'തടിച്ച ശരീരമാണ്... കറുത്ത നിറമാണ്... മുടി കുറവാണ്.'
മാറ്റിനിര്‍ത്തപ്പെടലുകളുടെ ലോകത്ത് മുഴങ്ങി കേള്‍ക്കുന്ന പതിവു പല്ലവികള്‍ ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. ലൈം ലൈറ്റുകള്‍ക്കും ക്യാമറകണ്ണുകള്‍ക്കും പ്രിയം വെളുത്ത് തുടുത്ത് സീറോ സൈസില്‍ നില്‍ക്കുന്ന സുന്ദന്ദരിമാരെയാണത്രേ. അവഗണനകളുടെ ഫ്രെയിമുകള്‍ വിട്ട് പുറത്തേക്കിറങ്ങിയാലും ഉണ്ട് അപകടം. തടിച്ചവരേയും കറുത്തവരേയും എന്തിനേറെ മുഖത്തൊരു കാക്കപ്പുള്ളി ഉള്ളവരെ പോലും ബോഡി ഷെയ്മിങ്ങ് നടത്തി ആഘോഷിക്കും നമ്മുടെ സോഷ്യല്‍ മീഡിയ. പഴകിയ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ നിന്നും മലയാളിക്ക് വണ്ടി കിട്ടി വരുന്നതേയുള്ളൂ.
പക്ഷേ അതിനൊന്നും കാത്തു നില്‍ക്കാന്‍ ഇവിടെയൊരാള്‍ ഒരുക്കമല്ല. മെലിഞ്ഞുണങ്ങിയ മോഡലുകളാണ് ഫാഷന്റേയും മോഡലിങ്ങിന്റേയും മുഖമെന്ന അലിഖിത നിയമങ്ങളെ ഇവിടെയിതാ ഒരു തന്റേടിപ്പെണ്ണ് പൊളിച്ചെഴുതുകയാണ്. തന്റെ തടിച്ച ശരീരം സ്വപ്‌നങ്ങള്‍ക്ക് തടസമാകില്ല എന്ന് ആദ്യം മനസിനോടും പിന്നെ അവളെ തഴഞ്ഞ സമൂഹത്തിനോടും ഉറക്കെ വിളിച്ചു പറഞ്ഞ് അവള്‍ ക്യാമറയ്ക്കു മുന്നിലെത്തിയിരിക്കുന്നു. ഉടുമ്പന്‍ചോലയുടെ വശ്യമനോഹാരിതയില്‍ അവള്‍ പോസ് ചെയ്തപ്പോള്‍ പഴയ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ഉടഞ്ഞു വീണു. എങ്ങനെ സാധിച്ചുവെന്ന് കളിയാക്കിയവരും അവഗണിച്ചവരും പ്രിയപ്പെട്ടവരും ഒരേ സ്വരത്തില്‍ ചോദിക്കുമ്പോള്‍ കൊച്ചിക്കാരിയായ ഇന്ദുജ ഇങ്ങനെ മറുപടി പറയും.
' ആ ചിത്രങ്ങളില്‍ കാണുന്നത് എന്റെ മനസാണ്. തടിച്ച ശരീരങ്ങളെ കോമാളിയായി കാണുന്നവര്‍ ചിലപ്പോള്‍ അതു കണ്ടുവെന്നു വരില്ല. 108 കിലോ ശരീരഭാരവും വച്ച് ഉടുമ്പന്‍ ചോലയിലെ കുന്നും മലയും ചെരിവും താണ്ടി ഞാനെത്തിയത് എന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടിയാണ്. എന്നെ അവിടെ എത്തിച്ചതും അതേ മനസ്'- ഇന്ദുജ പറയുന്നു.
കളിയാക്കവരെ കൊണ്ട് കയ്യടിപ്പിച്ച് ഇന്ദുജയുടെ വേട്ടക്കാരി ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ലൈക്കിലേറുമ്പോള്‍ വൈറല്‍ മോഡല്‍ വനിത ഓണ്‍ലൈനോട് മനസു തുറക്കുകയാണ്. ഉടുമ്പന്‍ചോലയോളം ഉയരത്തിലേറിയ ആത്മവിശ്വാസത്തിന്റേയും സ്വപ്‌നങ്ങളുടേയും കഥ ഇരുപത്തിയേഴുകാരി ഇന്ദുജ പറയുന്നു.
