Friday 27 September 2019 05:55 PM IST

യുകെയിൽ നഴ്സാകാൻ ഐഇഎൽടിഎസ് വേണ്ട! സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ

Binsha Muhammed

ielts

യുകെയിലെ സ്വപ്ന ജോലിക്ക് കുപ്പായം തുന്നിയിരിക്കുന്നവർക്ക് മുന്നിലുള്ള പ്രധാന കടമ്പയാണ് ഐഇഎൽടിഎസ് പരീക്ഷ (IELTS). ഡോക്ടർമാർ, നഴ്സുമാർ, മറ്റ് വർക്കിങ് പ്രൊഫഷണലുകൾ‌ എന്നു വേണ്ട കടൽ കടന്ന് യുകെയിലേക്ക് ചേക്കേറമെങ്കിൽ ഈ പരീക്ഷ നിർബന്ധം. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുകെയിലെ നഴ്സിങ് രജിസ്ട്രേഷന് ഐഇഎൽടിഎസ് പരീക്ഷ പറ്റില്ലെന്നും പകരം ഒഇടി എന്ന പരീക്ഷയാണ് വേണ്ടതെന്നുമുള്ള ഒരു പ്രചാരണം കൊണ്ടുപിടിച്ചു നടക്കുകയാണ്. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട പത്രങ്ങൾ കൂടി സംഭവം വാർത്തയാക്കിയതാടെ ഐഎൽടിഎസ് സർട്ടിഫിക്കേറ്റുമായി ജോലിക്കിറങ്ങി തിരിച്ചവർ അങ്കലാപ്പിലായി. സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാതെ പ്രചാരണം കൊഴുക്കുമ്പോൾ നിജസ്ഥിതി അന്വേഷിക്കുകയാണ് ‘വനിത ഓൺലൈൻ’.

എന്താണ് ഐഎൽടിഎസ്, ഒഇടി?

യുകെയിലേക്ക് വർക് പെർമിറ്റ് വിസയിലേക്ക് എത്തണമെങ്കിൽ വിസ എടുക്കുന്നതിലേക്ക് ആവശ്യമായ അടിസ്ഥാന ഭാഷാ പരിജ്ഞാന കോഴ്സുകളാണ് ഐഎൽടിഎസും ഒഇടിയും. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് പ്രൊഫഷണലുകൾ എല്ലാം അവരുടെ പ്രൊഫഷണൽ രജിസ്ട്രേഷനു വേണ്ടിയാണ് ഈ യോഗ്യത നേടുന്നത്. ഉദാഹരണത്തിന് നഴ്സുമാർക്ക് നഴ്സിങ് മിഡ്‍വൈഫറി കൗൺസിൽ രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ അവർക്ക് ഐഎൽടിഎസ് പാസാകണം. ഡോക്ടർമാർ‌ക്ക് ജനറൽ മെഡിക്കൽ കൗണ്‍സിൽ (GMC) രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ അവരും ഐഎൽടിഎസ് പാസായേ തീരൂ. – ഐഎൽടിഎസ് പരിശീലനം നൽകുന്ന ദർശന അക്കാദമി പ്രിൻസിപ്പൽ ഷാജി തോമസ് പറയുന്നു.

i

പ്രചാരണവും സത്യവും

യുകെയിലേക്ക് നഴ്സിംഗ് രജിസ്ട്രേഷന് ഇനിമുതൽ IELTS പരീക്ഷ പറ്റില്ല ഇല്ല മറിച്ച് OET ആണ് വേണ്ടത് എന്നാണ് പ്രചാരണം. പ്രചാരണം പത്രങ്ങളും ഏറ്റെടുത്തതോടെ ഉദ്യോഗാർത്ഥികളുടെ ആശങ്ക ഇരട്ടിയായി. എന്നാൽ നിജസ്ഥിതി എന്തെന്നാൽ‌ IELTS അല്ലെങ്കിൽ OET എന്നീ പരീക്ഷകളിൽ ഏതെങ്കിലും ഒന്ന് പാസായാൽ മതി എന്നുള്ളതാണ്. കൂടാതെ മുൻപ് നഴ്സുമാർക്ക് വിസക്ക് വേണ്ടി ആവശ്യമായിരുന്ന UKVI പരീക്ഷ എടുത്തു മാറ്റിയിട്ടുമുണ്ട്. ഇനിമുതൽ ആവശ്യം ഒന്നുകിൽ IELTS അല്ലെങ്കിൽ OET. അല്ലാതെ UKVI യുകെ ജോലിക്ക് ആവശ്യമില്ലെന്ന് സാരം. ഐഎൽടിഎസ് തന്നെ വിസ നടപടി ക്രമങ്ങൾക്കും ഉപയോഗിക്കാം എന്നതാണ് പുതിയ നിയമം. മാത്രമല്ല, ഒരുഐഎൽടിഎസ് എടുക്കുന്നതു കൊണ്ട് രണ്ടാമതായി ഒന്ന് എടുക്കേണ്ടെന്നും പുതിയ നിയമത്തിലുണ്ട്. ഈ നിയമഭേദഗതിയാണ് പത്രങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തെറ്റായി പ്രചരിക്കുന്നതെന്ന് യുകെ മാഞ്ചസ്റ്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏലൂർ കൺസൽട്ടൻസി സിഇഒ മാത്യു ജയിംസും വ്യക്തമാക്കുന്നു.