Friday 07 August 2020 10:46 AM IST

മുട്ട വിരിയിക്കാനിനി പാടുപെടേണ്ട ; വീട്ടിലിരുന്ന് ഇൻക്യൂബേറ്ററുണ്ടാക്കുന്ന ട്രിക്കുമായിതാ കൃഷിതോട്ടം ഗ്രൂപ്പ്

Roopa Thayabji

Sub Editor

roo1

ലോക് ഡൗൺ തുടങ്ങിയ ശേഷം മിക്കവരും പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. പക്ഷേ, വിളവെടുപ്പെത്തിയിട്ടും ലോക് ഡൗൺ മാറിയില്ല. പിന്നെ മീനിനും മുട്ടയ്ക്കുമൊക്കെ ലോക് ഡൗൺ തടസ്സമായി മാറി. ഊണിന് ഒരു ഓംലെറ്റെങ്കിലുമില്ലാതെ രക്ഷയില്ലാത്തവർക്ക് ഇതാണ് കോഴി വളർത്തൽ തുടങ്ങാൻ പറ്റിയ സമയം.

eg34

മുട്ടയിടുന്ന രണ്ടു കോഴിയുണ്ടെങ്കിൽ അവരെ പൊരുന്നയിരുത്താതെ തന്നെ ഇൻകുബേറ്ററിൽ പുതിയ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാം. കോഴിക്കുഞ്ഞുങ്ങളെ സ്വന്തമായി വിരിയിച്ചെടുക്കാൻ വീട്ടിൽ തന്നെ ഇൻകുബേറ്റർ ഉണ്ടാക്കാനുള്ള വഴിയുമായി വന്നിരിക്കുകയാണ് ലിജോ ജോസഫ് എന്ന യുവകർഷകൻ. ലിജോയുടെ അനുഭവത്തിൽ ഏറ്റവും ചെലവു കുറഞ്ഞ ഇൻകുബേറ്റർ ഉണ്ടാക്കാൻ 750 രൂപയിൽ താഴെയേ ചെലവ് വരൂ. ‘‘ഇൻകുബേറ്ററിനുള്ളിലെ ചൂട് നിയന്ത്രിക്കുന്ന തെർമോസ്റ്റാർട്ടർ ഓൺലൈനിൽ വാങ്ങാം. 600 രൂപയാണ് ഇതിന്റെ വില. പിന്നെ ഫാൻ വാങ്ങുന്നതിന് 80 രൂപ. ബോക്സും ബൾബുമടക്കം ആകെ 750 രൂപയിൽ താഴെയേ ചെലവു വരൂ. ഇൻവെർട്ടർ സംവിധാനം ഉണ്ടെങ്കിൽ 100 ശതമാനവും ഇൻകുബേറ്റർ വിജയിക്കും. ഇൻവെർട്ടർ ഇല്ലാതിരുന്നിട്ടു കൂടി അട വച്ച 11 മുട്ടകളിൽ ഒമ്പതെണ്ണവും വിരിഞ്ഞു കിട്ടി. ബോക്സ് വലുതാക്കിയാൽ ഈ സംവിധാനത്തിൽ 50 മുട്ടകൾ വരെ ഒരേ സമയം വിരിയിച്ചെടുക്കാം.’’

അനുഭവത്തിൽ നിന്ന് ലിജോ പഠിച്ച കാര്യങ്ങൾ ചുവടെ.

∙ അട വച്ച ഒന്നു മുതൽ 18 ദിവസം വരെ ദിവസം മൂന്നുവട്ടം മുട്ട ചെറുതായി തിരിച്ചും മറിച്ചും വയ്ക്കണം.

∙ 18ാം ദിവസം മുതൽ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി തുടങ്ങും. 21 ദിവസം കൊണ്ട് വിരിയൽ പൂർത്തിയാകും.

∙ ഇൻവെർട്ടർ ഇല്ലാത്ത വീടുകളിൽ തുടർച്ചയായി കറന്റു പോകുന്നത് പ്രശ്നമാകാം. കറന്റ് ഇല്ലാത്ത സമയത്ത് ബോക്സ് തുറക്കാതിരിക്കുന്നതാണ് ഇതിനുള്ള പോംവഴി.

∙ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ 21 ദിവസം ബ്രൂഡിങ് ചെയ്യണം. ബോക്സിൽ ബൾഡ് ഇട്ട് ചൂടുനൽകി പാകപ്പെടുത്തുന്ന പ്രക്രിയയാണിത്. പിന്നെയാണ് കുഞ്ഞുങ്ങളെ കൂട്ടിലേക്ക് മാറ്റുന്നത്.

∙ പൂവൻകോഴിയുമായി കൂടിച്ചേർന്നു വളരുന്ന കോഴികളുടെ മുട്ട തന്നെ വേണം അട വയ്ക്കാൻ. അല്ലാത്തവ വിരിഞ്ഞുകിട്ടില്ല.

∙ സ്വന്തം ആവശ്യത്തിനു മാത്രമല്ല, വരുമാനമുണ്ടാക്കാനും പറ്റിയ വഴിയാണ് കോഴി വളർത്തൽ. നാടൻ മുട്ടയ്ക്കും കോഴി കുഞ്ഞുങ്ങൾക്കും നല്ല വില കിട്ടും. കരിങ്കോഴിയുടെ മുട്ടയ്ക്കും കുഞ്ഞുങ്ങൾക്കുമൊക്കെ നല്ല ഡിമാൻഡുണ്ട്. കരിങ്കോഴി മുട്ടകൾ വരെ ഇൻകുബേറ്ററിൽ ഈസിയായി വിരിയിച്ചെടുക്കാം.

കൃഷിത്തോട്ടം ഗ്രൂപ്പിന്റെ യുട്യൂബ് ചാനലിൽ ലിജോ പോസ്റ്റ് ചെയ്ത വിഡിയോ കണ്ട് വീട്ടമ്മമാർ വരെ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കി എന്നു പറയുമ്പോൾ ഇതെത്ര സിംപിൾ ആണെന്നു മനസ്സിലാക്കാമല്ലോ. ലിജോയുടെ ഇൻകുബേറ്റർ വിഡിയോ കാണാനുള്ള ലിങ്ക് ഇതാ

Tags:
  • Spotlight