അവഗണനയുടെ നാളുകള്‍
സിനിമയും മോഡലിങ്ങും സ്വപ്‌നമായി കണ്ട പെണ്ണ് തന്നെയാണ് ഞാന്‍. പക്ഷേ അതിന് എന്റെ തടി തടസമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പക്ഷേ തടിയുള്ളവര്‍ ഈ പണിക്ക് പറ്റില്ല എന്ന് കരുതിയുറപ്പിച്ചവര്‍ മറുവശത്തുണ്ടായിരുന്നു. അവരെന്റെ സ്വപ്‌നങ്ങള്‍ക്ക് പണ്ടേ കട്ട് പറഞ്ഞു. പക്ഷേ വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.- ഇന്ദുജ പറഞ്ഞു തുടങ്ങുകയാണ്.

എത്രയോ സിനിമാ ഓഡിഷനുകള്‍, ഡാന്‍സ് പെര്‍ഫോമന്‍സുകള്‍. എല്ലാത്തില്‍ നിന്നും എന്നെ ഒഴിവാക്കി. ഒറ്റക്കാരണം, തടി! ചിലര്‍ക്കൊക്കെ തടി എന്ന് പറഞ്ഞാല്‍ കോമാളി വേഷം മാത്രമാണ്. സിനിമയില്‍ ആയാലും അങ്ങനെ തന്നെ. തമാശയിലും കക്ഷി അമ്മിണിപ്പിള്ളയിലുമൊക്കെ തടിയുള്ളവരുടെ വിഷമങ്ങള്‍ ഗൗരവമായി തന്നെ പറഞ്ഞു വച്ചു. അതെല്ലാം തടി പ്രമേയമായ സിനിമകള്‍. പക്ഷേ മറ്റ് ചിത്രങ്ങളിലേക്ക് തടിയുള്ള ഒരാളെ പരിഗണിക്കേണ്ടി വരുമ്പോള്‍ പലരുടേയും മുഖം മാറും. ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം എന്ന് പറഞ്ഞ് തിരിച്ചയക്കും.
സിനിമാക്കാര്‍ പോട്ടെ, മറ്റുള്ളവരും തടിയുള്ളവരെ പരിഹാസത്തോടെയാണ് കാണുന്നത്. ഭക്ഷണം ഒരുപാട് കഴിക്കുന്നത് കൊണ്ടാണ് ഇങ്ങനെ തടി വയ്ക്കുന്നത് എന്നാണ് പലരും കരുതുന്നത്. അങ്ങനെയല്ലാ...ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും തടികൂടും എന്ന് ഇത്തരക്കാരെ പറഞ്ഞ് മനസിലാക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണ്.എന്തിനേറെ പറയണം. വല്ലതും കഴിക്കാനെടുക്കുമ്പോള്‍ വീട്ടുകാരും പറയും കുറച്ച് കഴിക്ക്... നീയൊന്ന് വണ്ണം കുറയ്ക്ക് ഇന്ദൂ... എന്നൊക്കെ. അപ്പോഴൊക്കെ മനസു വല്ലാതെ നോവുന്നുണ്ടായിരുന്നു.
139 കിലോ ആയിരുന്നു മുന്‍പ് ന്റെ ഭാരം. അന്നേരം ചെറിയ അപകര്‍ഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഭക്ഷണം കൃത്യസമയത്ത് കഴിച്ചും, അരി ഭക്ഷണങ്ങള്‍ നിയന്ത്രിച്ചുമാണ് അന്ന് ഞാന്‍ തടിയെ നിലയ്ക്കു നിര്‍ത്തിയത്. ഒരു സമയത്ത് കഴിക്കാതെ മറ്റൊരു സമയത്ത് നന്നായി കഴിച്ചതാകാം എന്റെ തടികൂടാനുള്ള കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതോടെയാണ് ഭക്ഷണത്തില്‍ കൃത്യനിഷ്ഠ പുലര്‍ത്തിയത്. ആ പരിശ്രമം എന്നെ 86കിലോയിലെത്തിത്തിച്ചു. പക്ഷേ ലോക് ഡൗണായതോടെ വീണ്ടും തടിപിടിവിട്ടു. 108 കിലോയിലേക്കെത്തി. പക്ഷേ ആ പഴയ അപകര്‍ഷതാ ബോധം ഇപ്പോള്‍ എന്നിലില്ല. ഈ തടി എന്റെ മനസിനെ സ്വാധീനിക്കുന്നില്ല... എന്റെ സ്വപ്‌നങ്ങളെ സ്വാധീനിക്കുന്നില്ല. . അന്നും ഇന്നും ഞാന്‍ മുന്നോട്ടു പോകുന്നത് ഞാനായിട്ട് തന്നെ ഉണ്ടാക്കിയെടുത്ത ആത്മവിശ്വാസത്തിന്റെ കരുത്തിലാണ്. തടിയുള്ളവര്‍ക്കും ഇവിടെ സ്ഥാനമുണ്ടെന്നും എന്തെങ്കിലും ചെയ്യാനാകും എന്ന ബോധ്യം എനിക്കുണ്ട്. സാഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ കളിയാക്കിയവര്‍ തുറന്നു പറയുന്നുണ്ട്, നിന്റെ ആത്മവിശ്വാസം നിന്നെ നയിക്കുന്നു ഇന്ദൂ എന്ന്.'

