Tuesday 13 November 2018 02:44 PM IST

വീട്ടിലും ഓഫിസിലും ഒരേ പോലെ തിരക്ക്; സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദം നേരിടാൻ ഈ വഴികൾ

Roopa Thayabji

Sub Editor

office1

രാവിലെ നാലുമണി. അലാറം മുഴങ്ങുമ്പോൾ സോണിയയുടെ ഒരു പ്രവൃത്തിദിവസം തുടങ്ങും. മ ക്കൾക്കും ഭർത്താവിനും തനിക്കും ബ്രേക്ഫാസ്റ്റിനും ലഞ്ചിനുമുള്ളതെല്ലാം ഒരുക്കി, കുട്ടികളെ സ്കൂൾ ബ സിൽ കയറ്റി വിട്ട്, കുളിയൊക്കെ ഒരുവിധത്തിൽ പൂർത്തിയാക്കി ബസ് പിടിക്കാനുള്ള ഓട്ടം. പാഞ്ഞുചെന്ന് ഓഫിസ് സീറ്റിലിരിക്കുമ്പോഴാകും മൊബൈൽ ഫോൺ വീട്ടിലാണെന്ന് അറിയുക. കൃത്യസമയത്ത് മക്കൾ വീട്ടിലെത്തിയോ എന്നറിയാതെ ആധിയോടെ ജോലി ചെയ്യുമ്പോഴേക്കും ബോസിന്റെ ശാസന.
ജോലികൾ തീർത്ത് വീട്ടിലേക്കോടുമ്പോൾ പച്ചക്കറിയുടെയും  മരുന്നിന്റെയും ലിസ്റ്റാണ് മനസ്സിൽ. വീട്ടിലെത്തി അത്താഴം തയാറാക്കി, കുളിച്ച്, മക്കളെ ഹോംവർക്ക് ചെയ്യിച്ച്, നാളത്തെ കറികൾക്കുള്ള പച്ചക്കറികൾ കൂടി നുറുക്കിവച്ച് കട്ടിലി ൽ വീഴുമ്പോഴേക്കും മണി പത്തു കഴിഞ്ഞിരിക്കും. ടെൻഷനുകളൊന്നും അലട്ടാത്ത ഭർത്താവിന് ആ നേരവും  ഭാര്യയുടെ ദുരിതപ്പാച്ചിലിന്റെ ക്ഷീണം മനസ്സിലാകുകയുമില്ല.


റോളുകൾ മാറിമാറി വരുമ്പോൾ മിക്ക സ്ത്രീകളും ദിവസം മുഴുവൻ ചെയ്യുന്ന ജോലികളെ പലരും മൈൻഡ് ചെയ്യാറേയില്ല. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള മനസ്സും മാതാപിതാക്കളും കുഞ്ഞുങ്ങളുമുൾപ്പെടുന്ന കുടുംബത്തിന്റെ ചുമതല വഹിക്കാനുള്ള കഴിവും സ്വതവേ തന്നെ സ്ത്രീകൾക്കുണ്ട്. അതിനാൽ ചുറുചുറുക്കോടെ ജോലി ചെയ്ത് അവർ ഓഫിസിലും തിളങ്ങും. പക്ഷേ, ‘എറൗണ്ട് ദ് ക്ലോക്ക്’ ജോലികൾക്കിടെ ആരോടും മിണ്ടാതെയും ചിരിക്കാതെയും ഇവർ നടക്കാറില്ലേ. വിഷമിപ്പിക്കുന്ന കാര്യങ്ങൾ ചോദിച്ച് ടെൻഷൻ കൂട്ടേണ്ടെന്നു കരുതി ആരും കാരണം തിരക്കാറില്ല. സമ്മർദവും ടെൻഷനും സഹിക്കാനാകാതെ ആത്മഹത്യയ്ക്കു ശ്രമിക്കുമ്പോഴാണ് ഇത്ര ടെൻഷനുണ്ടായിരുന്നെന്നു പലരും തിരിച്ചറിയുന്നത്.


