കപ്പിള്‍ ചലഞ്ച്... ചിരി ചലഞ്ച്... ഫാമിലി ചലഞ്ച്...! മലയാളിയുടെ സോഷ്യല്‍ മീഡിയവാളില്‍ നിറയാന്‍ ഇനി ചലഞ്ചുകളൊന്നും ബാക്കിയില്ല. എവിടെതിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം പൂത്ത മരങ്ങളെന്നു പറഞ്ഞ മാതിരി ചലഞ്ചുകളുടെ ബഹളമാണ്. ആരും വെല്ലുവിളിച്ചില്ലെങ്കിലും 'ദേ കണ്ടോ ഞങ്ങടെ ചലഞ്ച്' എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇപ്പോഴും ഹാഷ്ടാ്ഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒഴുകി കൊണ്ടേയിരിക്കുന്നു. നിറമുള്ള യൗവനങ്ങള്‍ അങ്ങനെ ചലഞ്ചുകളായി സോഷ്യല്‍ മീഡിയ ഭരിക്കുമ്പോള്‍ ഇതാ ഒരു വേറിട്ട സ്‌നേഹ ചിത്രം.
കഥ തുടങ്ങുന്നത് 1962ലാണ്. സോഷ്യല്‍ മീഡിയ പോയിട്ട് ഒരു ഫൊട്ടോ പോലും അപൂര്‍വ സംഭവ സംഭവമാകുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം. മുണ്ടക്കയം മരുതുംമൂട് പുന്നയ്ക്കലില്‍ പിസി ജോര്‍ജ് എന്ന കുഞ്ഞൂട്ടിച്ചേട്ടനും ചിന്നമ്മയ്ക്കും വിവാഹ ഫൊട്ടോ എടുക്കാനുള്ള യോഗമുണ്ടായില്ല. 'ഫൊട്ടോയോ അത് എന്നതാടാ... ഉവ്വേ... എന്ന് നെറ്റിചുളിച്ച് ചോദിക്കുന്ന കാലത്ത് കല്യാണ ഫൊട്ടോ അത്യാഡംബരമായിരുന്നു.
ചിന്നമ്മയെ മിന്നുകെട്ടി കൂടെ കൂട്ടി 58 വര്‍ഷം കഴിഞ്ഞപ്പോഴും കല്യാണ ഫൊട്ടോ എന്ന കടം കുഞ്ഞൂട്ടിച്ചേട്ടന്‍റെ സ്മരണകളുടെ ഫ്രെയിമില്‍ ചിതലുതൊടാതെ കിടന്നു. ആ കടം ചലഞ്ചായി ഏറ്റെടുക്കാന്‍ കൊച്ചുമോന്‍ എത്തുന്നിടത്താണ് ട്വിസ്റ്റ്! കുഞ്ഞൂട്ടിച്ചേട്ടന്‍ കോട്ടും സ്യൂട്ടും അണിഞ്ഞ് അടിമുടികല്യാണ ചെക്കനായി... ചിന്നമ്മ ചേച്ചി മന്ത്രകോടിയണിഞ്ഞ് സുന്ദരി മണവാട്ടിയായി. ആ നിമിഷം കൊച്ചുമോന്‍ ജിബിന്‍ ഒരൊറ്റ ക്ലിക്ക്. ദേ പിറന്നു ഒന്നാന്തരം കല്യാണ ചിത്രം.
സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റു വാങ്ങിയ ആ വൈറല്‍ ചലഞ്ചിന്റെ കഥതേടി വനിത ഓണ്‍ലൈന്‍ എത്തുമ്പോള്‍ മറുപടി പറയാന്‍ രണ്ടു പേരുണ്ടായിരുന്നു. വൈറലായ മണവാളന്‍ കുഞ്ഞൂട്ടി ചേട്ടനും കുഞ്ഞൂട്ടി ചേട്ടനെ വൈറലാക്കിയ ഫൊട്ടോഗ്രാഫര്‍ കൊച്ചുമോന്‍ ജിബിനും.