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ വേട്ടക്കാരി
പ്രശാന്ത് ബാലചന്ദ്രന്‍ എന്ന ഫൊട്ടോഗ്രാഫര്‍ക്കാണ് ഞാനീ ഫൊട്ടോയുടെ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത്. അലങ്കാരങ്ങളോ കൃത്രിമത്വങ്ങളോ ഇല്ലാത്ത നാച്ചുറല്‍ ഫൊട്ടോഗ്രാഫറാണ് അദ്ദേഹം. അദ്ദേഹം പകര്‍ത്തിയ വൈറല്‍ ചിത്രങ്ങള്‍ മുന്‍പും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അങ്ങനെ തുടങ്ങിയ സൗഹൃദമാണ്. പുതിയ ഫൊട്ടോയ്ക്കായി ആഗ്രഹം പറയുമ്പോള്‍ അദ്ദേഹമാണ് പറഞ്ഞത്, അധികം എക്‌പോസ്ഡ് ആകാത്ത എന്നാല്‍ ആറ്റിറ്റിയൂഡ് ഉള്ള ഫൊട്ടോസ് ട്രൈ ചെയ്യാമെന്ന്. ഒരേസമയം ബോള്‍ഡ് ലുക്കും നാച്ചുറല്‍ ഫീലുമുള്ള ചിത്രങ്ങള്‍ വേണമെന്ന് തോന്നി. ആ ചിന്തയാണ് വേട്ടക്കാരി ലുക്കില്‍ എന്നെ എത്തിച്ചത്. ഉടുമ്പന്‍ചോലയില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്റെ അടുത്ത സുഹൃത്തായ അജു അദ്ദേഹത്തിന്‍റെ സുഹൃത്ത് ആശിഷ് വര്‍ഗീസിന്‍റെ സഹായത്തോടെ ഉടുമ്പന്‍ചോലയിലെ മനോഹരമായ ലൊക്കേഷന്‍ ഫിക്സ് ചെയ്തു. ആശിഷിന്‍റെ ഉടമസ്ഥതയിലുള്ള റൈഡര്‍ വില്ല എന്ന റിസോര്‍ട്ടിലായിരുന്നു ഷൂട്ട്. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും സമയം ചെലവഴിച്ചും ഞങ്ങളെ അവിടെ എത്തിച്ച ആശിഷിനോടും അജുവിനോടും നന്ദി പറഞ്ഞാല്‍ തീരില്ല.
എന്തായാലും ഞാന്‍ മനസില്‍ വിചാരിച്ചതിനേക്കാളും മനോഹരമായി ആ ചിത്രങ്ങള്‍ പിറവിയെടുത്തു. അത് ഏറ്റെടുത്തവരോട് നന്ദി. തടിയുള്ളവരെ ദഹിക്കാത്തവര്‍ വിമര്‍ശനങ്ങള്‍ തുടരട്ടേ. എനിക്കവരെ മൈന്‍ഡ് ചെയ്യാന്‍ നേരമില്ല. ഞാനെന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെയാണ്.
തൊട്ടപ്പന്‍, വികൃതി എന്നീ രണ്ട് ചിത്രങ്ങില്‍ തലകാണിച്ചിട്ടുണ്ട. കൂടുതല്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു. വികൃതിയില്‍ തടിയുള്ള, നന്നായി ഭക്ഷണം കഴിക്കുന്ന സീനില്‍ തന്നെയാണ് ഞാനുള്ളത്. കഴിക്കുന്ന വിഡിയോ ഗ്രൂപ്പില്‍ ഇടാം എന്ന് നായിക പറയുമ്പോള്‍ വേണ്ട വിട്ടേക്ക്... എന്ന് സൗബിന്‍ പറയുന്നുണ്ട്. ആ സീന്‍ നല്ലൊരു സന്ദേശം നല്‍കിയാണ് അവസാനിക്കുന്നത്. ഇരുമ്പനമാണ് എന്റെ സ്വദേശം. അച്ഛന്‍ പ്രകാശ് മരണപ്പെട്ടു. അമ്മ ഗീത, സഹോദരി സിന്ധു- ഇന്ദുജ പറഞ്ഞു നിര്‍ത്തി.