ജോലിയും വീടും ഒന്നിച്ചു കൊണ്ടുപോകുമ്പോൾ ഇടയ് ക്കുള്ള പാളംതെറ്റലുകൾ പതിവാണ്. അന്തർദേശീയ മാനസികാരോഗ്യ ദിനത്തിന്റെ ഈ വർഷത്തെ ആശയം ‘തൊഴിലിടവും മാനസികാരോഗ്യവും’ എന്നതാണ്. മാനസികാരോഗ്യത്തെ നിർണയിക്കുന്ന ഘടകങ്ങൾ സ്ത്രീകളിലും പുരുഷൻമാരിലും പലതരത്തിലാണ്. രോഗം വരാനുള്ള കാരണം, സാധ്യത, തീവ്രത തുടങ്ങിയവ ഇതിനാൽ മാറിമാറി വരും. മാനസിക രോഗങ്ങളിൽ ഒന്നാം സ്ഥാനമുള്ള വിഷാദത്തിനു പുരുഷൻമാരെ അപേക്ഷിച്ച്, സ്ത്രീകളിലുള്ള സാധ്യത ഇരട്ടിയാണ്. പുരുഷൻമാരേക്കാൾ വൈകാരികമായി സ്ത്രീകൾ കാര്യങ്ങളെ സമീപിക്കുന്നതിനാൽ ചെറിയ പ്രശ്നങ്ങളുടെ പേരിൽ അമിതമായി ടെൻഷനടിക്കുന്നതും ജോലികളുടെ പാളം തെറ്റുന്നതും പതിവാണ്. ഈ സാഹചര്യത്തിൽ ഓഫിസ് ടെൻഷനെ ഈസിയായി അഭിമുഖീകരിക്കാനുള്ള വഴികൾ അറിയുക.


ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം


∙ ചെറിയ കാര്യങ്ങൾക്കു പോലും പെട്ടെന്ന് ദേഷ്യം വരിക, ദേഷ്യം വരുമ്പോൾ മുറുമുറുക്കുക, ആരോടെന്നില്ലാതെ പഴി പറയുക, മുഷ്ടി ചുരുട്ടുക, പല്ലിറുമ്മുക.
∙ പതിവായി അവധിയെടുക്കുക, താമസിച്ച് എത്തുക, ജോലിയിൽ അശ്രദ്ധ, ഒരു ജോലി ചെയ്തുതീര്‍ക്കാന്‍ എത്ര സമയമെടുക്കും എന്ന് ഊഹിക്കാന്‍ കഴിയാതിരിക്കുക.
∙ നേരത്തേ നന്നായി സംസാരിച്ചിരുന്നവർക്കു പോലും പെട്ടെന്നു സംസാരം കുറയുക. ഉറക്കവും വിശപ്പും കുറയുന്നതും കൂടുന്നതും ടെൻഷന്റെ ലക്ഷണമാണ്.
∙ യാത്രകളോടും  ഉല്ലാസദിനങ്ങളോടും താൽപര്യം കുറയുക. അത്തരം അവസരങ്ങളിൽ തലവേദന, പേശീവേദന, ക്ഷീണം, ഉറക്കക്കുറവ്, പുറംവേദന, വിഷാദം എന്നിവ പ്രകടിപ്പിക്കുക.
∙ സഹപ്രവർത്തകരോ സുഹൃത്തുക്കളോ തന്നെക്കുറിച്ച് കുറ്റം പറയുന്നുണ്ടാകുമോ എന്നാലോചിച്ച് വിഷമിക്കുക. ഇക്കാരണം കൊണ്ട് അവരിൽ നിന്ന് അകന്നുനിൽക്കുക.
∙ പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും മറന്നുപോകുക, നിർദേശങ്ങൾ ഓര്‍മിച്ചുവയ്ക്കാന്‍ പറ്റാതിരിക്കുക, അശ്രദ്ധമായി വണ്ടിയോടിക്കുക, വീണ്ടുവിചാരമില്ലാതെ കാശു ചെലവാക്കുക.
∙എപ്പോഴും സങ്കടപ്പെട്ടിരിക്കുക, തന്നെക്കൊണ്ട് ഒന്നിനും കഴിവില്ലെന്ന തോന്നൽ ഉണ്ടാകുക. ഇവയിലേതു ലക്ഷണവും രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടണം.