ഇതല്ലേ ശരിക്കും ചലഞ്ച്
ഞങ്ങളൊക്കെ പഴയ ആളുകളല്ലേ... അന്നൊക്കെ വിവാഹത്തിന് ഫൊട്ടോ എടുക്കുന്നതേ വലിയ സംഭവമാണ്. 1962 ജനുവരി 1നായിരുന്നു ഞങ്ങലുടെ വിവാഹം. അവളെ മിന്നുകെട്ടി കൂടെ കൊണ്ടിങ്ങു പോന്നു അതിനപ്പുറം ഒരു ആഡംബരവും ഇല്ലായിരുന്നു. ഓര്‍മ ശരിയാണെങ്കില്‍ കല്യാണം കഴിഞ്ഞ് 10 കൊല്ലം കഴിഞ്ഞാണ് ഞാനും അവളും ഫൊട്ടോ എടുത്തത്. അതും അടുത്തുള്ള സ്റ്റുഡിയോയില്‍ പോയി. അപ്പോഴും കല്യാണ ഫൊട്ടോ എടുത്തില്ലല്ലോ എന്നൊരു വിഷമമുണ്ടായികുന്നു. അതീ ചെക്കനായിട്ട് അങ്ങ് മാറ്റി. എനിക്കിപ്പോള്‍ 85 വയസാകുന്നു. അവള്‍ക്ക് എണ്‍പതും.- ചെറു ചിരിയോടെ കുഞ്ഞൂട്ടി ചേട്ടന്‍ പറയുന്നു.

എന്റെ പപ്പയുടെ പപ്പയാണ്...അപ്പച്ചായി. കല്യാണം കഴിഞ്ഞിട്ട് 58 വര്‍ഷം ആയി... അപ്പച്ചായിക്കും അമ്മച്ചിക്കും ഒരു കല്യാണാ ഫോട്ടോ ഇല്ലെന്ന് പറഞ്ഞപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല.... അങ്ങ് എടുത്തേക്കാം എന്ന് വെച്ചു. അപ്പച്ചായി എന്നെ ഒക്കത്തേറ്റിയ 10 വര്‍ഷം മുമ്പുള്ള ഫൊട്ടോയും ഞാന്‍ അപ്പച്ചായിയെ എടുത്ത് നില്‍ക്കുന്ന 10 വര്‍ഷത്തിനു ശേഷമുള്ള ഫൊട്ടോയും ഇയര്‍ ചലഞ്ച് രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പബ്ലിഷ് ചെയ്യാം എന്നാണ് ആദ്യം കരുതിയത്. പക്ഷേ അത് ഒരുപാട് കണ്ടിട്ടുണ്ടല്ലോ എന്ന് കരുതി പിന്‍മാറി. ഒടുവില്‍ അപ്പച്ചായിയുടെ ആഗ്രഹം പോലെ കല്യാണ ഫൊട്ടോ എടുക്കാം എന്ന് വച്ചു. 'കപ്പിള്‍ ചലഞ്ച് അക്‌സപ്റ്റഡ്' എന്ന ഹാഷ് ടാഗും കൊടുത്തു. സംഭവം കേറി വൈറലായെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഞാനൊരു പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍ കൂടിയാണ്. ആത്രേയ ഫൊട്ടോഗ്രഫി എന്ന സ്വന്തം സ്ഥാപനവുമുണ്ട്. - ജിബിന്‍ പറയുന്നു.

ഇത്ര കൂളായി എങ്ങനെ ഫൊട്ടോയ്ക്ക് മുന്നില്‍ നിന്നു എന്നാണ് പലരും ചോദിക്കുന്നത്. ഫൊട്ടോ എടുത്തത് എന്റെ ചെക്കനല്ലേ... അതു കൊണ്ട് ഒന്നും തോന്നിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും ഇങ്ങനെയൊരു ചിത്രം കിട്ടിയല്ലോ എന്ന സന്തോഷം മാത്രം. ചെക്കന്‍ കട്ടയ്ക്ക് കൂടെ നിന്നപ്പോള്‍ സന്തോഷത്തോടെ നിന്നു. ഞാനും ഹാപ്പി അവളും ഹാപ്പി.
എനിക്ക് ബേക്കറി ബിസിനസായിരുന്നു. വര്‍ഷങ്ങളോളം പള്ളിയിലെ കപ്യാര്‍ ആയും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഞാനും എന്റെ ചിന്നമ്മയും സന്തോഷത്തെട ജീവിക്കുന്നു. ചിന്നമ്മയ്ക്ക് ഇത്തിരി ശാരീരിക അസ്വസ്ഥതകള്‍ ഒക്കെ ഉണ്ടേ... പക്ഷേ ഈ ചിത്രം കണ്ടപ്പോള്‍ അവളൊന്നു ഉഷാറായിട്ടുണ്ട്. ജീവിതത്തിലെ ഈ വൈകിയ വേളയില്‍ കിട്ടുന്ന സന്തോഷമൊക്കെ വളരെ വലുതല്ലേ- കുഞ്ഞൂട്ടി ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.