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അവളെ കാണാൻ പോയത് മന്ത്രകോടിയും താലിയുമൊക്കെ എടുത്താണ്. അവിടെ വച്ചെങ്കിലും നിശ്ചയിച്ച മുഹൂർത്തത്തിൽ താലി ചാർത്തണമെന്നു ഞാൻ മോഹിച്ചു. പക്ഷേ, അവൾ മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച്....

എപ്പോഴും അവൾക്ക് കാവൽ നിന്നിരുന്ന അബി ഏട്ടനെ നിർബന്ധിച്ച് അയാൾ ജോലിക്ക് പറഞ്ഞുവിടുകയായിരുന്നു. മദ്യലഹരിയിലെത്തി വിവാഹവസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ച ശേഷം കത്തി തിരയുന്നത് കണ്ട് ആന്റി ആതിരയെ തൊട്ടടുത്ത വീട്ടിൽ ഒളിപ്പിച്ചു. അവിടേക്ക് ഓടിയെത്തിയ അയാൾ ആതിരയുടെ നെഞ്ചിലേക്ക് തന്നെ കത്തി കുത്തിയിറക്കി.

ഒന്നും ആഗ്രഹിച്ചിട്ടല്ല. എനിക്ക് ആതിരയെ മാത്രം മതിയായിരുന്നു. പക്ഷേ, ഞങ്ങൾ ഒന്നിക്കുന്നതായിരുന്നു അയാൾക്ക് സഹിക്കാൻ പറ്റാത്തതും. മരണവിവരം അറിഞ്ഞതോടെ പിറ്റേന്നുതന്നെ ജോലിക്കു തിരിച്ചുകയറാൻ യൂണിറ്റിൽ നിന്നു വിളിച്ചു. പക്ഷേ, പോകാൻ തോന്നിയില്ല. ഞാനും ആത്മഹത്യ ചെയ്തു എന്ന മട്ടിൽ ചില ഓൺലൈൻ പത്രങ്ങളിൽ വാർത്ത വന്നു. എല്ലാത്തിനും തുണയായി കൂടെ നിന്ന അമ്മാവന്റെ മകൻ സ്ട്രോക്ക് വന്നു മരിച്ചു. എല്ലാം വിധിയാണ്, സഹിക്കാതെ തരമില്ല. ഞാനൊരു പട്ടാളക്കാരൻ അല്ലായിരുന്നെങ്കിൽ പിടിച്ചുനിൽക്കാനാകാതെ എന്തെങ്കിലുമൊക്കെ ചെയ്തു പോയേനെ. അനിയനു വേണ്ടി ജീവിക്കണം. പിന്നെയെല്ലാം വരുന്നതു പോലെ.

മുമ്പ് ഓരോ കാര്യവും വിളിച്ച് ഓർമിപ്പിക്കാൻ അവളുണ്ടായിരുന്നു. പിറ്റേ ദിവസം ഇടാനുള്ള യൂണിഫോം വരെ എടുത്തുവച്ചോ എന്നു ചോദിച്ചിട്ടേ അവൾ ഫോൺ വയ്ക്കാറുള്ളൂ. ഡിസംബർ 25 ആണ് എന്റെ ജന്മദിനം, ആതിരയുടേത് ഡിസംബർ 23ഉം. രണ്ടും ഒന്നിച്ച് ആഘോഷിക്കാനിരുന്നതാണ്. പക്ഷേ, കൊന്നുകളഞ്ഞില്ലേ, അവളെ...’