ജോലി ചെയ്യുമ്പോൾ മനസ്സിലെന്താണ് ?


ഓഫിസ് ജോലിക്കിടയിലും വീട്ടിൽ അസുഖമായി കിടക്കുന്ന കുഞ്ഞിനെക്കുറിച്ചോ ഹോം ലോൺ അടയ്ക്കാനുള്ള നെട്ടോട്ടത്തെ കുറിച്ചോ ആലോചിച്ച് മാനസിക സമ്മർദത്തിലാകുന്നത് സ്ത്രീകളുടെ സഹജസ്വഭാവമാണ്. അതിനൊപ്പം ജോലിസ്ഥലത്തെ പ്രയാസങ്ങളും ചേരുമ്പോൾ ടെൻഷൻ ഇരട്ടിക്കും.
∙ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തുതീർക്കേണ്ട ജോലിയെ കുറിച്ചുള്ള ചിന്തയും ജോലിസ്ഥലത്തെ ഉയർന്ന ചൂട്, ഫാക്ടറികളിലെയും മറ്റും ശബ്ദകോലാഹലങ്ങൾ തുടങ്ങിയവയെല്ലാം സമ്മർദമുണ്ടാക്കും.  
∙ ജോലിയുടെ ആവർത്തന സ്വഭാവവും, ജോലിസ്ഥിരതയെക്കുറിച്ചുള്ള ആശങ്കയും, സ്ഥാനക്കയറ്റം സംബന്ധിച്ച ബുദ്ധിമുട്ടുകളും പലരെയും ഉത്കണ്ഠാകുലരാക്കും.
∙ മേലധികാരിയുമായി നല്ല ബന്ധം രൂപപ്പെടുത്താൻ കഴിയാത്തത് സ്വൈര്യമായി ജോലി ചെയ്യുന്നതിനു തടസ്സമാകാം.
∙ സഹപ്രവർത്തകരുടെ അസൂയയും പരദൂഷണവും പലരെയും  പ്രശ്നത്തിലാക്കും. തന്റെ കുറ്റം കണ്ടുപിടിക്കാനുള്ള വെമ്പലിലാണ് ചുറ്റുമുള്ളവർ എന്ന ആലോചന പോലും സമ്മർദമുണ്ടാക്കും.

office2


ഗർഭകാലവും ജോലിയും


ജോലിസംബന്ധമായ പിരിമുറുക്കങ്ങള്‍ ഗര്‍ഭകാല ആരോഗ്യത്തേയും, കുഞ്ഞിന്റെ ഭാവിയിലെ മാനസിക വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ജോലിയും ഗര്‍ഭകാലവും സമന്വയിപ്പിച്ചു കൊണ്ടുപോകാന്‍ പരിശീലിക്കണം.
∙ ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂ ലം ശ്രദ്ധയില്ലായ്മ, കാര്യങ്ങള്‍ മറന്നുപോകാനുള്ള സാധ്യത എന്നിവ കൂടുതലാണ്. അതിനാൽ ചെയ്യേണ്ട കാര്യങ്ങൾ ഓർത്തു കുറിച്ചുവയ്ക്കുക. ചെക്ക്‌ലിസ്റ്റ് പ്രകാരമുള്ള ജോലികൾ സമയത്തിനുള്ളിൽ തീർക്കാൻ ശ്രദ്ധിക്കുക.
∙ രാവിലെ ധൃതിപിടിച്ച് പുറപ്പെടുന്ന സ്വഭാവം മാറ്റുക. ധൃതിപിടിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് ഛര്‍ദി കൂടാനിടയാക്കും.
∙ രാത്രി നന്നായി ഉറങ്ങുക. അമിതമായ സമ്മര്‍ദം, ജോലി സംബന്ധമായ പിരിമുറുക്കം എന്നിവ ഉള്ളവരിലാണ് ഗര്‍ഭകാലപ്രശ്നങ്ങളും ഉണ്ടാകുന്നത്.

കു‍ടുംബത്തിൽ നിന്നു ദൂരെ


കുടുംബത്തിൽ നിന്നു മാറി ദൂരെ സ്ഥലത്ത് ജോലി ചെയ്യുന്നതിന്റെ ഉത്കണ്ഠ ജോലിസംബന്ധമായ പ്രശ്നങ്ങളിലേക്ക് വ ഴിയൊരുക്കാം.
∙ പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാനുള്ള പ്രയാസം, ജോലിഭാരം, ഒറ്റപ്പെടല്‍ തുടങ്ങിയവയാണ് സംഘര്‍ഷങ്ങൾക്ക് കാരണം. കുടുംബത്തെ ഓർത്തുള്ള നഷ്ടബോധം പലരെയും വിഷാദത്തിലേക്കു നയിക്കും. ഇത് ജോലിയിൽ അശ്രദ്ധയും തെറ്റുകളും വരുത്താനിടയാക്കും. ഇതിന്റെ പേരിൽ കിട്ടുന്ന ശാസനകൾ പലരേയും തൊഴിൽ ഉപേക്ഷിക്കാൻ വരെ പ്രേരിപ്പിക്കും.
∙ തൊഴിൽ സംഘര്‍ഷങ്ങൾക്കിടയിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്ക് പ്രസക്തിയില്ലാതാകുന്നതോടെ ഇവരുടെ ശാരീരികാരോഗ്യവും താറുമാറാകുന്നു.
∙ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവർക്ക് സമ്മർദം, ശരീരഭാരം വർധിക്കുക തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണ്. ഉറക്കം ശരിയാകാത്തതും പകലുറക്കവും ലൈഫ്സ്റ്റൈൽ ബാലൻസ് തെറ്റിക്കുന്നതാണ് കാരണം.


ജോലിയോട് പേടിയോ


മാനസിക ബുദ്ധിമുട്ടുകളുള്ള സ്ത്രീകൾക്ക് തൊഴിലിൽ ശ്രദ്ധ കുറയുന്നത് മറ്റു പ്രശ്നങ്ങളിലേക്കു നയിക്കും.
∙ ജോലിസ്ഥലത്ത് പ്രശ്നങ്ങളുണ്ടാകുമെന്ന ഭയത്തില്‍ നിന്ന് അകല്‍ച്ച രൂപപ്പെടും. ജോലിയോടുള്ള പേടിയായി ഇത് മാറാൻ സാധ്യതയുണ്ട്. ജോലി ചെയ്യാന്‍ മടി തോന്നുക, കൃത്യമായി പൂർത്തിയാക്കാനാകുമോ എന്ന് ഉത്കണ്ഠയുണ്ടാകുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
∙ ജോലി നഷ്ടപ്പെടുമോ എന്ന അമിതമായ ഉത്കണ്ഠ വിഷാ ദത്തിലേക്ക് നയിക്കും. ജോലി ചെയ്യാൻ പേടിച്ച് അവധിയെടുക്കുന്നത് ഇത്തരക്കാരാണ്. നിരന്തരം അവധിയെടുക്കുന്നതുമൂലം ശിക്ഷാനടപടിക്ക് വിധേയമാകുന്നതോടെ പ്രശ്നങ്ങൾ രൂക്ഷമാകും.
∙ മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്ന ചിന്തയാണ് മിക്കവരെയും ടെൻഷനിലാക്കുന്നത്. മേലധികാരിയോടാവശ്യപ്പെട്ട് സ്വകാര്യമായ ഇരിപ്പിടത്തിലേക്ക് മാറാം.

ചികിത്സിക്കാൻ മടിക്കേണ്ട


വീട്, സമൂഹം, ജോലിസ്ഥലം എന്നിവിടങ്ങളിലെല്ലാം രണ്ടാം സ്ഥാനക്കാരായി പരിഗണിക്കുന്നതും  സ്ത്രീകളെ മാനസിക സമ്മർദത്തിലേക്കും വിഷാദത്തിലേക്കും നയിക്കും.
∙ വിഷാദം പല വിധമുണ്ട്. ലഘുവിഷാദം, തീവ്ര വിഷാദം, ഡിപ്രസീവ് ഡിസോഡർ, ബൈപോളാർ ഡിപ്രഷൻ, വളർച്ചയുടെ ഘട്ടങ്ങൾ ഉൾക്കൊള്ളാനുള്ള പ്രയാസം, ആർത്തവവിരാമത്തോട് അനുബന്ധിച്ചും പ്രസവശേഷവും ഉണ്ടാകുന്നത്, വാർധക്യത്തിലെ ഒറ്റപ്പെടല്‍, രോഗങ്ങൾ തുടങ്ങിയവ ഉദാഹരണം. ഇവയോടൊപ്പം ഓഫിസ് ടെൻഷൻ കൂടിയാകുമ്പോൾ പ്രശ്നങ്ങൾ ഇരട്ടിക്കും.
∙ സുഹൃത്തുക്കളോടോ, സഹപ്രവര്‍ത്തരോടോ ചിന്തകളും പ്രയാസങ്ങളും പങ്കുവയ്ക്കണം. എന്നിട്ടും പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുണ്ടെങ്കിൽ ട്രെയിൻഡ് കൗണ്‍സലിങ് വിദഗ്ധനെ (സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്) കാണാം. പ്രശ്നങ്ങൾ വിശകലനം ചെയ്യാനും പരിഹരിക്കാനും കൗൺസലിങ്ങും സൈക്കോതെറാപ്പിയും സഹായിക്കും. തീവ്രമായ ബുദ്ധിമുട്ടുള്ളവർക്ക് മരുന്നുകള്‍ വേണ്ടിവരും.
∙ ആത്മവിശ്വാസമില്ലായ്മയാണ് പേടിയിൽ കലാശിക്കുന്നത്. സന്തോഷം, സമാധാനം, സംതൃപ്തി എന്നിവയ്ക്കു മനസ്സിൽ സ്ഥാനം നൽകാൻ സൗഹൃദങ്ങളിലൂടെ കഴിയും.
∙ മെഡിറ്റേഷൻ, യോഗ എന്നിവ പതിവാക്കിയാൽ മനസ്സിനെ കൈപ്പിടിയിലൊതുക്കാം. മനസ്സിന്റെ ആരോഗ്യത്തിന് വ്യായാമവും  പ്രധാനമാണ്. നടക്കുക, പടികൾ കയറുക തുടങ്ങിയ ചെറുവ്യായാമങ്ങൾ ശരീരം ഊർജസ്വലമാക്കുന്നതോടൊപ്പം മനസ്സിനെ ഉന്മേഷഭരിതവുമാക്കും.

ശ്രദ്ധയില്ലായ്മ മറികടക്കാം


∙ മീറ്റിങ്ങുകളിലും മറ്റും മുൻനിരയിലോ സംസാരിക്കുന്നയാളിന്റെ തൊട്ടടുത്ത സീറ്റിലോ ഇരിക്കുക. ബോസിന്റെ നിർദേശങ്ങൾ കേട്ടശേഷം നിങ്ങൾക്കു മനസ്സിലായ കാര്യങ്ങൾ തിരിച്ചുപറഞ്ഞ് ഉറപ്പാക്കുക.
∙ ചെയ്തുതീര്‍ക്കാനുള്ള ഓരോ കാര്യങ്ങള്‍ക്കും സമയം നിശ്ചയിക്കുക. ടൈം മാനേജ്മെന്റിനു സെല്‍ഫോണിലെ റിമൈൻഡർ, പ്ലാനർ തുടങ്ങിയവ വിനിയോഗിക്കാം.


വിവരങ്ങൾക്ക് കടപ്പാട്: ഡോ. ചിത്ര വെങ്കിടേശ്വരൻ, ക്ലിനിക്കൽ ഡയറക്ടർ, മെഹക് ഫൗണ്ടേഷൻ, കൊച്ചി